വത്തിക്കാൻ സിറ്റി: പ്രത്യാശയിലേക്ക് ഏവർക്കും ക്ഷണം നൽകിക്കൊണ്ട്, റിമിനിയിൽ നടക്കുന്ന 46-ാമത് , സൗഹൃദസമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക്, , വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി, ലിയോ പതിനാലാമൻ പാപ്പാ സന്ദേശമയച്ചു.
റിമിനി രൂപതയുടെ മെത്രാൻ മോൺസിഞ്ഞോർ നിക്കോളോ ആൻസെൽമിക്കാണ് സന്ദേശമയച്ചത്. ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളെന്നു മുദ്രകുത്തപ്പെട്ട മരുഭൂമികളിൽ പോലും, ജീവന്റെ പുതിയ തുടിപ്പുകൾ കൊണ്ടുവരുവാൻ സാധിക്കണമെന്നും, അപ്രകാരം, അവയെ പ്രത്യാശയുടെ ഉദ്യാനമാക്കി മാറ്റണമെന്നും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
ദൈവം തന്റെ മക്കളുടെ കഷ്ടപ്പാടുകൾ നിരീക്ഷിക്കുകയും കേൾക്കുകയും അറിയുകയും അവരെ മോചിപ്പിക്കാൻ ഇറങ്ങിവരികയും ചെയ്യുമെന്ന തിരുവെഴുത്ത്, ഈ പ്രത്യാശയിലേക്ക് നടന്നടുക്കുവാൻ നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. മരുഭൂമിയിൽ വസിക്കുന്ന സന്യാസിമാരുടെ ജീവിതം ഇതാണ് നമ്മെ പഠിപ്പിക്കുന്നതെന്നും പാപ്പാ പറഞ്ഞു
അൾജീരിയയിലെ രക്തസാക്ഷികളുടെ സാക്ഷ്യമാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രധാന വിഷയമെന്നതിൽ പരിശുദ്ധ പിതാവ് അഭിനന്ദിക്കുന്നതായും സന്ദേശത്തിൽ പറഞ്ഞു. മതങ്ങളെയും, സംസ്കാരങ്ങളെയും എതിർക്കുന്ന അവിശ്വാസത്തിന്റെ മതിലുകളെ മറികടന്ന്, യേശുവിനു വേണ്ടി സ്വന്തം ജീവൻ പോലും ത്യാഗം ചെയ്ത അവരുടെ ജീവിതം, ജീവന്റെ സംഭാഷണമാണ്, യഥാർത്ഥ പ്രേഷിതപാതയെന്നു നമുക്ക് കാട്ടിത്തരുന്നുവെന്നും പാപ്പാ പറഞ്ഞു.
കത്തോലിക്കരും, ഇതര ക്രൈസ്തവ വിഭാഗങ്ങളും, മറ്റു മതങ്ങളും, അവിശ്വാസികളുമായ ആളുകളും തമ്മിലുള്ള സംഭാഷണത്തിൽ, ശ്രവിക്കുവാനുള്ള സന്നദ്ധത, ദൈവം എല്ലാവർക്കുമായി ഇതിനകം കരുതിവെച്ചിരിക്കുന്ന ഭാവി കെട്ടിപ്പടുക്കുന്നതിനും, പരസ്പരം സ്വാഗതം ചെയ്യുന്നതിനും നമ്മെ സഹായിക്കുമെന്നും പാപ്പാ പറഞ്ഞു.
നിയമവും മധ്യസ്ഥതയും സംഭാഷണവും പുലരാൻ രാഷ്ട്രത്തിന്റെയും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും നേതാക്കൾക്ക് കഴിയാത്തിടത്ത്, മതസമൂഹങ്ങളും പൗരസമൂഹവും പ്രതികരിക്കുവാൻ തയ്യാറാകണമെന്നും സന്ദേശത്തിൽ പാപ്പാ, ശക്തമായി അഭിപ്രായപ്പെട്ടു.ഓരോ സമുദായവും ‘സമാധാനത്തിന്റെ ഭവനം’ ആയിത്തീരട്ടെയെന്നും, അവിടെ സംഭാഷണത്തിലൂടെ ശത്രുത ലഘൂകരിക്കാൻ നാം പഠിക്കുകയും, നീതി നടപ്പാക്കുകയും, ക്ഷമ സംരക്ഷിക്കപ്പെടുകയും ചെയ്യട്ടെയെന്നും പാപ്പാ ആശംസിച്ചു.
അതുകൊണ്ട്, വിശ്വാസം, പ്രത്യാശ, ദാനധർമ്മം എന്നിവ ഒരു മഹത്തായ സാംസ്കാരിക പരിവർത്തനത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനായി പുതിയ കർമ്മപദ്ധതികൾക്ക് രൂപം നൽകുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. ഇവിടെ ദരിദ്രർക്ക് പ്രത്യേകമായ പരിഗണന കൊടുക്കുന്നതിനും പാപ്പാ ഉദ്ബോധിപ്പിച്ചു.
മറ്റുള്ളവരുടെ ശബ്ദങ്ങൾ നിഷേധിക്കുന്നതും, പരസ്പരം മനസിലാക്കാൻ വിസമ്മതിക്കുന്നതും, പരാജയപ്പെട്ടതും മനുഷ്യത്വരഹിതവുമായ അനുഭവങ്ങളാണെന്നും, ഇവയെ ജീവിതത്തിൽ ഒഴിവാക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു.
ഡിജിറ്റൽ വിപ്ലവം വിവേചനവും സംഘട്ടനങ്ങളും വർദ്ധിപ്പിക്കുന്നുവെന്നും അതിനാൽ, പരിശുദ്ധാത്മാവിനാൽ നിവേശിതമായ ഒരു സർഗ്ഗാത്മകത, ജീവിതത്തിൽ പരിശീലിക്കണമെന്നും, അടിമകളാകാതെ ദൈവത്തിന്റെ മക്കളായി തീരുമ്പോൾ മാത്രമാണ് മരുഭൂമി ഉദ്യാനമായും, വിശുദ്ധർ മുൻകൂട്ടി പറഞ്ഞതുപോലെ, ദൈവത്തിന്റെ നഗരമായും മാറുന്നതെന്നും പാപ്പാ പറഞ്ഞു.