വത്തിക്കാന്‍ സിറ്റി: നിത്യതയിലേക്ക് കടന്നു പോയ ഫ്രാന്‍സിസ് പാപ്പായോടുള്ള ജനങ്ങളുടെ സ്നേഹത്തിനും, വാത്സല്യത്തിനും നാം ഈ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചുവെന്ന് കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ ജോവാന്നി ബാത്തിസ്ത്ത റേ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പായുടെ ജീവിതത്തിലെ അനശ്വരമായ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് സംസ്കാര ശുശ്രൂഷയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. എത്രമാത്രം ആളുകളുടെ ഹൃദയത്തെയും മനസിനെയും ഫ്രാന്‍സിസ് പാപ്പ സ്പര്ശിച്ചുവെന്നതിനു തെളിവാണിത്. യേശുവിന്റെ ഉത്ഥാനത്തിരുനാള്‍ ദിവസം, തന്റെ ശാരീരികമായ ഗുരുതര അവസ്ഥ കണക്കാക്കാതെ വത്തിക്കാന്‍ ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട്, നമുക്ക് നല്കിയ ആശീര്‍വാദവും, തുടര്‍ന്ന് വത്തിക്കാന്‍ ചത്വരത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തതും, ഇപ്പോഴും സ്നേഹമസൃണമായ ഒരു ഓര്‍മ്മയായി നിലനില്ക്കുന്നുവെന്നു കര്‍ദിനാള്‍ ജോവാന്നി സ്മരിച്ചു.
അനശ്വര സന്തോഷത്തിലേക്ക് ഫ്രാന്‍സിസ് പാപ്പായെ ദൈവം സ്വീകരിക്കുന്നതിനായി അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാം. തുടര്‍ന്ന് വചനഭാഗത്തില്‍ ശ്രവിച്ച, യേശുവിന്റെ പത്രോസിനോടുള്ള ചോദ്യങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ട് അദ്ദേഹം തുടര്‍ന്നു. ‘പത്രോസേ, നീ ഇവരെക്കാള്‍ എന്നെ സ്നേഹിക്കുന്നുണ്ടോ?’ എന്ന യേശുവിന്റെ ചോദ്യത്തിന്, പത്രോസ് നല്കിയ മറുപടി നൈസ്സര്‍ഗ്ഗികവും, ആത്മാര്‍ത്ഥവുമായിരുന്നു. ‘കര്‍ത്താവേ, നീ എല്ലാം അറിയുന്നു; ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമല്ലോ!’ എന്ന പത്രോസിന്റെ മറുപടിക്ക് യേശു നല്കുന്ന മറുപടി തന്റെ ആടുകളെ മേയിക്കുക എന്നതായിരുന്നു. ‘സേവിക്കപ്പെടാനല്ല, സേവിക്കാനും എല്ലാവര്‍ക്കുമായി തന്റെ ജീവന് മറുവിലയായി നല്‍കാനും വന്ന’ യേശുവിന്റെ അതേ സേവന മാതൃക തുടരുകയെന്നതാണ്, പത്രോസിന്റെ പിന്‍ഗാമികളുടെയും ദൗത്യം. ഈ ദൗത്യം അഭംഗുരം തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പാ. അവസാന നാളുകളില്‍ വേദനയുടെ നിമിഷങ്ങളില്‍ പോലും അദ്ദേഹം ആത്മദാനത്തിന്റെ ഈ പാത പിന്തുടര്ന്നു.
ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഫ്രാന്‍സിസ് എന്ന പേര് തന്റെ ജീവിതശൈലിക്ക് ഉതകും വിധം തിരഞ്ഞെടുക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ ആഗ്രഹിച്ചത്, അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ആത്മാവില്‍ നിന്നുള്ള പ്രചോദനം തന്റെ ജീവിതത്തിന്റെ അടിസ്ഥാനമാക്കുവാനുള്ള തീരുമാനമായിരുന്നതുകൊണ്ടാണ്.
ഏറ്റവും ചെറിയവര്‍ക്കായി, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി തുറന്ന മനസോടെ തന്റെ ജീവിതത്തില്‍ സ്ഥാനം നല്കിയ പാപ്പായാണ് ഫ്രാന്‍സിസ്. സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന നവമായ മാറ്റങ്ങളിലും, പരിശുദ്ധാത്മാവ് സഭയില്‍ പ്രചോദിപ്പിക്കുന്ന കാര്യങ്ങളിലും ഏറെ ശ്രദ്ധപുലര്‍ത്തുകയും ചെയ്തു. തന്റെ സ്വതസിദ്ധമായ ഭാഷയില്‍, ആധുനിക ലോകത്തെ പ്രശ്നങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിനും, വെല്ലുവിളികളുടേയും വൈരുദ്ധ്യങ്ങളുടേയും നടുവില്‍ ക്രിസ്ത്യാനികളായി ജീവിക്കുന്നതിനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തുവെന്നത്, വലിയ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്.
സഭയില്‍ നിന്നു അകന്നു കഴിയുന്നവരെ പോലും ഔപചാരികത ഇല്ലാതെ അഭിസംബോധന ചെയ്യുവാന്‍ ഫ്രാന്‍സിസ് പാപ്പാ ശ്രദ്ധിച്ചിരുന്നു. ആഗോളവല്‍ക്കരണ കാലത്തെ ഉത്കണ്ഠകളും കഷ്ടപ്പാടുകളും പ്രതീക്ഷകളും പങ്കിടുവാനും, ദുരിതങ്ങളോട് സംവേദനക്ഷമതയോടെ പ്രതികരിക്കുവാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അനേകര്‍ക്ക്, ആശ്വാസവും പ്രോത്സാഹനവും പ്രദാനം ചെയ്തിട്ടുണ്ട്.
സഭ എല്ലാവരുടെയും ഭവനമാണ്; എല്ലായ്പ്പോഴും തുറന്നിരിക്കുന്ന വാതിലുകളുള്ള ഒരു വീടെന്ന ഫ്രാന്‍സിസ് പാപ്പായുടെ ബോധ്യമാണ് സഭയെ ഒരു പ്രവര്‍ത്തനരംഗ ആതുരാലയം എന്ന് വിശേഷിപ്പിക്കുവാന്‍ പ്രചോദനം നല്‍കിയത്. എല്ലാ വിധ വിഭാഗീയതകള്‍ക്കും അതീതമായി എല്ലാവരുടെയും മുറിവുകള്‍ ഉണക്കുവാന്‍ സഭയ്ക്കുള്ള കടമയെപ്പറ്റിയും ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിച്ചിരുന്നു. അനേകം കുടിയേറ്റക്കാരുടെ ജീവന് അപഹരിച്ച ഇറ്റലിയിലെ ലാംബെദൂസ ദ്വീപിലേക്കുള്ള ഫ്രാന്‍സിസ് പാപ്പായുടെ ആദ്യ അപ്പസ്തോലിക യാത്രയും, എക്യൂമെനിക്കല്‍ സൗഹൃദങ്ങളും, മെക്സിക്കോയും അമേരിക്കയും തമ്മിലുള്ള അതിര്‍ത്തിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതുമെല്ലാം, ഫ്രാന്‍സിസ് പാപ്പായുടെ ജീവിതത്തില്‍ അദ്ദേഹം ഉള്‍ക്കൊണ്ട സാര്‍വ്വത്രികതയുടെ അടയാളമാണെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
2021 ല്‍ ഇറാഖിലേക്ക് എല്ലാ അപകടസാധ്യതകളും മറികടന്ന് അപ്പസ്തോലിക യാത്ര നടത്തിയത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇസ്ലാമിക്ക് സ്റ്റേറ്റ് തീവ്രവാദികളുടെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വളരെയധികം ദുരിതമനുഭവിച്ച ഇറാഖി ജനതയുടെ മുറിവുകളില്‍ മരുന്ന് പകരുന്നതായിരുന്നു പാപ്പായുടെ സന്ദര്‍ശനം. ഏഷ്യ-ഓഷ്യാനിയയിലെ നാല് രാജ്യങ്ങളിലേക്കുള്ള 2024 ലെ അപ്പസ്തോലിക സന്ദര്‍ശനത്തോടെ, ലോകത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കു കടന്നുചെല്ലുവാനുള്ള ഫ്രാന്‍സിസ് പാപ്പായുടെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെട്ടു.
ദൈവകരുണയുടെ പ്രവാചകനായിരുന്ന ഫ്രാന്‍സിസ് പാപ്പാ. നമ്മോട് ക്ഷമിക്കുന്നതില്‍ ദൈവം ഒരിക്കലും മടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട്, നിരവധി തവണ കരുണയുടെ സുവിശേഷം ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് അദ്ദേഹം പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതാണ് കരുണയുടെ അസാധാരണ ജൂബിലി വര്‍ഷം പ്രഖ്യാപിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സുവിശേഷത്തിന്റെ കാരുണ്യവും സന്തോഷവും ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശങ്ങളില്‍ എപ്പോഴും ഉള്‍ച്ചേര്‍ന്നിരുന്ന രണ്ടു പദങ്ങളാണ്.
‘വലിച്ചെറിയുന്ന സംസ്കാരം’ എന്ന അവസ്ഥയ്ക്ക് പകരം കണ്ടുമുട്ടലിന്റെയും, ഐക്യദാര്‍ഢ്യത്തിന്റെയും സംസ്കാരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സഹോദര്യത്തെ പറ്റിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനയ്ക്ക് അദ്ദേഹത്തെ പ്രചോദിപ്പിച്ചു. നാമെല്ലാവരും സ്വര്‍ഗത്തിലുള്ള ഒരേ പിതാവിന്റെ മക്കളാണെന്നു ഓര്‍മ്മപെടുത്തിക്കൊണ്ട്, മാനവിക സാഹോദര്യം ഊട്ടിയുറപ്പിക്കുവാന്‍ പാപ്പാ എപ്പോഴും എല്ലാവരെയും ആഹ്വാനം ചെയ്തിരുന്നു. തന്റെ ലൗദാത്തോ സി എന്ന ചാക്രികലേഖനത്തില്‍, പൊതുഭവനത്തെ സംരക്ഷിക്കുവാനുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്വത്തെ എടുത്തു പറഞ്ഞുകൊണ്ട് പാപ്പാ പറയുന്നത്, ആരും തനിയെ രക്ഷപെടുന്നില്ല എന്നാണ്.
മനുഷ്യത്വരഹിതമായ ഭീകരതകളും എണ്ണമറ്റ മരണങ്ങളും അടയാളപ്പെടുത്തിയ നിരവധി യുദ്ധങ്ങളുടെ പാശ്ചാത്തലത്തില്‍ നിരന്തരം സമാധാനത്തിനായി ശബ്ദമുയര്‍ത്തുകയും, സാധ്യമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ യുക്തിസഹവും , സത്യസന്ധവുമായ കൂടിയാലോചനകള്‍ ആസൂത്രണം ചെയ്തത് ഫ്രാന്‍സിസ് പാപ്പായുടെ വിശാല മനസിനെ വ്യക്തമാക്കുന്നു. ‘മതിലുകളല്ല പാലങ്ങള്‍ പണിയുക’ എന്നത് അദ്ദേഹം പലതവണ ആവര്‍ത്തിച്ച ഒരു ഉദ്ബോധനമാണ്. വിശ്വാസത്തിന്റെ സേവനം എല്ലായ്പ്പോഴും മനുഷ്യസേവനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.
‘എനിക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ മറക്കരുതേ’ എന്നു പറഞ്ഞാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ പ്രസംഗങ്ങളും യോഗങ്ങളും അവസാനിപ്പിക്കുന്നത്. പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പാ, ഇപ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി അങ്ങ് പ്രാര്‍ഥിക്കണമേ എന്നാണ് തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് കര്‍ദിനാള്‍ തന്റെ സന്ദേശം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു.
ഫ്രാന്‍സിസ് പാപ്പായുടെ സംസ്കാര ചടങ്ങുകളില്‍ സംബന്ധിക്കുന്നതിനായി വിവിധ ലോകനേതാക്കള്‍ വത്തിക്കാനിലെത്തിയിരുന്നു. അന്‍പതോളം രാഷ്ട്രത്തലവന്മാരും, പത്തോളം ഭരണത്തലവന്മാരും ഉണ്ടായിരുന്നു. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, അമേരിക്കന്‍ രാഷ്ട്രപതി ഡൊണാള്‍ഡ് ട്രംപ്, ഫ്രഞ്ച് രാഷ്ട്രപതി ഇമ്മാനുവേല്‍ മാക്രോണ്‍ എന്നിവര്‍ പാപ്പായ്ക്ക് ഉപചാരമര്പ്പിക്കാന് എത്തിച്ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനൊപ്പം, കേന്ദ്ര പാര്‍ലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു, ന്യൂനപക്ഷ കാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോര്‍ജ് കുര്യന്, ഗോവ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ജോഷ്വ ഡി സൂസ എന്നിവരും എത്തിച്ചേര്‍ന്നിരുന്നു.
ഫ്രാന്‍സിസ് പാപ്പയുടെ സംസ്കാരം റോമിലെ സെന്റ് മേരീസ് മേജര്‍ ബസിലിക്കയിലാണ് നടത്തിയത്. മൃതസംസ്കാര ചടങ്ങിനുള്ള ഒരുക്കമായി ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി എട്ടിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പ്രാര്‍ത്ഥനകള്‍ക്കിടെ കാമര്‍ലെംഗോ കര്‍ദ്ദിനാള്‍ കെവിന് ഫാരെല്‍ മൃതദേഹപേടകം അടച്ചു.
സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം ഭൗതികദേഹം വിലാപയാത്രയായി റോമിലെ പരിശുദ്ധ കന്യാകാമറിയത്തിന്റെ വലിയ പള്ളിയിലേക്ക് കൊണ്ടുപോയി. റികണ്‍സിലിയേഷന്‍ റോഡ്, വിക്ടര്‍ ഇമ്മാനുവല്‍ പാലം, വിക്ടര്‍ ഇമ്മാനുവല്‍ കോഴ്സ്, വെനീസ് ചത്വരം, റോമന്‍ ഫോറം, കൊളോസിയം, ലാബിക്കാന റോഡ്, മെരുളാന റോഡ് വഴിയാണ് വിലാപയാത്ര കടന്നുപോയത്. വീഥികള്‍ക്കിരുവശവും ജനങ്ങള്‍ തിങ്ങിക്കൂടി പരിശുദ്ധ പിതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പാപ്പായുടെ ആഗ്രഹം പോലെ കബറടക്കം ലളിതവും സ്വകാര്യവുമായ ചടങ്ങായിരുന്നു. അമ്പതോളം പേര് മാത്രമേ സെന്റ് മേരീസ് മേജര്‍ ബസിലിക്ക പള്ളിയ്ക്കകത്തെ സംസ്കാരകര്മത്തില് സംബന്ധിച്ചുള്ളൂ.
ഫ്രാന്‍സിസ് പാപ്പയ്ക്കു വിടചൊല്ലാന്‍ ലോകമെങ്ങും നിന്നുള്ള നേതാക്കളും വിശ്വാസികളും വത്തിക്കാനിലേക്കു പ്രവഹിച്ചിരുന്നു. സംസ്കാരശുശ്രൂഷയില്‍ പങ്കെടുക്കാനായി ഇന്നലെ അര്‍ധരാത്രിയില്‍ത്തന്നെ ആളുകള്‍ ക്യൂവില്‍ നിരന്നുകഴിഞ്ഞിരുന്നു. 170 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ പങ്കെടുത്തു.