സെന്റര്‍ പേജ് /ഡോ. ജോഷി മയ്യാറ്റില്‍
യന്ത്രത്തിന്റെ അടിമത്തത്തിന് മനുഷ്യനെ കീഴ്പ്പെടുത്താത്ത വിധത്തില്‍ സാമ്പത്തിക ഉത്പാദനത്തിനായുള്ള സാങ്കേതിക സംവിധാനങ്ങളെ നമുക്ക് എങ്ങനെ ഉപയോഗിക്കാനാകും എന്ന ഒരേ ചോദ്യമാണ് ലെയോ പതിമൂന്നാമന്‍, ലെയോ പതിനാലാമന്‍ എന്നീ പാപ്പാമാരില്‍ നിന്നും ഉയരുന്നത്! പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍, തത്സമയ ഇടപെടലും കരുതലും ആവശ്യമുള്ള വെറും യന്ത്രം ആയിരുന്നെങ്കില്‍, ഇന്ന് പ്രോഗ്രാം ചെയ്യപ്പെട്ട നിര്‍മിതബുദ്ധിയാല്‍ നയിക്കപ്പെടുന്ന, കൈവിട്ട യന്ത്രങ്ങള്‍ – അത്രയേ ഉള്ളൂ വ്യത്യാസം. പക്ഷേ, എഐയുടെ ലോകം യന്ത്രലോകത്തിന്റെ നൂറോ ആയിരമോ മടങ്ങ് ആണ് എന്ന വസ്തുത അവഗണിക്കാനാവില്ല. ലെയോ പതിമൂന്നാമന്റെ കാലത്തെ പ്രശ്നങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പര്വതീകരിക്കാന് പോന്നതാണ് ലെയോ പതിനാലാമന്റെ ഇന്നത്തെ എഐ കാലം.
അതിശയം ഉളവാക്കിയ ഒരു തിരഞ്ഞെടുപ്പ്! പുതിയ പാപ്പായെ പറ്റിയാണ് പറഞ്ഞുവരുന്നത്. രണ്ടു വര്‍ഷം മുമ്പു മാത്രം കര്‍ദിനാളായി നിയമിതനായ ഒരാള്‍ കോണ്‍ക്ലേവിനു മുന്നേ പറഞ്ഞുകേട്ട പ്രശസ്തരും ചിരപരിചിതരുമായ വ്യക്തിത്വങ്ങള്‍ക്കിടയില്‍ നിന്ന് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു! അതിനുമപ്പുറത്ത്, ഏവരെയും അതിശയിപ്പിച്ചത് അദ്ദേഹം തനിക്കായി തിരഞ്ഞെടുത്ത പേരാണ്: സഭയ്ക്കും സമൂഹത്തിനും സാമൂഹിക പ്രബോധനങ്ങളിലൂടെ കനത്ത സംഭാവനകള്‍ നല്കിയ ലെയോ പതിമൂന്നാമന്‍ (1878 1903) പാപ്പായ്ക്കു ശേഷം ഇപ്പോഴാണ് ഒരു പാപ്പാ ആ പേര് സ്വീകരിക്കുന്നത്.
ലെയോ പതിനാലാമന്‍ എന്ന പേര് പുതിയ പേപ്പസിയുടെ ഒരു ദിശാസൂചകമായി കാണാവുന്നതാണ്. അതു തിരഞ്ഞെടുത്തതിന്റെ കാരണം മേയ് പത്താം തീയതി പാപ്പാ തന്നെ കര്‍ദിനാള്‍ സംഘത്തോട് വെളിപ്പെടുത്തി. നിര്‍മിതബുദ്ധിയിലൂടെ ഉരുവാകുന്ന രണ്ടാം വ്യാവസായിക വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍ മനുഷ്യമാഹാത്മ്യവും നീതിയും തൊഴിലും സംരക്ഷിക്കുന്ന സഭാപ്രബോധനങ്ങളുടെ ആവശ്യകതയെക്കുറിച്ചുള്ള അവബോധമാണത്രേ ആ പേരു തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ലെയോ പതിമൂന്നാമന്‍ ചെയ്തത്
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍, പ്രഥമ വ്യാവസായിക വിപ്ലവകാലത്ത് ‘റേരും നൊവാരും’ എന്ന സഭാപ്രബോധനത്തിലൂടെ 1891-ല്‍ ലോകത്തിന് വെളിച്ചം പകര്‍ന്നത് ലെയോ പതിമൂന്നാമന്‍ പാപ്പായാണ്. യന്ത്രവത്കൃതമായ ഉത്പാദനവും ഫാക്ടറി സംവിധാനങ്ങളും അക്കാലത്ത് അഭൂതപൂര്‍വമായ സമ്പത്തും ഉത്പാദനക്ഷമതയും സൃഷ്ടിച്ചുവെങ്കിലും കാര്‍ഷിക മേഖലയില്‍ പിടിച്ചുനില്‍ക്കാനാകാതെ അനേകര്‍ക്ക് തൊഴില്‍ തേടി തിരക്കേറിയതും ശുചിത്വമില്ലാത്തതുമായ നഗരകേന്ദ്രങ്ങളിലേക്ക് പോകേണ്ട അവസ്ഥയുണ്ടായി.
അവരുടെ ജോലികള്‍ കഠിനവും അരക്ഷിതവും തുച്ഛപ്രതിഫലദായകവും ആയിരുന്നു. സമ്പത്തിന്റെ വിടവ് നാടകീയമായി വര്‍ദ്ധിച്ചു, ഇത് വന്‍തോതിലുള്ള സാമൂഹികാസ്വാസ്ഥ്യങ്ങളിലേക്കും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ചയിലേക്കും നയിച്ചു. സഭാപാരമ്പര്യത്തില്‍ പതിവില്ലാത്ത ഒരു കാര്യം അന്നു സംഭവിച്ചു – ആദ്യമായി സാമൂഹിക നീതി വിഷയത്തില്‍ പാറ പോലെ ഉറച്ച ഒരു നിലപാട് ഒരു പാപ്പാ എടുത്തു. തന്റെ ചാക്രികലേഖനത്തില്‍ ലെയോ പതിമൂന്നാമന്‍ പാപ്പാ കുറിച്ചു: ”അധ്വാനിക്കുന്ന ജനസാമാന്യത്തിനുമേല്‍ അടിമത്തത്തെക്കാള്‍ ഒട്ടും ഭേദമല്ലാത്ത ഒരു നുകം അതീവ സമ്പന്നരായ കുറച്ചു പേര് വച്ചുകെട്ടിയിരിക്കുന്നു.” സമ്പദ് വ്യവസ്ഥ മനുഷ്യനെ സേവിക്കുന്നതിനാണ്, മറിച്ചല്ല എന്ന ശക്തമായ സന്ദേശം നല്‍കിക്കൊണ്ട് മനുഷ്യവ്യക്തിയിലും തൊഴിലിന്റെ ശ്രേഷ്ഠതയിലും കേന്ദ്രീകൃതമായ തത്ത്വശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ ഒരു നരവംശശാസ്ത്രം മുന്നോട്ടുവയ്ക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളിയെ വെറും തൊഴിലിനുള്ള ഉപകരണമായോ ഏകകോശകജീവിയായോ കാണരുതെന്ന് നിര്‍ബന്ധം പിടിച്ച ലെയോ പതിമൂന്നാമന്‍ പാപ്പാ മാന്യമായ കുടുംബ വേതനത്തിനു വേണ്ടി ശക്തമായി നിലപാടെടുത്തു. അദ്ദേഹം എഴുതി: ”താന്‍ ജന്മം കൊടുത്തവര്‍ക്ക് ഒരു പിതാവ് ഭക്ഷണവും എല്ലാ അവശ്യവസ്തുക്കളും നല്‍കണം എന്നത് പ്രകൃതിയുടെ വിശുദ്ധ നിയമമാണ്. അതുപോലെ തന്നെ, തന്റെ വ്യക്തിത്വത്തിന്റെ തന്നെ തുടര്‍ച്ച എന്നു പറയാവുന്ന തന്റെ മക്കള്‍ക്ക് … ആവശ്യമായതെല്ലാം നല്‍കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്.”
തൊഴില്‍ മേഖലയിലെ ചൂഷണങ്ങളെ നേരിടാന്‍ അദ്ദേഹം മുന്നോട്ടുവച്ച പരിഹാരങ്ങള്‍ നാനാവിധമായിരുന്നു. ഒന്നാമതായി, തൊഴിലാളികള്‍ക്ക് അവരുടെ സ്വന്തം അധ്വാനത്തിന്റെ ഫലങ്ങള്‍ക്ക് അവകാശമുണ്ടെന്നു വാദിച്ചുകൊണ്ട് അദ്ദേഹം കമ്മ്യൂണിസത്തെ തള്ളിപ്പറഞ്ഞു. എന്നാല്‍ ഉപജീവന വേതനം, കുടുംബത്തിനും സഭയ്ക്കും വേണ്ടി തൊഴിലാളികള്‍ക്കു വേണ്ട സമയം, ക്രിസ്ത്യന്‍ ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കാനുള്ള അവകാശം എന്നിവയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ലെയോ XIII പാപ്പാ
ലെയോ പതിമൂന്നാമന്റെ സ്വാധീനം
അമേരിക്കയില്‍ മിനിമം വേതന നിയമങ്ങളുടെ ആദ്യത്തെ പ്രധാന വക്താക്കളില്‍ ഒരാളായ പുരോഹിതനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോണ്‍ എ. റയാന്, തന്റെ നിലപാടുകളിലുള്ള ലെയോ പാപ്പായുടെ സ്വാധീനം വ്യക്തമായി ഏറ്റുപറഞ്ഞിട്ടുള്ളയാളാണ്. അദ്ദേഹത്തിന്റെ ‘എ ലിവിംഗ് വേജ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടീവ് ജസ്റ്റിസ്’ എന്ന കൃതിയിലെ നിരവധി ആശയങ്ങള്‍ പിന്നീട് പ്രസിഡന്റ് ഫ്രാങ്ക്ളിന് ഡി. റൂസ് വെല്‍റ്റ് തന്റെ ‘ന്യൂ ഡീല്‍’ പ്രോഗ്രാമില്‍ (1933 1938) ഉള്‍പ്പെടുത്തി എന്നോര്‍ക്കണം.
ഓസ്ട്രേലിയയിലും റേരും നൊവാരുമിന്റെ സ്വാധീനം പ്രകടമായി. സിഡ്നി ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദിനാള്‍ പാട്രിക്ക് ഫ്രാന്‍സിസ് മോറന് തൊഴിലാളിവര്‍ഗത്തിനു വേണ്ടി ശക്തമായി നിലകൊണ്ടു. അടിസ്ഥാന വേതനത്തിനു വേണ്ടി ശക്തിയുക്തം വാദിച്ച ഹെന് റി ബോണ്‍സ് ഹിഗ്ഗിന്‍സ് ചാക്രികലേഖനത്തിന്റെ കരുത്തനായ വക്താവായിരുന്നു. 1889-ല്‍ ആരംഭിച്ച അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ ഒടുവില്‍ 1904-ല്‍ പാര്‍ലമെന്റില്‍ ആക്ടായി മാറി. ഹാര്‍വെസ്റ്റര്‍ കേസില്‍ 1907-ല്‍ ഉണ്ടായ കോടതി വിധിയോടെ വിജയം കണ്ടത് ചാക്രികലേഖനത്തിന്റെ ഉള്ളടക്കം തന്നെയായിരുന്നു.
മെക്സിക്കോയില്‍, റേരും നൊവാരും നിരവധി കത്തോലിക്കാ തൊഴിലാളി യൂണിയനുകളുടെയും പരസ്പര സഹായ സംഘങ്ങളുടെയും രൂപീകരണത്തിന് പ്രചോദനമായി. തൊഴില്‍ സംബന്ധിയായി ജനങ്ങളുടെ രാഷ്ട്രീയ ശബ്ദമായി മാറിയ കത്തോലിക്കാ അസോസിയേഷനുകളാണ് മെക്സിക്കോ അനിയന്ത്രിതമായ മുതലാളിത്ത രാജ്യമോ മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യമോ അല്ലെന്ന് ഉറപ്പാക്കിയത്.
രണ്ടു ലെയോമാരുടെയും ചോദ്യം ഒന്നുതന്നെ!
യന്ത്രത്തിന്റെ അടിമത്തത്തിന് മനുഷ്യനെ കീഴ്പ്പെടുത്താത്ത വിധത്തില്‍ സാമ്പത്തിക ഉത്പാദനത്തിനായുള്ള സാങ്കേതിക സംവിധാനങ്ങളെ നമുക്ക് എങ്ങനെ ഉപയോഗിക്കാനാകും എന്ന ഒരേ ചോദ്യമാണ് രണ്ട് ലെയോ പാപ്പാമാരില്‍ നിന്നും ഉയരുന്നത്! അന്ന് തത്സമയ ഇടപെടലും കരുതലും ആവശ്യമുള്ള വെറും യന്ത്രം ആയിരുന്നെങ്കില്‍, ഇന്ന് പ്രോഗ്രാം ചെയ്യപ്പെട്ട നിര്‍മിതബുദ്ധിയാല്‍ നയിക്കപ്പെടുന്ന, കൈവിട്ട യന്ത്രങ്ങള്‍ – അത്രയേ ഉള്ളൂ വ്യത്യാസം. പക്ഷേ, എഐയുടെ ലോകം യന്ത്രലോകത്തിന്റെ നൂറോ ആയിരമോ മടങ്ങ് ആണ് എന്ന വസ്തുത അവഗണിക്കാനാവില്ല. പതിമൂന്നാമന്റെ കാലത്തെ പ്രശ്നങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പര്വതീകരിക്കാന് പോന്നതാണ് പതിനാലാമന്റെ ഇന്നത്തെ എഐ കാലം.
നിര്‍മിതബുദ്ധിക്ക് എഴുപത്തഞ്ചു വര്‍ഷം നീളുന്ന ചരിത്രം ഉണ്ടെങ്കിലും സാധാരണ മനുഷ്യര്‍ക്ക് അനുഭവവേദ്യമാകും വിധം അതു ലോകത്തെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് പത്തുപതിനഞ്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ. അതിനാല്‍ത്തന്നെ ഈ വിഷയത്തില്‍ സഭയുടെ ഇടപെടലും പ്രബോധനങ്ങളും അത്ര ശക്തമായിട്ടില്ലെങ്കിലും, എഐയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഭയുടെ നിലപാട് വ്യക്തമാക്കാന്‍ ഫ്രാന്‍സിസ് പാപ്പാ തന്നെ ശ്രമിച്ചിട്ടുണ്ട്.

ഫ്രാന്‍സിസ് പാപ്പായും എഐയും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികസനവും ഉപയോഗവും നിയന്ത്രിക്കുന്നതിന് ഒരു അന്താരാഷ്ട്ര ഉടമ്പടിക്കു രൂപം നല്കാന് 2023 ഡിസംബറില്‍ അദ്ദേഹം ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. 2024 ജനുവരി ഒന്നിന് നടന്ന 57-ാമത് ലോകസമാധാന സമ്മേളനത്തിനായി തയ്യാറാക്കിയ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സമാധാനവും’ എന്ന തലക്കെട്ടിലുള്ള സന്ദേശമായിരുന്നു അത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികസനവുമായി ബന്ധപ്പെട്ട നിരവധി അപകടങ്ങളെക്കുറിച്ച് പാപ്പാ മുന്നറിയിപ്പു നല്കി. അവയെ ഇങ്ങനെ ചുരുക്കാം:
1) സാങ്കേതികവിദ്യ നിഷ്പക്ഷമല്ല, ധനസഹായം നല്‍കുന്നവരുടെ താല്പര്യങ്ങള് അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
2) അല്ഗൊരിതമിക പക്ഷപാതം നിലവിലുണ്ട്. എഐ സിസ്റ്റങ്ങള്‍ അനീതികളും മുന്‍വിധികളും ഇരട്ടിപ്പിക്കും.
3) ധാര്‍മ്മികമായത് തിരിച്ചറിയാന്‍ മനുഷ്യനു മാത്രമേ കഴിയൂ; എഐക്ക് കഴിയുകയില്ല.
4) എഐ സംവിധാനങ്ങള്‍ ‘തെറ്റായ കൈകളില്‍’ എത്തി ഭീകരവാദത്തിനോ അസ്ഥിരതയ്ക്കോ കാരണമാകാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതി ആത്യന്തികമായി സാഹോദര്യത്തിനും മനുഷ്യസമാധാനത്തിനും ഉതകുന്ന ഒന്നായി മാറണം എന്ന ആഗ്രഹമാണ് ഫ്രാന്‍സിസ് പാപ്പാ പ്രകടിപ്പിച്ചത്.
‘അന്തീക്വ എത് നോവ’
ഫ്രാന്‍സിസ് പാപ്പായുടെ പ്രബോധനങ്ങളെ ഏറ്റെടുത്തുകൊണ്ട് വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയും സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയും ചേര്‍ന്ന് 2025 ജനുവരി 28-ാം തീയതി പ്രസിദ്ധീകരിച്ച മുപ്പതു പേജുകളുള്ള ‘അന്തീക്വ എത് നോവ’ (പഴയതും പുതിയതും) എന്ന കുറിപ്പ് നിര്‍മിതബുദ്ധിയുടെ ധാര്‍മികവും മാനവശാസ്ത്രപരവുമായ മാനങ്ങളെക്കുറിച്ചും മാനുഷികബുദ്ധിയും നിര്‍മിതബുദ്ധിയും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും പ്രതിപാദിച്ചുകൊണ്ട് എഐയുടെ വികസനവും ഉപയോഗവും മനുഷ്യരാശിക്ക് സഹായകരമാകുകയും മാനുഷിക ശ്രേഷ്ഠത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുതകുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നു.

ഫ്രാന്‍സിസ് പാപ്പാ
ലെയോ പതിനാലാമനു മുന്നില്‍
എഐ മുന്നേറുകയും പുതിയ സാങ്കേതികവിദ്യയെക്കുറിച്ചുള്ള സഭയുടെ പഠിപ്പിക്കലുകള്‍ ഔപചാരികമാക്കുകയും ചെയ്യുമ്പോള്‍, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലെയോ പതിമൂന്നാമന്‍ നേരിട്ട അതേ പ്രശ്നങ്ങള്‍ വര്‍ധിത രൂപത്തില്‍ ലെയോ പതിനാലാമനും അഭിമുഖീകരിക്കും എന്ന് ഉറപ്പാണ്. ‘റേരും നൊവാരും’ മുന്നോട്ടുവയ്ക്കുന്ന അര്‍ത്ഥവത്തായ തൊഴിലിനുള്ള വ്യക്തിയുടെ അവകാശം ഇന്ന് എന്നത്തെക്കാളുമുപരിയായി സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
മാര്‍ക്കറ്റിംഗ്, ബാങ്കിംഗ്, മെഡിക്കല്‍ കെയര്‍, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെന്നപോലെ നിരവധി ജോലിസ്ഥലങ്ങളില്‍ എഐ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഐ സ്വീകരിക്കുന്നത് ചിലപ്പോള്‍ കൃത്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുമെങ്കിലും പല ജോലികളിലും മനുഷ്യരെ പകരം വയ്ക്കാന്‍ സാങ്കേതികവിദ്യയ്ക്കു കഴിയുമെന്ന ആശങ്ക നിസ്സാരമായി തള്ളിക്കളയാനാവില്ല. തൊഴില്‍രാഹിത്യത്തിന്റെ പ്രശ്നം ഗുരുതരമാകാന്‍ ഇടയുണ്ട്.
എഐ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നതിലൂടെ തങ്ങളുടെ ജോലി വെറും യാന്ത്രികമായി മാറുന്നുവെന്ന് ആമസോണിലെ ചില സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ പരാതിപ്പെടുന്നതായി മേയ് 25-ലെ ന്യൂയോര്‍ക്ക് ടൈംസ് ലേഖനം ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍, പല കമ്പനികളിലെയും മാനേജര്‍മാര്‍ അവകാശപ്പെടുന്നത് ശ്രമകരമായ ജോലികളില്‍ നിന്ന് തൊഴിലാളികളെ സ്വതന്ത്രരാക്കാനും കൂടുതല്‍ ഹൃദ്യമായ ജോലിക്കായി അവരെ ശാക്തീകരിക്കാനും എഐ ഉപയോഗത്തിനു കഴിയും എന്നാണ്. പഴയ സോഫ്റ്റ് വെയര്‍ നവീകരിക്കുന്ന ബോറന് പണി എഐയെ ഏല്പിച്ച് 4500 ഡെവലപ്പര്‍ വര്‍ഷങ്ങള്‍ക്കു സമാനമായ നേട്ടം തങ്ങള്‍ കൈവരിച്ചു എന്ന് ആമസോണിന്റെ സിഇഒ ആന്‍ഡി ജാസ്സി അവകാശപ്പെടുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തികശാസ്ത്ര വിദഗ്ധന്‍ ലോറന്‍സ് കാറ്റ്സ് പറയുന്നത്, അത്തരം ശ്രമകരമായ ജോലികള്‍ ഇല്ലാതാക്കുന്നത് അനുഭവസമ്പന്നരായ പ്രോഗ്രാമര്‍മാര്‍ക്ക് ഗുണകരമാകുമെങ്കിലും തുടക്കക്കാരായവര്‍ക്ക്, പത്തൊമ്പത്-ഇരുപത് നൂറ്റാണ്ടുകളില്‍ കൈപ്പണിയില്‍ നിന്ന് ഫാക്ടറി ജോലിയിലേക്കുള്ള വ്യതിയാനം ഉണ്ടായപ്പോഴെന്ന പോലെ, അതികഠിനമായ ഒരു മാറ്റമായിരിക്കും എന്നാണ്.

ലെയോ പതിനാലാമന്‍ പാപ്പാ
ഏതായാലും, ആരോഗ്യ മേഖലയില്‍ നിന്നു വരുന്നത് ശുഭവാര്‍ത്തകളാണ്. മെഡിക്കല്‍ ഡയഗ്നോസ്റ്റിക്സിന്റെ വേഗവും കൃത്യതയും വര്‍ദ്ധിപ്പിക്കുന്നതിന് എഐ ഡോക്ടര്‍മാരെ സഹായിക്കുന്നുവെന്ന് 2024 ഒക്ടോബറിലെ ഒരു ഫോബ്സ് ലേഖനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ വിശകലനം ചെയ്യാനും ഒരു മനുഷ്യ ഡോക്ടര്‍ മനസ്സിലാക്കാത്ത കാര്യങ്ങള്‍ കണ്ടെത്താനും എഐ സഹായകമാണെന്നാണ് റിപ്പോര്‍ട്ട്.
കലയും നോവലുകളും നിര്‍മ്മിക്കാനുള്ള എഐയുടെ ശേഷി ചില പ്രശ്നങ്ങളും അവശേഷിപ്പിക്കുന്നുണ്ട്. കടപ്പാടില്ലാതെ എന്തും എങ്ങനെയും എവിടെ നിന്നും കട്ടെടുത്ത് ഏതുവിധേനയും ഉപയോഗിക്കാം എന്ന അവസ്ഥ ഗുരുതരമായ ധാര്‍മിക പ്രശ്നങ്ങളാണ് ഉളവാക്കുന്നത്. ‘റേരും നൊവാരും’ മുന്നോട്ടുവയ്ക്കുന്ന സ്വകാര്യസ്വത്തിനായുള്ള അവകാശം ഇന്നത്തെ പശ്ചാത്തലത്തില്‍ ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചുള്ള ചിന്തകളാണ് നമ്മില്‍ ഉണര്‍ത്തുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ലെയോ പതിനാലാമന്‍ നല്കുന്ന നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും, തന്റെ പേരിലുള്ളയാള്‍ വ്യാവസായിക ചൂഷണത്തെ നേരിട്ടതുപോലെ നിര്‍ണ്ണായകമായി എഐയുടെ അന്യവല്‍ക്കരിക്കാനുള്ള സാധ്യതകള്ക്കെതിരേ അദ്ദേഹം ലോകത്തിലെ നൂറു കോടി കത്തോലിക്കരെ അണിനിരത്തുകയാണെങ്കില്‍, സിലിക്കണ്‍ വാലി ഉടന്‍ തന്നെ അപ്രതീക്ഷിതവും ശക്തവുമായ ആത്മീയ പ്രത്യാഘാതത്തെ അഭിമുഖീകരിച്ചേക്കാം എന്ന് മേയ് 15-ാം തീയതി ടൈം മാഗസിനില്‍ ആന്‍ഡ്രൂ ആര്. ചോ കുറിക്കുമ്പോള്‍, പാപ്പായുടെ നിയോഗത്തെ എത്ര ആകാംക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത് എന്നു വ്യക്തം.
തൊഴിലിനെ ദൈവശാസ്ത്രപരമായ വീക്ഷണകോണില്‍ നിന്നു നോക്കിക്കാണുന്ന ഒരു പാരമ്പര്യം സഭയ്ക്കുണ്ട്. മനുഷ്യര്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഇടം നല്കുമ്പോഴും മനുഷ്യശ്രേഷ്ഠത പ്രൊമോട്ടു ചെയ്യുന്ന ഒരു ആധുനിക തൊഴില്‍ സംസ്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ പോപ്പ് ലെയോ പതിനാലാമന്‍ നമ്മുടെ പാരമ്പര്യത്തെ ആധാരമാക്കാന്‍ പോകുന്നു എന്നേ ഇപ്പോള്‍ നമുക്കു പറയാനാകൂ. ശേഷം, കാത്തിരുന്നു കാണാം.