വാഷിംഗ്ടൺ: വ്യാപാരകരാറുകളിൽ കടുത്ത നടപടികളുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും അധിക തീരുവ ചുമത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ട്രംപ്. 30 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്.
ഇറക്കുമതി തീരുവയിലെ വർധന ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഏതെങ്കിലും വ്യാപാര പങ്കാളികൾ അമേരിക്കയ്ക്കെതിരെ പകരം ഇറക്കുമതി തീരുവ ചുമത്തിയാൽ തിരിച്ചടി ഉണ്ടാകുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട് . വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രസിഡന്റിന്റെ പുതിയ തീരുമാനം. ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
തീരുമാനം നടപ്പിലാക്കാൻ ഇനിയും ദിവസങ്ങൾ ഉണ്ടെന്നും അതിന് മുൻപ് വ്യാപാര കരാറുകളിൽ ചർച്ചകൾ തുടർന്നാൽ മെക്സിക്കോയ്ക്കും യൂറോപ്യൻ യൂണിയനും അത് ഗുണം ചെയ്യുമെന്നും ട്രംപ് ട്രൂത്ത് പോസ്റ്റിൽ വ്യക്തമാക്കി . ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിൽ പ്രതികരണവുമായി യൂറോപ്യൻ യൂണിയനും മെക്സിക്കോയും രംഗത്തെത്തിയിട്ടുണ്ട്. താരിഫുകൾ അന്യായവും വിനാശകരവുമാണെന്നായിരുന്നു അവരുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 35 ശതമാനം തീരുവ ചുമത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത് . 2025 ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ താരിഫ് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ബാധകമാണെന്നാണ് ട്രംപ് വ്യക്തമാക്കിയിരുന്നത്.
ജപ്പാൻ, ദക്ഷിണകൊറിയ, ബ്രസീൽ, മ്യാൻമർ, ലാവോസ്, തായ്ലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ, ടുണീഷ്യ, മലേഷ്യ, സെർബിയ, കംബോഡിയ, ബോസ്നിയ & ഹെർസഗോവിന, അൾജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോൾഡോവ, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഉയർന്ന താരിഫ് നിരക്കുകൾ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകുന്ന കത്ത് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിരുന്നു.
ബ്രസീലിന് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മേൽ അമേരിക്ക 25 ശതമാനം താരിഫ് ചുമത്തുമെന്നും അൾജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് 30 ശതമാനവും ബ്രൂണൈ, മോൾഡോവ എന്നിവയ്ക്ക് 25 ശതമാനവും ഫിലിപ്പീൻസിന് 20 ശതമാവും തീരുവ ചുമത്തുമെന്നും ട്രംപ് നിലപാടെടുത്തു . ഈ രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവ ഓഗസ്റ്റ് ഒന്നുമുതലായിരിക്കും പ്രാബല്യത്തിൽ വരിക.ലാവോസിനും മ്യാൻമറിനും 40 ശതമാനം തീരുവ ചുമത്തുമെന്നാണ് ഭീഷണി.