”തലേന്നതിനെക്കാള്‍ സ്ഥിതി മോശമായി. പാപ്പാ അപകടനിലയില്‍ തന്നെ തുടരുകയാണ്. രക്തത്തിന് ഓക്സിജന്‍ വഹിക്കാനുള്ള കഴിവു കുറയുന്ന അനീമിയയുമായി ബന്ധപ്പെട്ട് രക്തത്തിലെ പ്ലേറ്റ്ലെറ്റുകള് കുറയുന്ന ത്രോംബോസൈറ്റോപീനിയയും കണ്ടതിനാല്‍ രക്തപ്പകര്‍ച്ച (ബ്ലെഡ് ട്രാന്സ്ഫ്യൂഷന്) വേണ്ടിവന്നു. കൂടുതല്‍ അളവില്‍ പ്രാണവായുവും നല്‍കേണ്ടതായി വന്നു” – ശനിയാഴ്ച വൈകീട്ട് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം അറിയിച്ചു.
വത്തിക്കാന്‍ സിറ്റി: കൂടുതല്‍ നേരം നീണ്ടുനിന്ന ആസ്ത്മ പോലുള്ള തീവ്രമായ വലിവും ശ്വാസംമുട്ടലും മൂലമുണ്ടായ പ്രതിസന്ധിയില്‍ ഫ്രാന്‍സിസ് പാപ്പായുടെ നില ശനിയാഴ്ച രാവിലെ ഗുരുതരാവസ്ഥയിലായെന്ന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം വൈകീട്ട് അറിയിച്ചു.
”തലേന്നതിനെക്കാള്‍ സ്ഥിതി മോശമായി. പാപ്പാ അപകടനിലയില്‍ തന്നെ തുടരുകയാണ്. രക്തത്തിന് ഓക്സിജന്‍ വഹിക്കാനുള്ള കഴിവു കുറയുന്ന അനീമിയയുമായി ബന്ധപ്പെട്ട് രക്തത്തിലെ പ്ലേറ്റ്ലെറ്റുകള് കുറയുന്ന ത്രോംബോസൈറ്റോപീനിയയും കണ്ടതിനാല്‍ രക്തപ്പകര്‍ച്ച (ബ്ലെഡ് ട്രാന്സ്ഫ്യൂഷന്) വേണ്ടിവന്നു. കൂടുതല്‍ അളവില്‍ പ്രാണവായുവും നല്‍കേണ്ടതായി വന്നു.”
കൂടുതല്‍ അസ്വസ്ഥതകളുണ്ടായിട്ടും പാപ്പാ പകല്‍ കൂടുതല്‍ സമയവും ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു. പാപ്പാ ഉണര്വോടെയാണിരിക്കുന്നത്. എങ്കിലും രോഗനിദാനത്തെക്കുറിച്ച് ഒന്നും പറയാനാവാത്ത സ്ഥിതിയാണെന്നാണ് ഡോക്ടര്‍മാര്‍ ശനിയാഴ്ച പ്രതികരിച്ചത്.
ഫ്രാന്‍സിസ് പാപ്പാ റോമിലെ അഗൊസ്തീനോ ജെമെല്ലി യൂണിവേഴ്സിറ്റി പോളിക്ലിനിക് ആശുപത്രിയില്‍ പ്രവേശിച്ചിട്ട് ഒരാഴ്ച തികഞ്ഞ 21-ാം തീയതി ആദ്യമായി പാപ്പായുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുമായി വിശദമായി സംസാരിച്ച ആശുപത്രിയിലെ മെഡിസിന്, ശസ്ത്രക്രിയാവിഭാഗത്തിന്റെ മേധാവിയും പാപ്പായെ പരിചരിക്കുന്ന മെഡിക്കല്‍ സംഘത്തിന്റെ തലവനുമായ പ്രൊഫസര്‍ സേര്‍ജൊ അല്‍ഫിയേരി, വത്തിക്കാനിലെ ആരോഗ്യവിഭാഗത്തിന്റെ വൈസ് ഡയറക്ടറും പാപ്പായുടെ പേഴ്സണല്‍ ഡോക്ടറുമായ ലൂയിജി കര്ബോണെ എന്നിവര്‍ ‘തത്കാലം ജീവനു ഭീഷണി കാണുന്നില്ലെങ്കിലും ഏതു നിമിഷവും സ്ഥിതിഗതികള്‍ മാറിമറിയാവുന്ന, അങ്ങോട്ടും ഇങ്ങോട്ടും തുറക്കാവുന്ന വാതിലാണ് മുന്നിലുള്ളത്’ എന്നാണ് പറഞ്ഞത്. ഇരുശ്വാസകോശങ്ങളിലും ന്യൂമോണിയയും ശ്വാസനാളികളില്‍ സങ്കീര്‍ണമായ അണുബാധയുമുള്ള പാപ്പാ മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.
”തന്റെ സ്ഥിതി സങ്കീര്‍ണമാണെന്ന് പാപ്പായ്ക്ക് അറിയാം. അക്കാര്യം എല്ലാവരെയും അറിയിക്കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്,” ഡോ. അല്‍ഫിയേരി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. വൈറസ്, ഫംഗസ്, ബാക്ടീരിയ എന്നിങ്ങനെ വിവിധങ്ങളായ അണുക്കളുടെ സാന്നിധ്യമുള്ളതുകൊണ്ട് അതിശക്തമായ മരുന്നുകളടങ്ങിയ ചികിത്സയ്ക്ക് വിധേയനായിരിക്കുന്ന പാപ്പായുടെ രക്തത്തില്‍ അണുബാധ കടന്നുകൂടിയാല്‍ അത് രോഗപ്രതിരോധ സംവിധാനത്തെ താറുമാറാക്കുകയും രക്തത്തെ ദുഷിപ്പിക്കുകയും ചെയ്യുന്ന സെപ്സിസ് ആയി പരിണമിക്കുമെന്നും 88 വയസ്സുള്ള പാപ്പായെപോലെ പ്രായാധിക്യമുള്ള ഒരാള്‍ക്ക് ഇതില്‍ നിന്നു രക്ഷപ്പെടുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 14-ാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ്, വത്തിക്കാനില്‍ ഡോ. കാര്‍ബോണെയും പാപ്പായുടെ പേഴ്സണല്‍ നഴ്സ് മാസിമിലിയാനോ സ്ട്രാപ്പെത്തിയും പരിശുദ്ധ പിതാവിന് ആവശ്യമായ പരിചരണം നല്കിക്കൊണ്ടിരുന്നു. ‘സഭാപരവും വ്യക്തിപരവുമായി ചെയ്തുതീര്‍ക്കേണ്ടിയിരുന്ന ചില കര്‍ത്തവ്യങ്ങള്‍ നിറവേറ്റേണ്ടതിനാല്‍’ വത്തിക്കാനില്‍ തന്നെ തുടരണമെന്ന് പാപ്പാ നിര്‍ബന്ധിച്ചു. ആശുപത്രിയിലേക്കു പോകുന്നതിനു മുന്‍പ് പാപ്പായുടെ മെഡിക്കല്‍ ടീമിനു പുറമെ ഒരു ഹൃദ്രോഗവിദഗ്ധനും സാംക്രമികരോഗവിദഗ്ധനും പാപ്പായെ പരിചരിച്ചിരുന്നു.
ഇരുപത്തൊന്നാം വയസില്‍ അര്‍ജന്റീനയില്‍ ഈശോസഭാ സമൂഹത്തില്‍ ഡീക്കനായിരുന്ന കാലത്ത് ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയ്ക്ക് (ഫ്രാന്‍സിസ് പാപ്പാ) ശ്വാസകോശത്തിനുചുറ്റും വീക്കമുണ്ടായി പ്ലൂറിസിയായി അതു മാറിയതിനെ തുടര്‍ന്ന് ഒരു ശ്വാസകോശത്തിന്റെ കുറെഭാഗം മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. ഇതുകൊണ്ടുതന്നെ പാപ്പായ്ക്ക് എന്നും ശ്വാസകോശ രോഗബാധയുടെ സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ട്.
ശ്വാസകോശ രോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12 വര്‍ഷത്തെ പേപ്പല്ശുശ്രൂഷയ്ക്കിടയില് ഇത്രയും നീണ്ട ആശുപത്രിവാസം ഫ്രാന്‍സിസ് പാപ്പായ്ക്കു വേണ്ടിവന്നിട്ടില്ല. 2023 മാര്‍ച്ചില്‍ ബ്രോങ്കൈറ്റിസ് ബാധിച്ച് മൂന്നു ദിവസമാണ് ആശുപത്രിയില്‍ കഴിയേണ്ടിവന്നത്.
ഞായറാഴ്ച പതിവുള്ള ‘ആഞ്ജലുസ്’ മധ്യാഹ്നപ്രാര്ഥനയ്ക്കായുള്ള പൊതുദര്ശനത്തില് ഇന്നും പാപ്പായ്ക്ക് പങ്കെടുക്കാനാകില്ലെങ്കിലും അതിനുവേണ്ടി ഒരുക്കിയിട്ടുള്ള പാപ്പായുടെ സന്ദേശം വത്തിക്കാന്‍ ലോകത്തോടു പങ്കുവയ്ക്കും. പ്രത്യാശയുടെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ശെമ്മാശ്ശന്മാരുടെ പ്രത്യേക ജൂബിലിയാഘോഷം നടക്കുന്ന ഇന്ന് വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പരിശുദ്ധ പിതാവ് മുഖ്യകാര്‍മികത്വം വഹിക്കേണ്ടിയിരുന്ന ദിവ്യബലിയില്‍ പാപ്പായുടെ സുവിശേഷസന്ദേശം സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ പ്രോ-പ്രീഫെക്ട് ആര്‍ച്ച്ബിഷപ് റീനോ ഫിസിക്കേല്ല വായിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആറായിരത്തിലേറെ ഡീക്കന്മാര് ജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത് ബസിലിക്കയിലെ വിശുദ്ധവാതിലിലൂടെ കടക്കും.
അതേസമയം, ഫ്രാന്‍സിസ് പാപ്പായുടെ രാജി സംബന്ധിച്ച് ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ വരുന്ന ഊഹാപോഹങ്ങള്‍ നിരര്‍ഥകമാണെന്ന് വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിന് ഇറ്റലിയിലെ ‘കൊറിയേരെ ദെല്ല സേര’ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. പാപ്പായുടെ സൗഖ്യവും വത്തിക്കാനിലേക്കുള്ള തിരിച്ചുവരവുമാണ് ഇപ്പോള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ക്കു പുറത്തുനില്ക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇത്തരം വാര്‍ത്തകളും അസ്ഥാനത്തുള്ളതും കടിഞ്ഞാണില്ലാത്തതുമായ ചില പ്രസ്താവനകളും ഉണ്ടാകുക ഒരു പരിധിവരെ സാധാരണമാണെന്നും കര്‍ദിനാള്‍ പരോളിന് പ്രതികരിച്ചു.
ജെമേല്ലി ആശുപത്രിയില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ പ്രോത്സാഹജനകങ്ങളാണെന്നും പാപ്പാ ആരോഗ്യസ്ഥിതി വീണ്ടെടുത്തുകൊണ്ടിരിക്കയാണെന്നും വത്തിക്കാനില്‍ നിന്ന് ഔദ്യോഗിക രേഖകളും മറ്റും പാപ്പായ്ക്ക് എത്തിച്ചുകൊടുക്കുന്നുണ്ടെന്നും അതു സൂചിപ്പിക്കുന്നത് കാര്യങ്ങള്‍ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത് എന്നാണെന്നും അദ്ദേഹം പറഞ്ഞു.
പാപ്പായുടെ രാജിയെക്കുറിച്ച് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ട് അര്ജന്റീനക്കാരനാ കര്‍ദിനാള്‍ വിക്ടര്‍ മനുവേല്‍ ഫെര്‍ണാണ്ടസിനോട് അര്‍ജന്റീനയിലെ ‘ല നസിയോണ്’ ദിനപ്പത്രം ചോദിച്ച ചോദ്യത്തിന്, രാജിക്കായി സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ നല്‍കിവരുന്ന ചികിത്സയോട് പാപ്പാ നല്ലവണ്ണം പ്രതികരിക്കുന്നുണ്ട് എന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനം എന്നും കര്‍ദിനാള്‍ ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു.