കാരുണ്യത്തിന്റെയും പ്രത്യാശയുടെയും സുവിശേഷകനായി ലോകജനതയുടെ ഹൃദയം കീഴടക്കിയ ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് നാളെ ഇറ്റാലിയന്‍ സമയം വൈകുന്നേരം 4.30ന് (ഇന്ത്യന്‍ സമയം വൈകീട്ട് എട്ടുമണിക്ക്) ആരംഭിക്കാനിരിക്കെ, പേപ്പല്‍ തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ – ദൈവനിവേശിതവും പവിത്രവുമായ കാനോനിക നടപടിക്രമങ്ങള്‍ പിന്തുടര്ന്നുകൊണ്ട് രഹസ്യമായി വോട്ടു രേഖപ്പെടുത്താനും ഒരുപക്ഷേ തിരഞ്ഞെടുക്കപ്പെടാനുമുള്ള നിയോഗത്തോടെ – 133 കര്‍ദിനാള്‍ ഇലക്തോര്മാരും വത്തിക്കാനില്‍ എത്തിച്ചേര്‍ന്നു. പരിശുദ്ധ സിംഹാസനം ഒഴിഞ്ഞുകിടക്കുന്ന നാളുകളില്‍, പാപ്പായുടെ സംസ്കാരശുശ്രൂഷയില്‍ നിന്നു തുടങ്ങി പുതിയ പാപ്പായുടെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കുന്നതിനു പുറമെ, ക്രിസ്തുവിന്റെ സഭയും പലതരത്തിലും മുറിവേല്പ്പിക്കപ്പെട്ടതും വിഭജിക്കപ്പെട്ടതുമായ മാനവരാശിയും നേരിടുന്ന വെല്ലുവിളികളെയും, വിശ്വാസിഗണവും ഇന്നത്തെ ലോകവും സഭയുടെ പരമാചാര്യശുശ്രൂഷയില് നിന്ന് പ്രതീക്ഷിക്കുന്നത് എന്ത് എന്നതിനെയും കുറിച്ചുള്ള ധ്യാനവിചിന്തനങ്ങള്‍ പങ്കുവച്ചുകൊണ്ട്, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിന്റെ ചരിത്രഗതി നിശ്ചയിക്കേണ്ട 267-ാമത്തെ പാപ്പായെ നിര്‍വചിക്കാനും ശ്രമിച്ച കര്‍ദിനാള്‍മാരുടെ ജനറല്‍ കോണ്‍ഗ്രിഗേഷന്റെ അവസാന സമ്മേളനം ഇന്നു രാവിലെ വത്തിക്കാനിലെ പുതിയ സിനഡ് ഹാളില്‍ പൂര്‍ത്തിയായി.
കോണ്‍ക്ലേവില്‍ പ്രവേശിക്കുന്ന, 71 രാജ്യങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാര്‍ക്ക് താമസിക്കാനുള്ള മുറികള്‍ ഏതെന്ന് തിങ്കളാഴ്ച ജനറല്‍ കോണ്ഗ്രിഗേഷന് സമ്മേളനത്തില്‍, ഇന്തരേഞ്ഞും എന്നറിയപ്പെടുന്ന ഈ ഇടവേളയില്‍ സഭയുടെ കേന്ദ്രഭരണസംവിധാനമായ റോമന്‍ കൂരിയാ കാര്യാലയങ്ങളുടെ അധ്യക്ഷന്മാര് ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനമൊഴിഞ്ഞിരിക്കെ, ഭരണനിര്‍വഹണത്തിന്റെ അടിയന്തര കാര്യങ്ങളുടെ ചുമതല നിറവേറ്റുന്ന കമെര്‍ലെംഗോ (ചേംബര്ലിന്), യുഎസ് കര്‍ദിനാള്‍ കെവിന് ഫാറെല്‍ നറുക്കെടുപ്പിലൂടെ നിര്‍ണയിച്ചു. പലരും ഇന്ന് ഉച്ചയ്ക്കു തുടങ്ങി മുറികളിലെത്തി; നാളെ രാവിലെ പത്തിന് വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കര്‍ദിനാള്‍മാരുടെ സംഘത്തിന്റെ ഡീന്‍, ഇറ്റാലിയന്‍ കര്‍ദിനാള്‍ ജൊവാന്നി ബത്തിസ്ത റേയുടെ മുഖ്യകാര്മികത്തില് അര്‍പ്പിക്കുന്ന ‘പ്രോ എലിഗെന്തോ റൊമാനോ പൊന്തിഫീച്ചെസ്’ ദിവ്യബലിക്കു മുന്‍പുവരെ എപ്പോള്‍ വേണമെങ്കിലും ഇലക്തോര്മാര്ക്ക്, സുരക്ഷ ഉറപ്പുവരുത്തി അടച്ചുമുദ്രവച്ചിരിക്കുന്ന മുറികളില്‍ പ്രവേശിക്കാം.
കോണ്‍ക്ലേവിന്റെ ‘രഹസ്യ സ്വഭാവം’ കാത്തുപാലിക്കുന്നതിനുള്ള അന്തരീക്ഷവും പ്രത്യേക സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുള്ള വത്തിക്കാനിലെ കാസാ സാന്താ മാര്‍ത്താ (ദോമുസ് സാങ്തെ മാര്‍ത്തെ) അതിഥിമന്ദിരത്തില്‍ 126 മുറികളാണുള്ളത്. 2013-ലെ കോണ്‍ക്ലേവിന് അതിഥിയായെത്തി ഈ ഗെസ്റ്റ് ഹൗസില്‍ മുറിയെടുത്ത ലാറ്റിന്‍ അമേരിക്കന്‍ ജസ്യുറ്റ് ആര്‍ച്ച്ബിഷപ് ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട്, ഫ്രാന്‍സിസ് എന്ന പേരില്‍ വിശുദ്ധ പത്രോസിനടുത്ത അപ്പസ്തോലിക ശുശ്രൂഷ ചെയ്ത 12 വര്‍ഷവും അപ്പസ്തോലിക അരമനയിലേക്കു പോകാതെ സാന്താ മാര്‍ത്താ ഭവനത്തില്തന്നെയാണ് കഴിഞ്ഞത്. (വടക്കന്‍ ആഫ്രിക്കാ തീരത്തുനിന്നുള്ള ‘സിറോക്കോ’ ഉഷ്ണക്കാറ്റ് മധ്യധരണ്യാഴി കടന്ന് ഇറ്റലിയില്‍ ആഞ്ഞുവീശുന്ന വേനല്‍ക്കാലത്തുപോലും കാസ്തല്‍ ഗന്തോള്‍ഫോയിലെ പേപ്പല്‍ വേനല്‍ക്കാല വസതിയിലേക്ക് ഒരിക്കല്‍പോലും പോകാതെ സാന്താ മാര്‍ത്തായിലെ ഇരട്ടമുറി സ്വീറ്റിലാണ് ഫ്രാന്‍സിസ് പാപ്പാ മുഴുവന്‍കാലവും ചെലവഴിച്ചത്). പാപ്പാ ദിവംഗതനാകുമ്പോള്‍ പേപ്പല്‍ അപ്പാര്‍ട്ടുമെന്റ് അടച്ച് മുദ്രവയ്ക്കുന്ന പാരമ്പര്യ രീതിയനുസരിച്ച് സാന്താ മാര്‍ത്തായിലെ രണ്ടാം നിലയിലുള്ള 201-ാം നമ്പര്‍ പേപ്പല്‍ അപ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടുന്ന ഭാഗത്ത് ഈ കോണ്‍ക്ലേവ് കാലത്ത് ആര്‍ക്കും പ്രവേശനമില്ല. പാപ്പായുടെ സ്വകാര്യ ചാപ്പലും രണ്ട് പേഴ്സണല്‍ സെക്രട്ടറിമാര്‍ താമസിച്ചിരുന്ന മുറികളും അവരുടെ കാര്യാലയവും ഈ ഫ്ളോറിലുണ്ട്.
കോണ്‍ക്ലേവില്‍ ഇലക്തോര്മാരുടെ സംഖ്യ പരമാവധി 120 ആയിരിക്കുമെന്ന് 1975-ല്‍ പോള്‍ ആറാമന്‍ പാപ്പാ നിശ്ചയിച്ചതാണ്. എണ്പതു വയസ് പിന്നിടാത്ത 120 കര്‍ദിനാള്‍മാര്‍ എന്ന പരിധി 2017 ജൂണിലെ കണ്‍സിസ്റ്ററിയില്‍ ഫ്രാന്‍സിസ് പാപ്പാ മറികടന്നിരുന്നു – അന്ന് ഇലക്തോര്മാരുടെ സംഖ്യ 121 ആയി. ഇപ്പോള്‍ ഇലക്തോര്‍മാര്‍ 135 പേരുണ്ട്. രണ്ടുപേര്‍ ആരോഗ്യകാരണങ്ങളാല്‍ ഇത്തവണ കോണ്‍ക്ലേവില്‍ സംബന്ധിക്കുന്നില്ല: സ്പെയ്നിലെ വലെന്‍സിയയിലെ ആര്‍ച്ച്ബിഷപ് എമരിറ്റസ് കര്‍ദിനാള്‍ അന്റോണിയോ കനിസാരെസ് യൊവേര (79), കെനിയയിലെ നയ്റോബി ആര്‍ച്ച്ബിഷപ് ജോണ്‍ എന്ജുവെ (79) എന്നിവര്‍. (കര്‍ദിനാള്‍ എന്ജുവെ 1944-ല്‍ ജനിച്ചതായി വത്തിക്കാന്‍ രജിസ്റ്ററില്‍ ആദ്യം രേഖപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് ജനനതീയതി 1946 ജനുവരി ഒന്ന് എന്ന് തിരുത്തുകയുണ്ടായി). 2025-ലെ കോണ്‍ക്ലേവില്‍ 133 ഇലക്തോര്മാരുണ്ട്. പേപ്പല്‍ വോട്ടെടുപ്പിന്റെ ചരിത്രത്തില്‍ ഇത്രയും വോട്ടര്‍മാര്‍ ഇതിനു മുന്‍പ് ഒരു കോണ്‍ക്ലേവിലും പ്രവേശിച്ചിട്ടില്ല. എട്ടു നിലകളുള്ള കാസാ സാന്താ മാര്‍ത്തായില്‍ ഇത്രയുംപേര്‍ക്ക് ഇടമില്ലാത്തതിനാല്‍, തൊട്ടടുത്തുള്ള പഴയ സാന്താ മാര്‍ത്താ ഭവനത്തിലും എത്യോപ്യന്‍ കോളജിലുമായി അധികം മുറികള്‍ കോണ്‍ക്ലേവിനായി ഒരുക്കിയിട്ടുണ്ട്. മൊത്തം 200 മുറികള്‍ റെഡിയാണ് – കര്‍ദിനാള്‍ ഇലക്തോര്മാര്ക്കും അവരുടെ സ്റ്റാഫിനുമായി.
ഇന്തൊനീഷ്യന്‍ തലസ്ഥാനത്തു നിന്ന് 18 മണിക്കൂര്‍ യാത്രചെയ്ത് റോമിലെത്തിയ ജക്കാര്‍ത്ത ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഇഗ്നാസിയൂസ് സുഹാരിയോ ഹരിയോഅത്മോജോയും, സരയേവോയിലെ ആര്‍ച്ച്ബിഷപ് എമരിറ്റസ് കര്‍ദിനാള്‍ വീങ്കോ പൂലിയിച്ചുമാണ് ഏറ്റവും ഒടുവിലായി വന്നെത്തിയ ഇലക്തോര്‍മാര്‍. ആരോഗ്യകാരണങ്ങളാല്‍ കോണ്‍ക്ലേവിന് എത്തുകയില്ലെന്നാണ് കര്‍ദിനാള്‍ പൂലിയിച്ച് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് റോമിലേക്കു യാത്ര ചെയ്യാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്കി. റോമിലെത്തിയിട്ടും അദ്ദേഹം കര്‍ദിനാള്‍മാരുടെ ജനറല്‍ കോണ്ഗ്രിഗേഷന് സമ്മേളനത്തില്‍ പങ്കെടുത്തില്ല. അദ്ദേഹം കാസാ സാന്താ മാര്‍ത്തായിലെ തന്റെ മുറിയിലിരുന്ന് കോണ്‍ക്ലേവില്‍ വോട്ടു രേഖപ്പെടുത്താനാണ് സാധ്യത.
രഹസ്യം ലംഘിച്ചാല്‍ സഭാവിലക്ക്
കോണ്‍ക്ലേവിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വൈദികരും വനിതകള്‍ ഉള്‍പ്പെടെയുള്ള അല്മായരുമടക്കമുള്ള വത്തിക്കാന്‍ ജീവനക്കാരും നിയുക്ത കാര്യദര്‍ശികളുമായി നൂറിലേറെപ്പേര്‍ തിങ്കളാഴ്ച വൈകീട്ട് വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലെ കപ്പേല്ല പൗളീനയില്‍ (പൗളിന് കപ്പേള) ‘ഊനിവേര്സി ദോമിനിച്ചി ഗ്രേജിസ്’ എന്ന അപ്പസ്തോലിക ഭരണഘടനയില്‍ നിര്‍ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരം കമെര്ലെംഗോയുടെ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. കര്‍ദിനാള്‍ സംഘത്തിന്റെ സെക്രട്ടറിയും വൈസ് കമെര്ലെംഗോയുമായ ബ്രസീലിയന്‍ ആര്‍ച്ച്ബിഷപ് ഇല്‍സണ്‍ ദെ ജേസൂസ് മോന്തനാരി, പൊന്തിഫിക്കല്‍ ലിറ്റര്‍ജിക്കല്‍ ആഘോഷങ്ങളുടെ കാര്യാലയത്തിന്റെ മാസ്റ്റര്‍ ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് ദിയേഗോ ജൊവാന്നി റവേല്ലി, പ്രായപരിധി കഴിഞ്ഞ കര്‍ദിനാള്‍ സംഘത്തിന്റെ ഡീനിനു പകരം കോണ്‍ക്ലേവ് നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്ന കര്‍ദിനാള്‍ പിയെത്രോ പരോളിന്റെ സഹായി എന്നിവര്‍ക്കൊപ്പം, പേപ്പല്‍ മാസ്റ്റേഴ്സ് ഓഫ് സെറിമണീസ് പദവിയുള്ള ഏഴുപേര്‍, പേപ്പല്‍ സാക്രിസ്റ്റിയിലെ രണ്ട് അഗസ്റ്റീനിയന്‍ സന്ന്യാസിമാര്‍, കര്‍ദിനാള്‍ ഇലക്തോര്മാരെ കുമ്പസാരിപ്പിക്കാനായി വിവിധ ഭാഷകള്‍ സംസാരിക്കുന്ന വൈദികര്‍, അടിയന്തര മെഡിക്കല്‍ സഹായത്തിനുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അപ്പസ്തോലിക അരമനയിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഭക്ഷണവിതരണത്തിന്റെയും ശുചീകരണത്തിന്റെയും ചുമതലക്കാര്‍, തിരുകര്‍മങ്ങള്‍ക്കും സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സെന്‍ട്രല്‍ ബാല്‍ക്കണിയിലെ പാപ്പായുടെ പ്രഥമ പൊതുദര്ശനത്തിനുമായും മറ്റും പുഷ്പാലങ്കാരം നടത്തുന്ന രണ്ടു ഫ്ളോറിസ്റ്റുകള്‍, ടെക്നിക്കല്‍ സര്‍വീസസ് സ്റ്റാഫ്, കര്‍ദിനാള്‍മാരെ താമസസ്ഥലത്തു നിന്ന് അപ്പസ്തോലിക അരമനയിലെത്തിക്കേണ്ട ഡ്രൈവര്‍മാര്‍, അഞ്ച് ഇലക്ട്രീഷ്യന്മാര്, മുറികളുടെയും ഹാളുകളുടെയും താപനത്തിനും പ്ലംബിങ്ങിനുമായുള്ള അഞ്ച് എന്‍ജിനിയര്‍മാര്‍, വോട്ടെടുപ്പിന്റെ ഫലം അനുസരിച്ച് സിസ്റ്റീന്‍ ചാപ്പലിനു മുകളിലെ ചിമ്മിനില് നിന്ന് കറുത്ത പുകയോ വെള്ളപ്പുകയോ പുറത്തുവിടുന്നതിന് ഇലക് ട്രോണിക് സ്റ്റൗവിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്ന ടെക്നീഷ്യന് എന്നിവരും, പൊന്തിഫിക്കല്‍ സ്വിസ് ഗാര്‍ഡ് കേണലും മേജറും, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ് ഡയറക്ടറും അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാരും സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു. കോണ്‍ക്ലേവ് ചുമതലയുള്ള വത്തിക്കാന്‍ സ്റ്റാഫിനും മറ്റുള്ളവര്‍ക്കും ഫലപ്രഖ്യാപനം കഴിയും വരെ വത്തിക്കാനില്‍ നിന്നു പുറത്തുപോകാന്‍ അനുമതിയില്ല, വീട്ടുകാരുമായിപോലും സംസാരിക്കാനും കഴിയില്ല.
കോണ്‍ക്ലേവ് നടപടിക്രമങ്ങളുടെ വിശുദ്ധിയും രഹസ്യസ്വഭാവവും കാത്തുപാലിക്കുമെന്നും, ഓഡിയോ-വീഡിയോ റെക്കോര്‍ഡിങ് ഉപകരണങ്ങളൊന്നും ഉപയോഗിക്കുകയില്ലെന്നും, പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പാപ്പായുടെയോ അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെയോ കല്പന അനുസരിച്ചല്ലാതെ കോണ്‍ക്ലേവുമായി ബന്ധപ്പെട്ട ഒരു രഹസ്യവും ജീവിതകാലത്ത് ഒരിക്കലും വെളിപ്പെടുത്തുകയില്ലെന്നും ഓരോരുത്തരും വിശുദ്ധഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യുകയും സത്യവാങ്മൂലത്തില്‍ ഒപ്പുവച്ച് രണ്ട് പ്രോട്ടോ-നോട്ടറിമാര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ചടങ്ങ്. ഇത് ലംഘിച്ചാലുള്ള ശിക്ഷ സഭയില്‍ നിന്നു ഭ്രഷ്ട് കല്പിക്കലാണ്. ഓട്ടോമാറ്റിക്കായി (ലാത്തെ സെന്തെന്സിയേ) സഭാകൂട്ടായ്മയില്‍ നിന്ന് പുറത്താകും.
കോണ്‍ക്ലേവിന് എത്തുന്ന കര്‍ദിനാള്‍മാരുടെ സെല്‍ഫോണുകള്‍ സ്വിച്ച് ഓഫാക്കി കാസാ സാന്താ മാര്‍ത്തായില്‍ ഏല്പിക്കണം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞേ ഫോണ്‍ അവര്‍ക്കു തിരിച്ചുനല്‍കൂ.
കോണ്‍ക്ലേവ് രഹസ്യങ്ങള്‍ ചോര്‍ത്താനോ, വോട്ടെടുപ്പ് പ്രക്രിയയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനോ, ശബ്ദലേഖനം ചെയ്യാനോ, ഇലക് ട്രോണിക് സര്‍വെയ്ലന്‍സ് നടത്താനോ, ബാഹ്യ ഇടപെടലുകള്‍ക്കോ ഉള്ള ശ്രമങ്ങള്‍ തടയുന്നതിന് ഫോണ്‍, വൈഫൈ സിഗ്നലുകള്‍ ലഭ്യമല്ലാതാക്കുന്ന ഇലക് ട്രോണിക് ജാമറുകള്‍ വിന്യസിക്കുന്നുണ്ട്. കോണ്‍ക്ലേവുമായി ബന്ധപ്പെട്ടവര്‍ ഉപയോഗിക്കുന്ന മുറികളിലും ഹാളുകളിലും മൈക്രോഫോണുകളും ഇലക്ട്രോണിക് ബഗുകളും ഇല്ലെന്ന് ഉറപ്പുവരുത്തും. സിസ്റ്റീന്‍ ചാപ്പലിലെ എല്ലാ ടെക്നോളജിക്കല്‍, ഡിറ്റെക് ഷന് ഡിവൈസുകളും ഡിആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിലെ സെല്ലുലാര്‍, റേഡിയോ തരംഗങ്ങള്‍ വിച്ഛേദിക്കപ്പെടും. മൊബൈല്‍ ഫോണ്‍ ടെലികമ്യൂണിക്കേഷന്‍ സിഗ്നല്‍ ട്രാന്സ്മിഷന് സിസ്റ്റംസ്, മേയ് ഏഴിന് മൂന്നുമണിക്ക് ‘ഡീആക്ടിവേറ്റ്’ ചെയ്യുമെന്ന് വത്തിക്കാന്‍ ഗവര്‍ണറേറ്റ് പരസ്യപ്പെടുത്തിയിട്ടുണ്ട്. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സെന്‍ട്രല്‍ ബാല്‍ക്കണിയില്‍ പുതിയ പാപ്പായെ തിരഞ്ഞെടുത്ത വിവരം വിളംബരം ചെയ്താലുടന്‍ (”മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ ടെക്നോളജി അനുവദിക്കുന്ന പരമാവധി വേഗത്തില്‍”) സിഗ്നലുകള്‍ പുനഃസ്ഥാപിക്കുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. വത്തിക്കാന്‍ ഷോന്ഡാമറീ സുരക്ഷാസംവിധാനങ്ങളുടെ ചുമതല വഹിക്കുന്നു.
ദൂരെനിന്ന് ടെലിസ്കോപിക് ലെന്സിലൂടെയോ ഡ്രോണുകളിലെ കാമറക്കണ്ണുകളിലൂടെയോ ഒന്നും പകര്‍ത്താന്‍ കഴിയാത്തവണ്ണം കോണ്‍ക്ലേവ് നടക്കുന്ന ഭാഗത്ത് അപ്പസ്തോലിക അരമനയുടെ ജനലുകള്‍ കറുപ്പിക്കുകയും ചില ജനലുകള്‍ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. കോണ്‍ക്ലേവ് നടക്കുന്ന ഭാഗത്തേക്കുള്ള പ്രവേശനമാര്ഗങ്ങളെല്ലാം ഈയ്യത്തിന്റെ 80 സീലുകള്‍ വച്ച് അടയ്ക്കുകയും, ചില താത്കാലിക വാതിലുകളും ഇടഭിത്തികളും മറകളും പണിതീര്‍ക്കുകയും ചെയ്തിട്ടുണ്ട്. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ സില്‍വിയോ സ്ക്രെപാന്തിയുടെ മേല്‍നോട്ടത്തില്‍ മരപ്പണിക്കാരും ഇരുമ്പുപണിക്കാരും ഫിറ്റര്‍മാരും ഉള്‍പ്പെടെ 40 വത്തിക്കാന്‍ ജീവനക്കാരും പുറത്തുനിന്നുള്ള 20 കോണ്ട്രാക്റ്റര്മാരും ചേര്‍ന്നാണ് കോണ്‍ക്ലേവിനായുള്ള ഭൗതികസജ്ജീകരണങ്ങള് പൂര്‍ത്തിയാക്കിയത്.
വത്തിക്കാന്‍ ഫയര്‍ ബ്രിഗേഡിലെ 30 സേനാംഗങ്ങള്‍ ചേര്‍ന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വലത്തുഭാഗത്തായി, സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നിന്നാല്‍ കാണാന്‍ പാകത്തില്‍ സിസ്റ്റീന്‍ ചാപ്പലിനു മുകളിലായി, കോണ്‍ക്ലേവിലെ തിരഞ്ഞെടുപ്പ് ഫലം ലോകത്തെ അറിയിക്കുന്ന ഏറ്റം പ്രശസ്തമായ പുകക്കുഴല്‍ മേയ് രണ്ടിന് ഫിറ്റ് ചെയ്തു. ആ ചെമ്പു പൈപ്പ് ചിമ്മിനി 30 മീറ്റര്‍ താഴെയുള്ള രണ്ടു സ്റ്റൗവുകളുമായി ബന്ധിച്ചിരിക്കുന്നു. ഒരു സ്റ്റൗവ് വോട്ടിങ് സ്ലിപ്പ് (ബാലറ്റ്) കത്തിക്കാനും, മറ്റൊന്ന് പുകയ്ക്കുവേണ്ടിയുള്ളതുമാണ്. പീയൂസ് പന്ത്രണ്ടാമന് പാപ്പായുടെ തിരഞ്ഞെടുപ്പിന് ആദ്യമായി 1939-ലെ കോണ്‍ക്ലേവില്‍ ഉപയോഗിച്ച, വാര്‍പ്പിരുമ്പില്‍ ദീര്‍ഘവൃത്താകൃതിയില്‍ ഒരു മീറ്റര്‍ ഉയരവും 45 സെന്റിമീറ്റര്‍ വീതിയുമുള്ള വാര്‍പ്പിരുമ്പ് സിലിണ്ടര്‍ സ്റ്റൗവും, 2005 ഏപ്രിലില്‍ ആദ്യമായി ഉപയോഗിച്ച, ഇലക്ട്രോണിക് സംവിധാനത്തിലൂടെ പുക സൃഷ്ടിക്കുന്ന ദീര്‍ഘചതുരാകൃതിയിലുള്ള സ്റ്റൗവുമാണ് താഴെയുള്ളത്. ഈ സ്റ്റൗവുകളില്‍ നിന്നുള്ള ട്യൂബുകള്‍ രണ്ടു മീറ്റര്‍ മുകളില്‍ വച്ച് ഒരൊറ്റ ചിമ്മിനിയായി മാറും. വോട്ടെണ്ണലില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം (89 വോട്ട്) ഒരു കര്‍ദിനാളിനു കിട്ടുന്നില്ലെങ്കില്‍ കറുത്ത പുക ഉയരും; ഭൂരിപക്ഷം ഉറപ്പാകുമ്പോള്‍ വെള്ളപ്പുകയും. ഇതിന് വ്യത്യസ്തമായ കെമിക്കലുകള്‍ ഉപയോഗിക്കുന്നു. ഇലക് ട്രിക് റെസിസ്റ്ററുകളും വെന്റിലേഷനും കൂടിചേര്‍ന്ന് കൂടുതല്‍ ശക്തമായി മുകളിലേക്ക് പുക ഉയരുന്നു.
വ്യാഴാഴ്ച രാവിലെ 10.30ന് പുക കാണാം
പേപ്പല്‍ തിരഞ്ഞെടുപ്പിനുള്ള നിയോഗവുമായി സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നാളെ രാവിലെ അര്‍പ്പിക്കുന്ന ദിവ്യബലിക്കുശേഷം, വൈകുന്നേരം 3.45ന് കാസാ സാന്താ മാര്‍ത്തയില്‍ നിന്ന് കര്‍ദിനാള്‍മാരെ ‘ക്വയര്‍ ഡ്രെസ്സില്‍’ അപ്പസ്തോലിക അരമനയിലെത്തിക്കും. അപ്പസ്തോലിക അരമനയിലെ കപ്പേല്ല പൗളീനയില്‍ 4.30ന് പ്രാര്ഥനാശുശ്രൂഷയോടെ കോണ്‍ക്ലേവിന് തുടക്കമാകും. സകലവിശുദ്ധരുടെ ലുത്തീനിയ ആലപിച്ചുകൊണ്ട് കര്‍ദിനാള്‍ ഇലക്തോര്‍മാര്‍ പ്രദക്ഷിണമായി സിസ്റ്റൈന്‍ ചാപ്പലിലേക്കു നീങ്ങും.
‘വെനി ക്രെയാത്തോര്‍ സ്പിരിത്തൂസ്’ (പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ഥന) ആലപിച്ചതിനുശേഷം അവര്‍ ഒരോരുത്തരായി, തിരഞ്ഞെടുക്കപ്പെട്ടാല്‍ വിശുദ്ധ പത്രോസിന്റെ ശുശ്രൂഷാദൗത്യം (മൂനുസ് പെത്രീനും) വിശ്വസ്തതയോടെ നിറവേറ്റുമെന്നും പേപ്പല്‍ തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം കാത്തുപാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്യും.
ആദ്യ ദിനത്തില്‍ ഒരുവട്ടം വോട്ടെടുപ്പ് നടന്നേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ വത്തിക്കാന്‍ മാധ്യമകാര്യാലയം ഇന്നലെ പുറത്തുവിട്ട സമയക്രമം അനുസരിച്ച്, വ്യാഴാഴ്ച രാവിലെ ഇറ്റാലിയന്‍ സമയം 7.45ന് കര്‍ദിനാള്‍ ഇലക്തോര്‍മാര്‍ കാസാ സാന്താ മാര്‍ത്തയില്‍ നിന്ന് അപ്പസ്തോലിക അരമനയിലേക്കു പുറപ്പെടുകയും, 8.15ന് പൗളിന് കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കുകയും പ്രഭാതനമസ്കാരം ചൊല്ലുകയും ചെയ്യും. 9.15ന് സിസ്റ്റീന്‍ കപ്പേളയില്‍ പ്രാര്ഥനാശുശ്രൂഷയോടെ വോട്ടിങ് ആരംഭിക്കും.
പുതിയ പാപ്പാ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ‘വെള്ളപ്പുക’ സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മനിയില്‍ നിന്ന് ഉയരാന്‍ സാധ്യതയുള്ളത് രാവിലെ 10.30നുശേഷമോ ഉച്ചയ്ക്ക് 12 മണിക്കോ ആയിരിക്കുമെന്നാണ് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫിസ് ഡയറക്ടര്‍ മത്തെയോ ബ്രൂണി ഇന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞത്. ചിമ്മിനിയില്‍ നിന്ന് വെള്ളപ്പുക ഉയരുമ്പോള്‍തന്നെ ബസിലിക്കയിലെ മണികള്‍ മുഴങ്ങാന്‍ തുടങ്ങും.
ഇലക്തോര്‍മാര്‍ 12.30ന് ഉച്ചഭക്ഷണത്തിനായി സാന്താ മാര്ത്തായിലേക്കു പോകും. ഉച്ചയ്ക്കുശേഷം 3.45ന് അപ്പസ്തോലിക അരമനയിലേക്ക് തിരിക്കും. സിസ്റ്റീന്‍ ചാപ്പലില്‍ 4.30ന് വോട്ടിങ് പുനരാരംഭിക്കും. വൈകുന്നേരം 5.30നോ ഏഴുമണിക്കോ വെള്ളപ്പുക പ്രതീക്ഷിക്കാവുന്നതാണെന്നും ബ്രൂണി പറഞ്ഞു.
വോട്ടിങ് പൂര്‍ത്തിയാകുമ്പോള്‍ സിസ്റ്റീന്‍ കപ്പേളയില്‍ സന്ധ്യാപ്രാര്‍ഥന (വെസ്പേഴ്സ്) ചൊല്ലി, ഏഴരയോടെ കര്‍ദിനാള്‍മാര്‍ സാന്താ മാര്‍ത്തയിലേക്കു മടങ്ങും.
കോണ്‍ക്ലേവില്‍, ഓരോ കര്‍ദിനാളിനും ഒരു ഡെസ്ക് നിശ്ചയിച്ചിരിക്കും. ‘ഏലിഗോ ഇന്‍ സുമ്മും പോന്തിഫീച്ചെം’ (പരമോന്നത പാപ്പായായി ഞാന്‍ തിരഞ്ഞെടുക്കുന്നു) എന്ന് പ്രിന്റ് ചെയ്തിട്ടുള്ള ബാലറ്റ് പേപ്പറുകളും ഒരു പേനയും മേശപ്പുറത്ത് ഉണ്ടായിരിക്കും. താന്‍ നിര്‍ദേശിക്കുന്ന കര്‍ദിനാളിന്റെ പേര് അതില്‍ എഴുതി രണ്ടായി മടക്കി, മിക്കലാഞ്ജലോയുടെ ‘അന്ത്യവിധി’ പെയിന്റിങ്ങിനു താഴെയുള്ള അള്‍ത്താരയില്‍ വച്ചിട്ടുള്ള വെങ്കലപാത്രത്തിലേക്ക് ഒരു ലത്തീന്‍ പ്രാര്‍ഥന ചൊല്ലി അത് നിക്ഷേപിക്കുന്നു.
വോട്ടുകള്‍ പരിശോധിക്കാന്‍ നറുക്കെടുപ്പിലൂടെ നിശ്ചയിക്കപ്പെടുന്ന മൂന്നുപേരുണ്ട്. അനാരോഗ്യം നിമിത്തം ചാപ്പലില്‍ എത്തി വോട്ടു രേഖപ്പെടുത്താന്‍ കഴിയാത്ത ഇലക്തോര്മാരുടെ ബാലറ്റ് ശേഖരിക്കാന്‍ മൂന്ന് ‘ഇന്ഫിര്മാരി’കളെ ചുമതലപ്പെടുത്തും. വോട്ടുകളുടെ പുനഃപരിശോധനയ്ക്ക് മൂന്നുപേരുണ്ടാകും.
ബാലറ്റുകള്‍ എണ്ണുകയും വീണ്ടും എണ്ണിതിട്ടപ്പെടുത്തുകയും ചെയ്തതിനുശേഷം ഒരു സൂചികൊണ്ട് ‘ഏലിഗോ’ എന്ന് അച്ചടിച്ചിട്ടുള്ള ഭാഗത്ത് തുളച്ച് നൂലില്‍ കോര്‍ത്ത് ബാലറ്റ്പേപ്പറുകള്‍ സ്റ്റൗവിലിട്ട് കത്തിക്കുന്നു.
പേപ്പല്‍ നാമം ആദ്യ അടയാളം
തൊണ്ണൂറ്റൊന്നുകാരനായ ഡീന്‍ (പ്രീമുസ് ഇന്തര്‍ പാരെസ്) കര്‍ദിനാള്‍ ജൊവാന്നി ബത്തിസ്താ റേയ്ക്കും എണ്‍പത്തൊന്നുകാരനായ സബ് ഡീന്‍ കര്‍ദിനാള്‍ ലെയൊനാര്‍ദോ സാന്ദ്രിക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ കോണ്‍ക്ലേവില്‍ പ്രവേശിക്കാനാവില്ല. എണ്പതു വയസില്‍ താഴെയുള്ള നാല് കര്‍ദിനാള്‍ ബിഷപ്പുമാരില്‍ ഏറ്റവും മുതിര്‍ന്നയാളും കൂടുതല്‍ കാലം കര്‍ദിനാളായി ശുശ്രൂഷ ചെയ്തയാളും കര്‍ദിനാള്‍ ഫെര്‍നാന്‍ഡോ ഫിലോനിയാണെങ്കിലും 2018-ല്‍ ഇരുവരെയും കര്‍ദിനാള്‍ ബിഷപ് പദത്തിലേക്ക് ഉയര്‍ത്തിയപ്പോള്‍ ആദ്യം പ്രഖ്യാപിച്ചത് പിയെത്രോ പരോളിന്റെ പേരായതിനാല്‍ അദ്ദേഹമായിരിക്കും കോണ്‍ക്ലേവിന്റെ നടപടിക്രമങ്ങളില്‍ അധ്യക്ഷത വഹിക്കുന്ന കര്‍ദിനാള്‍ ഡീനിന്റെ ചുമതല വഹിക്കുക.
രഹസ്യവോട്ടെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്ന കര്‍ദിനാളിനോട്, ഡീനിന്റെ ചുമതല വഹിക്കുന്ന കര്‍ദിനാള്‍ ചോദിക്കും: പരമോന്നത പാപ്പായായി കാനോനികമായുള്ള അങ്ങയുടെ തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നുവോ?
സമ്മതം അറിയിക്കുമ്പോള്‍, പാപ്പാ സ്വീകരിക്കുന്ന പേര് എന്താണെന്ന് ഡീന്‍ ചോദിക്കും.
പേര് വെളിപ്പെടുത്തിക്കഴിയുമ്പോള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാര്‍ തങ്ങളുടെ കൂറും വിധേയത്വവും പുതിയ പാപ്പായ്ക്കു മുമ്പാകെ വാഗ്ദാനം ചെയ്യും.
പുതിയ പാപ്പായാകാന് ഏറ്റവും സാധ്യതയുള്ള കര്‍ദിനാള്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന കര്‍ദിനാള്‍ പരോളിനാണ് ഭൂരിപക്ഷം വോട്ടു ലഭിക്കുന്നതെങ്കില്‍ കര്‍ദിനാള്‍ ഇലക്തോര്മാരില് നിന്ന് സബ് ഡീനായി നിയോഗിക്കപ്പെടുന്നയാളാകും സമ്മതവും പേരും ചോദിക്കുക!
കര്‍ദിനാളിന്റെ സ്കാര്‍ലറ്റ് മേലങ്കി മാറ്റി പരിശുദ്ധ പാപ്പായുടെ തൂവെള്ള ളോഹ അണിയുന്നതിന് പാപ്പാ അടുത്തുള്ള ‘കണ്ണുനീരിന്റെ മുറി’യിലേക്ക് ആനീതനാകും. ചെറുത്, ഇടത്തരം, വലുത് എന്നിങ്ങനെ മൂന്നുതരം വെള്ളമേലങ്കികള് അവിടെ കരുതിവച്ചിട്ടുണ്ടാകും (ശരീരത്തിന്റെ വണ്ണമാണ് പ്രധാനമായും കണക്കാക്കേണ്ടത്, വസ്ത്രത്തിന്റെ നീളം കുറഞ്ഞാലും പൊതുദര്‍ശനത്തിന് ബാല്‍ക്കണിയില്‍ നില്ക്കുമ്പോള് അത് പുറംലോകത്തിന് ദൃശ്യമാവുകയില്ല!). മുന്‍ കോണ്ക്ലേവുകള്ക്കായി ഒരുക്കിയ വെള്ളക്കുപ്പായങ്ങളാണ് ഇക്കുറി പുതിയ പാപ്പായ്ക്കായി കരുതിവച്ചിട്ടുള്ളതത്രെ.
അപ്പസ്തോലിക് സിഞ്ഞത്തൂര പ്രീഫെക്ട് ഫ്രഞ്ചുകാരനായ കര്‍ദിനാള്‍ ഡൊമിനീക്ക് മംബെര്ത്തിയാണ് വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ സെന്‍ട്രല്‍ ബാല്‍ക്കണിയില്‍ നിന്ന് ‘ഹബേമൂസ് പാപ്പാം’ (ഇതാ, നമുക്കൊരു പാപ്പാ!) എന്ന മഹാസന്തോഷത്തിന്റെ വിളംബരം നടത്തി പുതിയ പാപ്പായുടെ ജ്ഞാനസ്നാനപ്പേരും കുടുംബപ്പേരും തുടര്‍ന്ന് പൊന്തിഫിക്കല്‍ പേരും വെളിപ്പെടുത്തുക. ആ പേരുതന്നെ പുതിയ പാപ്പായുടെ അടിസ്ഥാന ദര്‍ശനത്തിന്റെയും ശൈലിയുടെയും ആദ്യ സന്ദേശമാകും.
ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും ചായ് വ്
ഈ കോണ്‍ക്ലേവിലെ 133 കര്‍ദിനാള്‍മാരില്‍ 108 പേര് ഫ്രാന്‍സിസ് പാപ്പാ നിയമിച്ച ഇലക്തോര്മാരാണ് – ആദ്യമായി ഒരു പേപ്പല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നവര്‍. കഴിഞ്ഞ 12 വര്‍ഷത്തിനിടെ രണ്ടുവട്ടം മാത്രമാണ് ഫ്രാന്‍സിസ് പാപ്പാ എല്ലാ കര്‍ദിനാള്‍മാരെയും ഒരുമിച്ചുകൂട്ടിയിട്ടുള്ളത് – 2014-ലെ ആദ്യ കണ്‍സിസ്റ്ററിയിലും 2022-ലെ കണ്‍സിസ്റ്ററിയിലും. ആ കണ്സിസ്റ്ററിക്കുശേഷം 37 പേര് കൂടി ഇലക്തോര്‍ സംഘത്തില്‍ എത്തിയിട്ടുണ്ട്. വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളില്‍ നിന്നു വരുന്ന കര്‍ദിനാള്‍മാരില്‍ പലര്‍ക്കും ഈ ഇന്തരേഞ്ഞും കാലയളവിലാണ് പരസ്പരം പരിചയപ്പെടാന്‍ അവസരം ലഭിച്ചത്.
പരമ്പരാഗതമായി കര്‍ദിനാള്‍ പദവി ലഭിച്ചുവന്ന പല പ്രധാന അതിരൂപതകള്‍ക്കും – മിലാന്, ജനോവ, പലെര്‍മോ, വിയെന്ന, പാരിസ്, ക്രാക്കോവ്, അര്‍മാ, സിഡ്നി തുടങ്ങിയവ – ഇത്തവണ കോണ്‍ക്ലേവില്‍ പ്രാതിനിധ്യമില്ല. ഈ പേപ്പല്‍ തിരഞ്ഞെടുപ്പില്‍ പങ്കുചേരുന്നത് 52 യൂറോപ്യന്‍ കര്‍ദിനാള്‍മാരാണ്. റോമന്‍ കൂരിയായില്‍ ജോലി ചെയ്യുന്നവരും റോമില്‍ താമസിക്കുന്നവരും ഉള്‍പ്പെടെ ഇറ്റലിക്കാരായ കര്‍ദിനാള്‍ ഇലക്തോര്‍മാര്‍ 17 പേര് മാത്രം. 2013-ലെ കോണ്‍ക്ലേവില്‍ 28 ഇറ്റലിക്കാരുണ്ടായിരുന്നു.
ഏഷ്യന്‍ കര്‍ദിനാള്‍മാരുടെ എണ്ണം 2013-ലേതിനെക്കാള്‍ ഇരട്ടിയായി – പത്തില്‍ നിന്ന് ഇരുപത്. ആഫ്രിക്കന്‍ കര്‍ദിനാള്‍മാരുടെ സംഖ്യയില്‍ എട്ടുപേര്‍ കൂടി – മൊത്തം 18 പേരായി.
മംഗോളിയ, മ്യാന്മര്, മലേഷ്യ, സിംഗപ്പൂര്‍, കിഴക്കന്‍ തിമൂര്‍, ഹെയ്റ്റി, കേപ് വെര്‍ദേ, സ്വീഡന്, ഇറാന്, ലക്സംബര്‍ഗ്, ദക്ഷിണ സുഡാന്, റുവാണ്ട, എല്‍ സാല്‍വദോര്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, പാപുവ ന്യൂഗിനി, സെര്‍ബിയ എന്നിവിടങ്ങളില്‍ നിന്ന് കര്‍ദിനാള്‍ ഇലക്തോര്‍മാര്‍ കോണ്ക്ലേവിലെത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.
ഏഷ്യയില്‍ നിന്നുള്ള 20 കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവിലുണ്ട്: ഇന്ത്യയില്‍ നിന്ന് നാലുപേര്‍, ഫിലിപ്പീന്‍സില്‍ നിന്ന് മൂന്നുപേര്‍, ജപ്പാനില്‍ നിന്ന് രണ്ടുപേര്‍, ചൈന, കിഴക്കന്‍ തിമോര്‍, ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, മ്യാന്മര്, പാക്കിസ്ഥാന്, സിംഗപ്പൂര്‍, ശ്രീലങ്ക, തായ്ലന്ഡ്, മംഗോളിയ എന്നിവിടങ്ങളില്‍ നിന്ന് ഒരോ കര്‍ദിനാള്‍ വീതവും. ഇതില്‍, മംഗോളിയയിലെ കര്‍ദിനാള്‍ ജോര്‍ജോ മരെംഗോ ഇറ്റലിക്കാരനാണ്.
ആഫ്രിക്കയില്‍ നിന്നുള്ള 18 കര്‍ദിനാള്‍മാരില്‍ രണ്ടുപേര്‍ യൂറോപ്പില്‍ നിന്നുള്ളവരാണ്: മൊറോക്കോയിലെ കര്‍ദിനാള്‍ ക്രിസ്റ്റൊബല്‍ ലോപസ് റോമേരോ സ്പെയിന്‍കാരനും, അള്‍ജീരിയയിലെ കര്‍ദിനാള്‍ ഷോണ്‍ പോള്‍ വെസ്കോ ഫ്രഞ്ചുകാരനുമാണ്. ഐവറി കോസ്റ്റില്‍ നിന്ന് രണ്ടുപേരും, ബുര്‍ക്കിനോ ഫാസോ, കേപ് വെര്‍ദേ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കോംഗോ ജനാധിപത്യ റിപ്പബ്ലിക്, എത്യോപ്യ, ഗാനാ, കെനിയ, മഡഗാസ്കര്‍, നൈജീരിയ, റുവാണ്ട, സൗത്ത് ആഫ്രിക്ക, സൗത്ത് സുഡാന്, ടാന്‍സാനിയ എന്നിവിടങ്ങളില്‍ നിന്ന് ഓരോ കര്ദിനാളുമുണ്ട് ആഫ്രിക്കന്‍ സംഘത്തില്‍.
യൂറോപ്പിന്റെ പ്രാതിനിധ്യം ഫ്രാന്‍സില്‍ നിന്നുള്ള അഞ്ചു കര്‍ദിനാള്‍മാരും, സ്പെയിന്, പോര്‍ച്ചുഗല്‍, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള നാലു പേര് വീതവും, ജര്‍മനി, ബ്രിട്ടന് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നുപേര്‍ വീതവും, സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള രണ്ടുപേരും, ബെല്‍ജിയം, ബോസ്നിയ, ക്രൊയേഷ്യ, ഹംഗറി, ലിത്വേനിയ, ലക്സംബര്‍ഗ്, മാള്‍ട്ട, ഹോളണ്ട്, സെര്‍ബിയ, സ്വീഡന് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ കര്‍ദിനാള്‍മാരുമാണ്.
യുഎസില്‍ നിന്ന് പത്തുപേരാണുള്ളത് – കഴിഞ്ഞ രണ്ടു കോണ്ക്ലേവുകളിലും 11 അമേരിക്കന്‍ ഇലക്തോര്മാരുണ്ടായിരുന്നു. കാനഡയില്‍ നിന്ന് നാലുപേരും മെക്സിക്കോയില്‍ നിന്ന് രണ്ടുപേരും ഇത്തവണ കോണ്‍ക്ലേവിലുണ്ട്.
സെന്‍ട്രല്‍ അമേരിക്കയിലെ ക്യൂബ, നിക്കരാഗ്വ, ഗോട്ടിമാല, ഹെയ്റ്റി എന്നിവിടങ്ങളില്‍ നിന്നായി ഓരോ കര്‍ദിനാള്‍ വീതമാണുള്ളത്. തെക്കേ അമേരിക്കയിലെ ബ്രസീലില്‍ നിന്ന് ഏഴുപേരും, അര്‍ജന്റീനയില്‍ നിന്ന് നാലുപേരും, ചിലി, കൊളംബിയ, എക്വദോര്‍, പരഗ്വായ്, പെറു, യുറുഗ്വായ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ കര്‍ദിനാള്‍ വീതവും.
മധ്യപൂര്‍വദേശത്തു നിന്ന് മൂന്നു കര്‍ദിനാള്‍മാരുണ്ട്: വിശുദ്ധനാട്ടില്‍ നിന്ന് ജറൂസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഇറ്റാലിയന്‍ കര്‍ദിനാള്‍ പിയെര്ബത്തിസ്താ പിത്സബല്ല, ഇറാനില്‍ നിന്ന് ബെല്‍ജിയം സ്വദേശിയായ കര്‍ദിനാള്‍ ഡൊമിനിക്ക് ജോസഫ് മത്ത്യു, ഇറാഖില്‍ നിന്ന് കല്‍ദായ പാത്രിയാര്‍ക്കീസ് ലൂയിസ് റഫായേല്‍ സാക്കോ എന്നിവര്‍.
ഓഷ്യാനയില്‍ നിന്ന് നാലു കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവിലുണ്ട്: ഓസ്ട്രേലിയയില്‍ നിന്ന് യുക്രെയ്നിയന്‍ കര്‍ദിനാള്‍ ബൈചോക്, ന്യൂസിലന്‍ഡ്, പാപുവ ന്യൂഗിനി, ടോംഗാ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും.
സാര്‍വത്രിക കത്തോലിക്കാ സഭയിലെ സ്വയംഭരണാവകാശമുള്ള (സൂയി ഇയൂറിസ്) പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കോണ്‍ക്ലേവ് പ്രാതിനിധ്യവും ഫ്രാന്‍സിസ് പാപ്പാ വര്‍ധിപ്പിച്ചു: കഴിഞ്ഞ കോണ്‍ക്ലേവില്‍ നാലുപേരാണ് ഉണ്ടായിരുന്നത്, ഇത്തവണ അഞ്ചുപേരുണ്ട്: കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് തോട്ടുങ്കല്‍ (സീറോ മലങ്കര), കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് (സീറോ മലബാര്‍), കര്‍ദിനാള്‍ മിക്കോള ബൈചോക് (യുക്രെയ്നിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭ), കര്‍ദിനാള്‍ ബെര്ഹാനെയേസുസ് ദെമെറേവ് സൗറാഫിയെല് (എത്യോപ്യന്‍ മെട്രോപ്പോളിറ്റന്‍ സഭ), കര്‍ദിനാള്‍ ലൂയിസ് റഫായേല്‍ സാകോ (കര്‍ദായ സഭ) എന്നിവര്‍.
പാപ്പായായ ആര്‍ച്ച്ഡീക്കന്‍
ഒരു പാപ്പാ ദിവംഗതനാകുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ ഏറെ കാലതാമസം വരാതിരിക്കാനും, തിരഞ്ഞെടുപ്പില്‍ ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കാനുമായി ‘താക്കോല്‍കൊണ്ട്’ (കും ക്ലാവെ) അകത്തുനിന്നും പുറത്തുനിന്നും അടച്ചുപൂട്ടി കര്‍ദിനാള്‍മാരെ പുറത്തിറക്കാതെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്ന ‘കോണ്‍ക്ലേവ്’ സമ്പ്രദായം 1274-ല്‍ ഗ്രിഗറി പത്താമന്‍ പാപ്പാ (ഊബി പെരിക്കുളും എന്ന ഭരണഘടന) ഏര്‍പ്പെടുത്തിയതിനുശേഷം നടക്കുന്ന 76-ാമത്തെ പേപ്പല്‍ തിരഞ്ഞെടുപ്പാണ് നാളെ ആരംഭിക്കുന്നത്.
മധ്യ ഇറ്റലിയിലെ ലാത്സിയോ മേഖലയിലെ വിത്തേര്‍ബോ നഗരത്തിലെ പേപ്പല്‍ കൊട്ടാരത്തില്‍ രണ്ടുവര്‍ഷവും രണ്ടുമാസവും (1268 – 1271) നീണ്ടുപോയ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് കര്‍ദിനാളോ മെത്രാനോ വൈദികനോ പോലുമല്ലാത്ത, ലിയേഷിലെ ആര്‍ച്ച്ഡീക്കന്‍ തെയോബാള്‍ഡോ വിസ്കോന്തിയെ 18 കര്‍ദിനാള്‍മാര്‍ ചേര്‍ന്ന് ഗ്രിഗറി പത്താമന്‍ എന്ന പേരില്‍ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടുപോയപ്പോള്‍ വിത്തെര്‍ബോയിലെ ജനങ്ങള്‍ കര്‍ദിനാള്‍മാരെ പേപ്പല്‍ അരമനയില്‍ അടച്ചുപൂട്ടി, വാതിലുകള്‍ മതില്‍കെട്ടി അടച്ചിട്ടാണ് 1271-ല്‍ ഫലപ്രഖ്യാപനത്തിന് കര്‍ദിനാള്‍മാരെ നിര്‍ബന്ധിച്ചത്. ചരിത്രത്തിലെ ഏറ്റവും നീണ്ടുപോയ പേപ്പല്‍ തിരഞ്ഞെടുപ്പായിരുന്നു അത്. ആ ഗ്രിഗറി പാപ്പായാണ് ഇന്നും പിന്തുടരുന്ന കോണ്‍ക്ലേവ് ചട്ടങ്ങള്‍ പ്രാഥമികമായി രൂപകല്പനചെയ്തത്.
കാനോനികമായി, ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള ഏതൊരു കത്തോലിക്ക പുരുഷനും പാപ്പായായി തിരഞ്ഞെടുക്കപ്പെടാം. കര്‍ദിനാള്‍ അല്ലാത്ത ഒരാള്‍ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും ഒടുവിലത്തെ കോണ്‍ക്ലേവ് 1378-ലേതാണ്: ഇറ്റലിയിലെ അസെരെന്സാ ആര്‍ച്ച്ബിഷപ് ബര്‍ത്തലോമിയോ പ്രിഞ്ഞാനോയാണ് അന്ന് ഊര്‍ബന്‍ ആറാമന്‍ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടത്.
കര്‍ദിനാള്‍മാരാണ് റോമിലെ മെത്രാനെ തിരഞ്ഞെടുക്കേണ്ടതെന്ന് 1059-ലെ ഇന്‍ നോമിനെ ദോമിനെ എന്ന ബൂളയിലൂടെ നിക്കൊളാസ് രണ്ടാമന് പാപ്പായാണ് ആദ്യമായി കല്പിച്ചത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടുന്നയാളാകണം പാപ്പായെന്നു നിശ്ചയിച്ചത് അലക്സാണ്ടര്‍ മൂന്നാമന് പാപ്പായാണ് – 1179ലെ ലിസെത്ത് ദെ വിത്താന്തെ എന്ന ഭരണഘടനയിലൂടെ.
രേഖാമൂലം രഹസ്യ ബാലറ്റിലൂടെ വേണം തിരഞ്ഞെടുപ്പ് നടത്താനെന്ന് നിശ്ചയിച്ചത് ഗ്രിഗറി പതിനഞ്ചാമന്‍ പാപ്പായാണ് (1904).
പാപ്പായുടെ നിര്യാണത്തോടെ പരിശുദ്ധ സിംഹാസനം ഒഴിയുമ്പോള്‍, കമെര്‍ലെംഗോ, പെനിറ്റെന്‍ഷ്യറി, റോമിലെ വികാരി എന്നിവര്‍ ഒഴികെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്, റോമിന് കൂരിയാ കോണ്ഗ്രിഗേഷന് പ്രീഫെക്റ്റുമാര് എന്നിവര്‍ ഉള്‍പ്പെടെ എല്ലാ കര്‍ദിനാള്‍മാരും സഭയുടെ കേന്ദ്രഭരണസംവിധാനത്തിലെ അധികാരപദവികളില്‍ നിന്ന് ഒഴിയണമെന്ന വ്യവസ്ഥ ഇരുപതാം നൂറ്റാണ്ടില്‍ അവതരിപ്പിച്ചത് പന്ത്രണ്ടാം പീയൂസ് പാപ്പായാണ് (1945, വക്കാന്തിസ് അപ്പൊസ്തോലിക്കെ സേദിസ്).
എണ്പതു വയസില്‍ താഴെയുള്ള കര്‍ദിനാള്‍മാര്‍ക്കു മാത്രമെ പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ എന്നു നിശ്ചയിച്ചത് പോള്‍ ആറാമന്‍ പാപ്പായാണ് (1970, ഇന്ഗ്രാവെഷെന്തെം എത്താത്തെം എന്ന മോത്തു പ്രോപ്രിയോ).
കപ്പേല്ല സിസ്തീനയില് (സിസ്റ്റീന്‍ ചാപ്പലില്‍) മിക്കലാഞ്ജലോയുടെ ജീവസ്സുറ്റ ‘അന്ത്യവിധി’ ചുമര്‍ചിത്രത്തിന്റെ മിഴിവെട്ടത്തില്‍ നടക്കുന്ന ഇരുപത്താറാമത്തെ കോണ്‍ക്ലേവാണ് നാളെ ആരംഭിക്കുന്നത്.
സിസ്റ്റീന്‍ കപ്പേളയില്‍ ആദ്യമായി കോണ്‍ക്ലേവ് നടന്നത് 1492-ലാണ്. 1878 തൊട്ടുള്ള എല്ലാ കോണ്‍ക്ലേവുകളും സിസ്റ്റീന്‍ ചാപ്പലിലാണ് നടന്നിട്ടുള്ളതെങ്കിലും അതിനു മുന്‍പ് 15 പേപ്പല്‍ തിരഞ്ഞെടുപ്പുകള്‍ റോമിനു വെളിയില്‍ നടന്നിട്ടുണ്ട്.
ചില കോണ്‍ക്ലേവുകള്‍ ഫ്രാന്‍സിലും ജര്‍മനിയിലും നടന്നിട്ടുണ്ട്. 1314-16ലെ കോണ്‍ക്ലേവ് നടന്നത് ഫ്രാന്‍സിലാണ്, 1415-17ലേത് ജര്‍മനിയിലും.
ചില കോണ്‍ക്ലേവുകള്‍ വര്‍ഷങ്ങളോളം നീണ്ടുപോയിട്ടുണ്ടെങ്കില്‍, 1503-ല്‍ ജൂലിയസ് രണ്ടാമന് പാപ്പാ തിരഞ്ഞെടുക്കപ്പെട്ടത് ഏതാനും മണിക്കൂര്‍കൊണ്ടാണ്. 2013 മാര്‍ച്ച് 13ന് ഫ്രാന്‍സിസ് പാപ്പാ തിരഞ്ഞെടുക്കപ്പെട്ടത് രണ്ടാം ദിനത്തില്‍ അഞ്ചാമത്തെ വോട്ടെടുപ്പിലാണ്.