എഡിറ്റോറിയൽ / ജെക്കോബി
ആഴക്കടല്‍ മത്സ്യസമ്പത്ത് പരമാവധി സമാഹരിക്കാനുള്ള ‘നീല വിപ്ലവ’ പദ്ധതിയില്‍, വന്‍കിട കമ്പനികള്‍ക്ക് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി തീറെഴുതുകയാണ്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) സംസ്ഥാനത്തിന്റെ അധികാരപരിധിക്കുവെളിയില്‍ 200 നോട്ടിക്കല്‍ മൈല്‍ (370.4 കിലോമീറ്റര്‍) വരുന്ന രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ (എക്സ്ക്ലുസീവ് ഇക്കണോമിക് സോണ്‍) ആഴക്കടല്‍ മത്സ്യബന്ധനത്തിന് 50 മീറ്റര്‍ വരെ നീളമുള്ള വലിയ യാനങ്ങള്‍ ഇറക്കുന്നതിന് വ്യവസായസംരംഭകര്‍ക്ക് 50 ശതമാനം സബ്സിഡി അനുവദിക്കാനുള്ള പദ്ധതി കേന്ദ്ര ഫിഷറീസ് മന്ത്രാലയം നടപ്പാക്കുന്നത് നാം അറിയുന്നത് അതിനുള്ള അപേക്ഷകര്‍ക്കായി കേന്ദ്ര വകുപ്പ് വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ നിന്നാണ്.
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കോര്‍പറേറ്റ് പ്രതിനിധികളുടെ കൂട്ടത്തില്‍ കേരളത്തിലെ ട്രോളിങ് ബോട്ട് ഉടമകളില്‍ ഒരാളും ആ യോഗത്തിലുണ്ടായിരുന്നു.
പത്തു കൊല്ലം മുന്‍പ് കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്ര സര്‍ക്കാരിന്റെ ആഴക്കടല്‍ മത്സ്യബന്ധന നയത്തിനെതിരെ അതിശക്തമായ ചെറുത്തുനില്പും പ്രക്ഷോഭവും നയിച്ചതിനെ തുടര്‍ന്ന്, ഡോ. ബി. മീനാകുമാരി 2014 ഓഗസ്റ്റില്‍ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്ന ആഴക്കടല്‍ മത്സ്യബന്ധന മാര്‍ഗരേഖാ റിപ്പോര്‍ട്ട് മരവിപ്പിക്കപ്പെട്ടു. ആഴക്കടലില്‍ മാത്രമാണ് ഇനി പാരിസ്ഥിതികമായി സുസ്ഥിരമായ മത്സ്യബന്ധനം നടത്താനാകുന്നതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍, 270 വിദേശ ഫാക്ടറി കപ്പലുകള്‍ അടക്കം 1,178 ആഴക്കടല്‍ യാനങ്ങളെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ വിന്യസിക്കാമെന്നും, ആഴക്കടല്‍ മത്സ്യബന്ധനം, സംഭരണം, സംസ്കരണം തുടങ്ങിയ മേഖലയില്‍ രാജ്യത്ത് പരിചയസമ്പന്നരായവര്‍ കുറവായതിനാല്‍ വിദേശ ജീവനക്കാരെ അനുവദിക്കാമെന്നും, പുറംകടലില്‍ 200 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ ആഴമുള്ള മേഖലയില്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തി അവിടെ മത്സ്യബന്ധനം നിയന്ത്രിക്കണമെന്നും മറ്റുമാണ് മീനാകുമാരി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നത്.
അത്യാധുനിക ലോങ് ലൈന്‍, ഗില്‍നെറ്റ് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ വികസിപ്പിക്കാന്‍ പ്രധാന്‍മന്ത്രി മത്സ്യ സംപദ യോജനയിലും മറ്റും വലിയ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ തന്നെ, പ്രധാനമായും കൊച്ചി കേന്ദ്രീകരിച്ച് 24 മീറ്റര്‍ ട്രോളറുകളില്‍ ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന കന്യാകുമാരി ജില്ലയിലെ തുത്തുര്‍ ഭാഗത്തുനിന്നുള്ള പരമ്പരാഗത മത്സ്യതൊഴിലാളികള്‍ പ്രതിവര്‍ഷം 45,000 ടണ്‍ സമുദ്രവിഭവങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ടെന്ന് കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആര്‍ഐ) സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലെറ്റര്‍ ഓഫ് പെര്‍മിറ്റ് അടിസ്ഥാനത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തിവന്ന വിദേശകപ്പലുകള്‍ പിടിക്കുന്നത് 1,900 ടണ്‍ മാത്രമാണ്!
തുത്തുരിലെ പരമ്പരാഗത മീന്‍പിടുത്തക്കാര്‍ 14 മുതല്‍ 34 ദിവസം വരെ കടലില്ത്തങ്ങിയാണ് മത്സ്യബന്ധനം നടത്തുന്നത്. ഇത്തരത്തില്‍ ആഴക്കടല്‍ മേഖലയില്‍ വിദൂര മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരത്തോളം ചെറുകിട ബോട്ടുകളാണ് രാജ്യത്തെ ഒന്‍പത് ഇനം ട്യൂണകളെയും, ഓലക്കൊടി, മോത, തള, കട്ട കൊമ്പന്, സ്രാവ് തുടങ്ങി കയറ്റുമതി പ്രധാനമായ വിവിധയിനം മത്സ്യങ്ങളെയും പിടിക്കുന്നത്. ഇതില്‍ ചിലതാണ് തെക്ക് ഇന്ത്യാ മഹാസമുദ്രത്തിലെ ദിയേഗോ ഗാര്‍സിയ വരെയും, വടക്ക് ഒമാന്‍ വരെയും ചെന്നെത്തുന്നത്.
ദേശീയ ഫിഷറീസ് വികസന ബോര്‍ഡ്, പ്രധാന്‍മന്ത്രി മത്സ്യ സംപദ യോജന, സിഎംഎഫ്ആര്‍ഐ, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, കേന്ദ്ര ഫിഷഫീസ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ചേര്‍ന്ന് ആഴക്കടല്‍ മത്സ്യസമ്പത്ത് ചൂഷണം ചെയ്യുന്നതു സംബന്ധിച്ച് വിശദമായ പഠനം നടത്തിവരികയാണ്. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലെ ആഴക്കടലില്‍ 6.3 ലക്ഷം ടണ്‍ ഓഷ്യാനിക് കണവയും, 2.3 ലക്ഷം ടണ്‍ ചൂരയും മൂന്നു ലക്ഷം ടണ്‍ വാളയും (റിബണ്‍ ഫിഷ്), ഭക്ഷ്യയോഗ്യമല്ലെങ്കിലും പ്രോട്ടീന്‍ ആവശ്യങ്ങള്‍ക്കും ഫിഷ്മീല്‍ വ്യവസായത്തിനും ഉപയുക്തമായ 17 ലക്ഷം ടണ്‍ മെസോപെലാജിക് മത്സ്യ ഇനങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്റ്റേറ്റ് ഓഫ് ദി ആര്‍ട് എന്നു വിശേഷിപ്പിക്കപ്പെടുന്ന അതിനൂതന മത്സ്യബന്ധനക്കപ്പലുകളില് 250 ടണ്‍ മത്സ്യം സംഭരിക്കാനുള്ള ശേഷിയുണ്ട്. തൊഴിലാളികളുടെ എണ്ണം ഏഴില്‍ താഴെയാണ്. പിടിക്കുന്ന മത്സ്യം പുറംകടലില്‍ വച്ചുതന്നെ മറ്റു യാനങ്ങളിലേക്ക് കൈമാറ്റം ചെയ്യാനും ഫാക്ടറി കപ്പലുകളില്തന്നെ സംസ്കരിക്കാനും സൗകര്യമുണ്ട്. വന്‍കിട കമ്പനികള്‍ കേരളത്തിന്റെ പുറംകടലില്‍ നിന്നു പിടിക്കുന്ന മത്സ്യവിഭവങ്ങള്‍ കേരളതീരത്തെ സംസ്കരണശാലയിലോ ഇവിടത്തെ വിപണിയിലോ എത്തുമെന്ന് ഉറപ്പില്ല. വിദേശ കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് മത്സ്യബന്ധനം നടത്തിവന്ന നാളുകളില്‍, ടാറ്റ, മഹീന്ദ്ര, ഐടിസി, യദുഗുടി ഫിഷറീസ്, റൈസിംഗ് സണ്‍, റൈസിംഗ് സ്റ്റാര്‍ തുടങ്ങിയ ഗ്രൂപ്പുകളുടെ യാനങ്ങള്‍ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തിയിരുന്നു. എന്നാല്‍ അവ കാലക്രമേണ അപ്രത്യക്ഷമാവുകയായിരുന്നു. അതേസമയം, ചൈനയിലും തയ് വാനിലും നിന്നുള്ള ഫാക്ടറി കപ്പലുകള്‍ നമ്മുടെ സമുദ്രമേഖലയില്‍ കടന്നുകയറി മത്സ്യബന്ധനം നടത്തുന്നുണ്ടത്രെ.
ആഴക്കടല്‍ മേഖല കേന്ദ്ര സര്‍ക്കാര്‍ ചങ്ങാത്തമുതലാളിത്ത കുത്തകകള്‍ക്ക് തീറെഴുതിയാല്‍, കേരളത്തില്‍ ഇപ്പോള്‍തന്നെ കടുത്ത പ്രതിസന്ധി നേരിടുന്ന മത്സ്യമേഖലയുടെ നിലനില്പുതന്നെ അപകടത്തിലാകും. ഇന്തോ-നോര്‍വീജിയന്‍ പദ്ധതിയില്‍ 1960കളില്‍ ട്രോളിങ് ബോട്ടുകള്‍ കേരളതീരത്ത് മത്സ്യബന്ധന മേഖലയില്‍ പുതുതരംഗം സൃഷ്ടിച്ചതിനെ തുടര്‍ന്ന് സമുദ്രവിഭവ കയറ്റുമതിയില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. സംസ്ഥാനത്ത് ഒന്‍പത് കടലോര ജില്ലകളിലായി മത്സ്യമേഖലയെ ആശ്രയിച്ചുകഴിയുന്ന 14 ലക്ഷം തൊഴിലാളികളുണ്ട്. മണ്‍സൂണ്‍കാലത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ഉള്‍പ്പെടെ സാധാരണ നിലയില്‍ സംസ്ഥാനത്ത് മത്സ്യബന്ധന ദിനങ്ങള്‍ വര്‍ഷത്തില്‍ നൂറില്‍ താഴെയായി കുറഞ്ഞിരിക്കയാണ്. കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രകൃതിക്ഷോഭങ്ങള്ക്കൊപ്പം, പ്രതികൂല കാലാവസ്ഥാ പ്രവചനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മത്സ്യബന്ധന നിരോധനം കൂടിയായപ്പോള്‍ കഴിഞ്ഞവര്‍ഷം 85 ദിവസമാണ് മീന്പിടിക്കാനായത്.
സംസ്ഥാനത്തെ മത്സ്യകയറ്റുമതി സംസ്കരണശാലകളില്‍ നാലെണ്ണെമെങ്കിലും കഴിഞ്ഞവര്‍ഷം അടച്ചു. കേരളത്തിലെ ബോട്ടുടമകളില്‍ 20 ശതമാനം പേര് ബോട്ടുകള്‍ വിറ്റതായി അഖില കേരള ഫിഷിങ് ബോട്ട് ഓണേഴ്സ് അസോസിയേഷന് ഫിഷറീസ് മന്ത്രിക്കു നല്കിയ നിവേദനത്തില്‍ പറയുന്നുണ്ട്. കേരളത്തിലെ മത്സ്യസംസ്കരണമേഖലയില്, 850 പീലിങ് ഷെഡുകളിലും 100 പ്രോസസിങ് യൂണിറ്റുകളിലും ജോലി ചെയ്യുന്ന സ്ത്രീകളില്‍ 80 ശതമാനവും തൊഴില്നൈപുണ്യമുള്ളവരാണ്. മത്സ്യസംസ്കരണ, കയറ്റുമതി മേഖലയുടെ തകര്‍ച്ച സ്ത്രീകളുടെ തൊഴില്‍ മേഖലയെയും സാരമായി ബാധിക്കും.
ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍ വന്‍കിട കുത്തകകള്‍ ആധിപത്യം പുലര്‍ത്തിയാല്‍ ഗുരുതരമായ തൊഴില്‍നഷ്ടമുണ്ടാകും. കേരളതീരത്ത ചെറുകിട- പരമ്പരാഗത മേഖലയില്‍പ്പെടുന്ന മീന്‍പിടുത്തക്കാരുടെ മത്സ്യലഭ്യതയെയും അതു ബാധിക്കും.
ഒന്നര ലക്ഷം മുതല്‍ നാലു ലക്ഷം വരെ വാട്ടില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ചാണ് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളില്‍ പലതും പ്രവര്‍ത്തിക്കുക. ആഴക്കടലില്‍ നിന്ന് ഇവ മികച്ച മത്സ്യബന്ധന നിലങ്ങള്‍ തേടി തീരത്തേക്ക് തിരിഞ്ഞാല്‍ ശക്തമായ പ്രകാശം തീരക്കടലിലെയും പുറംകടലിലെയും മീനുകളെ കൂടി അങ്ങോട്ട് ആകര്‍ഷിക്കും. കാലാവസ്ഥാവ്യതിയാനം മൂലം മത്തി അടക്കമുള്ള നമ്മുടെ പ്രധാന മത്സ്യങ്ങളുടെ ലഭ്യതയില്‍ കുറവുവന്നിട്ടുണ്ട്.
ആഗോളതലത്തില്‍ മത്സ്യബന്ധന മേഖല വലിയ തകര്‍ച്ച നേരിടുമ്പോള്‍, ഇന്ത്യയിലെ ആഴക്കടലില്‍ ഇപ്പോള്‍ ഏറെക്കുറെ സുസ്ഥിരമായ മത്സ്യബന്ധനമാണ് നടക്കുന്നതെന്ന് യുഎന്‍ ഭക്ഷ്യകാര്‍ഷിക സംഘടനയുടെ കീഴിലുള്ള ഇന്ത്യന്‍ ഓഷന്‍ ട്യൂണ കമ്മിഷന് സ്ഥിരീകരിക്കുന്നു. ഇന്ത്യാ മഹാസമുദ്രത്തിലെ മഞ്ഞകേര (യെല്ലോഫിന്‍ ട്യൂണ) 400 കോടി യുഎസ് ഡോളര്‍ മൂല്യമുള്ളതാണ്. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ 179,000 ടണ്‍ മഞ്ഞകേരയും വരയന്കേരയും (സ്കിപ്ജാക് ട്യൂണ) ഉള്ളതായി വേള്‍ഡ് ബാങ്ക് കണക്കാക്കുന്നു. എന്നാല്‍ പിടിക്കുന്നത് 12 ശതമാനം മാത്രമാണ് – 25,259 ടണ്‍. വലിയ ട്യൂണ ലൈനര്‍ ഫാക്ടറി കപ്പലുകള്‍ രംഗത്ത് എത്തുമ്പോള്‍ ഈ സുസ്ഥിര മത്സ്യബന്ധന സങ്കല്പമെല്ലാം തകിടം മറിയും.
തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പാക് കടലിടുക്കില്‍ ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തി ലംഘിക്കുന്നുവെന്നതിന്റെ പേരിലുള്ള രാജ്യാന്തര സംഘര്‍ഷത്തിന് പരിഹാരമായി 2,000 ട്രോളറുകള്‍ക്കു പകരം പ്രധാന്‍മന്ത്രി മത്സ്യ സംപദ യോജനയില്‍ മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്കും സ്വയംസഹായസംഘങ്ങള്‍ക്കും മത്സ്യ ഉത്പാദക സംഘടനകള്‍ക്കുമായി 500 ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നിര്‍മിക്കുന്നതിന് 1,600 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി മോദി 2017 ജൂലൈയില്‍ രാമേശ്വരത്ത് പ്രഖ്യാപിച്ചിരുന്നു. ഇതിനായി കൊച്ചിന് ഷിപ് യാര്‍ഡ്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് എന്നിവ ചേര്‍ന്ന് 2018-ല്‍ പ്രോട്ടോടൈപ് വികസിപ്പിച്ചു. കൊച്ചിന് ഷിപ് യാര്‍ഡ് ഉള്‍പ്പെടെ 20 ഷിപ് യാര്‍ഡുകളില്‍ ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നിര്‍മിക്കാനായിരുന്നു നിര്‍ദേശം. ബോട്ടുനിര്മാണത്തിന് 50 ശതമാനം ചെലവ് കേന്ദ്രവും, 20% സംസ്ഥാനവും, 10 ശതമാനം ഗുണഭോക്താക്കളും, 20% ധനകാര്യസ്ഥാപന വായ്പയുമാണ് നിശ്ചയിച്ചത്. 71 യാനങ്ങള്‍ കൈമാറിയെന്നും 15 എണ്ണം നിര്മാണത്തിലാണെന്നുമാണ് കഴിഞ്ഞ ജനുവരിയില്‍ പാര്‍ലമെന്റില്‍ ഫിഷറീസ് മന്ത്രി അറിയിച്ചത്.
കേരളത്തില്‍ പത്ത് അംഗങ്ങള്‍ വീതമുള്ള അഞ്ച് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് 2023 മേയില്‍ 1.57 കോടി രൂപ വീതം ചെലവില്‍ ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങള്‍ വിതരണം ചെയ്യുകയുണ്ടായി. കേന്ദ്രം 24 ശതമാനവും, സംസ്ഥാന സര്‍ക്കാര്‍ 16 ശതമാനവും, ഗുണഭോക്താക്കളായ തൊഴിലാളികള്‍ 60 ശതമാനവും മുതല്മുടക്കണമെന്നായിരുന്നു വ്യവസ്ഥ. കേരള ഫിനാഷ്യല്‍ കോര്‍പറേഷനില്‍ നിന്നും മത്സ്യഫെഡില്‍ നിന്നും കുറഞ്ഞപലിശയ്ക്ക് വായ്പ അനുവദിച്ചു. കൊച്ചിന് ഷിപ് യാര്‍ഡ് മാല്‍പെ യാര്‍ഡില്‍ നിര്‍മിച്ച യാനങ്ങള്‍ക്ക് സ്റ്റോറേജ്, റഫ്രിജറേഷന്‍, ഉയര്‍ന്ന എന്‍ജിന്‍ശേഷി എന്നീ സൗകര്യങ്ങള്‍ക്ക് അധികച്ചെലവു വന്നത് സംസ്ഥാനം വഹിച്ചു. ഇതൊക്കെയായിട്ടും, ഇവയില്‍ രണ്ടു യാനങ്ങള്‍ മാത്രമാണ് യഥാര്‍ഥത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തിയതത്രെ. ‘കൊളച്ചല്‍ തീരത്തുനിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പറ്റിയവണ്ണമാണ്’ ഇതിലെ വീഞ്ച് സ്ഥാപിച്ചിരുന്നതെന്നും, പടിഞ്ഞാറോട്ടു പോകുന്നതിനായി വീഞ്ച് എതിര്‍വശത്തേക്കു മാറ്റുന്നതിന് രണ്ടു ലക്ഷം രൂപ വേണ്ടിവന്നു എന്നുമാണ് ആദ്യം കേട്ട പരാതി. വീഞ്ച് മാറ്റിയില്ലെങ്കില്‍ വിലകൂടിയ വല കീറിപ്പോകുന്ന അവസ്ഥയായിരുന്നു. ഇന്ധനച്ചെലവും പ്രതീക്ഷിച്ചതിലേറെയായി. വേണ്ടത്ര സാങ്കേതിക പരിജ്ഞാനമില്ലാത്തതിനാലാണ് മിക്ക സംഘങ്ങള്‍ക്കും ഈ യാനങ്ങള്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കാന്‍ സാധിക്കാതെവന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
തമിഴ്നാട് സര്‍ക്കാര്‍ പുതിയ ആഴക്കടല്‍ യാനങ്ങള്‍ക്കു മാത്രമല്ല, സംസ്ഥാനത്തെ 4,997 യന്ത്രവത്കൃത ബോട്ടുകള്‍ക്കെല്ലാം കേന്ദ്ര പദ്ധതിയില്‍ ഐഎസ്ആര്‍ഒയുടെ വെസല്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റം ട്രാന്‍സ്പോണ്ടര്‍ ഉറപ്പാക്കി എന്നത് ശ്രദ്ധേയമാണ്. ജിപിഎസ് ട്രാക്കിങ്, തത്സമയ കാലാവസ്ഥ അറിയിപ്പിന് മൊബൈല്‍ ആപ്, സമുദ്രാതിര്‍ത്തി ലംഘിക്കാതിരിക്കാനുള്ള മുന്നറിയിപ്പ്, മത്സ്യബന്ധന മേഖലയിലെ നാവിഗേഷന്‍ മാര്‍ഗദര്‍ശനം, ലൈഫ് ജാക്കറ്റ്, ലൈഫ്ബോയ്, റഡാര്‍ റിഫ്ളക്റ്റര്‍, ഫ്ളെയറുകള്‍, ബാക്കപ്പ് ബാറ്ററി, രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായ ബീക്കണ്‍, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം തുടങ്ങി മത്സ്യബന്ധന യാനങ്ങളുടെയും തൊഴിലാളികളുടെയും സുരക്ഷയ്ക്ക് അവര്‍ വലിയ മുന്‍ഗണന നല്കി. ഓഖി ദുരന്തത്തിനുശേഷവും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷാസംവിധാനങ്ങള്‍ നാമമാത്രമാണെന്ന് കടപ്പുറത്തുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു.
കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കായി രൂപകല്പന ചെയ്യുന്ന 50 മീറ്റര്‍ നീളമുള്ള ആഴക്കടല്‍ യാനത്തിന് 250 ടണ്‍ സ്റ്റോറേജ് സഹിതം 100 മുതല്‍ 150 കോടി രൂപ ചെലവു വരും. കേന്ദ്രം 50 ശതമാനം സബ്സിഡി നല്‍കുമെന്ന് പറഞ്ഞാലും ബാക്കി തുക കേരളത്തിലെ ബോട്ടുടമകള്ക്കോ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കോ കണ്ടെത്താന്‍ കഴിയുമോ? ആഴക്കടല്‍ ബോട്ടുകള്‍ക്ക് അടുക്കാനുള്ള ഹാര്‍ബര്‍ സൗകര്യം, ഇന്ധന സബ്സിഡി തുടങ്ങിയവയെക്കുറിച്ച് മന്ത്രാലയം ഓണ്‍ലൈന്‍ യോഗത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഇതിനിടെ മഹാരാഷ് ട്ര ഫിഷറീസ് ഡയറക്ടര്‍ കൊച്ചിയിലെ സിഫ്റ്റില്‍ ആഴക്കടല്‍ യാനത്തിന്റെ രൂപകല്പന സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതായി പറയുന്നുണ്ട്.
തോട്ടപ്പള്ളിയില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ 643 കണ്ടെയ്നറുകളുമായി മുങ്ങിയ എല്‍സ 3 ചരക്കുകപ്പലില്‍ നിന്ന് കേരളത്തിന്റെ തീരക്കടലും തീരവും മത്സ്യത്തൊഴിലാളികളും തീരദേശജനതയും നേരിടുന്ന അതിഭയാനകമായ പാരിസ്ഥിതിക മലിനീകരണ ആശങ്കകള്‍ക്കും സാമ്പത്തിക നഷ്ടങ്ങള്‍ക്കും മുന്നില്‍ ജനം പകച്ചുനില്ക്കുമ്പോള്, ബ്ലൂ ഇക്കോണമി നയം നമ്മളൊന്നുമറിയാതെ നമ്മുടെ തീരത്ത് കേന്ദ്രം നടപ്പാക്കാനുള്ള പഴുതുണ്ടാകരുത്. സംസ്ഥാന സര്‍ക്കാര്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്കെതിരെ 9,531 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് അഡ്മിറാല്‍റ്റി കേസ് ഫയല്‍ ചെയ്തതും, കപ്പല്‍ ദുരന്തത്തിന്റെ അനന്തരഫലമായി പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം 526.51 കോടി രൂപ എന്നു നിശ്ചയിച്ചതും സംസ്ഥാനത്തെ യന്ത്രവത്കൃത ബോട്ടുകളും ഫൈബര്‍ വള്ളങ്ങളും പരമ്പരാഗത വള്ളങ്ങളുമെല്ലാം നേരിടാന്‍ പോകുന്ന വലിയ പ്രതിസന്ധിയ്ക്ക് ഒരുതരത്തിലും പരിഹാരമാവുകയില്ല എന്നു നാം തിരിച്ചറിയേണ്ടതുണ്ട്.