എഡിറ്റോറിയൽ / ജെക്കോബി
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ ക്രൈസ്തവരും മുസ്ലിംകളും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമൂഹങ്ങളെ തീവ്രഹിന്ദുത്വ അക്രമിസംഘങ്ങളും ഭരണകൂടവും വേട്ടയാടുന്നതെങ്ങനെയെന്നതിന്റെ ഭയാനകമായ നേര്‍സാക്ഷ്യമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മലയാളികളായ മുതിര്‍ന്ന രണ്ടു ഫ്രാന്‍സിസ്കന്‍ പ്രേഷിത സന്ന്യാസിനിമാര്‍ അനുഭവിക്കുന്ന കൊടുംയാതനകളില്‍ നാം കാണുന്നത്.
ഛത്തീസ്ഗഡിലെ ബസ്തര്‍ ആദിവാസി ഗോത്രവര്‍ഗ മേഖലയിലെ നാരായണ്പുറില്നിന്ന് പ്രായപൂര്‍ത്തിയായ മൂന്നു ക്രൈസ്തവ യുവതികളെ, അവരുടെ രക്ഷിതാക്കളുടെ സമ്മതത്തോടെ, ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള തങ്ങളുടെ കോണ്‍വെന്റും ഫാത്തിമ ആശുപത്രിയുമായി ബന്ധപ്പെട്ട ജോലിക്കായി കൊണ്ടുപോകാന്‍ ദുര്‍ഗ് ജംക് ഷന് സ്റ്റേഷനില്‍ എത്തിയതാണ് അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്ന്യാസിനീ സമൂഹത്തിന്റെ ഭോപ്പാല്‍ നിര്‍മല്‍ മാതാ പ്രോവിന്‍സ് അംഗങ്ങളായ സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും. നാരായണ്‍പുറില്‍ നിന്ന് യുവതികളോടൊപ്പം അവരില്‍ ഒരാളുടെ സഹോദരനായ സുബുമന് മാണ്ഡവ് എന്ന ആദിവാസി യുവാവും ഉണ്ടായിരുന്നു.
ഇവരുടെ പക്കല്‍ പ്ലാറ്റ്ഫോം ടിക്കറ്റില്ലെന്നു കണ്ടെത്തിയ റെയില്‍വേ ടിക്കറ്റ് പരിശോധകന് വിവരങ്ങള്‍ ചോദിച്ചപ്പോള്‍, തങ്ങളുടെ യാത്രാടിക്കറ്റ് കന്യാസ്ത്രീകളുടെ പക്കലുണ്ടെന്ന് യുവതികള്‍ പറഞ്ഞു. ഉടന്‍ ടിടിഇ ബജ്റംഗ് ദള്‍ (ഹനുമാന് ബ്രിഗേഡ്) പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും, നിസാമുദ്ദീന്‍ ഹംസഫര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യേണ്ടിയിരുന്ന കന്യാസ്ത്രീകളെയും യുവതികളെയും യുവാവിനെയും മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് തടഞ്ഞുവച്ച് സംഘപരിവാര്‍ അക്രമികളുടെ വലിയൊരു സംഘം മണിക്കൂറുകളോളം പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍തന്നെ ആള്‍ക്കൂട്ടവിചാരണ നടത്തുകയും ചെയ്തു.
ഗവണ്മെന്റ് റെയില്‍വേ പൊലീസ് പോസ്റ്റില്‍ വച്ചും കന്യാസ്ത്രീയുടെ മുഖം അടിച്ചുപൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി കയ്യോങ്ങി ആക്രോശിക്കുന്ന ജ്യോതി ശര്‍മ്മ എന്ന സ്ത്രീ, ആദിവാസി യുവതികളില്‍ ഒരാളെയും യുവാവിനെയും കൈയേറ്റം ചെയ്യുന്നതും സിസ്റ്റര്‍മാരുടെ ബാഗ് പരിശോധിച്ച് അതില്‍ നിന്ന് ബൈബിളും വൈദികരുടെ ഫോണ്‍ നമ്പര്‍ എഴുതിയ ഡയറിയും എടിഎം കാര്‍ഡും മറ്റും കണ്ടെടുത്തതായി ജനക്കൂട്ടത്തോടു വിളിച്ചുപറയുന്നതും ബജ്റംഗ് ദള്‍ പ്രചരിപ്പിച്ച വീഡിയോ ദൃശ്യങ്ങളിലുണ്ട്.
2021-ല്‍ ഒരു ക്രൈസ്തവ ദേവാലയം ആക്രമിച്ച കേസില്‍ ‘പിടികിട്ടാപ്പുള്ളി’ ആണ് ഈ സ്ത്രീ! അതിക്രൂരമായാണ് കന്യാസ്ത്രീകളെ അവര്‍ അവഹേളിച്ചത്, സന്ന്യാസ സമര്‍പ്പണത്തിന്റെ അടയാളമായ കുരിശുമാല പോലും അഴിച്ചുമാറ്റി. ബജ്റംഗ് ദളിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് കന്യാസ്ത്രീകളെയും ആദിവാസി യുവാവിനെയും പ്രതിചേര്‍ത്ത് മനുഷ്യക്കടത്തിന് ഭാരതീയ ന്യായ സംഹിത അനുച്ഛേദം 143, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമം (1968) നാലാം വകുപ്പ് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അവരെ സന്ധ്യയോടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഓഗസ്റ്റ് എട്ടു വരെ റിമാന്‍ഡ് ചെയ്തത്. പത്തു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് അവര്‍ക്കെതിരെ ചുമത്തിയ മനുഷ്യക്കടത്ത് കേസ്. അടുത്തകാലത്തൊന്നും ജാമ്യം കിട്ടാത്തവണ്ണം കേസ് എന്‍ഐഎ കോടതിയിലെത്തിച്ച് നടപടികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനുള്ള നീക്കങ്ങളാണ് റായ്പൂരില്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. കള്ളക്കേസ് ചുമത്തി ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ അടച്ച സിസ്റ്റര്‍മാര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്; ഒരാള്‍ സന്ധിവാതത്തിന് ആയുര്‍വേദ ചികിത്സയിലായിരുന്നു. ജയിലറയില്‍ തറയിലാണ് അവര്‍ കിടക്കുന്നത്. അവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി പ്രതിനിധിസംഘം ദുര്‍ഗ് ജയിലധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സീറോ മലബാര്‍ സഭയുടെ എറണാകുളം അതിരൂപതയിലെ ദൈവദാസന് മോണ്‍. ജോസഫ് കണ്ടത്തില്‍ ആലപ്പുഴയ്ക്കടുത്ത് ചേര്‍ത്തല ഗ്രീന്‍ഗാര്‍ഡന്‍സില്‍ 1949-ല്‍ സ്ഥാപിച്ചതാണ് അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്ന്യാസിനീ സമൂഹം. സിസ്റ്റര്‍ പ്രീതി മേരി അങ്കമാലി എളവൂര്‍ ഇടവകാംഗവും, സിസ്റ്റര്‍ വന്ദന തലശേരി ഉദയഗിരി ഇടവകാംഗവുമാണ്. ഛത്തീസ്ഗഡില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ആതുരശുശ്രൂഷാരംഗത്ത് വര്‍ഷങ്ങളായി ഫാര്‍മസിസ്റ്റായും നഴ്സായും അര്പ്പിതസേവനത്തില് മുഴുകിയവരാണ് ഇരുവരും.
വര്‍ഷങ്ങളായി ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (സിഎന്‍ഐ) പ്രൊട്ടസ്റ്റന്റ് സഭാവിഭാഗത്തില്‍ അംഗങ്ങളായ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് നക്സല്‍ മേഖലയായി അറിയപ്പെടുന്ന ഓര്ഝായില് നിന്നുള്ള രണ്ടു യുവതികളും നാരായണ്‍പുറില്‍ നിന്നുള്ള മൂന്നാമത്തെ യുവതിയും. പതിനെട്ടു വയസ് പൂര്‍ത്തിയായതിനു തെളിവായി ആധാര്‍ കാര്‍ഡും അവരുടെ പക്കലുണ്ട്. മതപരിവര്‍ത്തനം നടത്താനായി പെണ്‍കുട്ടികളെ ആഗ്രയിലേക്കു കടത്തിക്കൊണ്ടുപോകുന്നുവെന്ന ആരോപണം പൊളിയുമെന്നുകണ്ട് യുവതികളെ ഭീഷണിപ്പെടുത്തി കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കിക്കാന്‍ തീവ്രശ്രമമുണ്ടായി. എന്നാല്‍ തങ്ങളുടെ കുടുംബം വര്‍ഷങ്ങളായി ക്രിസ്ത്യാനികളാണെന്ന് ദുര്‍ഗില്‍ ആള്‍ക്കൂട്ടവിചാരണയ്ക്ക് ഇരകളായ യുവതികളുടെ സഹോദരിമാര്‍ നാരായണ്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.
തങ്ങളുടെ മാതാപിതാക്കള്‍ മരിച്ചുപോയെന്നും, ആഗ്രയില്‍ നഴ്സിങ് ജോലിക്കായി അനുജത്തിയെ താനാണ് അയച്ചതെന്നും പെണ്‍കുട്ടികളില്‍ ഒരാളുടെ മൂത്ത സഹോദരി മൊഴി നല്കി. തനിക്ക് ലഖ്നൗവില്‍ ഈ കന്യാസ്ത്രീകളുടെ സമൂഹത്തിന്റെ സഹായത്തോടെയാണ് ജോലി കിട്ടിയതെന്നും അവര്‍ വെളിപ്പെടുത്തി. ആഗ്രയിലേക്ക് ജോലിക്കു വേണ്ടി യുവതികളെ കൊണ്ടുപോവുന്നത് തങ്ങളുടെ സമ്മതത്തോടെയാണെന്ന് മൂന്നു കുടുംബങ്ങളും രേഖാമൂലം അറിയിച്ചതായി നാരായണ്‍പുര്‍ പൊലീസ് സൂപ്രണ്ട് റോബിന്‍സണ്‍ ഗുറിയ വ്യക്തമാക്കി. ദുര്‍ഗില്‍ സര്‍ക്കാര്‍ വക സഖി വണ്‍ സ്റ്റോപ് സെന്ററിലേക്കു മാറ്റിയ മൂന്നു യുവതികളെയും വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകാനും കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിനും രക്ഷിതാക്കളെ അവരുടെ ഗ്രാമപ്രധാനും നാരായണ്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും അനുഗമിക്കുകയും ചെയ്തു.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യമായ എഫ്ഐആറിലെ കൂട്ടിച്ചേര്‍ത്ത വിവരങ്ങളും മൊഴിപകര്പ്പുകളും ലഭ്യമാക്കാതെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ആള്‍ക്കൂട്ടവിചാരണയുടെ വിധിതീര്‍പ്പ് അതേപടി അംഗീകരിക്കുംവണ്ണം ബിജെപി മുഖ്യമന്ത്രി വിഷ്ണു ദേവ സായ് സമൂഹമാധ്യമ പോസ്റ്റില്‍, ”ബസ്തറിലെ മൂന്നു പെണ്മക്കളെ പ്രലോഭിപ്പിച്ച് നഴ്സിങ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്ത് ആഗ്രയിലേക്കു കടത്തിക്കൊണ്ടുപോകാനും മതപരിവര്‍ത്തനത്തിനും ശ്രമം നടന്നു” എന്ന് ‘സബ്ജുഡീസ്’ നിബന്ധനകളൊന്നും വകവയ്ക്കാതെ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. സ്ത്രീസുരക്ഷയുടെ പ്രശ്നമാണിതെന്നും നിയമം അതിന്റെ വഴിക്കു നീങ്ങുമെന്നും പ്രശ്നത്തെ ചിലര്‍ രാഷ് ട്രീയവത്കരിക്കുന്നത് ഖേദകരമാണെന്നും മുഖ്യമന്ത്രി പറയുന്നുണ്ട്. ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗ ക്രൈസ്തവര്‍ക്കെതിരെ ഹിന്ദുരാഷ് ട്രവാദികള് നടത്തിവരുന്ന അതിക്രമങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ വിഷ്ണു ദേവ സായ് ഭരണകൂടം, കേരളത്തിന്റെയും ദേശീയതലത്തില്‍ പ്രതിപക്ഷ സഖ്യത്തിന്റെയും സഭാനേതൃത്വങ്ങളുടെയും പ്രതിഷേധത്തെയും പ്രതിരോധ, ഐകദാര്‍ഢ്യ ആഹ്വാനങ്ങളെയും ഇന്ധനമാക്കിയേക്കും.
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ, ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി തള്ളി. റായ്പൂര്‍ അതിരൂപത വഴി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ, ജഡ്ജി അവധിയിലായതിനാല്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി പരിഗണിച്ചുവെങ്കിലും മനുഷ്യക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി നിയമത്തിന്റെ ഷെഡ്യൂളില്‍ ഉള്‍പ്പെട്ടതാകയാല്‍ തന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നു പറഞ്ഞ് പിന്മാറി. എന്‍ഐഎ കേസ് വിചാരണക്കായുള്ള ബിലാസ്പുറിലെ ഹൈക്കോടതി ബെഞ്ചിലേക്ക് ഇത് റഫര്‍ ചെയ്യുമെന്നാണ് പോസ്കോ (എഫ്ടിഎസ് സി) കോടതി ജഡ്ജി സൂചിപ്പിച്ചത്. പതിനഞ്ചു ദിവസത്തിനകം കേന്ദ്രത്തിലേക്ക് എഴുതി അനുമതി വാങ്ങി വേണം കേസ് എന്‍ഐഎ കോടതിക്കു കൈമാറാനും ജാമ്യാപേക്ഷ സമര്‍പ്പിക്കാനും.
നിരപരാധരായ കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാരും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മുഖ്യധാരാ പാര്‍ട്ടികളും, സീറോ മലബാര്‍ സഭയും കേരള കത്തോലിക്കാ മെത്രാന് സമിതിയും കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതിയും സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സമൂഹങ്ങളും സഭാമേലധ്യക്ഷന്മാരും പരസ്യ പ്രസ്താവന നടത്തുകയും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്കും നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാരും പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിക്കുകയും പാര്‍ലമെന്റിനു വെളിയില്‍ കവാടത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.
കേരളത്തില്‍ നിന്നുള്ള യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ ഉള്‍പ്പെടുന്ന പ്രതിനിധിസംഘങ്ങള്‍ ദുര്‍ഗ് ജയിലില്‍ സിസ്റ്റര്‍മാരെ കണ്ട് വിവരങ്ങള്‍ നേരിട്ട് മനസിലാക്കി.
മണിപ്പുര്‍ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും പ്രധാനമന്ത്രി മോദി ക്രൈസ്തവ സമൂഹത്തിന്റെ ഹൃദയം കവരുകയും വിശ്വാസവും പിന്തുണയും ആര്‍ജിക്കുകയും ചെയ്തതുപോലെ കേരളത്തിലും, വിശേഷിച്ച് മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍, ബിജെപി മുന്നേറ്റത്തിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയിലൂടെ അതിന്റെ ആദ്യവിജയം കൊണ്ടാടുകയും ചെയ്തവര്‍, മുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രചാരണത്തിനു പിന്നാലെ ഹിന്ദുത്വ ദേശീയതയുടെ അജന്‍ഡയില്‍ ക്രിസ്ത്യാനികളുടെ ഊഴവും വരുമെന്ന് ഇപ്പോള്‍ ഞെട്ടലോടെ തിരിച്ചറിയുകയാണ്. വഖഫ് ഭേദഗതി ബില്ല് ജെപിസി ശുപാര്‍ശയോടെ അവതരിപ്പിച്ച വേളയില്‍ പാര്‍ലമെന്റില്‍ അമിത് ഷായും ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജുജുവും സഹമന്ത്രി ജോര്‍ജ് കുര്യനും സിബിസിഐ, കെസിബിസി നേതൃത്വത്തെ നന്ദിയോടെ സ്മരിക്കുകയും കേരളത്തിലെ ക്രൈസ്തവര്‍ക്ക് ഉടന്‍ നീതി ഉറപ്പുനല്‍കുകയും ചെയ്തത് നാം മറന്നിട്ടില്ല. എന്നാല്‍, ഛത്തീസ്ഗഡില്‍ രണ്ടു മലയാളി സമര്‍പ്പിതരെ ഹിന്ദുത്വ തീവ്രവാദികള്‍ ഇത്രമേല്‍ നിന്ദ്യമായി ആക്രമിച്ച് കള്ളക്കേസില്‍ കുടുക്കി ജാമ്യമില്ലാതെ തുറുങ്കിലടച്ചിടുമ്പോള്, പാര്‍ലമെന്റില്‍ അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ ഭരണപക്ഷം തങ്ങളുടെ അജന്‍ഡയില്‍ ഉറച്ചുനില്‍ക്കുന്നു. സുരേഷ് ഗോപി മൗനവ്രതത്തിലാണ്.
കേരളത്തിലെ ബിജെപിയുടെ ക്രിസ്റ്റ്യന്‍ ഔട്ട്റീച്ചിന്റെ മുഖ്യസൂത്രധാരന്‍ എന്ന നിലയില്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് ക്ഷണിക്കപ്പെട്ട ജോര്‍ജ് കുര്യന്, ഫെഡറല്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനാല്‍ തനിക്ക് ക്രിസ്ത്യാനികള്‍ക്കുവേണ്ടി സംസാരിക്കാനാവില്ലെന്ന ഉദാത്തമായ സെക്യുലര്‍ ഭരണഘടനാ തത്ത്വം ഉയര്ത്തിക്കാട്ടിക്കൊണ്ടുതന്നെ, കേരളത്തില്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തമ്മില്‍ അടിപ്പിക്കാനും ഛത്തീസ്ഗഢ് സംസ്ഥാനത്തെ ജനങ്ങളെ ഒന്നടങ്കം ആക്ഷേപിക്കാനും അവിടത്തെ മലയാളികളുടെ സുരക്ഷ അപകടത്തിലാക്കാനും ആസൂത്രിതമായ ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നുവെന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ദുര്‍ഗിലെ ജയിലില്‍ കഴിയുന്ന പ്രേഷിത സന്ന്യാസിനിമാരുടെ മോചനത്തിനായി പ്രക്ഷോഭം നയിക്കുന്ന സഭാനേതാക്കന്മാര്ക്കാണോ ഈ ഒളിസന്ദേശം?
കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടത്തിയിട്ടില്ലെന്നും, യുവതികളെ ആഗ്രയിലേക്കു ജോലിക്കു കൊണ്ടുപോകുന്നതിന് ‘പ്രൈവറ്റ് പ്ലേസ്മെന്റ് ഏജന്‍സി റെഗുലേഷന് നിയമപ്രകാരം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തതിന്റെ പ്രശ്നമാകണം’ ആശയക്കുഴപ്പമുണ്ടാക്കിയതെന്നും കേരളത്തിലെ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നത് വളരെ ആത്മാര്ഥമായാകണം! സിസ്റ്റര്‍മാരുടെ മോചനത്തിനായി ഛത്തീസ്ഗഢ് സര്‍ക്കാരുമായി നേരിട്ട് സംവദിക്കാനും കന്യാസ്ത്രീകള്‍ക്ക് ‘നിയമോപദേശം ലഭ്യമാക്കാനും’ അദ്ദേഹം പാര്‍ട്ടി പ്രതിനിധിസംഘത്തെ റായ്പൂരിലേക്ക് നിയോഗിക്കുകയും ചെയ്തുവല്ലോ. വിശ്വ ഹിന്ദു പരിഷത്തില്‍ നിന്നും ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും ഇതിന്റെ പേരില്‍ അദ്ദേഹം വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.
മണിപ്പുരില്‍ ക്രൈസ്തവ ഗോത്രവര്‍ഗക്കാരെ കൂട്ടക്കുരുതി ചെയ്തപ്പോഴും, യുപിയിലും അസമിലും മുസ് ലിം പള്ളികളും മദ്രസകളും ഭവനങ്ങളും തകര്‍ക്കാന്‍ ബിജെപി ഭരണകൂടം ബുള്‍ഡോസറുകള്‍ വിന്യസിക്കുമ്പോഴും, യുപിയിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഗുജറാത്തിലും രാജസ്ഥാനിലും നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനത്തിന്റെയും ലൗ ജിഹാദിന്റെയും പേരില്‍ ന്യൂനപക്ഷങ്ങള്‍ ഭീതിയിലും അരക്ഷിതാവസ്ഥയിലും കഴിയുമ്പോഴും, ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന നിയമനിര്‍മാണങ്ങളുടെ സമഗ്രാധിപത്യ ഹുങ്കാരത്തിനു മുമ്പിലും, ജാര്‍ഖണ്ഡിലെയും ഛത്തീസ്ഗഡിലെയും ആദിവാസികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിന് അര്‍ബന്‍ നക്സലും രാജ്യദ്രോഹിയുമെന്നു മുദ്രകുത്തി കൊവിഡ് കാലത്ത് നവിമുംബൈയിലെ എന്‍ഐഎ തടങ്കലില്‍ വിചാരണതടവിലിട്ട് വന്ദ്യവയോധികനായ സ്റ്റാന്‍സാമി എന്ന ജസ്യൂറ്റ് മിഷനറിയെ നിഷ്കരുണം കൊന്നപ്പോഴും മൗനം പാലിച്ചതിന് പ്രായശ്ചിത്തമായി കേരളത്തിന്റെ മനസ്സാക്ഷിയുടെ ശബ്ദം ഉയരട്ടെ. സിസ്റ്റര്‍ പ്രീതി മേരിയുടെയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെയും സഹനങ്ങളില്‍ അങ്ങനെ നമുക്കും പങ്കുചേരാം.