പാലക്കാട്: പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 58 വയസ്സുകാരന് പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മരിച്ചത്.പുതിയ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
പാലക്കാട് നേരത്തെ നിപ ബാധ സ്ഥിരീകരിച്ച പെൺകുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. നിപ ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറം, പാലക്കാട് സ്വദേശികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിൽ .
മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേര് ഐസൊലേഷനില്‍ ചികിത്സയിലുണ്ട് . സംസ്ഥാനത്ത് ആകെ 14 പേര് ഹൈയസ്റ്റ് റിസ്കിലും 82 പേര് ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. കേന്ദ്ര സംഘം മലപ്പുറം, പാലക്കാട് ജില്ലകള്‍ സന്ദര്‍ശിച്ചു.