ജെയിംസ് അഗസ്റ്റിന്
2022 ജനുവരി 11നു റോമിലെ സ്റ്റീരിയോ സൗണ്ട് എന്ന കടയിലേക്ക് അപ്രതീക്ഷിതമായി ഒരു അതിവിശിഷ്ട അതിഥി കടന്നു വന്നു. ഓഡിയോ സി.ഡി., കസ്സറ്റുകള്, ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍ എന്നിവ വില്‍ക്കുന്ന ഇടമാണ് സ്റ്റീരിയോ സൗണ്ട്. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ പോപ്പ് ഫ്രാന്‍സിസ് തന്റെ കടയിലേക്ക് വരുന്നത് കണ്ട് ഉടമയായ ലൈറ്റിസിയ ഓടി വന്നു സ്വീകരിച്ചു.
കര്‍ദിനാള്‍ പദവിയിലായിരിക്കുമ്പോള്‍ വത്തിക്കാനില്‍ വരുമ്പോഴെല്ലാം തന്റെ പ്രിയപ്പെട്ട പാട്ടുകള്‍ ശേഖരിക്കാനായി ഇതേ കടയില്‍ പല തവണ അദ്ദേഹം വന്നിട്ടുണ്ടെങ്കിലും പാപ്പാ ആയി അഭിഷേകം ചെയ്യപ്പെട്ട ശേഷം ഇങ്ങനെ ഒരു സന്ദര്‍ശനം അവര്‍ പ്രതീക്ഷിച്ചിരുന്നില്ല.
യൂറോപ്പിലും അമേരിക്കയിലുമെല്ലാം ഇപ്പോഴും പഴയതും പുതിയതുമായ റെക്കോര്‍ഡുകളും സി.ഡി.കളും കസ്സറ്റുകളും വില്‍ക്കുന്ന സ്റ്റോറുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. വില്പ്പനയോടൊപ്പം തന്നെ ഒരു എക്സിബിഷന് കൂടി ഇവിടെ നടക്കുന്നുണ്ട്. പ്രശസ്ത ഗായകരുടെയും ബാന്‍ഡുകളുടെയും ആല്‍ബങ്ങള്‍ ഇവിടെ കാണാനാകും. അവ
പ്രദര്‍ശിപ്പിച്ചിരിക്കുന്നത് തന്നെ അതി മനോഹരമായിട്ടാണ്. അക്ഷരമാല ക്രമത്തില്‍ ക്രമീകരിച്ചിട്ടുള്ളതിനാല്‍ നമുക്ക് വേണ്ടത് തിരഞ്ഞെടുക്കാന്‍ എളുപ്പമാണ്. ലോക സംഗീതത്തിനായി പ്രത്യേക ഇടമുണ്ടാകും. ചിലപ്പോള്‍ ഓരോ രാജ്യങ്ങളിലെ ആല്‍ബങ്ങള്‍ ഓരോ കൗണ്ടറുകളില്‍ നമുക്കു കാണാനാകും.
പോപ്പ് ഫ്രാന്‍സിസ് നേരത്തെ തന്നെ തങ്ങളുടെ കസ്റ്റമര്‍ ആണെന്നും അതില്‍ തങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ടെന്നും കടയുടമ ലൈറ്റിസിയ പാപ്പായുടെ സന്ദര്‍ശന ശേഷം പറഞ്ഞു. അര്‍ജന്റീനയില്‍ നിന്നും വത്തിക്കാനില്‍ വരുമ്പോഴെല്ലാം ക്ലാസിക്കല്‍ ആല്‍ബങ്ങള്‍ അദ്ദേഹം പതിവായി ഇവിടെ നിന്നും വാങ്ങിയിരുന്നു. ഇത്തവണ വന്നപ്പോള്‍ പോപ്പിന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരു സമ്മാനവും നല്‍കാനായി. നല്കിയ സമ്മാനമെന്തായിരുന്നുവെന്നു ലൈറ്റിസിയ ആരോടും വെളിപ്പെടുത്തിയില്ല.
കസ്സറ്റുകള്, സി.ഡി.കള്‍, റെക്കോര്‍ഡുകള്‍ എന്നിവ ശേഖരിക്കുന്നത് ഹോബി ആക്കിയ അനേകം ആളുകള്‍ ലോകമെമ്പാടുമുണ്ട്. നമ്മുടെ നാട്ടിലും ഇങ്ങനെ ശേഖരിച്ചു അടുത്ത തലമുറയ്ക്കായി കൈമാറ്റം ചെയ്യുന്നവരുണ്ട്. ചിലര്‍ക്കെങ്കിലും ഇത്തരം ആളുകളെ കാണുമ്പോള്‍ ‘വട്ടന്മാര്’ എന്നു തോന്നിയേക്കാം. ഇത്തരം ഹോബി ഉള്ളവര്‍ക്കു ഇനി പറയാം. പോപ്പ് ഫ്രാന്‍സിസും ഞങ്ങളെപ്പോലെ ഒരു മ്യൂസിക് കളക്ടറാണ്. അതുകൊണ്ടാണല്ലോ ഓരോ യാത്രകളിലും റോമിലെ മ്യൂസിക് സ്റ്റോറില്‍ അദ്ദേഹം പ്രിയപ്പെട്ട പാട്ടുകള്‍ തിരഞ്ഞിരുന്നത്.
പോപ്പ് ഫ്രാന്‍സിസിന്റെ ശേഖരത്തില്‍ 1728 സി.ഡി.കളുണ്ടെന്നു ലോകത്തോടു വെളിപ്പെടുത്തിയത് വത്തിക്കാനിലെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറിന്റെ തലവനായിരുന്ന കര്‍ദിനാള്‍ ജിയാന്‍ ഫ്രാങ്കോ രവാസിയാണ്. കുറെ റെക്കോര്‍ഡുകളും അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട് . റെക്കോര്‍ഡുകളില്‍ കൂടുതലും മൊസാര്‍ട്ട്, ബീഥോവന് എന്നിവരുടെ സിംഫണികളുടേതാണ്. മൊസാര്‍ട്ട് സി മൈനറില്‍ ചിട്ടപ്പെടുത്തിയ പാട്ടുകുര്‍ബാന പാപ്പയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എല്‍വിസ് പ്രസ്ലിയുടെ പാട്ടുകള്‍ പാപ്പാ പതിവായി കേള്‍ക്കാറുണ്ട്. എല്‍വിസിന്റെ സുവിശേഷഗാനങ്ങളുടെ ശേഖരവും പാപ്പായുടെ കൈവശമുണ്ട്. യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും അര്‍ജന്റീനയിലേക്കും യുറുഗ്വായിലേക്കും കുടിയേറിയവര്‍ സൃഷ്ടിച്ചതെന്ന് ചരിത്രം പറയുന്ന ടാന്ഗോ എന്ന പാരമ്പര്യ സംഗീതവും പാപ്പായുടെ പ്ലേയ്ലിസ്റ്റില്‍ ആദ്യം വരുന്നതാണ്. ആസ്റ്റര്‍ പിയാസെല്ല എന്ന ടാന്ഗോ സംഗീതജ്ഞന്റെ ആല്‍ബങ്ങളും പാപ്പായ്ക്ക് പ്രിയതരമാണ്.
നാടകവും ചവിട്ടുനാടകവും സംഗീതവും എല്ലാം ചേര്‍ന്ന തീയേറ്റര്‍ കലാരൂപമായ ഓപ്പെറയുടെ സംഗീതം കേള്‍ക്കാന്‍ പാപ്പയ്ക്ക് ഇഷ്ടമാണ്. ഓപ്പെറയുടെ വൈവിധ്യമാര്‍ന്ന ശേഖരം പരിശുദ്ധ പിതാവിനുണ്ട്. ആധുനികകാലത്തെ ചില ആല്‍ബങ്ങളും ശേഖരത്തില്‍ നമുക്ക് കാണാം.
ഇറ്റാലിയന്‍ സംഗീതജ്ഞനായിരുന്ന ജിയാക്കോമോ പുച്ചിനി, ജര്‍മന്‍ സംഗീതജ്ഞന് റിച്ചാര്‍ഡ് വാഗ്നര്‍ എന്നിവരെക്കുറിച്ചും ക്രിസ്തീയ ഭക്തിഗാനമേഖലയില്‍ അവരുടെ സേവനങ്ങളെപ്പറ്റിയും പോപ്പ് ഫ്രാന്‍സിസ് ഒരു അഭിമുഖത്തില്‍ അനുസ്മരിക്കുന്നുണ്ട്.
കര്‍ദ്ദിനാള്‍ ആയിരുന്ന നാളുകളില്‍ അര്‍ജന്റീനയിലെ പ്രശസ്ത ഗായികയായ ഹൗദി ദബുസ്തിയെ തന്റെ ഗായകസംഘത്തെ നയിക്കാനായി അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്.
തന്റെ ചിന്തകളിലൂടെ, വിനയത്തിലൂടെ, എളിമയിലൂടെ എല്ലാം ലോകത്തെ വിസ്മയിപ്പിച്ച ഫ്രാന്‍സിസ് പാപ്പാ തന്റെ സംഗീതപ്രേമത്തിലൂടെയും ശേഖരത്തിലൂടെയും നമ്മെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. എത്ര തിരക്കുകള്‍ക്കിടയിലും നമുക്ക് നമ്മുടെ ഹോബികള്‍ വിടാതെ തുടരാമെന്ന സന്ദേശത്തോടെ. ഇങ്ങനെയുള്ള ഹോബികള്‍ ലഹരിയായെടുക്കാനുള്ള സന്ദേശവും പാപ്പാ നമ്മുടെ പുതുതലമുറയ്ക്ക് നല്‍കുന്നുണ്ട്.