തിരുവനന്തപുരം: നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു . ആക്ഷൻ കൗൺസിലിന്റെ ആവശ്യം കേന്ദ്രസർക്കാർ തളളിയിരിക്കുകയാണ് . സുരക്ഷാ കാരണങ്ങൾ മുൻനിർത്തി അനുമതി നൽകാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. ഗൾഫ് മേഖലയുടെ ചുമതലയുളള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടറാണ് ഇക്കാര്യം ആക്ഷൻ കൗൺസിലിനെ അറിയിച്ചത്.
ആറംഗ നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ അനുമതി നൽകണമെന്നായിരുന്നു ആവശ്യം. രണ്ടുപ്രതിനിധികൾ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിൽ നിന്നും കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധികളായ രണ്ടുപേരെയും കേന്ദ്രസർക്കാരിന്റെ രണ്ട് പ്രതിനിധികളെയും നയതന്ത്ര ചർച്ചയ്ക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
‘യെമനുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമില്ല. ഇന്ത്യൻ എംബസി യെമനിലെ സനായിലായിരുന്നു പ്രവർത്തിച്ചിരുന്നത്, സുരക്ഷ മുൻനിർത്തി അത് യുഎഇയിലേക്ക് മാറ്റി. നിലവിൽ റിയാദിലാണ് ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നത്. നയതന്ത്ര സംഘത്തിന്റെ സുരക്ഷ പ്രധാനമാണ്.’-കേന്ദ്രസർക്കാർ വ്യക്തമാക്കി .