വെള്ളറട: രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമലയിൽ വൈദ്യുതി കണക്ഷൻ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആറുകാണി ജനകീയ സമിതിയും തെക്കൻ കുരിശുമല വികസന സമിതിയും സംയുക്തസമിതിയും ചേർന്ന് ആറു കാണിയിൽ ധർണ സംഘടിപ്പിച്ചു.
തമിഴ് നാട് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി സെക്രട്ടറി ആമോസ് ധർണ ഉദ്ഘാടനം ചെയ്തു. തമിഴ് നാട് സർവ്വകക്ഷി കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് പത്തു കാണി എസ്. ജ്ഞാന ദാസ് അധ്യക്ഷത വഹിച്ചു. ടി.എൻ.എം.എസ്. തമിഴ് നാട് സംസ്ഥാന വൈസ് പ്രവിഡന്റ് അഡ്വ. നെൽസൺ മുഖ്യ സന്ദേശം നൽകി. എം.ഡി.എം.കെ. കന്യാകുമാരി ജില്ലാ സെക്രട്ടറി ഹൈഡൻ സോണി, കടയാലുംമൂട് എം.മണി, ലൂയീസ് ഉപദേശി, എസ്.ബാലരാജ്, തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ പ്രസംഗിച്ചു.
തെക്കൻ കുരിശുമല അസിസ്റ്റന്റ് ഡയറക്ടർ ഫാ. അരുൺ പി. ജിത്ത്, ആറുകാണി ഇടവക വികാരി ഫാ. റ്റോജി പറമ്പിൽ എന്നിവർ സംബന്ധിച്ചു.
തെക്കൻ കുരിശുമലയിൽ വൈദ്യുതി കണക്ഷൻ നൽകുക, ക്കൈൻകുരിശുമയിലെ കാണിക്കപ്പെട്ടി തകർത്ത വരെയും, മരങ്ങൾ മുറിച്ച് മാറ്റിയവരെയും അറസ്റ്റ് ചെയ്യുക, കുരിശുമലയിലേയ്ക്കുള്ള അനധികൃതമായ കടന്നുകയറ്റം അവസാനിപ്പിക്കുക,
തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ളം, ബാത്ത്റൂം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക, അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ചെക്ക്പോസ്റ്റ് എടുത്ത് മാറ്റുക. എല്ലാപേർക്കും തുല്യ നീതിയും സ്വാതന്ത്ര്യവും നടപ്പിൽ വരുത്തുകതുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് ധർണനടത്തിയത്. കേരളo, തമിഴ് നാട് പ്രദേശങ്ങളിൽ നിന്നും നൂറ് കണക്കിന് വിശ്വാസികളും തീർത്ഥാടകരും ധർണയിൽ പങ്കെടുത്തു.