ഡെല്‍റ്റസ് തെക്കേയാലുങ്കല്, റോമില്‍ നിന്ന്
വികസിത രാജ്യങ്ങളില്‍ ഏറ്റം വികസിതം എന്ന് നമ്മളൊക്കെ കരുതിപ്പോരുന്ന അമേരിക്കയുടെ തലവന്റെ പാപ്പാ വേഷംകെട്ടു കണ്ട് ഞാന്‍ ഒന്നു ഞെട്ടി! മോഹിക്കുന്നതെല്ലാം ഏതുവിധേനയും കൈക്കലാക്കാനുള്ള ആധുനിക മനുഷ്യമനോവൈകൃതത്തിന്റെ പച്ചപ്രകടനം! ലൈക്കും വൈറലുമായി അതങ്ങനെ ചുറ്റിക്കറങ്ങും.
അധികാരം മാത്രമാണ് ജീവിതത്തിന്റെ ആദര്‍ശം എന്ന് കാലുമാറ്റവും കൂറുമാറ്റവും ചേരിമാറ്റവും ഒക്കെക്കൊണ്ട് നമുക്ക് വെളിവാക്കുന്ന ഒരു രാഷ്ട്രീയക്രമം പോലെ കോണ്‍ക്ലേവിനെ നിസ്സാരവത്കരിക്കുമ്പോള്‍ അധികാരം നല്കുന്ന സുഖസൗകര്യങ്ങളിലാവും ശ്രദ്ധ. അതുകൊണ്ടുതന്നെയാണ് ബുക്മേക്കേഴ്സും വാതുവയ്പ്പുസംഘങ്ങളും കോണ്‍ക്ലേവില്‍ കയറിപ്പിടിച്ചതും സമൂഹമാധ്യമങ്ങള്‍ കഥകളും ഇല്ലാകഥകളും കള്ളക്കഥകളും സത്യങ്ങളും അര്‍ധസത്യങ്ങളും വിളമ്പി ‘പാപ്പാബിലി’കള്‍ക്കായി (പാപ്പായാകാന് സാധ്യതയുള്ളവര്‍) നെട്ടോട്ടം ഓടുന്നതും.
തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും കൊണ്ട് നിറഞ്ഞ റോമിലെ കാറ്റിനും ഈ ഒരു ഗന്ധമുണ്ട് എന്നു പറയാതെ വയ്യ. ഇറ്റാലിയന്‍ പാപ്പാമാരുടെ കാലഘട്ടം അവസാനിച്ച ജോണ്‍ പോള്‍ ഒന്നാമന് പാപ്പായ്ക്കു (1978) ശേഷം ഇതുവരെ ഒരു ഇറ്റാലിയനും പാപ്പാ ആകാത്തതിന്റെ ക്ഷീണം പേറി ഇറ്റാലിയന്‍ മാധ്യമങ്ങളും തങ്ങളുടേതായ രീതിയില്‍ രംഗം കൊഴുപ്പിക്കുന്നു. കറുത്ത പാപ്പാ, മീശ വച്ച പാപ്പാ എന്നൊക്കെ എഴുതിക്കൂട്ടി കളിയാക്കുന്ന വിചിത്രകൗതുകങ്ങള്ക്കും ഇവിടെ പഞ്ഞമില്ല.
വാര്‍ത്തകള്‍ക്കായി വിശന്നു പരവശരായി വത്തിക്കാന്റെ പരിസരത്ത് ലോകമാധ്യമങ്ങള്‍ മുഴുവന്‍ എത്തിയിട്ടുമുണ്ട്. ലോകത്തിന്റെ നെറ്റിയില്‍ ഒരു കുഞ്ഞു പൊട്ടു വലിപ്പം മാത്രമുള്ള ഒരിടം ഇത്രമാത്രം വാര്‍ത്താപ്രാധാന്യം അര്‍ഹിക്കുന്നതിന്റെ കാരണം കണ്ടെത്താനുള്ള പണി വായനക്കാരനു തന്നെ വിടുന്നു.
സഭാചരിത്രത്തിലെ 267-ാമത് പാപ്പായെ തിരഞ്ഞെടുക്കാന്‍ മേയ് 7ന് ബുധനാഴ്ച ആരംഭിച്ച ഈ കോണ്‍ക്ലേവിന് ഏറെ പ്രത്യേകതകളാണുള്ളത്. ലോകത്തെ മുഴുവനും പ്രതിനിധാനം ചെയ്യുന്ന, പ്രത്യേകിച്ച് സഭയുടെ പ്രാന്തപ്രദേശങ്ങളായി കണക്കാക്കപ്പെട്ടിരുന്ന സഭാ സമൂഹങ്ങളില്‍ നിന്നുപോലും കര്‍ദിനാള്‍മാര്‍ ഉണ്ടാകത്തക്കവിധമാണ് ‘പുറമ്പോക്കുകളുടെ’ പാപ്പാ എന്നറിയപ്പെടുന്ന ഫ്രാന്‍സിസ് പാപ്പാ കര്‍ദിനാള്‍ സ്ഥാനം തീരുമാനിച്ച് നല്‍കിയത്. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ള 133 കര്‍ദിനാള്‍മാരില്‍ 14 ശതമാനം ഇറ്റലി, 29 ശതമാനം ബാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍, 18 ശതമാനം ലാറ്റിന്‍ അമേരിക്ക, 9 ശതമാനം അമേരിക്ക, 16 ശതമാനം ഏഷ്യ-പസഫിക്, 14 ശതമാനം ആഫ്രിക്ക-മധ്യ കിഴക്കന്‍ രാജ്യങ്ങള്‍ എന്നിങ്ങനെയാണ് പ്രതിനിധീകരിച്ചിട്ടുള്ളത്. 1963ലെ കോണ്‍ക്ലേവുമായി താരതമ്യം ചെയ്യുമ്പോള്‍ 8 ശതമാനം മാത്രമായിരുന്ന ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ സംഖ്യ 30 ശതമാനമായി ഉയര്‍ന്നു. ഇറ്റലിയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും 69 ശതമാനത്തില്‍ നിന്ന് 43 ശതമാനമായി ചുരുങ്ങി എന്നതും ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം.
തെരഞ്ഞെടുപ്പും തിരഞ്ഞെടുപ്പും തമ്മിലുള്ളതുപോലെ, അക്ഷരത്തിലും അവസ്ഥയിലും അന്തരമുണ്ട് കോണ്‍ക്ലേവിന്. അതിന്റെ ഒരുക്കങ്ങളും നടപടികളും നമ്മള് കണ്ടിട്ടുള്ള തെരഞ്ഞെടുപ്പു തയ്യാറെടുപ്പുകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഒരു പാപ്പായുടെ മരണശേഷം അടുത്ത പാപ്പായെ തിരഞ്ഞെടുക്കുന്നതുവരെയുള്ള ‘SEDE VACNTE’ (VACANT SEAT) എന്നറിയപ്പെടുന്ന കാലഘട്ടം കര്‍ദിനാള്‍മാര്‍ ഇന്നത്തെ ലോകത്തെയും അതിലെ സഭയുടെ അവസ്ഥയെയും കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന സമയമാണ്. ഈ ദിവസങ്ങളില്‍ കര്‍ദിനാള്‍മാരുടെ 12 പൊതുസമ്മേളനങ്ങള്‍ കഴിഞ്ഞിരുന്നു. സഭയിലെ വിഭാഗീയതകള്‍, സുവിശേഷം പരത്താനുള്ള വെല്ലുവിളികള്‍, സൃഷ്ടിയുടെ സംരക്ഷണം, യുദ്ധം, മുറിയപ്പെട്ട ലോകം തുടങ്ങിയ 26 വിവിധ വിഷയങ്ങളാണ് ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരുന്നത്. ഇവയൊക്കെ പഠിക്കുകയും ധ്യാനിക്കുകയും ചെയ്ത ശേഷമാണ് എങ്ങനെയുള്ള ഒരിടയനാവണം ഈ കാലഘട്ടത്തില്‍ ക്രിസ്തുവിന്റെ വികാരിയായി തിരഞ്ഞെടുക്കപ്പെടേണ്ടതെന്ന തീരുമാനത്തിലേക്ക് കര്‍ദിനാള്‍മാര്‍ വരിക. ഭാവി പാപ്പായ്ക്കുണ്ടാകേണ്ട പ്രധാന സവിശേഷതകള്‍ എന്തെന്നും അവര്‍ ചര്‍ച്ച ചെയ്തശേഷം പ്രാര്‍ഥനയിലാണ് കോണ്‍ക്ലേവിലേക്ക് പ്രവേശിക്കുക.
ചൊവ്വാഴ്ച നടന്ന കര്‍ദിനാള്‍മാരുടെ അവസാനത്തെ പൊതുസമ്മേളനത്തില്‍ പുതിയ പാപ്പാ, പാലങ്ങള്‍ പണിയുന്നവനും ഇടയനും മാനവികതയുടെ ഗുരുവും നല്ല സമറിയാക്കാരനാകുന്ന സഭയുടെ മുഖവും ആയിരിക്കണമെന്ന അഭിപ്രായമുയര്‍ന്നു. മാത്രമല്ല, യുദ്ധത്തിന്റെയും അക്രമത്തിന്റെയും ആഴമാര്‍ന്ന ധ്രുവീകരണത്തിന്റെയും ഈ കാലഘട്ടത്തില്‍ കരുണയുടെയും സിനഡാലിറ്റിയുടെയും പ്രത്യാശയുടെയും അടയാളമായിരിക്കണമെന്നും കൃത്യമായ അഭിപ്രായം പ്രകടിപ്പിച്ചു. ലൈംഗിക ദുരുപയോഗത്തിനെതിരായ പോരാട്ടം, സാമ്പത്തിക സുതാര്യത, കൂരിയയുടെ പുനഃക്രമീകരണങ്ങള്, സമാധാനത്തിനായുള്ള പ്രതിജ്ഞാബദ്ധത, സൃഷ്ടിയുടെ സംരക്ഷണം തുടങ്ങിയവ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും ഉയര്‍ന്നുവന്നു. ചുരുക്കത്തില്‍, ഫ്രാന്‍സിസ് പാപ്പാ തുടങ്ങിവച്ചവ സഭയുടെ കാലികമായ നവീകരണപ്രക്രിയ തന്നെയായിരുന്നു എന്നും അവയുടെ തുടര്‍ച്ച പിന്തുടരേണ്ടയാളാവണം അടുത്ത പാപ്പാ എന്നും ഉള്ള ചിന്തകളാണ് നമുക്കു നല്‍കുന്നത്.
കോണ്ക്ലേവിനെക്കുറിച്ചു പറയുമ്പോള്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് ‘അടഞ്ഞ മുറി.’ പെന്തക്കുസ്തയ്ക്കു മുമ്പുള്ള ദിനങ്ങളിലെ അടഞ്ഞ മുറി പോലെയാണത്. അവിടെ നായകന് അദൃശ്യനായ പരിശുദ്ധാത്മാവാണ്. ‘EXTRA OMNES’ എന്ന പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യരല്ലാത്ത കര്‍ദിനാള്‍മാരെ പുറത്താക്കി വാതിലടക്കുമ്പോള്‍ അതിനുള്ളില്‍ പാപ്പായെ തിരഞ്ഞെടുക്കാന്‍ കൂടിയിട്ടുള്ള കര്‍ദിനാള്‍ സംഘം പരിശുദ്ധാത്മാവുമായി പ്രാര്‍ഥനയില്‍ ഒരു വിവേചനകര്മത്തില് ഏര്‍പ്പെടുന്നു.
ലോകത്തെ പുറത്താക്കി, എല്ലാത്തരം ആധുനിക സംവിധാനങ്ങളും വഴി ബാഹ്യമായ എല്ലാ ഇടപെടലുകളുടെയും വഴിയടച്ചാണ് കോണ്‍ക്ലേവ് നടത്തപ്പെടുന്നത്. രഹസ്യം സൂക്ഷിക്കാന്‍ ബൈബിള്‍ തൊട്ട് പ്രതിജ്ഞയെടുക്കുന്നത് കര്‍ദിനാള്‍മാര്‍ മാത്രമല്ല, അതുമായി ബന്ധപ്പെട്ട് സഹായികളായുള്ള സകലരും (കുശിനിക്കാര്‍ വരെ) ആണെന്ന കാര്യം നാം മനസ്സിലാക്കണം. സെല്‍ഫോണുകള്‍ക്ക് പ്രവേശനമില്ലാത്ത, ജാമറുകളും മറ്റു രീതികളും കൊണ്ട് പുറംലോകവുമായുള്ള സകല ബന്ധവും വിഛേദിച്ച, സിസ്റ്റൈന്‍ ചാപ്പലിലാണ് തിരഞ്ഞെടുപ്പു പ്രക്രിയകള്‍.
സുപ്രസിദ്ധ ചിത്രകാരന് മൈക്കളാഞ്ചലോ വരച്ച അന്ത്യവിധിയുടെ ചിത്രത്തിനു മുന്നിലാണ് കര്‍ദിനാള്‍മാരുടെ ഇരിപ്പിടങ്ങള്‍. കര്‍ത്താവിന്റെ മുന്നില്‍ സകലതും വെളിപ്പെടുന്ന അന്ത്യവിധി നിമിഷത്തിന്റെ നിരന്തരമായ ഓര്‍മ്മ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ദൈവത്തിന്റെ മുന്നില്‍ സുതാര്യമായി ഈ തിരഞ്ഞെടുപ്പു നടത്താനാണ് ഓരോ കര്‍ദിനാളും അവിടെ എത്തുക. ദീര്‍ഘചതുരാകൃതിയില്‍ തയ്യാറാക്കി നല്കപ്പെടുന്ന തിരഞ്ഞെടുപ്പുകാര്‍ഡില്‍ ഓരോരുത്തരും തന്റെ തിരഞ്ഞെടുപ്പ് ആരെന്ന് രേഖപ്പെടുത്തി രണ്ടായി മടക്കി അന്ത്യവിധിയുടെ ചിത്രത്തിനു കീഴില്‍ വച്ചിട്ടുള്ള കലശത്തില്‍ നിക്ഷേപിക്കും. നിക്ഷേപിക്കുന്നതിനു മുമ്പായി ഓരോരുത്തരും ചൊല്ലുന്ന വാക്യം വളരെ പ്രധാനപ്പെട്ടതാണ്: ”എന്നെ വിധിക്കാനിരിക്കുന്ന കര്‍ത്താവിനെ സാക്ഷിയാക്കി, എന്റെ വോട്ട് ദൈവത്തെപ്രതി തിരഞ്ഞെടുക്കപ്പെടണമെന്ന് വിശ്വസിക്കുന്നയാള്‍ക്ക് ഞാന്‍ നല്കുന്നു” എന്നാണത്.
ദിവസവും രാവിലെ രണ്ടുവട്ടവും ഉച്ചകഴിഞ്ഞ് രണ്ടുവട്ടവും നടക്കുന്ന തിരഞ്ഞെടുപ്പു പ്രക്രിയകള്‍ തെറ്റില്ലാത്തതാക്കാന് കാലങ്ങളായി തയ്യാറാക്കിയ ചട്ടങ്ങളുണ്ട്. ഓരോ പ്രാവശ്യവും നടക്കുന്ന വോട്ടെടുപ്പുകള്‍ക്കു ശേഷവും മൂന്നില്‍ രണ്ട് ഭൂരിപക്ഷം തികയാതെ വന്നാല്‍, പരിശോധയ്ക്കുശേഷം തിരഞ്ഞെടുപ്പ് രേഖപ്പെടുത്തിയ പേപ്പറുകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ അടുപ്പില്‍ കറുത്ത പുക പരത്തുന്ന രാസവസ്തുക്കള്‍ ചേര്‍ത്ത് കത്തിച്ചുകളയും. മൂന്നില്‍ രണ്ടുഭാഗം ഭൂരിപക്ഷം തികയുമ്പോള്‍ വെളുത്ത പുകയുണ്ടാക്കുന്ന രാസവസ്തുക്കള്‍ ചേര്‍ത്ത് കത്തിച്ചാണ് പാപ്പായെ തിരഞ്ഞെടുത്ത സന്തോഷ വാര്‍ത്ത പുറംലോകത്തെ അറിയിക്കുക. ആ സമയത്ത് വത്തിക്കാനിലെ മണികളും സന്തോഷം ആഘോഷിക്കും.
മൂന്നില്‍ രണ്ട് ശതമാനം കര്‍ദിനാള്‍മാര്‍ നല്കുന്ന വോട്ട് കിട്ടുന്ന കര്‍ദിനാളിനോട് കര്‍ദിനാള്‍ സംഘത്തിന്റെ സെക്രട്ടറി സമ്മതവും, എന്തു പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും ആരായുന്നു. സമ്മതം ലഭിച്ച ശേഷം അദ്ദേഹത്തെ പാപ്പായുടെ വസ്ത്രങ്ങള്‍ അണിയിക്കാന്‍ സിസ്റ്റൈന്‍ ചാപ്പലിനോടു ചേര്‍ന്നുള്ള സങ്കീര്‍ത്തി മുറിയിലേക്ക് (‘വിലാപത്തിന്റെ മുറി’) ആനയിക്കുന്നു. അത് വിലാപത്തിന്റെ മുറി എന്നറിയപ്പെടാനുള്ള കാരണം ആസ്വാസ്ഥ്യം കൊണ്ടും, വീര്‍പ്പുമുട്ടല്‍ കൊണ്ടും, ഭയം കൊണ്ടും വിങ്ങിപ്പൊട്ടുന്ന കരച്ചിലാണ് തിരഞ്ഞെടുക്കപ്പെടുന്ന പാപ്പാമാരുടെ ആദ്യ വികാരപ്രകടനം എന്നതാണ്. ഒരു ക്രൂശിതരൂപവും കന്യകമാതാവിന്റെ ഏതാനും ചിത്രങ്ങളും ഒരു ചെറിയ ഇരിപ്പിടവും മാത്രമുള്ള ഒരു കൊച്ചുമുറിയാണത്. നിറുത്താതെ എക്കിട്ടമിട്ടു നിന്ന ജോണ്‍ 23-ാമനും, ഗില്ലറ്റിനു മുന്നില്‍ എത്തിയ പ്രതീതി എന്നു പറഞ്ഞ ബെനഡിക്ട് പതിനാറാമനും, കാര്‍ണിവല്‍ കഴിഞ്ഞു എന്നു ചിന്തിച്ച ഫ്രാന്‍സിസ് പാപ്പായുമിരുന്ന ആ മുറിയില്‍ ഭാവി പാപ്പായ്ക്കുള്ള വസ്ത്രങ്ങള്‍ മൂന്ന് അളവുകളില്‍ തയ്യാറാക്കി വച്ചിരിക്കും. 1566-ല്‍ തിരഞ്ഞെടുക്കപ്പെട്ട ഡോമിനിക്കന്‍ സഭാംഗമായ പയസ് അഞ്ചാമന് തന്റെ സഭാവസ്ത്രം തന്നെ തുടര്‍ന്നും ഉപയോഗിക്കാന്‍ തീരുമാനിച്ചതില്‍ പിന്നെയാണ് പാപ്പാമാരുടെ വസ്ത്രത്തിന്റെ നിറം വെള്ളയായി മാറിയത് എന്നാണ് ചരിത്രം. വെള്ളവസ്ത്രമണിഞ്ഞെത്തുന്ന പുതിയ പാപ്പായെ സിസ്റൈന്‍ ചാപ്പലിന്റെ അള്‍ത്താരയ്ക്കു നടുവില്‍ സിംഹാസനത്തിലിരുത്തുന്നു. പ്രാര്‍ഥനയ്ക്കു ശേഷം കര്‍ദിനാള്‍മാര്‍ ഓരോരുത്തരായി വന്ന് ബഹുമാനവും വിധേയത്വവും വാഗ്ദാനം ചെയ്യും. കര്‍ദിനാള്‍ സംഘത്തിന്റെ സെക്രട്ടറി ചെയ്യേണ്ട ഔദ്യോഗികമായ രേഖപ്പെടുത്തലുകള്‍ക്കും ഒപ്പുവയ്ക്കലിനും ശേഷം ‘തെ ദേവും’ ആലപിക്കും – അതിനുശേഷമാണ് വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മധ്യത്തിലുള്ള ബാല്‍ക്കണിയില്‍ ‘ഹബേമൂസ് പാപ്പാം’ പ്രഖ്യാപനത്തോടെ പാപ്പായെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക – തുടര്‍ന്ന് പാപ്പാ ലോകത്തിനും നഗരത്തിനുമായുള്ള തന്റെ ശ്ലൈഹിക ആശീര്‍വാദം നല്‍കും.
CON-CLAVE (ലത്തീനില്‍ CUM-CLAVE) അക്ഷരാര്‍ഥത്തില്‍ WITH KEYS അഥവാ ‘താക്കോല്‍ കൊണ്ട്’ എന്നാണ് അര്‍ഥമാക്കുന്നത്. പാപ്പായെ തിരഞ്ഞെടുക്കുന്നതുവരെ കര്‍ദിനാള്‍മാരെ അകത്തുനിന്നും പുറത്തുനിന്നും അടച്ചുപൂട്ടുന്ന കാര്യമാണ് അതിനു പിന്നില്‍. രഹസ്യ സമ്മേളനം എന്നുമൊക്കെ അതിന് അര്‍ഥവ്യാപ്തി നല്‍കാം. എന്നാല്‍ ചരിത്രപരമായി പാപ്പായെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ സമ്മേളനത്തെയാണ് കോണ്‍ക്ലേവ് എന്നു വിളിക്കുന്നത്. പക്ഷേ, താക്കോല്‍കൊണ്ട് എന്നര്‍ഥമുള്ള കോണ്‍ക്ലേവ് എന്തെന്നു മനസ്സിലാക്കാനുള്ള താക്കോല്‍ തന്നെ നഷ്ടപ്പെട്ട രീതിയിലാണ് ആധുനിക ലോകം അതിനെ അവതരിപ്പിക്കുന്നത് എന്ന സത്യം പറയാതെ വയ്യ!
കോണ്‍ക്ലേവില്‍ വളരെ പ്രധാനമായി ഓര്‍ക്കേണ്ടത് താക്കോല്‍ തന്നെയാണ്. പത്രോസിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള സമ്മേളനത്തെക്കുറിച്ച് ചിന്തിക്കുന്ന പലര്‍ക്കും, പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്കും ചിലപ്പോള്‍ ക്രൈസ്തവവര്ക്കുപോലും, കൈമോശം വന്ന ഒരു താക്കോല്‍. മത്തായിയുടെ സുവിശേഷത്തില്‍ 16: 19 ല്‍ യേശു പത്രോസിനോടു പറയുന്ന ‘സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍.’ സത്യത്തില്‍ അത് ദൈവരാജ്യത്തിന്റെ താക്കോലാണ്. തീറ്റയും കുടിയുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ് ദൈവരാജ്യം എന്ന് പൗലോസ് അപ്പോസ്തലന് (റോമാ 14: 17) ഓര്‍മ്മിപ്പിക്കുന്നു. മാത്രമല്ല, സമാധാനത്തിനും പരസ്പരോല്ക്കര്ഷത്തിനും വേണ്ടി പ്രവര്‍ത്തിക്കാനുള്ള ധര്‍മ്മവും അദ്ദേഹം ഇതില്‍ ഉയര്‍ത്തികാട്ടുന്നു. യേശുവിന്റെ ദൗത്യത്തിനപ്പുറം മറ്റൊരു ദൗത്യവും സഭയ്ക്ക് ഇല്ലേയില്ല. പിതാവായ ദൈവത്തിന്റെ കരുണാദ്രസ്നേഹത്തില് അടിത്തറയിട്ട് ‘ദരിദ്രര്‍ക്ക് സുവിശേഷം അറിയിക്കാന്‍’ അവരില്‍ ഒരുവനായി മണ്ണില്‍ പിറന്ന് (INCARNATION), സാംസ്കാരികാനുരൂപണം (INCULTURATION) നടത്തി ”ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും” (ലൂക്കാ 4: 18) പ്രഘോഷിച്ച യേശുവിന്റെ സംസ്കാരമല്ലാതെ മറ്റൊന്നുമായിരിക്കരുത് സഭയുടേത്. സഭയുടെ ഉറവിടങ്ങളിലേക്ക് ഇറങ്ങിയാല്‍ അവിടെ ഒഴുകുന്ന തെളിനീരില്‍ പരിശുദ്ധാത്മാവ് പരത്തുന്ന പ്രകാശത്തില്‍ എല്ലാ നിറങ്ങളുമുണ്ട് – അവിടെ ജാതീയനും വിജാതീയനുമില്ല, കറുമ്പനും വെളുമ്പനുമില്ല, വിശ്വാസിയും അവിശ്വാസിയുമില്ല, സ്ത്രീയും പുരുഷനുമില്ല (ഗലാ 3: 28). ക്രിസ്തുവില്‍ എല്ലാവരും ഒന്നാകുന്ന, എല്ലാ വ്യത്യസ്തകളും ഐക്യത്തില്‍ സമ്പന്നമാക്കുന്ന സമാധാനത്തിന്റെ ഒരു സിംഫണി മാത്രം.
ഈ വ്യത്യസ്തത നിലനിര്‍ത്തിക്കൊണ്ടുള്ള ഐക്യം തുടരുകയും, സാമൂഹിക അനീതികളെ അപലപിക്കുകയും, ദരിദ്രരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പക്ഷം ചേരുകയും, ആരേയും ഒഴിവാക്കാത്ത സാഹോദര്യത്തിന്റെ കാതോലികതയില് എല്ലാവര്ക്കും എപ്പോഴും ദൈവത്തിലേക്ക് കയറിയെത്താവുന്ന തുറന്നിട്ട വാതിലുമായി കാത്തിരിക്കുന്ന ക്രൈസ്തവ സംസ്കാരമാണ് സഭയുടേത്. അതിന്റെ കാവലാളാവാന്‍ പോന്നവനെ തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്വമാണ് കര്‍ദിനാള്‍മാരില്‍ നിക്ഷിപ്തമാക്കിയിട്ടുള്ളത്; അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു കാത്തിരിക്കാന്‍ ക്രൈസ്തവരിലും!
ഈ താക്കോല്‍ കളഞ്ഞുപോകാതിരിക്കാന്‍ നമുക്കു പ്രാര്ഥിച്ചുകൊണ്ടേയിരിക്കാം!