ഫ്രാൻസിസ് പാപ്പ നിത്യതയിലേക്ക് യാത്രയായ വാർത്ത അതീവ നടുക്കത്തോടെയും ദുഃഖത്തോടെയുമാണ് ശ്രവിച്ചത്. ആഗോള കത്തോലിക്കാ സഭയ്ക്കും ലോകത്തിനു മുഴുവനും വലിയ നഷ്ടമാണ് സമാധാനദൂതനായ പാപ്പയുടെ വിടവാങ്ങൽ. നിലപാടുകൾ കൊണ്ടും ജീവിതം കൊണ്ടും ലോകം ശ്രദ്ധിച്ച പാപ്പയാണ് ഫ്രാൻസിസ് പാപ്പ. വിശ്വാസം, കരുണ, നന്മ, എളിമ എന്നിവയാൽ ലോകത്തെ മുഴുവൻ സ്പർശിച്ച പാപ്പയുടെ ജീവിതം ലോകത്തിനു വലിയ മാതൃകയായിരുന്നു.
നീതി, സമാധാനം, പരിസ്ഥിതി സംരക്ഷണം, ദരിദ്രരുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ സ്വരം ശക്തമായിരുന്നു. നിലപാടുകൾ കൊണ്ട് സഭയുടെ സാമൂഹിക ദർശങ്ങൾക്ക് തന്നെ പുതിയ മാനം നൽകാൻ പാപ്പയ്ക്ക് കഴിഞ്ഞു. ജീവിതത്തിൽ ഹാസ്യവും സന്തോഷവും നഷ്ടപ്പെട്ടു പോകരുതെന്ന് പാപ്പ സ്വജീവിതത്തിലൂടെ ലോകത്തെ ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ സ്നേഹവും, കരുണയും എല്ലാമനുഷ്യരിലേക്കും പകരണമെന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെയും വാക്കുകളിലൂടെയും നിരന്തരം ഉദ്ബോധിപ്പിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു ഫ്രാൻസിസ് പാപ്പ. സ്വന്തം ജീവിതം കൊണ്ട് അടുകളുടെ മണമുള്ള ഇടയനാണെന്ന് പാപ്പ തെളിയിച്ചു. പാവങ്ങളുടെ പാപ്പ, തീർത്ഥാടകരുടെ പാപ്പ, കുടിയേറ്റക്കാരുടെ പാപ്പ, കരുണയുടെ പാപ്പ, ജനകീയനായ പാപ്പ എന്നിങ്ങനെ പല വിശേഷണങ്ങൾക്ക് അദ്ദേഹം അർഹനായി.
ജീവിതം ദൈവത്തിനും സഭയ്ക്കും ലോകത്തിൻ്റെ നന്മയ്ക്കുമായി സമർപ്പിച്ച പരിശുദ്ധ പിതാവിന്റെ ആത്മാവ്, സഭ ക്രിസ്തുവിൻ്റെ ഉയിർപ്പിനെ അനുസ്മരിക്കുമ്പോൾ, നീതിമാനുള്ള പ്രതിഫലം സ്വീകരിച്ച് ദൈവ സന്നിധിയിൽ ശാന്തിയിൽ വിശ്രമിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
കോട്ടപ്പുറം ബിഷപ്പ്