വത്തിക്കാൻ സിറ്റി: വിശുദ്ധ ഫ്രഞ്ചേസ്ക റൊമാനയെപ്പോലെ സുവിശേഷത്തോടു അഭിനിവേശമുള്ളവരും ദൈവിക തീക്ഷ്ണതയാൽ ജ്വലിച്ച് അത്യുന്നതനെ എളിമയുടെ ചൈതന്യത്തിൽ സേവിക്കാനും തങ്ങളുടെ ബലഹീനതയിലും, ക്രിസ്തുവിനായി സ്വയം നല്കാനും സ്നേഹത്തിൽ കൂട്ടായ ജീവിതം നയികക്കാനും ആഗ്രഹിക്കുന്നവരുമായ മഹിളകളെ നമ്മുടെ സമൂഹത്തിന് ആവശ്യമുണ്ടെന്ന് പാപ്പാ.ദരിദ്രരെ ആത്മീയവും ഭൗതികവുമായി കൈപിടിച്ചുയർത്തുന്നതിന് പരിശ്രമിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ “തോർ ദെ സ്പേക്കിയിലെ വിശുദ്ധ ഫ്രഞ്ചേസ്ക റൊമാനയുടെ സമർപ്പിത സഹോദരികൾ” (Suore Oblate di S. Francesca Romana di Tor de’ Specchi) എന്ന സന്ന്യാസിനീ സമൂഹത്തിൻറെ സ്ഥാപകയും 9 കൂട്ടുകാരികളും 1425 ആഗസ്റ്റ് 15-ന് സാഘോഷമായ വ്രതവാഗ്ദാനം നടത്തിയതിൻറെ അറുനൂറാം വാർഷികത്തോടനുബന്ധിച്ച് പ്രസ്തുത സന്ന്യാസിനീ സമൂഹത്തിന് സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനമായിരുന്ന ആഗസ്റ്റ് 15-ന്, വെള്ളിയാഴ്ച നല്കിയ സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.റോമിലുള്ള ഈ സമൂഹത്തിൻറെ സ്ഥാപക വിശുദ്ധ ഫ്രഞ്ചേസ്ക റൊമാന മാതൃകാപരമായ ഒരു കുടുംബജീവിതം നയിച്ചിരുന്നതും പിന്നിട് വിധവയായിത്തീർന്നതും അതിനുശേഷം കൂട്ടായ സമർപ്പണജീവിതത്തിലേക്കു കടന്നതും പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.വിശുദ്ധ ഫ്രഞ്ചേസ്ക റൊമാനയുടെ ജീവിത വിശുദ്ധിയിൽ വിളങ്ങുന്ന നിരവധിയായ കാര്യങ്ങളിൽ മൂന്നെണ്ണം പാപ്പാ എടുത്തു പറയുന്നു. ക്രിസ്തുവിനെ ലോകത്തിൽ അവതരിപ്പിക്കുന്നതിനും അവിടത്തെ സാന്നിധ്യം വിശ്വാസത്തിൻറെയും വിശുദ്ധിയുടെയും സാക്ഷ്യത്താൽ ശക്തിപ്പെടുത്തുന്നതിനുമുള്ള പരിശ്രമത്തിൽ അടങ്ങിയിരുന്ന തീക്ഷ്ണതയാണ് ഇവയിൽ ഒന്ന് എന്ന് പാപ്പാ വിശദീകരിക്കുന്നു. ദൈവദൂതരുടെ നിർദ്ദേശങ്ങളോടുള്ള വിധേയത്വവും സഭയുടെ ഐക്യത്തിനായുള്ള പരിശ്രമവും ആണ് ഇതര രണ്ടു സവിശേഷതകളെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.റോമിൻറെ ഹൃദയഭാഗത്തുതന്നെ ഈ സമൂഹം ഒരു ആശ്രമം തുറന്നതിനെക്കുറിച്ചു പരാമർശിക്കുന്ന പാപ്പാ ഈ ആശ്രമം ഒരു ജനതയുടെ ചരിത്രത്തിനും യാത്രയ്ക്കും ഒരു ദീപസ്തംഭം എന്നോണം വർത്തിക്കുന്നുവെന്നു പ്രസ്താവിക്കുന്നു. നൂറ്റാണ്ടുകളായി, വിശുദ്ധ ഫ്രഞ്ചേസ്ക റൊമാനയുടെ നിരവധി ഭക്തർ ആന്തരിക സമാധാനം നേടുന്നതിനും ദൈവസ്നേഹം ആസ്വദിക്കുന്നതിനുമായി കലയും ആത്മീയതയും കൊണ്ട് സമ്പന്നമായ ഈ മഹത്തായ സ്ഥലത്തേക്ക് ഒഴുകിയെത്തിയിട്ടുണ്ടെന്നും ഉന്മത്തവും സമ്പന്നതയിൽ മുങ്ങിയതുമായ ഒരു സമൂഹത്തിൽ, ഇതുപോലുള്ള മരുപ്പച്ചകളുടെ ആവശ്യകത വളരെ കൂടുതലാണെന്നും പാപ്പാ പറയുന്നു. സഭയുടെ നന്മയ്ക്കായുള്ള ദൗത്യത്തിൽ മുന്നേറാൻ പാപ്പാ വിശുദ്ധ ഫ്രഞ്ചേസ്ക റൊമാനയുടെ സമർപ്പിത സഹോദരികൾക്ക് പ്രചോദനം പകരുന്നു
Trending
- മഹിളകളെ സമൂഹത്തിന് ആവശ്യമുണ്ടെന്ന് പാപ്പാ
- പാകിസ്ഥാനില് പ്രളയ ദുരന്തം; ഇരുന്നൂറോളം പേര് മരിച്ചു
- ആഗസ്റ്റ് 15 – ഭരണഘടന അവകാശ സംരക്ഷണ ദിനം
- ഭരണഘടന മതേതരത്വ സംരക്ഷണ സംഗമം
- ബിഷപ്പ് ഫ്രാൻസിസ് സെറാവോ മൈസൂർ ബിഷപ്പായി നിയമിതനായി
- നിക്കരാഗ്വേയിൽ കത്തോലിക്കാ വിരുദ്ധത ശക്തമാകുന്നു.
- മെസ്സി ഇന്ത്യയിലേക്ക്
- അജിത് കുമാറിന് അനൂകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി