ബോധപൂര്‍വമായ ഇടപെടലെന്ന് ആരോപണം
കൊച്ചി: കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീയും പ്രഥമ സന്ന്യാസിനീസമൂഹമായ നിഷ്പാദുക കര്‍മലീത്താ മൂന്നാം സഭയുടെ (ടിഒസിഡി) സ്ഥാപികയുമായ ധന്യ മദര്‍ ഏലീശ്വ വാകയിലിനെ വാഴ്ത്തപ്പെട്ടവരുടെ ശ്രേണിയിലേക്ക് ഉയര്‍ത്തുന്നതിനു മുന്നോടിയായി ധന്യയുടെ മാധ്യസ്ഥ്യത്തില്‍ നടന്ന അദ്ഭുതം വത്തിക്കാന്‍ സ്ഥിരീകരിച്ചതു സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ മുഖപത്രമായ ദീപികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ സത്യവിരുദ്ധ വ്യാഖ്യാനത്തിനെതിരെ സിറ്റിസി സന്ന്യാസിനീ സഭയുടെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷഹില സിറ്റിസി കേരളത്തിലെ എല്ലാ മെത്രാന്മാര്ക്കും പരാതി അയച്ചു. പരിശുദ്ധ കന്യകമറിയത്തിന്റെ മദര്‍ ഏലീശ്വായുടെ മാധ്യസ്ഥ്യത്തില്‍ നടന്ന അദ്ഭുതം സ്ഥിരീകരിക്കുന്ന ഡിക്രി പരസ്യപ്പെടുത്താന്‍ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ച്ചെല്ലോ സെമരാരോയ്ക്ക് അനുമതി നല്‍കിതുമായി ബന്ധപ്പെട്ട ലേഖനത്തിലാണ് തെറ്റായ വ്യാഖ്യാനവും വൈരുധ്യപൂര്‍ണമായ അവതരണവും ഉണ്ടായിരിക്കുന്നതെന്ന് മദര്‍ ഷഹില ചൂണ്ടിക്കാട്ടുന്നു.
”കര്‍മലീത്ത മിഷണറിയായ ഇറ്റാലിയന്‍ വൈദികന് ഫാ. ലെയോപോള്‍ഡിന്റെ ആത്മീയശിക്ഷണത്തില്‍ സന്ന്യാസ ജീവിതത്തിലേക്കുള്ള പ്രവേശനത്തിന് പ്രചോദനമായി. അങ്ങനെ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചന് 1866ല്‍ സ്ഥാപിച്ച കര്‍മലീത്ത സന്ന്യാസിനീ സഭയില്‍ ആദ്യ അംഗമായി. 1866 ഫെബ്രുവരി 13ന് കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ് (സിറ്റിസി) സന്ന്യാസിനീ സമൂഹം സ്ഥാപിച്ചു” എന്ന് എഴുതിചേര്‍ത്തതാണ് പരാതിക്ക് ഇടനല്കിയിട്ടുളളത്. കഴിഞ്ഞകാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് ബോധപൂര്‍വമായ ഒരു ഇടപെടലാണെന്നുതന്നെ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് മദര്‍ ഷഹില പറയുന്നു.
വത്തിക്കാന്‍ ഡിക്രിയില്‍ വ്യക്തമാക്കിയിരിക്കുന്നത്, മദര്‍ ഏലീശ്വ സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപിക ആണെന്നും അതില്‍ നിന്നാണ് സിറ്റിസി, സിഎംസി എന്നീ രണ്ടു സന്ന്യാസിനീ സഭകള്‍ ഉത്ഭവിച്ചതെന്നുമാണ് – മദര്‍ എടുത്തുകാട്ടുന്നു. മദര്‍ ഏലീശ്വയെക്കുറിച്ചുള്ള വത്തിക്കാന്‍ പ്രസ്താവന, രൂപതാ തലത്തിലും വത്തിക്കാന്‍ തലത്തിലുമായി ഒട്ടേറെ ചരിത്ര, ദൈവശാസ്ത്ര പണ്ഡിതര്‍ ദീര്‍ഘകാലത്തെ പഠനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളതാണ്. ആധികാരിക രേഖകളുടെ പിന്‍ബലത്തോടെ വ്യക്തമായി തെളിയിച്ചിട്ടുള്ള ഈ പ്രസ്താവന ചരിത്രസത്യമാണ്. ചരിത്രം സത്യസന്ധമായി സംരക്ഷിക്കപ്പെടേണ്ടതും മഹത് വ്യക്തികളുടെ സംഭാവനകള്‍ അംഗീകരിക്കപ്പെടേണ്ടതും വിലമതിക്കപ്പെടേണ്ടതും ഭാവിതലമുറകള്‍ക്ക് വിശ്വസ്തതയോടെ കൈമാറ്റം ചെയ്യപ്പെടേണ്ടതും അത്യന്താപേക്ഷിതമാണ്. ദൈവത്തിന്റെ അനര്‍ഗളമായ കൃപാമാരി കേരളസഭയിലേക്ക് വര്ഷിക്കപ്പെട്ടിരിക്കുന്ന ഈ അനുഗൃഹീത അവസരത്തില്‍ മേല്‍പ്പറഞ്ഞ പ്രകാരത്തിലുള്ള വൈരുദ്ധ്യങ്ങളും തെറ്റായ പ്രസ്താവനകളും ഒഴിവാക്കപ്പെടണമെന്നും ഇതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ചരിത്രസത്യങ്ങള്‍ ആധികാരികതയോടെ സംരക്ഷിക്കപ്പെടണമെന്നും മെത്രാന്മാരോട് മദര്‍ ഷഹില അഭ്യര്‍ഥിച്ചു.
പെണ്‍കുട്ടികള്‍ക്കായി കേരളത്തിലെ ആദ്യത്തെ കോണ്‍വെന്റ് സ്കൂളും ബോര്‍ഡിങ് ഹൗസും അനാഥശാലയും സ്ഥാപിച്ച മദര്‍ ഏലീശ്വയെ വിശുദ്ധ പദത്തിലേക്ക് ഉയര്‍ത്തുന്നതിനു മുന്നോടിയായാണ് വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തുന്നത്. ഇതിന് ധന്യയുടെ മാധ്യസ്ഥ്യത്തിലുള്ള അദ്ഭുതം വത്തിക്കാന്‍ ഡികാസ്റ്ററി അംഗീകരിക്കേണ്ടതുണ്ടായിരുന്നു. വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തുന്നതിന് മറ്റൊരു അദ്ഭുതം കൂടി സ്ഥിരീകരിക്കേണ്ടതുണ്ട്.