തിരുവനന്തപുരം: ശസ്ത്രക്രിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കൽ ഉന്നയിച്ച പരാതിക്ക് പരിഹാരമായി. യൂറോളജി ശസ്ത്രക്രിയക്കുള്ള ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി.
ഹൈദരാബാദിൽ നിന്ന് വിമാനമാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്. ഉപകരണങ്ങൾ എത്തിയതോടെ ശസ്ത്രക്രിയ മാറ്റിവെച്ചവരുടെ ചികിത്സ പുനരാരംഭിച്ചു. ഉപകരണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയ മാറ്റിവെക്കപ്പെട്ടവർ ആശുപത്രിയിൽ തന്നെ കഴിയുകയായിരുന്നു.ഡോ. ഹാരിസ് ചിറക്കലിൻറെ തുറന്നുപറച്ചിലിൽ പ്രതിരോധത്തിലായതോടെ സർക്കാർ രൂപീകരിച്ച നാലംഗ അന്വേഷണ സമിതി പഠനം തുടങ്ങി. ഡോ. ഹാരിസ് ചിറക്കലിൻറെ മൊഴിയാണ് വിദഗ്ധസമിതി ആദ്യം രേഖപ്പെടുത്തിയത്.
ആലപ്പുഴ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ, കോട്ടയം, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ടി.കെ. ജയകുമാർ, ആലപ്പുഴ, മെഡിക്കൽകോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ്. ഗോമതി, കോട്ടയം, മെഡിക്കൽകോളജ് യൂറോളജി വിഭാഗം മേധാവി ഡോ. രാജീവൻ അമ്പലത്തറക്കൽ എന്നിവരുടെ നേതൃത്വത്തിലെ വിദഗ്ധ സമിതിയാണ് തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചത്.