മണ്ണാർക്കാട് : സംസ്ഥാനത്ത് വേതനമില്ലാതെ തൊഴിൽ ചെയ്യുന്ന എയ്ഡഡ് മേഖലയിലെ അധ്യാപകരെ സർക്കാർ രണ്ടാംകിട പൗരന്മാരായി കാണുന്നു എന്ന് കെ.സി.വൈ.എം സംസ്ഥാന പ്രസിഡണ്ട് എബിൻ കണിവയലിൽ. കെ.സി.വൈ.എം സംസ്ഥാന കമ്മിറ്റി കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന കേരള നവീകരണയാത്രക്ക് പാലക്കാട് രൂപത മണ്ണാർക്കാട് ടൗണിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓണം പടിവാതിൽക്കൽ എത്തി നിൽക്കുന്ന സമയത്ത് വാഗ്ദനങ്ങളിൽ ഒതുക്കാതെ നിയമനങ്ങൾ അംഗീകരിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചില്ലെങ്കിൽ നിയമനഗീകരം ലഭിക്കാത്ത അധ്യപകരെ അണി നിരത്തി കെ.സി.വൈ.എം തെരുവിൽ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരള നവീകരണ യാത്രയ്ക്ക് കെ.സി.വൈ.എം പാലക്കാട് രൂപതയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് ടൗണിൽ നൽകിയ സ്വീകരണം പാലക്കാട് രൂപത ബിഷപ്പ് ഡോ. പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.
യുവജനങ്ങൾ അരാഷ്ട്രീയവാദികളാകാതെ രാഷ്ട്രീയത്തെ സാമൂഹിക സേവന മാർഗ്ഗമായി കണ്ട് ഇടപെടലുകൾ നടത്തണമെന്ന് ബിഷപ്പ് പറഞ്ഞു. കെ.സി.വൈ.എം രൂപത പ്രസിഡൻ്റ് അഭിഷേക് പുന്നാംതടത്തിൽ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് എം.എൽ.എ എൻ.ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. യുവജനങ്ങൾ വർഗ്ഗിയതയ്ക്ക് എതിരെ ബഹുസ്വരതയുടെ ശബ്ദമാകണമെന്ന് ആഹ്വാനം ചെയ്ത് കൊണ്ട് നടത്തുന്ന യാത്ര മറ്റ് യുവജന സംഘടനകൾ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഡയറക്ടർ ഫാ.ഡിറ്റോ കൂള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോബിൻ ജോസ്, അനൂപ്.ജെ.ആർ പാലിയോട്, ജോഷ്ന എലിസബത്ത്,വിപിൻ ജോസഫ്, ജീന ജോർജ്ജ്, സനു സാജൻ പടിയറയിൽ, സിസ്റ്റർ നോബർട്ട സി.റ്റി.സി, പാലക്കാട് രൂപത ഡയറക്ടർ ഫാ.ജോബിൻ മേലെമുറിയിൽ, ഫൊറോന വികാരി ഫാ. രാജു പുളിക്കത്താഴെ, അഡ്വ.ബോബി ബാസ്റ്റിൻ, ലിജോ മോൻ അലോഷ്യസ്, സിസ്റ്റർ ലിജി എം.എസ്.ജെ എന്നിവർ പ്രസംഗിച്ചു.
പാലക്കാട് ജില്ല നേരിടുന്ന വികസന പ്രശ്നങ്ങൾ രേഖപ്പെടുത്തിയ കരട് രേഖ പാലക്കാട് രൂപത പ്രസിഡൻ്റ് അഭിഷേക് പുന്നാംതടത്തിൽ, സംസ്ഥാന സിൻഡിക്കേറ്റ് അംഗം ടെസ്സി കുര്യൻ എന്നിവർ ചേർന്ന് സംസ്ഥാന പ്രസിഡണ്ടിന് കൈമാറി. കേരള നവീകരണ യാത്രയ്ക്ക് സുൽത്താൻപേട്ട് രൂപത പാലക്കാട് ടൗണിൽ നൽകിയ സ്വീകരണം സുൽത്താൻപേട്ട് രൂപത വികാരി ജനറൽ ഫാ.മരിയ ജോസഫ് ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡണ്ട് റെക്സ് സ്റ്റാനിഷ് അദ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ.അമൽ ചാൾസ്, അലീന ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. പാലക്കാട് രൂപത വടക്കഞ്ചേരിയിൽ ഒരുക്കിയ സ്വീകരണ സമ്മേളനം പാലക്കാട് രൂപത വികാരി ജനറാൾ ഫാ.ജീജോ ചാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് രൂപത പാസ്റ്റൽ കൗൺസിൽ അംഗം അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ മുഖ്യ പ്രഭാഷണം നടത്തി. കേരള നവീകരണ യാത്ര പാലക്കാട് ജില്ലയിലെ പര്യടനം പിന്നിട്ട് തൃശ്ശൂർ ജില്ലയിലേക്ക് കടന്നു.