കോഴിക്കോട് :കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന സമുദായ സർട്ടിഫിക്കറ്റ് പ്രശ്നങ്ങൾ, ഉദ്യോഗ സംവരണം, വിദ്യാഭ്യാസ സംവരണം, വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, സി ആർ സെഡ് മായി ബന്ധപ്പെട്ട ഭവന നിർമ്മാണ പെർമിറ്റ് തടസ്സങ്ങൾ,പുനരധിവാസ വിഷയങ്ങൾ, ഭരണഘടനാപരമായ പൊതുവായ അവകാശനിഷേധം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കേരളത്തിലെ 12 ലത്തീൻ രൂപതകളിലും സംഘടിപ്പിക്കുന്ന സമുദായ സമ്പർക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ഡോ. വർഗീസ് ചക്കാലക്കൽ നിർവഹിച്ചു.
ഒരു സമുദായത്തിന്റെ വളർച്ച എന്നത് , വിദ്യാഭ്യാസപരമായ മുന്നേറ്റത്തിലൂടെ സാധ്യമാക്കി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസപരമായ സ്വാതന്ത്ര്യത്തിലേക്ക് സമുദായം മാറണമെന്ന് അദ്ദേഹം പറഞ്ഞു.ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സമുദായ സമ്പർക്ക പരിപാടിയിലൂടെ ലഭിക്കുന്ന പരാതികൾ വിവിധ ജില്ലാ ഭരണാധികാരികൾക്ക് സമർപ്പിക്കുകയും വിവിധ ജില്ലകളിലെ പരാതികൾ ക്രോഡീകരിച്ച് സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതുവരെ കെഎൽസി എയുടെ നേതൃത്വത്തിൽ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും നാം വെറും പ്രജകൾ മാത്രമല്ല ഇന്ത്യയിലെ പൗരന്മാരാണെന്നും സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ഷെറി ജെ തോമസ് പറഞ്ഞു.
കെ എൽ സി എ കോഴിക്കോട് അതിരൂപത പ്രസിഡൻറ് ബിനു എഡ്വേർഡ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോഴിക്കോട് പാർലമെൻറ് അംഗം രാഘവൻ എംപി,കോഴിക്കോട് എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ,അതിരൂപത വികാരി ജനറൽ മോൺ.ഡോ ജെൻസൺ പുത്തൻവീട്ടിൽ,കെ ആർ എൽ സി സി ജനറൽ സെക്രട്ടറി ഫാ. ഡോ .ജിജു അറക്കത്തറ ,മോൺ. വിൻസെൻറ് അറക്കൽ,കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി ,സംസ്ഥാന ട്രഷറർ രതീഷ് ആൻറണി ,ലത മെൻഡോസ ,ഫ്ലോറ മെൻഡോൻസ നൈജു അറക്കൽ, ജോർജ് കെ.വൈ. എന്നിവർ സംസാരിച്ചു.