വത്തിക്കാന്‍ സിറ്റി: സഭയുടെയും മാനവികതയുടെയും നന്മയ്ക്കായി ദൈവഹിതമനുസരിച്ച് ഏവരുടെയും മനസ്സാക്ഷിയെയും, ധാര്‍മ്മിക, ആധ്യാത്മിക മൂല്യങ്ങളെയും വിളിച്ചുണര്‍ത്താന്‍ കഴിവുള്ള പുതിയൊരു പാപ്പായെ നല്കാന് വേണ്ടി പരിശുദ്ധാത്മാവിന്റെ വെളിച്ചത്തിനായി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ മലയാളത്തിലും വിശ്വാസികളുടെ പ്രാര്‍ഥന മുഴങ്ങിക്കേട്ട ‘പരിശുദ്ധ റോമന്‍ പാപ്പായുടെ തിരഞ്ഞെടുപ്പിനായുള്ള’ ദിവ്യബലിയില്‍ പങ്കുചേര്‍ന്ന 133 കര്‍ദിനാള്‍ ഇലക്തോര്‍മാര്‍, സഹസ്രാബ്ദങ്ങളുടെ മഹിത പാരമ്പര്യത്തിന്റെ അനന്യ ദീപ്തിയില്‍ ആധുനിക ലോകത്തെ ഏറ്റവും വിശുദ്ധവും രഹസ്യാത്മകവുമായ വോട്ടിങ് പ്രക്രിയയുടെ ഭാഗമായി വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ കോണ്‍ക്ലേവില്‍ പ്രവേശിച്ചു.
റോമിന്റെ മെത്രാന്, യേശുക്രിസ്തുവിന്റെ വികാരി, അപ്പസ്തോലന്മാരുടെ രാജകുമാരന്റെ പിന്‍ഗാമി, സാര്‍വത്രിക സഭയുടെ പരമോന്നത പാപ്പാ, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ പരമാധികാരി എന്നിങ്ങനെയുള്ള ഔദ്യോഗിക പദവികളുടെ കൃപാസമൃദ്ധിയിലും, കരുണാര്‍ദ്രമായ ഹൃദയത്തോടെ ഭൂമുഖത്തെ പുറമ്പോക്കുകളിലെ പാവപ്പെട്ടവരുടെ ശുശ്രൂഷകനാകാന്‍ വെമ്പലോടെ, വിങ്ങലോടെ യേശുവിനെ അനുയാത്ര ചെയ്യാന്‍ കൊതിച്ച ഫ്രാന്‍സിസ് പാപ്പായുടെ പിന്തുടര്ച്ചക്കാരനെ കണ്ടെത്തുന്നതിനുള്ള, ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവിന് മുന്നോടിയായി വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ഇന്നു രാവിലെ അര്‍പ്പിച്ച ദിവ്യബലിയില്‍ കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ ഇറ്റാലിയന്‍ കര്‍ദിനാള്‍ ജൊവാന്നി ബത്തിസ്ത റേ,
ഐക്യം വളര്‍ത്തുകയും ലോകമനഃസാക്ഷിയെ ഉണര്‍ത്തുകയും ചെയ്യുന്ന ഒരു പാപ്പായ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ വിശ്വാസിസമൂഹത്തെ ആഹ്വാനം ചെയ്തു.
”പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി അപ്പസ്തോലന്മാര് പരിശുദ്ധ അമ്മയ്ക്കൊപ്പം പ്രാര്‍ഥനയില്‍ കാത്തിരുന്നതുപോലെയാണ് പാപ്പായോടുള്ള സ്നേഹത്തോടും വിശ്വാസത്തോടും കൂടി ലോകമെമ്പാടുമുള്ള വിശ്വാസിസമൂഹത്തിന്റെ പ്രാര്‍ഥനയ്ക്കൊപ്പം കോണ്‍ക്ലേവ് തുടങ്ങുന്നതിന് മുന്‍പ്, വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്ക് മുകളില്‍ ഉയര്‍ത്തപ്പെട്ടിട്ടുള്ള ബസിലിക്കയില്‍ നാമെല്ലാവരും ഒരുമിച്ച് കൂടി പ്രാര്‍ഥിക്കുന്നത്,” എണ്പതു വയസിന്റെ പ്രായപരിധിയിലുള്ള ഇലക്തോര്‍മാര്‍ ഉള്‍പ്പെടെ ഇരുന്നൂറിലേറെ കര്‍ദിനാള്‍മാര്‍ സഹകാര്‍മികരായ ബലിയര്‍പ്പണത്തിലെ വചനശുശ്രൂഷയില്‍ തൊണ്ണൂറ്റൊന്നുകാരനായ കര്‍ദിനാള്‍ റേ പറഞ്ഞു. ഐക്യമെന്നാല്‍ ഏകതാനതയല്ല, വൈവിധ്യത്തിലെ അഗാധവും ദൃഢവുമായ കൂട്ടായ്മയാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
മാനുഷികസഹവാസം മെച്ചപ്പെടുത്തുകയും, വരുംതലമുറകള്‍ക്ക് നന്മ കൊണ്ടുവരികയും ചെയ്യുന്ന മാനവിക, ആധ്യാത്മിക മൂല്യങ്ങള്‍ സഭ കാത്തുസംരക്ഷിക്കണമെന്ന് ലോകം ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ കര്‍ദിനാള്‍ റേ, ഇന്നത്തെ കാലത്തിന് ആവശ്യമുള്ള പാപ്പായെ തിരഞ്ഞെടുക്കുന്നതിനായി വോട്ടവകാശമുള്ള കര്‍ദിനാള്‍മാരുടെ മനസ്സിനെ പരിശുദ്ധാത്മാവ് പ്രകാശിപ്പിക്കാന്‍വേണ്ടി സഭയുടെ മാതാവായ പരിശുദ്ധ കന്യകാമറിയം തന്റെ മാതൃസഹജമായ മാധ്യസ്ഥ്യം വഹിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
പേപ്പല്‍ തിരഞ്ഞെടുപ്പ് നിയോഗത്തോടെയുള്ള വിശ്വാസികളുടെ പ്രാര്‍ഥന ഫ്രഞ്ച്, സ്വഹീലി, പോര്‍ച്ചുഗീസ്, ചൈനീസ്, ജര്‍മന്‍ എന്നീ ഭാഷകള്‍ക്കൊപ്പം മലയാളത്തിലും ദിവ്യബലിമധ്യേ ചൊല്ലി. ദിവ്യബലിയുടെ സമാപനത്തില്‍, പരിശുദ്ധ മാതാവിനോടുള്ള പരമ്പരാഗത ഈസ്റ്റര്‍ ഗീതം ‘റെജീനാ ചേളി’ കര്‍ദിനാള്‍മാര്‍ ആലപിച്ചു.
വത്തിക്കാന്‍ അപ്പസ്തോലിക അരമനയിലെ പൗളിന് കപ്പേളയില്‍ നിന്ന് പ്രാദേശിക സമയം വൈകുന്നേരം 4.30ന് (ഇന്ത്യന്‍ സമയം വൈകീട്ട് എട്ടുമണി) സകലവിശുദ്ധരുടെയും ലുത്തീനിയ ആലപിച്ചുകൊണ്ട് കര്‍ദിനാള്‍ ഇലക്തോര്‍മാര്‍ പ്രദക്ഷിണമായി സിസ്റ്റീന്‍ ചാപ്പലില്‍ പ്രവേശിച്ചതോടെയാണ് കോണ്‍ക്ലേവിന് തുടക്കമായത്. ഡീക്കന്‍ ശ്രേണിയിലുള്ളവര്‍, വൈദികശ്രേണിയിലുള്ളവര്, ബിഷപ് ശ്രേണിയിലുള്ളവര്‍ എന്നീ ക്രമത്തിലാണ് കര്‍ദിനാള്‍മാര്‍ പ്രദക്ഷിണത്തില്‍ അണിനിരന്നത്. കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ റേയ്ക്ക് (91) പ്രായപരിധി കഴിഞ്ഞതിനാല്‍ കോണ്‍ക്ലേവില്‍ സംബന്ധിക്കാനാവില്ല എന്നതിനാല്‍ കര്‍ദിനാള്‍ ബിഷപ് പദവിയുള്ള ഏറ്റവും മുതിര്‍ന്ന ഇലക്തോര്‍ എന്ന നിലയില്‍ കര്‍ദിനാള്‍ പിയെത്രോ പരോളിനാണ് കോണ്‍ക്ലേവ് നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്നത്. ‘വേനി ക്രെയാത്തോര്‍ സ്പിരിത്തൂസ്’ എന്ന പരിശുദ്ധാത്മാവിനോടുള്ള ഗീതം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആലപിച്ചു.
മിക്കലാഞ്ജലോയുടെ ഫ്രെസ്കോ പെയ്ന്റിങ്ങുകള്ക്കു താഴെ ഒരുമിച്ചുകൂടിയ കര്‍ദിനാള്‍മാര്‍ ഓരോരുത്തരായി വിശുദ്ധഗ്രന്ഥത്തില്‍ തൊട്ടുകൊണ്ട്, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ രഹസ്യസ്വഭാവം കാത്തുപാലിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തു. എല്ലാവരും പ്രതിജ്ഞ ചൊല്ലിക്കഴിഞ്ഞപ്പോള്‍, പേപ്പല്‍ ലിറ്റര്‍ജിക്കല്‍ ആഘോഷങ്ങളുടെ മാസ്റ്റര്‍, ആര്‍ച്ച്ബിഷപ് ദിയേഗോ റവേല്ലി, ‘എക്സ്ട്രാ ഓംനെസ്’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെ, കോണ്‍ക്ലേവുമായി ബന്ധമില്ലാത്തവരെല്ലാം പുറത്തേക്കിറങ്ങി. പൗളിന് ചാപ്പലിലെ പ്രാര്‍ഥനാശുശ്രൂഷയില്‍ നിന്നു തുടങ്ങി സിസ്റ്റീന്‍ ചാപ്പലിലെ ഇലക്തോര്മാരുടെ സത്യപ്രതിജ്ഞയും എക്സ ട്രാ ഓംനെസ് പ്രഖ്യാപനവും വരെയുള്ള ഭാഗങ്ങള്‍ വത്തിക്കാന്‍ മീഡിയ തത്സമയം 56 ഭാഷകളില്‍ പ്രക്ഷേപണം ചെയ്തു.
അപ്പസ്തോലിക അരമനയില്‍ ധ്യാനഗുരുവായിരുന്ന കപ്പുച്ചിന്‍ കര്‍ദിനാള്‍ റെനിയേരോ കന്തലമെസ ഇലക്തോര്മാര്ക്കായി ധ്യാനപ്രസംഗം നടത്തി. ധ്യാനപ്രസംഗം കഴിഞ്ഞതോടെ കര്‍ദിനാള്‍ കന്തലമെസയും ആര്‍ച്ച്ബിഷപ് റവേല്ലിയും ചാപ്പലിനു പുറത്തേക്കു പോയി. വാതിലുകള്‍ അടഞ്ഞു; സ്വിസ് ഗാര്‍ഡുകള്‍ പ്രവേശനകവാടത്തില്‍ കാവല്‍ ഉറപ്പിച്ചു.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് നടപടിക്രമങ്ങളുടെ ചുമതലക്കാരായി ഒന്‍പതു കര്‍ദിനാള്‍മാരെ നറുക്കിട്ട് തിരഞ്ഞെടുക്കുന്നതായിരുന്നു ആദ്യ നടപടി. വോട്ടിങ്ങിന്റെ മേല്‍നോട്ടം വഹിക്കുന്ന മൂന്ന് സ്ക്രൂട്ടിനര്മാരെയും, അനാരോഗ്യം മൂലം സിസ്റ്റീന്‍ ചാപ്പലിലെ വോട്ടെടുപ്പില്‍ നേരിട്ട് ഹാജരാകാന്‍ കഴിയാത്ത ഇലക്തോര്മാരുടെ വോട്ട് ശേഖരിക്കാനായുള്ള മൂന്ന് ഇന്ഫിര്മാരിയീകളെയും, വോട്ടുകള്‍ വീണ്ടും എണ്ണിതിട്ടപ്പെടുത്തേണ്ട മൂന്ന് റിവൈസര്മാരെയുമാണ് ഇങ്ങനെ തിരഞ്ഞെടുത്തത്.
ആദ്യ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ബാലറ്റ് പേപ്പറുകള്‍ ഒരു ചൂളയിലിട്ട് കത്തിക്കും. കറുത്ത പുകയും (ഫ്യുമാത്താ നേറാ), വെള്ളപ്പുകയും (ഫ്യുമാത്താ ബിയാങ്ക) വരുത്തുന്നതിന് കെമിക്കല്‍ കാട്രിഡ്ജുകള്‍ ഇട്ടു കത്തിക്കുന്ന മറ്റൊരു ചൂളയുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇരുചൂളകളില് നിന്നുമുള്ള പുക സിസ്റ്റീന്‍ ചാപ്പലിനു മുകളിലെ ചിമ്മനിയിലൂടെ പുറത്തുവരുന്നതില്‍ നിന്നാണ് പേപ്പല്‍ തിരഞ്ഞെടുപ്പിന്റെ ഫലം സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കാത്തുനില്‍ക്കുന്നവരും ലോകമാധ്യമങ്ങളും തിരിച്ചറിയുന്നത്: കറുത്ത പുകയാണെങ്കില്‍ ആരെയും തിരഞ്ഞെടുത്തിട്ടില്ല, വെള്ളപ്പുകയാണെങ്കില് പാപ്പായെ കണ്ടെത്തിയിരിക്കുന്നു എന്ന വലിയ സന്തോഷവാര്‍ത്ത! ആദ്യം പുക കറുത്തതോ വെളുത്തതോ എന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസമാണെങ്കില്‍, സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ മണികള്‍ മുഴങ്ങുന്നുണ്ടോ എന്നുകൂടി ശ്രദ്ധിച്ചാല്‍ മതി. വെള്ളപ്പുക കണ്ടാല്‍ കൂട്ടമണി മുഴങ്ങും.
2013-ല്‍ ഫ്രാന്‍സിസ് പാപ്പായെ തിരഞ്ഞെടുത്തപ്പോള്‍ സിസ്റ്റീന്‍ ചാപ്പലിനു മീതെയുള്ള ചിമ്മനിയില്‍ നിന്ന് വെള്ളപ്പുക ഉയര്‍ന്നത് പ്രാദേശിക സമയം വൈകീട്ട് ഏഴുമണിക്കായിരുന്നു.
ആദ്യറൗണ്ടില്‍ ആര്‍ക്കും മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലെന്നു വ്യക്തമായതോടെ, സന്ധ്യാപ്രാര്‍ഥന ചൊല്ലി കര്‍ദിനാള്‍മാര്‍ കാസാ സാന്താ മാര്‍ത്തയിലേക്കു മടങ്ങി.
വ്യാഴാഴ്ച രാവിലെ 8.15ന് പൗളിന് കപ്പേളയില്‍ ദിവ്യബലിയര്പ്പിച്ചതിനുശേഷം കര്‍ദിനാള്‍മാര്‍ 9.15ന് സിസ്റ്റീന്‍ ചാപ്പലിലേക്കു പോകും. രണ്ടാം ദിനത്തിലെ ആദ്യ വോട്ടിങ് അപ്പോള്‍ ആരംഭിക്കും. രണ്ടാം റൗണ്ട് വോട്ടിങ് ഉടനെ ആരംഭിക്കുകയാണെങ്കില്‍, രണ്ടു ബാലറ്റുകളും ഒരുമിച്ച് കത്തിക്കുമെന്നാണ് ഊനിവേര്സി ദോമിനിച്ചി ഗ്രേഗിസ് എന്ന അപ്പസ്തോലിക ഭരണഘടനയില്‍ പറയുന്നത്. പാപ്പാ തിരഞ്ഞെടുക്കപ്പെട്ടാല്‍ രാവിലെ 10.30ന് വെള്ളപ്പുക കാണാനാകും. ഇല്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ പുക സിഗ്നലുണ്ടാകൂ. ഉച്ചതിരിഞ്ഞ് 4.30ന് വീണ്ടും വോട്ടെടുപ്പ് നടക്കും. പാപ്പാ തിരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രം 5.30ന് വെള്ളപ്പുക ഉയരും. ഇല്ലെങ്കില്‍ നാലാമത്തെ വോട്ടെടുപ്പ് കഴിഞ്ഞാകും ഏഴുമണിക്ക് പുക സിഗ്നല്‍ കാണാനാകുക.
വ്യാഴാഴ്ച പാപ്പാ തിരഞ്ഞെടുക്കപ്പെടുന്നില്ലെങ്കില്‍, വെള്ളിയാഴ്ച രാവിലെയും ഉച്ചയ്ക്കുശേഷവുമായി നാലുവട്ടം വോട്ടെടുപ്പ് നടക്കും. മൂന്നു ദിവസം കഴിഞ്ഞിട്ടും കര്‍ദിനാള്‍മാര്‍ക്ക് ഒരു തീര്‍പ്പിലെത്താന്‍ കഴിയുന്നില്ലെങ്കില്‍, ഒരു ദിവസത്തേക്ക് നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ നിര്‍ദേശിച്ചിട്ടുള്ളത്. പ്രാര്‍ഥനയ്ക്കും, വോട്ടര്‍മാര്‍ക്കിടയില്‍ അനൗപചാരിക കൂടിയാലോനയ്ക്കും വേണ്ടിയുള്ള ഇടവേളയാണിത്. മുതിര്‍ന്ന സീനിയര്‍ പ്രോട്ടോഡീക്കന്‍ കര്‍ദിനാള്‍ ഡൊമിനിക്ക് മെബെര്ത്തി ഇലക്തോര്മാര്ക്കായി ആധ്യാത്മിക പ്രഭാഷണം നടത്തും.
ഏഴാമത്തെ വോട്ടെടുപ്പിലും ഫലം കാണുന്നില്ലെങ്കില്‍ വീണ്ടും പ്രാര്‍ഥനയ്ക്കും കൂടിയാലോചനയ്ക്കും ധ്യാനത്തിനുമായി ഒരു ഇടവേളയുണ്ടാകും. തുടര്‍ന്നും വോട്ടിങ്ങില്‍ ആരും വ്യക്തമായ ഭൂരിപക്ഷത്തോട് അടുക്കുന്നില്ലെങ്കില്‍, പിന്നെയും പ്രാര്‍ഥനയ്ക്കും ചര്‍ച്ചകള്‍ക്കും ധ്യാനത്തിനുമായി ഒരു ഇടവേളയുണ്ടാകും.
പിന്നീട്, തൊട്ടു മുന്‍പത്തെ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ രണ്ടു സ്ഥാനാര്‍ഥികളുടെ പേരുകള്‍ മാത്രമാണ് വോട്ടിങ്ങിന് ഉണ്ടാകുക. ഇരുവരും വോട്ടു ചെയ്യുകയില്ല. അവരില്‍ ഒരാള്‍ക്ക് മൂന്നില്‍ രണ്ടു വോട്ടു കിട്ടിയാല്‍ – 89 വോട്ട് ഉറപ്പിച്ചാല്‍ – അദ്ദേഹം പാപ്പായാകും.
കാനോനികമായ തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നുവോ എന്ന് ഏറ്റവും മുതിര്‍ന്ന കര്‍ദിനാള്‍ അദ്ദേഹത്തോട് ചോദിക്കും. അദ്ദേഹം സമ്മതം അറിയിക്കുമ്പോള്‍, ”എന്തു പേരില്‍ വിളിക്കപ്പെടാനാണ് അങ്ങ് ആഗ്രഹിക്കുന്നത്” എന്നു ചോദിക്കും.
പേപ്പല്‍ ആരാധനക്രമ ആഘോഷങ്ങളുടെ ചുമതലക്കാരനായ ആര്‍ച്ച്ബിഷപ് റവേല്ലി, തിരഞ്ഞെടുപ്പ് അംഗീകരിക്കപ്പെട്ടതും പാപ്പായുടെ പേരും രേഖപ്പെടുത്തി രണ്ടു സാക്ഷികളെക്കൊണ്ട് ഒപ്പിടുവിക്കും. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നയാള്‍ ”അപ്പോള്‍തന്നെ റോമിലെ സഭയുടെ മെത്രാനും യഥാര്‍ഥ പാപ്പായും മെത്രാന്മാരുടെ സംഘത്തിന്റെ തലവനുമായിത്തീരുന്നു” എന്നാണ് ഊനിവേര്സി ദോമിനിച്ചി ഗ്രേഗിസ് എന്ന ഭരണഘടനയില്‍ പറയുന്നത്.
ബാലറ്റുകള്‍ കത്തിക്കുകയും വെള്ളപ്പുക ഉയരുകയും സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ മണികള്‍ മുഴങ്ങുകയും ചെയ്യും. കണ്ണുനീരിന്റെ മുറിയില്‍ വച്ച് പുതിയ പാപ്പാ കര്‍ദിനാളിന്റെ മേലങ്കി മാറ്റി വെള്ളവസ്ത്രം അണിയുന്നു. സിസ്റ്റീന്‍ ചാപ്പലിലേക്ക് തിരിച്ചെത്തുന്ന പാപ്പായുടെ മുന്‍പാകെ കര്‍ദിനാള്‍മാര്‍ ഓരോരുത്തരായി തങ്ങളുടെ കൂറും വിധേയത്വവും പ്രകടിപ്പിക്കുന്നു.
നന്ദി പ്രകടനത്തിനുശേഷം കര്‍ദിനാള്‍ മംബെര്‍ത്തി (അദ്ദേഹമല്ല പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതല്ലെങ്കില്) ബസിലിക്കയുടെ സെന്‍ട്രല്‍ ബാല്‍ക്കണിയിലേക്ക് നടക്കും. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കാത്തുനില്ക്കുന്ന ജനങ്ങളെ അദ്ദേഹം സന്തോഷവാര്‍ത്ത അറിയിക്കും: ”അനുണ്സിയോ വോബിസ് ഗൗദിയും മാഞ്ഞും: ഹബേമൂസ് പാപ്പാം! എമിനെന്തിസ്സിമും ആക് റെവെറെന്തിസ്സിമും ദോമിനും, ദോമിനും (പുതിയ പാപ്പായുടെ ജ്ഞാനസ്നാനപ്പേര്), സാങ്തേ റൊമാനെ എക്ളേസിയേ കര്ദിനാലെം (കുടുംബപേര്) ക്വി സിബി നോമെന്‍ ഇംപോസുയിത് (പേപ്പല്‍ നാമം)”
”അത്യന്ത ആനന്ദത്തോടെ ഞാന്‍ വിളംബരം ചെയ്യുന്നു: നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു! അത്യുന്നതനും പരമ വന്ദ്യനുമായ പ്രഭു, (ജ്ഞാനസ്നാനപേര്), വിശുദ്ധ റോമാ സഭയുടെ കര്‍ദിനാള്‍ (കുടുംബപേര്), അദ്ദേഹം സ്വയം ഈ പേരു വിളിക്കുന്നു (പാപ്പായുടെ ഔദ്യോഗിക നാമം).’
പുതിയ പാപ്പാ ബാല്‍ക്കണിയില്‍ ആനീതനാകുന്നു. ഇറ്റാലിയനില്‍ ഹ്രസ്വമായി സംസാരിച്ചുകൊണ്ട് അദ്ദേഹം റോമിന്റെ മെത്രാനും സാര്‍വത്രിക സഭയുടെ തലവനും എന്ന പദവിയില്‍ തന്റെ ആദ്യത്തെ ‘ഊര്‍ബി എത് ഓര്‍ബി’ (നഗരത്തിനും ലോകത്തിനുമായി) അപ്പസ്തോലിക ആശീര്‍വാദം നല്കുന്നു.
ഭക്തിപൂര്‍വം നേരിട്ടോ തത്സമയ സംപ്രേഷണം വഴിയോ ഈ ആശീര്‍വാദം സ്വീകരിക്കുന്ന കത്തോലിക്കാ വിശ്വാസികള്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം ലഭിക്കും – കുമ്പസാരിച്ച്, ദിവ്യകാരുണ്യം സ്വീകരിച്ച് പാപ്പായുടെ നിയോഗത്തിനായി പ്രാര്‍ഥിക്കണമെന്ന വ്യവസ്ഥ ഇതോടനുബന്ധിച്ച് പാലിക്കേണ്ടതുണ്ട്.
തുടര്‍ന്നുള്ള ഏതെങ്കിലും ദിനത്തില്‍, സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ പുതിയ പാപ്പായുടെ സ്ഥാനാരോഹണം നടക്കും. റോമാ രൂപതയടെ കത്തീഡ്രലായ സെന്റ് ജോണ്‍ ലാറ്ററന്‍ ആര്ച്ച്ബസിലിക്കയുടെ ചുമതല ഔപചാരികമായി ഏറ്റെടുക്കുന്നതോടെ സ്ഥാനാരോഹണ നടപടികള്‍ പൂര്‍ണമാകും.
കോണ്‍ക്ലേവിന്റെ പ്രാരംഭ ചടങ്ങുകള്‍ 11 ഭാഷകളിലും ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍ ആംഗ്യഭാഷകളിലും വത്തിക്കാന്‍ മീഡിയ സംപ്രേഷണം ചെയ്തു. വത്തിക്കാന്‍ ന്യൂസും വത്തിക്കാന്‍ റേഡിയോയും കോണ്‍ക്ലേവ് നടപടികളുടെ തത്സമയ വാര്‍ത്തകള്‍ യുട്യൂബ് വീഡിയോയും ഓഡിയോയുമായി ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ബ്രസീലിയന്‍ പോര്‍ച്ചുഗീസ്, പോളിഷ് ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. വെള്ളപ്പുക കാണുന്നതോടെ 12 ഭാഷകളില്‍ ലൈവ് കവറേജും അറബി, വിയറ്റ്നാമീസ് ഭാഷകളില്‍ കമന്ററിയും, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ് ആംഗ്യഭാഷകളിലും പ്രക്ഷേപണമുണ്ടാകും. വത്തിക്കാന്‍ ന്യൂസ് വെബ്സൈറ്റിലും വത്തിക്കാന്‍ ലൈവ് യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും വാട്സ്ആപ്പ് ചാനലുകള്‍ ഉള്‍പ്പെടെ വിവിധ നവമാധ്യമങ്ങളിലൂടെയും പേപ്പല്‍ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ലഭ്യമാണ്.