രതീഷ് ഭജനമഠം
കേരളത്തിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിലെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖനും അനുഗ്രഹീത വചനപ്രഘേഷകനും മാതൃകാ കര്‍മ്മലീത്താ സന്ന്യാസ വൈദികനുമായിരുന്ന ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി ഒ.സി.ഡി. – ദിവംഗതനായതിന്റെ 25-ാം വാര്‍ഷികമാണിത്. പ്രവാചക തീക്ഷ്ണതയോടെ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള, കരിസ്മാറ്റിക് നവീകരണത്തിന്റെ പ്രവര്‍ത്തനം വ്യാപിക്കുവാന്‍ അക്ഷീണം പ്രയത്നിച്ച അദ്ദേഹമാണ് മഞ്ഞുമ്മല്‍ കര്‍മ്മലീത്താ സഭയുടെ മഞ്ഞുമ്മല്‍ കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തെ (സിആര്‍ഡി) കേരളക്കരയിലെ ആദ്യകത്തോലിക്കാ കരിസ്മാറ്റിക് നവീകരണപ്രേഷിത കേന്ദ്രമായി ഉയര്‍ത്തിയത്. കേരളത്തിലെ ആദ്യ കത്തോലിക്കാ ബൈബിള്‍ കണ്‍വെന്‍ഷനായ മഞ്ഞുമ്മല്‍ സുവിശേഷ മഹോത്സവം 1988ലാണ് തുടങ്ങിയത്.
കേരളസഭയുടെ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനവും പ്രാധാന്യവുമുള്ള വരാപ്പുഴ പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും നാമത്തിലുള്ള ബസിലിക്കാ ഇടവകയിലെ മുണ്ടഞ്ചേരി കുടുംബത്തിലെ ജോസഫ് – അന്ന ദമ്പതികളുടെ മകനായി 1940 ഫെബ്രുവരി 20-ന് ജനിച്ച അദ്ദേഹത്തിന്റെ ആദ്യപേര് ജോണ്‍ എന്നായിരുന്നു. ആധ്യാത്മിക പൈതൃകമുള്ള കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം ചെറുപ്രായം മുതല്‍ ആഴമായ വിശ്വാസവഴിയില്‍ വളര്‍ന്നുവന്നു.
പിതാവ് മികച്ച അധ്യാപകനായിരുന്നു. കലാപാരമ്പര്യമുള്ളതായിരുന്നു മുണ്ടഞ്ചേരി കുടുംബം. ക്രിസ്തുവിന്റെ പുരോഹിതനായി ശുശ്രൂഷയര്പ്പിക്കണമെന്ന് ആഴമായി ആഗ്രഹിച്ച ജോണ്‍, ഹൈസ്കൂള്‍ പഠനത്തെ തുടര്‍ന്ന് 1959 മാര്‍ച്ച് 18 -ന് വൈദിക പരിശീലനത്തിനായി മഞ്ഞുമ്മല്‍ കര്‍മ്മലീത്താ സന്ന്യാസസഭയുടെ എറണാകുളത്തെ യോഗാര്‍ത്ഥി ഭവനത്തില്‍ ചേര്‍ന്നു.
വൈദിക പഠനത്തിന്റെ ഭാഗമായ ലത്തീന്‍ ഭാഷ പഠനത്തെത്തുടര്‍ന്ന് കോയമ്പത്തൂര്‍ പോത്തന്നൂരിലെ ഭവനത്തില്‍ നവസന്ന്യാസ പരിശീലനം നടത്തിയ ജോണ്‍ 1960 മാര്‍ച്ച് 19ന് വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ദിനത്തില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തുകയും വ്യാകുലങ്ങളുടെ മാതാവിന്റെ സെബാസ്റ്റ്യന്‍ എന്ന സന്ന്യാസ നാമം സ്വീകരിക്കുകയും ചെയ്തു. മഞ്ഞുമ്മലിലും ആലുവായിലെ കാര്‍മ്മല്‍ഗിരി -മംഗലപ്പുഴ സെമിനാരികളിലുമായി വൈദികപഠനം പൂര്‍ത്തീകരിച്ച അദ്ദേഹം
1967 മാര്‍ച്ച് 12-ന് പൗരോഹിത്യ പദവി സ്വീകരിച്ചു.
വൈദികപരിശീലനക്കാലത്തും തന്റെ കലാപരവും സാഹിത്യപരവുമായ താലന്തുകള്‍ വളര്‍ത്തുവാന്‍ അദ്ദേഹം ശ്രമിച്ചു. ക്രിസ്തുവിന്റെ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഇടവകകളിലെ മിഷന് ധ്യാനങ്ങളിലും മറ്റ് ധ്യാനശുശ്രൂഷകളിലും സജീവമായി പങ്കെടുക്കാനും തീക്ഷ്ണതയോടെ നയിക്കാനും തുടങ്ങി. പണ്ഡിതനും അനുഗ്രഹീതനുമായ ധ്യാനഗുരുവുമായി അദ്ദേഹം അറിയപ്പെട്ടു തുടങ്ങി. ചില പ്രശ്നങ്ങള്‍ കാരണം അടച്ചിട്ടിരുന്ന കൊല്ലം രൂപതയിലെ അരിനല്ലൂര്‍ ഇടവക ദേവാലയം തുറന്ന് അവിടുത്തെ വികാരിയായി മുണ്ടഞ്ചേരിയച്ചനെ 1976-ല്‍ അന്നത്തെ കൊല്ലം ബിഷപ് ജെറോം പിതാവ് നിയമിച്ചു.
അരിനെല്ലൂരിലെ ഐ.കെ.എച്ച്. സഭയുടെ മഠത്തിന്റെ ഹോസ്പിറ്റലില്‍ താമസിച്ചുകൊണ്ടാണ് അദ്ദേഹം വൈദിക ശുശ്രൂഷകള്‍ മാതൃകാപരമായി നിര്‍വഹിച്ചതും ആ ഇടവക സമൂഹത്തെ ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോയതും. ആഴമായ വിശ്വാസജീവിതം നയിച്ചിരുന്ന അദ്ദേഹം ജെറോം പിതാവിനോടൊപ്പം കരിസ്മാറ്റിക് ധ്യാനശുശ്രൂഷകളില്‍ പങ്കെടുത്തിരുന്നു. സുവിശേഷ പ്രഘോഷണത്തിനുള്ള വലിയ ഉള്‍വിളി ലഭിച്ച അദ്ദഹം കേരളത്തിലെ ആദ്യ കരിസ്മാറ്റിക നവീകരണ പ്രസ്ഥാന നേതാക്കളില്‍ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു. തമിഴ്നാട്ടിലെ ഹനുമന്തപ്പെട്ടിയില് പ്രേഷിത പ്രവര്‍ത്തനം നടത്തിയിട്ടുള്ള അദ്ദേഹം 1987-1990 കാലത്ത് മഞ്ഞുമ്മല്‍ പ്രോവിന്സിന്റെ കൗണ്‍സലറായി സേവനം ചെയ്തിട്ടുണ്ട്.
ഭാരത കത്തോലിക്കാ സഭയിലെ തന്നെ പ്രഥമ ധ്യാനകേന്ദ്രമായി 1967-ല്‍ മഞ്ഞുമ്മല്‍ കര്‍മ്മലീത്താ സന്ന്യാസസഭ, മഞ്ഞുമ്മലില്‍ ആരംഭിച്ച കാര്‍മ്മല്‍ റിട്രീറ്റ് സെന്ററിന്റെ (സി.ആര്.സി) ഡയറക്ടര്‍ എന്ന ശുശ്രൂഷയില്‍ സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരിയച്ചന് 12 വര്‍ഷക്കാലം അതിതീക്ഷ്ണതയോടെ സേവനശുശ്രൂഷയര്പ്പിച്ചു. പാവങ്ങളും നിന്ദിതരും അവഗണിക്കപ്പെട്ടവരും ചൂഷിതരുമായ ജനവിഭാഗങ്ങള്‍ക്ക് ഒപ്പം എന്നും നിന്നിട്ടുള്ള മഞ്ഞുമ്മല്സഭ, വിശ്വാസിസമൂഹത്തിന്റെ ആത്മീയ നവോത്ഥാനത്തിനായും സാധാരണക്കാരായ തൊഴിലാളി സമൂഹത്തിന്റെ നീതിക്കും ക്ഷേമത്തിനുമായാണ് മഞ്ഞുമ്മല്‍ ധ്യാനകേന്ദ്രം, കാര്‍മ്മല്‍ റിട്രീറ്റ് കെ വര്‍ക്കേഴ്സ് സെന്റര്‍ എന്ന നാമത്തില്‍ മഞ്ഞുമ്മല്‍ ആശ്രമദൈവാലയത്തിന് മുന്‍ഭാഗത്ത് വലതുവശത്തായി
ആരംഭിച്ചത്.
മഞ്ഞുമ്മലിന് അടുത്തുള്ള ഏലൂര്‍-കളമശ്ശേരി പ്രദേശങ്ങളില്‍ ഫാക്ട്, ടി,സി.സി., ഐ.എ.സി., പ്രീമിയര്‍ ടയേഴ്സ്, എച്ച്.എം.ടി., ഗ്ലാസ് ഫാക്ടറി, എച്ച്.ഐ.എല്‍ – തുടങ്ങിയ വന്‍കിട തൊഴില്‍ സ്ഥാപനങ്ങള്‍ സ്ഥാപിതമായി ഒരു വലിയ വ്യവസായമേഖലയായി മാറി. അവിടുത്തെ തൊഴിലാളികളുടെ ആധ്യാത്മിക-സാമൂഹിക ഉന്നമനത്തിനായും അവര്‍ക്ക് ഒരുമിച്ച് കൂടാനും അവരുടെ ക്ഷേമത്തിനും മറ്റുമായാണ് ക്രാന്തദര്‍ശികളായ ഫാ.ജെറോം പയ്യപ്പിള്ളി ഒ.സി.ഡി., ഫാ. ഫ്രാന്‍സിസ് ഗ്രിഗറി അച്ചാരുപറമ്പില്‍ ഒ.സി.ഡി., എന്നീ വൈദികശ്രേഷ്ഠരുടെ നിതാന്ത പരിശ്രമഫലമായി മഞ്ഞുമ്മല്‍ ധ്യാനകേന്ദ്രം ആരംഭിച്ചത്. തൊഴിലാളികള്‍ക്കുള്ള ആത്മീയകൂട്ടായ്മകള്ക്കും ശുശ്രൂഷകള്‍ക്കും ഉപരിയായി ജാതിമതഭേദം കൂടാതെ എല്ലാ തൊഴിലാളികള്‍ക്കും സംഘടിക്കാനും ഒരുമിച്ചു കൂടാനും അവര്‍ക്കായുള്ള സെമിനാറുകളും പഠനക്ലാസുകളും സമ്മേളനങ്ങളും മറ്റും നടത്താനുള്ള ഒരു വേദിയായാണ് മഞ്ഞുമ്മല്‍ ധ്യാനകേന്ദ്രം മാതൃക – സാമൂഹിക പ്രവര്‍ത്തകനായ ജെറോം പയ്യപ്പിള്ളിയച്ചന് ആരംഭിച്ചത്. ഏകാന്തധ്യാനം, പഠനക്ലാസുകള്‍, ക്യാമ്പുകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, സാഹിത്യശില്പശാലകള് – തുടങ്ങിയവ അക്കാലത്ത് ഇവിടെവച്ച് നടന്നിരുന്നു. 1972-ല്‍ ഇവിടെവച്ച് നടന്ന മരിയന്‍ സൊഡാലിറ്റിയുടെ ദേശീയ സെമിനാര്‍ ആ കാലത്തെ ഒരു പ്രധാന പരിപാടിയായിരുന്നു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടത്തെ പിഒസി – ആരംഭഘട്ടത്ത് സിആര്സിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
സിആര്‍സിയുടെ ഡയറക്ടര്‍ എന്ന നിലയില്‍ കേരളമെമ്പാടും കരിസ്മാറ്റിക് പ്രസ്ഥാനം വളര്‍ത്തുവാനും പ്രചരിപ്പിക്കുവാനും മുണ്ടഞ്ചേരിയച്ചന് വലിയ പങ്കാണ് വഹിച്ചത്. കേരളത്തിലെ ആദ്യ കരിസ്മാറ്റിക് നവീകരണകേന്ദ്രമായിസിആര്സിയെ ഉയര്‍ത്തുവാന്‍ അദ്ദേഹം നിതാന്ത പരിശ്രമങ്ങളാണ് നടത്തിയത്. ആദ്യകാലത്ത് കത്തോലിക്കാ പാരമ്പര്യശൈലിയിലുള്ള ധ്യാനശുശ്രൂഷകള്‍ നടന്നിരുന്ന ഇവിടെ കരിസ്മാറ്റിക് നവീകരണ ധ്യാനങ്ങള്‍ അദ്ദേഹമാണ് ആരംഭിച്ചത്.
കരിസ്മാറ്റിക നവീകരണത്തിന്റെ ആദ്യകാല സമ്മേളനങ്ങളും മറ്റും ഇവിടെയാണ് നടന്നിരുന്നത്. ഭാരതത്തിലെ ആ കാലത്തെ പ്രധാന കരിസ്മാറ്റിക നവീകരണ നേതാക്കളായിരുന്ന ബിഷപ് ഡോ. ജെറോം ഫെര്‍ണാണ്ടസ്, ഫാ. ജെയിംസ് ഡിസ്സുസ, ഫാ. റൂഫസ് പെരേര, ഫാ. മര്സലിന് ഇറാഗ്വി ഒ.സി.ഡി – തുടങ്ങിയവര്‍ ഇവിടെ മിക്കപ്പോഴും വരുമായിരുന്നു. കേരളക്കരയിലെ ആദ്യകാല കരിസ്മാറ്റിക് അല്മായ പ്രേഷിതശുശ്രൂഷകരുടെ രൂപീകരണത്തിനായുള്ള പ്രാര്‍ഥനാശുശ്രൂഷകളും പഠനക്ലാസുകളും മറ്റും ഇവിടെവച്ച് നടത്തിയിരുന്നു. കേരളകരിസ്മാറ്റിമാറ്റിക് നേതാക്കളുടെ പ്രഥമ തിരഞ്ഞെടുപ്പ് മീറ്റിംഗ് നടന്നതും ആദ്യ നേതാക്കള്‍ തിരഞ്ഞെടുക്കപ്പെട്ടവും ഇവിടവച്ചായിരുന്നു. ഇന്ന് കേരളക്കരയിലെ ചില ധ്യാനകേന്ദ്രങ്ങളിലും ശുശ്രൂഷ ചെയ്യുന്ന നിരവധിയായ വൈദികരുടെയും സന്ന്യസ്തരുടെയും അല്മായരുടെയും രൂപീകരണത്തിലും ആത്മീയ വളര്‍ച്ചയിലും അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. ആദ്യകാല കരിസ്മാറ്റിക് പ്രേഷിതര്‍ വളര്‍ന്നത് സി.ആര്.സി.യിലൂടെയാണ്. കേരള കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ കേന്ദ്രമായ കളമശ്ശേരി കെഎസ്ടിഎ ആരംഭിക്കുന്നതിന് മുമ്പ് കരിസ്മാറ്റിക് പ്രേഷിതര്‍ ആരംഭഘട്ടത്തില്‍ ഒത്തുചേര്‍ന്നിരുന്നത് സിആര്സിയിലായിരുന്നു. ഏലിയാ പ്രവാചകനെപ്പോലെ ദൈവത്തിലുള്ള തീക്ഷ്ണതയില്‍ കത്തിജ്വലിച്ചിരുന്ന മാതൃക കര്മ്മലീത്തനായ അദ്ദേഹത്തിന്റെ വചനപ്രഘോഷണങ്ങള്‍ വിശ്വാസികളുടെ ഹൃദയത്തില്‍ ആഴമായി പതിച്ചിരുന്നു. പാവനജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ വചനശുശ്രൂഷകളും ആഴമായ പ്രാര്‍ഥനകളും വഴി സര്‍വശക്തനായ ദൈവം അനേകര്‍ക്ക് മാനസാന്തരവും ബന്ധനങ്ങളില്‍ നിന്നുള്ള മോചനവും അദ്ഭുതരോഗസൗഖ്യവും പരിശുദ്ധാത്മാവിന്റെ അഭിഷേകവും ഫലങ്ങളും ദാനങ്ങളും നല്കി അനുഗ്രഹിച്ചിരുന്നു. ആരംഭഘട്ടത്ത് സിആര്‍സിയില്‍ ക്രമമായി ധ്യാനങ്ങള്‍ ഇല്ലായിരുന്നു. അദ്ദേഹമാണ് ഇവിടെ മുഴുവന്‍സമയ കരിസ്റ്റ്മാറ്റിക് ധ്യാനശുശ്രൂഷകള്‍ ആരംഭിച്ചത്.
കേരള കത്തോലിക്കാ സഭയിലെ ആദ്യ ബൈബിള്‍ കണ്വെന്ഷന് തുടക്കം കുറിച്ചതും മുണ്ടഞ്ചേരിയച്ചനാണ്. അകത്തോലിക്കാ സഭാവിഭാഗങ്ങളില്‍ നടത്തപ്പെട്ടിരുന്ന ബൈബിള്‍ കണ്വെന്റുകളുടെ രീതിയില്‍ കത്തോലിക്കാ സഭയിലും വചനപ്രഘോഷണ കണ്വെന്ഷന് ആരംഭിക്കണമെന്ന് അദ്ദേഹം ആഴമായി ആഗ്രഹിച്ചതിന്റെ ഫലമായാണ് കേരളത്തിലെ ആദ്യ കത്തോലിക്കാ ബൈബിള്‍ കണ്‍വെന്‍ഷനായ മഞ്ഞുമ്മല്‍ സുവിശേഷ മഹോത്സവം 1988-ല്‍ തുടങ്ങിയത്. മാര്‍ത്തോമസഭയുടെ ഏറെ പ്രസിദ്ധമായ മാരാമണ്‍ കണ്വെന്ഷന് നടക്കുന്ന വേദി അദ്ദേഹവും ചില അല്മായരും ചേര്‍ന്ന് സന്ദര്‍ശിച്ച് അവിടത്തെ ഒരുക്കങ്ങളും രീതികളും സൂക്ഷ്മതയോടെ മനസ്സിലാക്കി. ആദ്യം മഞ്ഞുമ്മല്‍ സുവിശേഷ മഹോത്സവം നടന്ന 1988- ആഗോളസഭ മരിയന്‍ വര്‍ഷമായി പ്രഖ്യാപിച്ച വര്‍ഷമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരങ്ങള്‍ പങ്കെടുത്ത സുവിശേഷ മഹോത്സവം അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വത്തിലുള്ള വലിയ ഒരുക്കത്തോടെ വിപുലമായ രീതിയിലാണ് നടത്തിയിരുന്നത്. മഹാജൂബിലി 2000-ത്തോടെ സകലജനപഥങ്ങള്ക്കും സുവിശേഷം എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ ആഹ്വാനത്തോടെ 1990 മുതല്‍ 2000 വരെയുള്ള പത്ത് വര്‍ഷക്കാലം സുവിശേഷദശകമായി തിരുസഭ പ്രഖ്യാപിച്ചു. അതാണ് മഞ്ഞുമ്മല്‍ സുവിശേഷ മഹോത്സവം നടത്തുവാന്‍ നടത്താന്‍ കാരണമായത്. 1990-2000 കാലഘട്ടത്തില്‍ മഞ്ഞുമ്മലില്‍ സുവിശേഷ മഹോത്സവം ഏറെ വിപുലമായ രീതിയില്‍ നടന്നു. അക്കാലത്ത് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മഹോത്സവം പകലാണ് നടന്നിരുന്നത്. പില്ക്കാലത്താണ് വൈകുന്നേരമാക്കിയത്. മാസാദ്യരാത്രി ജാഗരണപ്രാര്ഥനകള്, പ്രാര്ഥനാനുഭവ ധ്യാനങ്ങള്‍, താമസിച്ചുകൊണ്ടുള്ള ധ്യാനങ്ങള്‍, ഇടവകധ്യാനങ്ങള്‍, വൈദികര്‍ക്കും സന്ന്യസ്തര്ക്കുമുള്ള ധ്യാനങ്ങള്‍ നേതൃത്വ പരിശീലനങ്ങള്‍, ബൈബിള്‍ പഠനക്ലാസ്സുകള്‍ – തുടങ്ങിയവ അദ്ദേഹം സിആര്‍സിയില്‍ ആരംഭിച്ച് നേതൃത്വം
നല്കിവന്നു.
2000-ത്തില്‍ മുണ്ടഞ്ചേരിയച്ചന് മരണമടഞ്ഞതിനെ തുടര്‍ന്ന് കുറച്ചുകാലത്തേക്ക് സുവിശേഷ മഹോത്സവം സിആര്‍സിയിലെ സുവിശേഷശാന്തി മന്ദിരത്തിലാണ് നടത്തിയിരുന്നത്. ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ ഒസിഡി, സിആര്‍സി – ഡയറക്ടറും ഫാ. വര്‍ഗീസ് കണിച്ചുകാട്ട് ഒസിഡി – മഞ്ഞുമ്മല്‍ ആശ്രമദേവാലയ ഇടവക വികാരിയുമായിരിക്കേ 2016 – ല്‍ സുവിശേഷ മഹോത്സവം പഴയരീതിയില്‍ വിപുലമായി ദേവാലയങ്കണത്തില്‍ നടത്തപ്പെട്ടു. പിന്നീട് അതുപോലെ തുടര്‍ന്നും നടത്തുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ ലൈനായും മഞ്ഞുമ്മല്‍ തിരുനാളുമായി ബന്ധപ്പെട്ടുമാണ് സുവിശേഷ മഹോത്സവം നടത്തിയിരുന്നത്.
ഫാ. അഗസ്റ്റിന് പുതിയക്കുളങ്ങര ഒസിഡിയാണ് സിആര്‍സിയുടെ ഇപ്പോഴത്തെ ഡയറക്ടര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സുവിശേഷ മഹോത്സവം മഞ്ഞുമ്മല്‍ പള്ളി മൈതാനത്തുവച്ച് 2024-ല്‍ വിപുലമായ രീതിയില്‍ പുനരാരംഭിച്ചു.
അനുഗ്രഹീതനും തീക്ഷ്ണമതിയുമായ വചനപ്രഘോഷകന്, ഗാനരചയിതാവ്, ഗായകന്, മാതൃക മരിയഭക്തന് – തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായിരുന്ന മുണ്ടഞ്ചേരിയച്ചന്റെ ജനങ്ങളുടെ പ്രകാശം എന്ന കാസറ്റിലെ ഭക്തിഗാനങ്ങള്‍ക്ക് കെ.സി.ബി.സിയുടെ അംഗീകാരവും ലഭിച്ചു. വിശ്വാസികളെ ആഴമായ ദൈവാനുഭവത്തിലേക്ക് നയിക്കുന്ന ഗാനങ്ങള്‍ എഴുതിയിരുന്നത് രാത്രികാലങ്ങളില്‍ കുരിശിന്‍ചുവട്ടില്‍ മുട്ടിന്മേല് നിന്നായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ സാക്ഷ്യം. സിആര്‍സിയിലെ ശുശ്രൂഷകളെ തുടര്‍ന്ന് 1997-ല്‍ കൊച്ചിയിലെ പെരുമ്പടപ്പ് തിരുക്കുടുംബ കര്‍മ്മലീത്താ ആശ്രമത്തില്‍ നിയമിതനായ അദ്ദേഹം അവിടെയും ധ്യാനകേന്ദ്രവും വചനപ്രഘോഷണ ശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും ആരംഭിച്ചു. പെരുമ്പടപ്പിലെ ധ്യാനകേന്ദ്രത്തിന് ‘കാര്‍മ്മല്‍ ഇവാഞ്ചലൈസേഷന്‍ സെന്റര്‍’ എന്ന പേരു നല്‍കിയത് അന്നത്തെ കൊച്ചി ബിഷപ്പായിരുന്ന ജോസഫ് കുരീത്തറ പിതാവാണ്. തുടര്‍ന്ന് 1999-ല്‍ കോട്ടയം നല്ലയിടയന് ആശ്രമശ്രേഷ്ഠനായും ഇടവക വികാരിയായും നിയമിതനായി അദ്ദേഹം അവിടെയും ധ്യാനശശ്രൂഷകള് ആരംഭിച്ചു. കോട്ടയം ആശ്രമാംഗമായിരുന്ന ഫാ. മൈക്കള്‍ കളത്തിലിന്റെ സഹോദരന്റെ മരണവാര്‍ത്തയറിഞ്ഞ് ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരിയും സഹവികാരി ഫാ.ആന്റണി കൊടുവേലിപറമ്പിലും ഏതാനു അല്മായ സഹോദരും 2000 ജൂണ്‍ 16-ന് വൈകീട്ട് ജീപ്പില്‍ മാളപള്ളിപ്പുറത്തെ മരണവീട്ടിലേക്ക് പോയി.
തുടര്‍ന്ന് തിരിച്ചുവരും വഴി ജൂണ്‍ 17-ന് അതിരാവിലെ നീലിമംഗലം പാലത്തിനടുത്ത വച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനത്തിന്റെ അടിയില്‍പ്പെട്ട് ആകര്മ്മലീത്താ വൈദികശ്രേഷ്ഠര്‍ ദിവംഗതരായി ദൈവതിരുസന്നിധിയിലേക്ക് യാത്രയായി. അനേകം വിശ്വാസികളുടെ സാന്നിധ്യത്തില്‍ സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരിയച്ചന്റെ സംസ്കാര ശുശ്രൂഷ മഞ്ഞുമ്മല്‍ ആശ്രമദേവാലയത്തില് വച്ച് ആര്‍ച്ച്ബിഷപ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ പിതാവിന്റെയും ബിഷപ് ഫ്രാന്‍സിസ് കല്ലറക്കല്‍ പിതാവിന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു.
കേരള കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് നവീകരണത്തിന്റെ ആരംഭകനും തീക്ഷ്ണമതിയായ പ്രചാരകനുമായിരുന്ന മുണ്ടഞ്ചേരിയച്ചന് ദിവംഗതനായതിന്റെ രജതജൂബിലി അനുസ്മരിക്കുന്ന 2025 ജൂബിലി വര്‍ഷത്തെ മഞ്ഞുമ്മല്‍ സുവിശേഷ മഹോത്സവം മെയ് 7 മുതല്‍ 11 വരെയാണ്.
മാതൃകരങ്ങളില്‍, സുവിശേഷസൗഖ്യം, ജനതകള്‍ക്ക് പ്രകാശം, സുവിശേഷശാന്തി, സുവിശേഷ ഭജനകള്‍, ധ്യാനഗീതങ്ങള് എന്നീ ക്രിസ്തീയ ഭക്തിഗാന കസറ്റുകളിലെ ധ്യാനാത്മകമായ ഗാനങ്ങള്‍ മുണ്ടഞ്ചേരിയച്ചന് എഴുതിയതാണ്. പാപബോധവും പശ്ചാത്താപവും, മറിയത്തോടൊത്തു ധ്യാനിച്ചിടാം, എല്ലാം നന്മയ്ക്കായ്, സോദരര്‍ നമ്മെളെല്ലാം, കര്ത്താവിന് വേലയ്ക്കായ്, വിനീത ഹൃദയനാം യേശുവേ, യേശുവിനെ കണ്ടു ഞാന്‍, മാപ്പും പൊറുതിയും, തിരുമുമ്പില്‍ നില്ക്കുന്നു,
സുവിശേഷ വചനം, ആരാധന നന്ദി സ്തുതി ദൈവമേ, എന്തേ എന്‍ ദൈവമേ, ആത്മാവില്‍ നിറഞ്ഞു ഞാന്‍, മഞ്ഞുമ്മല്‍ മഹോത്സവത്തെ, കരയുന്ന കണ്ണുകളില്‍ തുടങ്ങിയ നൂറുകണക്കിന് ആഴവും ധ്യാനാത്മകവുമായ ഭക്തിഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.