തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന തിരമാല മുന്നറിയിപ്പ്. വളപട്ടണം മുതൽ ന്യൂ മാഹി വരെ കണ്ണൂർ ജില്ലയിലെ തീരങ്ങളിൽ ഇന്നു വൈകുന്നേരം 05.30 മുതൽ ഞായറാഴ്ച വൈകുന്നേരം 05.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെയും,കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള കണ്ണൂർ- കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 മുതൽ തിങ്കളാഴ്ച വൈകുന്നേരം 05.30 വരെ 3.2 മുതൽ 3.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് . മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം .
ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.