വത്തിക്കാന്‍ സിറ്റി: മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ബോധക്ഷയമുണ്ടാവുകയും ഹൃദയത്തിന്റെയും രക്തചംക്രമണസംവിധാനത്തിന്റെയും അപരിഹാര്യമായ തകര്‍ച്ച സംഭവിക്കുകയും ചെയ്തതാണ് ഫ്രാന്‍സിസ് പാപ്പായുടെ മരണകാരണമെന്ന് വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിലെ ആരോഗ്യ-ശുചിത്വ ഡയറക്ടറേറ്റിലെ ഡയറക്ടര്‍ ഡോ. അന്ത്രെയാ ആര്ക്കാഞ്ജലി സാക്ഷ്യപ്പെടുത്തി.
ഇലക് ട്രോകാര്ഡിയോഗ്രാഫിക് തനറ്റോഗ്രഫി സങ്കേതം ഉപയോഗിച്ചാണ് ഈ സ്ഥിരീകരണം നടത്തിയത്. സ്ട്രോക്കുണ്ടായതിനെ തുടര്‍ന്ന് ബോധക്ഷയമുണ്ടായെന്നും ഇറെവേഴ്സിബിള് കാര്ഡിയോസര്ക്കുലേറ്ററി കൊളാപ്സ് സംഭവിച്ചുവെന്നും മരണസര്‍ട്ടിഫിക്കറ്റില്‍ പറയുന്നതായി വത്തിക്കാന്‍ മാധ്യമകാര്യാലയം തിങ്കളാഴ്ച വൈകീട്ട് അറിയിച്ചു.
പലതരത്തിലുള്ള അണുബാധയുടെ ഫലമായി ഇരുശ്വാസകോശങ്ങളെയും ന്യൂമോണിയയും മള്‍ട്ടിപ്പിള്‍ ബ്രോങ്കിയെക്റ്റാസിസും ഉയര്‍ന്ന രക്തസമ്മര്‍ദവും ടൈപ്പ് 2 പ്രമേഹവും ബാധിച്ചതിനെ തുടര്‍ന്ന് അതിതീവ്രമായ ശ്വസനസ്തംഭനം അനുഭവപ്പെട്ടിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഫ്രാന്‍സിസ് പാപ്പായുടെ ഭൗതികശരീരം വത്തിക്കാനിലെ കാസാ സാന്താ മാര്‍ത്തായുടെ താഴത്തെ നിലയിലെ ചാപ്പലില്‍ തിങ്കളാഴ്ച വൈകീട്ട് പേടകത്തിലേക്കു മാറ്റിയപ്പോള്‍, പരിശുദ്ധ സിംഹാസനം ഒഴിഞ്ഞുകിടക്കുമ്പോള്‍ ഇടക്കാല ഭരണച്ചുമതലവഹിക്കുന്ന കമെര്‍ലെംഗോ (ചേംബര്ലിന്) ഐറിഷ് വംശജനായ അമേരിക്കന്‍ കര്‍ദിനാള്‍ കെവിന് ഫാറെല്‍ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കുന്ന പ്രസ്താവന ഉറക്കെ വായിച്ചു. മൃതദേഹം പേടകത്തിലേക്കു മാറ്റുന്ന ചടങ്ങുകള്‍ ഒരുമണിക്കൂറോളം നീണ്ടുനിന്നു.
അപ്പസ്തോലിക അരമനയുടെ മൂന്നാമത്തെ നിലയിലെ പേപ്പല്‍ അപ്പാര്ട്ടുമെന്റിന്റെയും പാപ്പാ കഴിഞ്ഞ 12 വര്‍ഷമായി താമസിച്ചുവന്ന കാസാ സാന്താ മാര്‍ത്താ എന്ന വത്തിക്കാന്‍ ഗസ്റ്റ്ഹൗസിലെ രണ്ടാം നിലയിലെ മുറികളുടെയും വാതിലുകളും ഭദ്രമായി അടച്ച് മുദ്രവച്ചു. കര്‍ദിനാള്‍ ഫാറെലിനൊപ്പം വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഇറ്റാലിയന്‍ കര്‍ദിനാള്‍ പിയെത്രോ പരോളിന്, സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ പൊതുകാര്യങ്ങള്‍ക്കായുള്ള സബ്സ്റ്റിറ്റിയൂട്ട് വെനെസ്വേലക്കാരനായ ആര്‍ച്ച്ബിഷപ് എദ്ഗര്‍ പേഞ്ഞ്യ പറാ എന്നിവരും പേപ്പല്‍ ചേംബറുകള്‍ അടച്ചുപൂട്ടി മുദ്രവയ്ക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ക്കു നേതൃത്വം വഹിച്ചു.