ബ്യൂണസ് അയേഴ്സ്: ഫ്രാൻസിസ് മാർപാപ്പയുടെ കുമ്പസാരക്കാരനായിരുന്ന അർജന്റീനിയൻ കർദിനാൾ ലൂയിസ് ഡി (98) അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് നടക്കും. ബ്യൂണസ് അയേഴ്സ് ആർച്ച് ബിഷപ്പ് മിസ്ഗ്രേർ ജോർജ് ഗാർസിയ കുർവ മുഖ്യകാർമികനാകും.
ഫ്രാൻസിസ് മാർപാപ്പ കരുണയുള്ള ഒരു ഇടയനെന്ന നിലയിൽ മാതൃകയായി നിർദേശിച്ച വ്യക്തിയാണ് 2023-ൽ കർദിനാളായി നിയമിതനായ കർദിനാൾ ലൂയിസ്. 1927-ൽ അർജന്റീനയിലെ എൻടെ റിയോസ് പ്രവിശ്യയിലെ ഫെഡറേഷ്യനിലാണ് ലൂയിസ് പാസ്വൽ ഡ്രി ജനിച്ചത്. ഒരു കുമ്പസാരക്കാരൻ എങ്ങനെയായിരിക്കണം എന്ന് ഡ്രിയുടെ ജീവിതം ചൂണ്ടിക്കാട്ടി ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.
2007-ൽ വിരമിച്ചത് മുതൽ ബ്യൂണസ് അയേഴ്സിലെ ഔവർ ലേഡി ഓഫ് പോംപൈ ദേവാലയത്തിൽ കുമ്പസാരക്കാരനായി ശുശ്രൂഷ ചെയുകയായിരുന്നു. കർദിനാൾ ലൂയിസ് ഡി പാദ്രെ പിയോയുടെ സമകാലികനാണ്. ദിവസവും 10-15 മണിക്കൂർ കുമ്പസാരം കേൾക്കാൻ ചെലവഴിച്ചിരുന്ന പാദ്രെ പിയോയിൽ നിന്നാണ് താൻ പ്രചോദനം ഉൾക്കൊണ്ടതെന്ന് കർദിനാൾ പറഞ്ഞിട്ടുണ്ട്. 2016-ൽ കരുണയുടെ ജൂബിലി വേളയിൽ ‘ദൈവത്തിന്റെ നാമം കരുണയാണ്’ എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകത്തിൽ ഒരു നല്ല കുമ്പസാരക്കാരന്റെ ഉദാഹരണമായി ഫ്രാൻസിസ് മാർപാപ്പ പരാമർശിക്കുന്നത് ഡ്രിയെയാണ്.