വത്തിക്കാൻ സിറ്റി: ക്രിസ്തുമതത്തിലെ മഹാനായ ആധുനിക ചിന്തകരിൽ ഒരാളും, സഭയെയും പത്തൊൻപതാം നൂറ്റാണ്ടിലെ എക്യുമെനിസത്തെയും രൂപപ്പെടുത്തിയ ആത്മീയവും മാനുഷികവുമായ യാത്രയുടെ നായകനുമായ വിശുദ്ധ കർദിനാൾ ജോൺ ഹെൻറി ന്യൂമാനെ കത്തോലിക്കാ സഭയിലെ വേദപാരംഗതരുടെ ഗണത്തിലേക്ക് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ഉയർത്തി. ജൂലൈ 31-ന് വത്തിക്കാൻ വാർത്താ കാര്യാലയത്തിൽ നിന്നുള്ള പ്രസ്താവനയിലാണ് ഈ വാർത്ത പ്രഖ്യാപിച്ചത്. വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മാർചെല്ലോ സെമെരാരോയ്ക്ക് പാപ്പാ അനുവദിച്ച സദസ്സിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
1801 ഫെബ്രുവരി 21-ന് ലണ്ടനിൽ ജനിച്ച കർദ്ദിനാൾ ന്യൂമാൻ, വൈദികനായി 15 വർഷം ആംഗ്ലിക്കൻ സഭയിൽ സേവനമനുഷ്ഠിച്ചു. തുടർന്നുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ന്യൂമാന് ആനുകാലിക ആത്മീയ ദർശനങ്ങളിലേയ്ക്ക് കൂടുതലായി വെളിച്ചമേകി. 1833-ൽ ആംഗ്ളിക്കൻ സഭയുടെ നവീകരണത്തിനായും സഭയുടെ അപ്പസ്തോലിക വിശ്വാസ നവോത്ഥാനത്തിനുമായി ശ്രമങ്ങൾ നടത്തി. 1845-ൽ ഒക്ടോബർ 9-നാണ് അദ്ദേഹം കത്തോലിക്കാ സഭയിലേക്ക് കടന്നെത്തിയത്. 1847-ൽ ഒമ്പതാം പിയൂസ് പാപ്പായിൽനിന്നും അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.
തന്റെ ജീവിതത്തിലെ വിലപ്പെട്ട അവസാന വർഷങ്ങൾ ബേർമിങ്ങാമിലെ സ്കൂളിലാണ് ന്യൂമാൻ ചിലവഴിച്ചത്. അസന്മാർഗ്ഗിക ജീവിതം നയിച്ചവരെയും ജീവിതത്തിൽ വഴിതെറ്റിയവരെയും സന്മാർഗ്ഗിക ജീവിതത്തിലേക്കു നയിക്കുവാൻ അവർക്കിടയിൽ ജീവിക്കുകയും എഴുതുകയും ചെയ്തു.കർദിനാളിന്റെ ശ്രദ്ധേയങ്ങളായ രചനകളും പ്രാർഥനകളും ഇവിടെ നിന്നാണ് രചിക്കപ്പെട്ടത്. “നിത്യമാം പ്രകാശമേ നീ നയിക്കുക”, എന്ന വിശ്വപ്രസിദ്ധമായ പ്രാർത്ഥനാഗാനം, അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞതാണ്. 2019-ൽ, ഫ്രാൻസിസ് പാപ്പായാണ് കർദ്ദിനാൾ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.