തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ പ്രവേശന പ്രായം ആറ് വയസ്സാക്കും. 2026-27 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസ്സാണ്. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദ്ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണ് എന്നതാണ്. അതുകൊണ്ടാണ് വിദ്യാഭ്യസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസ്സോ അതിന് മുകളിലോ ആക്കുന്നത്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ 5 വയസ്സിലാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ 6 വയസ്സില്‍ സ്കൂളില്‍ ചേര്‍ക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ 6 വയസ്സിന് ശേഷമാണ് സ്കൂളില്‍ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണം. 2026-27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം 6 വയസ്സാക്കി മാറ്റാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
രണ്ടായിരത്തി ഒമ്പതിലെ വിദ്യാഭ്യാസ അവകാശ നിയമം അധ്യായം 4 ലെ വ്യവസ്ഥകള്‍ അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷ നടത്താന്‍ പാടില്ല. ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുന്നത് ശിക്ഷാര്‍ഹമായ നടപടിയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.