മങ്കൊമ്പ് • കുട്ടനാടിന്റെ പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ടു ചങ്ങനാശേരി അതിരൂപതാ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടനാട് ഐക്യദാർഢ്യ ധർണയിൽ പ്രതിഷേധമിരമ്പി. ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് തോമസ് തറയിൽ വിശ്വാസികൾക്കൊപ്പം കുട്ടനാടിനായി ഉപവാസമിരുന്നു. ആർച്ച് ബിഷപ്പിന് ഐക്യദാർഢ്യവുമായി ബിഷപ്പുമാരും വൈദികരും സിസ്റ്റർമാരും ധർണയിൽ പങ്കെടുത്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾ കുട്ടനാടിനെ പരീക്ഷണശാലയാക്കരുതെന്നും കുട്ടനാടിന്റെ പ്രശ്നങ്ങൾ ഗൗരവത്തോടെ കാണാൻ തയാറാകണമെന്നും ധർണ ഉദ്ഘാടനം ചെയ്ത ആർച്ച് ബിഷപ് തോമസ് തറയിൽ പറഞ്ഞു.നാലു മാസമായി മാറാത്ത വെള്ളക്കെട്ടും കൃഷി മേഖലയിലെ പ്രശ്നങ്ങളും മൂലം ദുരിതത്തിലായ ജനത്തിന്റെ പ്രശ്നങ്ങളിൽ നിസ്സംഗത പാലിക്കുന്ന ഭരണകൂടങ്ങൾ ഒരു ജനാധിപത്യരാജ്യത്തു തന്നെയാണോ നിലനിൽക്കുന്നതെന്നു മനസ്സിലാകുന്നില്ല. രാജ്യാന്തര ശ്രദ്ധ നേടിയ കുട്ടനാട് സർക്കാരുകളുടെ നിഷ്ക്രിയത്വം മൂലം വികസനത്തിൽ പിന്നോട്ടുപോകുന്നു. 2007ൽ സമർപ്പിച്ച സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിനും 2019ൽ രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റിക്കും തുടർപ്രവർത്തനങ്ങൾ ഇല്ലാത്തതു ജനത്തെ തെരുവിലിറങ്ങാൻ നിർബന്ധിതരാക്കുന്നു.
സർക്കാർ എത്തിനോക്കാത്ത കുട്ടനാട്ടിലെ തുരുത്തുകളിൽ പോലും സ്കൂളുകളും ആശുപത്രികളും ആരംഭിച്ച ചങ്ങനാശേരി അതിരൂപത ആ കരുതൽ തുടരുമെന്നും ബിഷപ്പ് തോമസ് തറയിൽ പറഞ്ഞു. അതിരൂപതാ മുഖ്യ വികാരി ജനറൽ മോൺ. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ഷംഷാബാദ് രൂപതാ സഹായമെതാൻ തോമസ് പാടിയത്ത്, ഉജ്ജയിൻ രൂപതാ ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ, ചങ്ങനാശേരി അതിരൂപതാ വികാരി ജനറൽമാരായ ഫാ. മാത്യു ചങ്ങങ്കരി, ഫാ. സ്കറിയ കന്യാകോണിൽ, കത്തോലിക്കാ കോൺഗസ് അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്, കൺവീനർ ജോസി ഡൊമിനിക് തുടങ്ങിയവർ പ്രസംഗിച്ചു. കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ അതിരൂപതയിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ ധർണയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.