കോഴിക്കോട് അതിരൂപതയെയും എന്നെയും സംബന്ധിച്ചിടത്തോളം ഫ്രാൻസിസ് പാപ്പ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ നൽകിയ ഈസ്റ്റർ സമ്മാനമാണ് കോഴിക്കോടിനെ അതിരൂപതയായി ഉയർത്തുകയും എന്നെ ആദ്യത്തെ മെത്രാപ്പോലീത്തയായ നിയമിക്കുകയും ചെയ്തത്. ദൈവത്തിനു മുൻപിൽ ഫ്രാൻസിസ് പാപ്പയെ ഓർത്ത് നന്ദി പറയുകയും അകമഴിഞ്ഞ സ്നേഹവും ആദരവും കടപ്പാടും ഈ നിമിഷം പ്രകടിപ്പിക്കുകയാണ്.
അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും കോഴിക്കോട് അതിരൂപതയിലെ എല്ലാ വൈദികരും സമർപ്പിതരും ഇടവക ജനങ്ങളും ഈ ദിവസങ്ങളിൽ പ്രത്യേകം ദിവ്യബലി അർപ്പിക്കുകയും പ്രാർത്ഥന ശുശ്രൂഷകളിലൂടെ അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുകയാണ്. പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ ആഹ്വാനം ചെയ്ത് മാനവ ജനതയെ മുഴുവൻ പ്രത്യാശയുടെ മക്കളാക്കി തീർക്കുവാൻ കഠിനമായി പ്രയത്നിച്ച ഒരു ആത്മീയ ആചാര്യനും ക്രാന്തദർശിയുമാണ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്.

കത്തോലിക്ക സഭയുടെ പരമാധ്യക്ഷനും പാവങ്ങളുടെ പാപ്പ എന്നറിയപ്പെടുകയും ചെയ്യുന്ന നമ്മുടെ അത്യന്തം പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പയാണ് കാലം ചെയ്തത്. ഈസ്റ്റർ തിങ്കൾ ഏപ്രിൽ 21, 2025 ന്
88ാം വയസ്സിൽ അദ്ദേഹത്തിന്റെ വസതിയിൽ വത്തിക്കാനിലെ കാസ സാന്റ മാർട്ടയിൽ വച്ചായിരുന്നു പാപ്പയുടെ വിയോഗം.
12 വർഷം നീളുന്ന പാപ്പയുടെ ഔദ്യോഗിക ജീവിതത്തിലൂടെ ലോകത്തെയും കത്തോലിക്ക സഭയെയും മാറ്റിമറിക്കുന്ന ശക്തമായ നിലപാടുകൾ എടുത്ത പാപ്പയാണ് നമുക്ക് നഷ്ടമാകുന്നത്. പാവങ്ങളെ ജീവനുതുല്യം സ്നേഹിക്കുകയും പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി നിലകൊള്ളുകയും ചെയ്ത പാപ്പയുടെ വിയോഗത്തിൽ കോഴിക്കോട് അതിരൂപത മുഴുവൻ അനുശോചനം രേഖപ്പെടുത്തുന്നു.

അതിരൂപത മെത്രാപ്പോലീത്ത
വർഗീസ് ചക്കാലക്കൽ