തിരുവനന്തപുരം: പാർട്ടിക്കെതിരെ വിവാദപ്രസ്താവന നടത്തിയ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി രാജി വച്ചു. എൽഡിഎഫ് ഭരണം തുടരുമെന്നും കോൺഗ്രസ് എടുക്കാച്ചരക്കായി മാറുമെന്നുമുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് രാജി.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇല്ലാതാകുമെന്നും സംഭാഷണത്തിനിടെ രവി പറഞ്ഞിരുന്നു.പ്രാദേശിക നേതാവ് പുല്ലമ്പാറ ജലീലുമായുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
അതേസമയം, താൻ പ്രാദേശിക നേതാവിനെ താക്കീത് ചെയ്യുകയായിരുന്നുവെന്നും സംഭാഷണം പുറത്തുവിട്ട ജലീലിനെതിരെ നടപടിയെടുക്കുമെന്നുമായിരുന്നു പാലോട് രവിയുടെ വിശദീകരണം. തൊട്ടുപിന്നാലെ കടുത്ത അതൃപ്തിയുമായി കെപിസിസി രംഗത്തെത്തി.
വിഷയം എഐസിസിയെ അറിയിച്ചിട്ടുണ്ടെന്ന കെ.പി.സിസി അധ്യക്ഷൻ സണ്ണി ജോസഫ്, കടുത്ത നടപടിയുണ്ടാകുമെന്ന് സൂചന നേരത്തെ നൽകിയിരുന്നു.പാർട്ടിയെ വെട്ടിലാക്കിയ പ്രതികരണത്തിന് പുറമേ മാധ്യമങ്ങളോട് സംസാരിച്ച് പാലോട് വിവാദം കൂടുതൽ വഷളാക്കിയെന്ന വിലയിരുത്തലാണ് നേതൃത്വത്തിന്. നിയമസഭാ തിരഞ്ഞെടുപ്പിൽ കാലുവാരിയെന്ന് ആരോപിച്ച് പി.എസ്.
പ്രശാന്ത് പാർട്ടി വിട്ടപ്പോഴും സംരക്ഷണം ലഭിച്ച പാലോട് രവിക്ക് ഈ വിവാദത്തിൽ കവചം ഒരുക്കിയില്ല. ഇതാദ്യമായിട്ടല്ല, പാലോട് പാർട്ടിയെ വെട്ടിലാക്കുന്നത്. മുൻപ്മുന്‍പ് ദേശീയഗാനം തെറ്റായി ആലപിച്ചും പാര്‍ട്ടിയെ നാണക്കേടിലാക്കിയിരുന്നു.