സപ്ലിമെന്റല്‍ ഓക്സിജന്‍ ലഭിക്കാനുള്ള നേര്‍ത്ത കന്യൂല ട്യൂബ് മുഖത്ത് ഇല്ലാതെയാണ് ഫ്രാന്‍സിസ് പാപ്പാ ബസിലിക്കാ അങ്കണത്തില്‍ ഓശാന ദിവ്യബലി അര്‍പ്പിക്കപ്പെട്ട വേദിയില്‍ വീല്‍ചെയറിലിരുന്ന് വിശ്വാസികളെ ആശീര്‍വദിച്ചുകൊണ്ട് ‘നല്ല ഓശാന ഞായറും നല്ല വിശുദ്ധവാരവും’ എല്ലാവര്ക്കും നേര്‍ന്നത്.
വത്തിക്കാന്‍ സിറ്റി: വിശുദ്ധവാരത്തിനു തുടക്കം കുറിക്കുന്ന ഓശാന ഞായര്‍ തിരുകര്‍മങ്ങളുടെ സമാപനത്തില്‍ വിശ്വാസികളെ ആശീര്‍വദിക്കാനായി, മുന്നറിയിപ്പൊന്നുമില്ലാതെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കാ അങ്കണത്തില്‍ പൊതുദര്ശനത്തിനായെത്തി.
രോഗവിമുക്തിക്കായുള്ള തുടര്‍ചികിത്സയും വിശ്രമവും നിര്‍ദേശിക്കപ്പെട്ട് വത്തിക്കാനിലെ സാന്താ മാര്‍ത്ത ഭവനത്തില്‍ കഴിയുന്ന പാപ്പാ സപ്ലിമെന്റല്‍ ഓക്സിജന്‍ ലഭിക്കാനുള്ള നേര്‍ത്ത കന്യൂല ട്യൂബ് മുഖത്ത് ഇല്ലാതെയാണ് ഓശാന ദിവ്യബലി അര്‍പ്പിക്കപ്പെട്ട ബസിലിക്കാ അങ്കണത്തിലെ വേദിയില്‍ വീല്‍ചെയറിലിരുന്ന് വിശ്വാസികളെ ആശീര്‍വദിച്ചുകൊണ്ട് ‘നല്ല ഓശാന ഞായറും നല്ല വിശുദ്ധവാരവും’ എല്ലാവര്ക്കും നേര്‍ന്നത്. ലേശം ക്ലേശിച്ചാണ് പരിശുദ്ധ പിതാവ് സംസാരിച്ചതെങ്കിലും കഴിഞ്ഞ ഞായറാഴ്ച കേട്ടതിലും മെച്ചപ്പെട്ട ശബ്ദത്തിലായിരുന്നു ഓശാന ഞായര്‍ ആശംസകള്‍. ജനക്കൂട്ടം ആഹ്ലാദപൂര്‍വം അതിനോടു പ്രതികരിച്ചു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്ന് റാമ്പിലൂടെ ബസിലിക്കാ അങ്കണത്തിലെ ബലിപീഠത്തിനടുത്തേക്ക് വീല്‍ചെയറില്‍ പാപ്പായെ കൊണ്ടുവന്നപ്പോള്‍ വിശ്വാസികളില്‍ പലരും അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
ബസിലിക്കയിലേക്കു തിരിച്ചുപോകുന്നതിനിടെ പാപ്പാ ഒരു ജപമാല ആശീര്വദിച്ചുനല്കുകയും തന്റെ അനുഗ്രഹം തേടിയ ഒരു കുഞ്ഞിന് മിഠായി സമ്മാനിക്കുകയും ചെയ്തു. പത്തു മിനിറ്റോളം പാപ്പാ ചത്വരത്തില്‍ വിശ്വാസികളുടെയും തീര്‍ഥാടകരുടെയും ഇടയില്‍ ചെലവഴിച്ചു.
ബസിലിക്കയിലേക്കുതന്നെ മടങ്ങിയ പരിശുദ്ധ പിതാവ് വിശുദ്ധ പത്രോസിന്റെ കബറിടത്തിനു മുന്‍പിലും വിശുദ്ധ പത്താം പീയൂസിന്റെയും ബെനഡിക്റ്റ് പതിനഞ്ചാമന്‍ പാപ്പായുടെയും സ്മൃതിമണ്ഡപത്തിനടുത്തും ഏതാനും നിമിഷങ്ങള്‍ പ്രാര്‍ഥനയില്‍ ചെലവഴിച്ചു.
”ശാരീരിക ബലഹീനത അനുഭവിക്കുന്ന ഈനേരത്ത്, ദൈവത്തിന്റെ സാമീപ്യവും അനുകമ്പയും സ്നേഹാര്‍ദ്രതയും കൂടുതലായി അനുഭവപ്പെടുവാന്‍ നിങ്ങളുടെ പ്രാര്‍ഥനകള്‍ എന്നെ സഹായിക്കുന്നു,” ഞായറാഴ്ച മധ്യാഹ്നപ്രാര്‍ഥനാവേളയില്‍ നല്‍കാറുള്ള സന്ദേശത്തില്‍ പാപ്പാ കുറിച്ചു. ശ്വാസകോശരോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 14ന് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുന്‍പത്തെ ഞായര്‍ മുതല്‍ ഒന്‍പതു ഞായറാഴ്ചകളായി തന്റെ ആഞ്ജലുസ് സന്ദേശം നേരിട്ട് പൊതുദര്ശനത്തില് നല്കാന് പരിശുദ്ധ പിതാവിന് കഴിഞ്ഞിട്ടില്ല. വത്തിക്കാന്‍ മാധ്യമകാര്യാലയം വഴി ഞായറാഴ്ചത്തെ മധ്യാഹ്നപ്രാര്ഥനാസന്ദേശം പുറത്തുവിടുകയാണു ചെയ്യുന്നത്.
പീഡാസഹനയാത്രയില്‍ യേശുവിന്റെ കുരിശ് ചുമന്ന കിറേനേക്കാരനായ ശിമയോനെ അനുസ്മരിച്ചുകൊണ്ട്, ‘നമുക്കു ചുറ്റും ദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെ കുരിശ്’ ചുമക്കുവാന്‍ ഹൃദയംകൊണ്ട് ഒരുങ്ങുന്നതിന് വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന പാപ്പായുടെ സുവിശേഷസന്ദേശം വത്തിക്കാന്‍ ചത്വരത്തിലെ ദിവ്യബലിമധ്യേ മുഖ്യകാര്മികന്, പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ മുന്‍ പ്രീഫെക്ടും കര്‍ദിനാള്‍മാരുടെ സംഘത്തിന്റെ വൈസ് ഡീനുമായ അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ ലെയൊനാര്‍ദോ സാന്ദ്രി വായിക്കുകയുണ്ടായി.
മൂന്നാഴ്ച മുന്‍പ് ജെമെല്ലി ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതിനു ശേഷം ആദ്യമായി ഇന്നലെ, ശനിയാഴ്ച, അപ്രതീക്ഷിതമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ നിന്ന് റോമാ നഗരത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ബസിലിക്കയിലേക്കു യാത്രയായി – സാന്താ മരിയ മജ്ജോരെ പേപ്പല്‍ ബസിലിക്കയിലെ ‘സാലുസ് പോപ്പുലി റൊമാനി’ (റോമന്‍ ജനതയുടെ ആരോഗ്യം) എന്നറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ സവിധത്തിലേക്ക്.
റോമായിലെ മെത്രാന് എന്ന നിലയില്‍ ഔദ്യോഗിക ഡിക്രികള്‍ ഒപ്പുവയ്ക്കുന്നത് റോമിലെ സാന്‍ ജൊവാന്നി ലാത്തെറാനോ പേപ്പല്‍ ബസിലിക്കയില്‍ നിന്ന് എന്ന മുദ്രയോടെയാണെങ്കിലും ഫ്രാന്‍സിസ് പാപ്പാ തന്റെ അപ്പസ്തോലിക യാത്രകള്‍ക്കു പുറപ്പെടുന്നതിനു മുന്‍പും തിരിച്ചെത്തുമ്പോഴും സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ പരിശുദ്ധ മാതാവിനെ വണങ്ങുന്നത് പതിവാണ്.
റോമിലെ അഗൊസ്തീനോ ജെമെല്ലി യൂണിവേഴ്സിറ്റി പോളിക്ലിനിക്കില്‍ അഞ്ച് ആഴ്ച നീണ്ട തീവ്രപരിചരണത്തിനിടെ രണ്ടുവട്ടം അതീവ ഗുരുതരാവസ്ഥയില്‍ പരിശുദ്ധ പിതാവിന്റെ ജീവന് അപകടത്തിലാകുന്ന സ്ഥിതിവിശേഷമുണ്ടായെന്ന് മെഡിക്കല്‍ സംഘം ലോകമാധ്യമങ്ങള്‍ക്കു മുന്‍പാകെ വെളിപ്പെടുത്തിയതിനു പിറ്റേന്ന്, കഴിഞ്ഞ മാര്‍ച്ച് 23ന്, രണ്ടുമാസത്തെ തുടര്‍ചികിത്സയും പൂര്‍ണവിശ്രമവും നിര്‍ദേശിച്ചുകൊണ്ട് പാപ്പായെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ വത്തിക്കാനിലേക്കുള്ള യാത്രയ്ക്കിടയില്‍ സാന്താ മരിയ മജ്ജോരെ ബസിലിക്കയിലേക്കു പോകണമെന്ന് പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പേപ്പല്‍ വാഹനവ്യൂഹം അങ്ങോട്ടു തിരിച്ചുവിടുകയുണ്ടായി. ബസിലിക്കയിലെത്തിയപ്പോള് പരിശുദ്ധ പിതാവിന് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു. പരിശുദ്ധ അമ്മയുടെ അള്‍ത്താരയില്‍ സമര്‍പ്പിക്കാനുള്ള പൂച്ചെണ്ട് പാപ്പാ ബസിലിക്കയിലെ കോ-അജൂത്തോര് ആര്‍ച്ച്പ്രീസ്റ്റ് ലിത്വേനിയന്‍ കര്‍ദിനാള്‍ റോളാന്ഡസ് മക്റിസ്കസിനെ ഏല്പിക്കുകയാണുണ്ടായത്.
വിശുദ്ധവാരത്തിന് തുടക്കം കുറിക്കുന്ന ഓശാന ഞായറിന്റെ തലേന്ന് ഉച്ചയ്ക്കുശേഷം പാപ്പാ ബസിലിക്കയിലെത്തി സാലുസ് പോപ്പുലി റൊമാനി ഐക്കണ്‍ പ്രതിഷ്ഠിച്ചിട്ടുള്ള ചാപ്പലില്‍ പ്രാര്‍ഥനയില്‍ മുഴുകി.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നിലവറയില്‍ പാപ്പാമാരുടെ മൃതസംസ്കാരം നടത്തുന്ന പാരമ്പര്യത്തില്‍ നിന്നു വ്യതിചലിച്ച്, തന്നെ സാന്താ മരിയ മജ്ജോരെ ബസിലിക്കയില്‍ അടക്കം ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പാ നേരത്തെ നിര്‍ദേശിച്ചിരുന്നു.
ഓശാന ഞായറാഴ്ച വത്തിക്കാന്‍ ചത്വരത്തില്‍ പാപ്പാ അപ്രതീക്ഷിതമായി പൊതുദര്‍ശനം നല്കിയതു പോലെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നുവട്ടമെങ്കിലും യാതൊരു മുന്നറിയിപ്പുമില്ലാതെ പാപ്പാ ഇങ്ങനെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി: കഴിഞ്ഞ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായുള്ള പ്രത്യേക ജൂബിലിയാഘോഷത്തിന്റെ സമാപനം കുറിക്കുന്ന ദിവ്യബലിക്കിടെ, സപ്ലിമെന്റല്‍ ഓക്സിജന്റെ കന്യൂല ട്യൂബ് മൂക്കില്‍ വച്ചുകൊണ്ടുതന്നെ വീല്‍ചെയറിലിരുന്ന് പാപ്പാ വിശ്വാസികള്‍ക്കും തീര്ഥാടകര്ക്കുമിടയിലേക്കു കടന്നുവന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക്, പേപ്പല്‍ വസ്ത്രങ്ങള്‍ക്കു പകരം സാന്താ മാര്‍ത്താ ഭവനത്തില്‍ താന്‍ ധരിച്ചിരുന്ന കറുത്ത പാന്റ്സും വെള്ള ഷര്‍ട്ടും കമ്പിളിപുതപ്പുപോലുള്ള പോഞ്ചോ മേലങ്കിയുമണിഞ്ഞ് പരിശുദ്ധ പിതാവ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി. പോള്‍ മൂന്നാമന്, ഊര്‍ബന്‍ എട്ടാമന് എന്നീ പാപ്പാമാരുടെ കബറിടങ്ങളിലെ സ്മൃതിമണ്ഡപങ്ങളുടെ നവീകരണത്തിന്റെ ചുമതലക്കാരെ വത്തിക്കാന്‍ ജെന്‍ഡാര്‍മറി സുരക്ഷാസേനാംഗങ്ങളെ വിട്ട് വിളിച്ചുവരുത്തി അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാപ്പാ നേരിട്ട് നന്ദി പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം വിശുദ്ധ പത്താം പീയൂസ് പാപ്പായുടെ കബറിടത്തിലേക്കു പോയി പ്രാര്‍ഥിക്കുകയും ചെയ്തു.
ബ്രിട്ടനിലെ ചാള്‍സ് രാജാവും കമില രാജ്ഞിയും വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായുമായി നടത്താനിരുന്ന ഔദ്യോഗിക കൂടിക്കാഴ്ച, പാപ്പായ്ക്ക് ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം നിര്‍ദേശിച്ചതിനാല്‍ റദ്ദാക്കിയതായി വത്തിക്കാനും ബക്കിങ്ഹാം കൊട്ടാരവും മാധ്യമങ്ങളെ അറിയിച്ചിരുന്നുവെങ്കിലും, രാജകീയ ദമ്പതികള്‍ റോമില്‍ ഇറ്റാലിയന്‍ ഗവണ്മെന്റിന്റെ അതിഥികളായി സന്ദര്‍ശനം നടത്തുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ച വത്തിക്കാനില്‍ അവരെ പാപ്പാ സ്വകാര്യ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചതും ഒരു മുന്നറിയിപ്പും കൂടാതെയാണ്.
”അദ്ദേഹം പാപ്പായാണ്. തീരുമാനങ്ങളെടുക്കുന്നത് അദ്ദേഹംതന്നെയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുമുണ്ട്,” എന്നാണ് ജെമെല്ലി ആശുപത്രിയില്‍ പാപ്പായെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തിന്റെ മേധാവിയായ ഡോ. സെര്‍ജോ അല്‍ഫിയേരി, രണ്ടുമാസത്തേക്ക് ആള്‍ക്കുട്ടത്തെ ഒഴിവാക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം മറികടന്ന് പാപ്പാ സെന്റ് പീറ്റേഴ്സ് ബസിലിക്ക അങ്കണത്തിലെ ജനക്കൂട്ടത്തിനു നടുവിലേക്കിറങ്ങയതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞത്. ആശുപത്രിയില്‍ വച്ച് നിര്‍ണായക തീരുമാനങ്ങളെടുക്കുമ്പോള്‍ ഉണര്‍വോടെ പാപ്പാ നല്കിയ നിര്‍ദേശങ്ങള്‍ തങ്ങള്‍ പാലിച്ചിരുന്നതായും ജെമെല്ലി മെഡിക്കല്‍ കോളജിലെ മെഡിസിന്-സര്‍ജറി വിഭാഗത്തിന്റെ മേധാവി കൂടിയായ പ്രഫസര്‍ അല്‍ഫിയേരി വെളിപ്പെടുത്തുകയുണ്ടായി.