കണ്ണൂർ: ബിപിഎൽ കാർഡുള്ളവർക്ക് ഓണത്തോടനുബന്ധിച്ച് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുമെന്ന് കേരഫെഡ്. ഉടൻ സർക്കാർ അനുമതിയാകുമെന്നും കേരഫെഡ് ചെയർമാൻ വി ചാമുണ്ണി. സബ്സിഡി എത്രയെന്ന് പിന്നീട് തീരുമാനിക്കും.
കണ്ണൂരിലേതുപോലെ കർഷകരിൽ നിന്ന് നേരിട്ടുള്ള പച്ചതേങ്ങ സംഭരണം കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലും ആരംഭിക്കും. തൃശൂരിൽ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചും മറ്റിടങ്ങളിൽ ഇസാഫുമായി സഹകരിച്ചുമാകും സംഭരണം നടത്തുക. തേങ്ങയ്ക്ക് വിപണി വിലയേക്കാൾ കിലോഗ്രാമിന് ഒരു രൂപ അധികം നൽകും.
വിപണിയിൽ വെളിച്ചെണ്ണ ലഭ്യത ഉറപ്പുവരുത്തുന്നതിന് 4500 ക്വിന്റൽ കൊപ്രയ്ക്ക് ഓർഡർ നൽകി. കേര ഫെഡിന്റെ പ്ലാന്റിൽ നിത്യേന 80,000 കിലോഗ്രാം കൊപ്രയെത്തുന്നുണ്ട്. ആവശ്യത്തിന് കൊപ്ര ലഭിക്കാത്തതുകൊണ്ടാണ് പച്ചത്തേങ്ങ സംഭരണം തുടങ്ങിയതെന്നും വി ചാമുണ്ണി പറഞ്ഞു.