ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മകളുമായി രാജ്യം ഇന്ന് സ്വാതന്ത്ര്യ ദിനമായി ആചരിക്കുകയാണ്. നിരവധി ധീര രക്താസാക്ഷികളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓര്‍ക്കാനും ഒരു ഓഗസ്റ്റ് 15 കൂടി .
ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയോടെ ഇന്ത്യയിലുടനീളം സ്വാതന്ത്ര്യദിനം ആഘോഷിക്കും .
രാജ്യം മുൻപൊന്നും കാണാത്തവിധം ജനാധിപത്യത്തെയും ഭരണഘടനയെയും ആക്രമിക്കുന്ന ശക്തികൾക്കെതിരെ ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇന്നത്തെ ചിന്താവിഷയമാകേണ്ടത് . കവി പാടിയ പോലെ ‘ആണ്ടേക്കൊരിക്കൽ ആഗസ്ത് 15 ന് അരുമയായ് നുണയേണ്ട മധുരമല്ല’ ഭാരതം .
ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലാണെന്ന് ആര്.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് പറഞ്ഞത് കഴിഞ്ഞ ജനുവരിയിലാണ് .പരിവാരത്തിന്റെ ലക്ഷ്യം വ്യക്തമാണ് .
രാജ്യമെമ്പാടും അധസ്ഥിതർ,സ്ത്രീകൾ ,മത ന്യൂനപക്ഷങ്ങൾ ,മനുഷ്യാവകാശ പ്രവർത്തകർ ,മാധ്യമങ്ങൾ ഒക്കെയും വേട്ടയാടപ്പെടുന്ന വർത്തമാനകാലത്ത് നിതാന്ത ജാഗ്രത മാത്രമാണ് പൊരുതി നേടിയ സ്വാതന്ത്ര്യത്തെ കാത്തുവയ്ക്കാൻ ഒരേഒരു വഴി .ജീവനാദത്തിന്റെ എല്ലാവായനക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ .