കൊച്ചി: കേരളത്തിൽ രണ്ട് വർഷത്തിനിടെ പേ വിഷബാധയേറ്റ് 49 പേർ മരിച്ചതായി സർക്കാർ. മരിച്ചവരിൽ 26 പേർക്ക് വിഷ ബാധയേറ്റത് തെരുവ് നായകളിൽ നിന്നാണെന്നുമാണ് സർക്കാർ പറയുന്നത്. ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
2024-ൽ 26 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. 2025-ൽ ഇതുവരെ 23 പേരും പേ വിഷബാധയേറ്റ് മരിച്ചിട്ടുണ്ട്. ഈ വർഷം മരിച്ചവരിൽ 11 പേരെ തെരുവുനായ്ക്കളിൽ നിന്നാണ് പേ വിഷബാധയേറ്റത് . മരിച്ചതിൽ 10 പേരെ വളർത്തുപട്ടികളാണ് കടിച്ചത്. തെരുവുനായകളെ നിയന്ത്രിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഫയൽചെയ്ത ഹർജിയിലാണ് സത്യവാങ്മൂലം.
പൂച്ചകളിൽ നിന്ന് പേ വിഷം ബാധിച്ചും സംസ്ഥാനത്ത് ആളുകൾ മരിച്ചിട്ടുണ്ട് . മൂന്ന് പേരാണ് പൂച്ചയുടെ കടിയേറ്റതിനെ തുടർന്ന് വിഷബാധയേറ്റ് മരിച്ചത്. 2024 ആഗസ്റ്റ് മുതൽ ഈ വർഷം ജൂലായ് വരെ സംസ്ഥാനത്ത് 3.63 ലക്ഷം പേർക്ക് നായകളുടെ കടിയേറ്റിട്ടുണ്ട്. ഇതിൽ 99,323 പേരെ തെരുവുനായകളാണ് കടിച്ചതെന്നും തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നു.