വില്‍സി സൈമണ്‍
കുട്ടികളും സ്ത്രീകളും ഗൗരവതരമായ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. 18 വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടിയെ സംഘടിതമായി ചൂഷണം ചെയ്തത് അറുപതോളം പേരാണ്. കുട്ടി പീഡനത്തിന് ഇരയായെന്ന് പറയപ്പെടുന്നത് 13 വയസുമുതലാണ്. പീഡിപ്പിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടത്രേ. ഇവര്‍ക്ക് ആര്‍ക്കും ഈ കൊച്ചു പെണ്‍കുട്ടിയോട് ചെയ്യുന്നത് തെറ്റാണ് എന്ന് തോന്നിയില്ല എന്നതാണ് ഈ സമൂഹത്തെ ചിന്തിപ്പിക്കേണ്ടത്.
മനഃസാക്ഷി മരവിച്ച മനുഷ്യരും തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാത്ത ഒരു തലമുറയും ഇവിടെ വളര്‍ന്നുവരുന്നുവെന്നത് ഗൗരവമായി കാണേണ്ടതാണ്. ഇന്ന് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ഒറ്റയ്ക്കും സംഘടിതമായും ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി കാണാം.
ആണ്പെണ്തുല്യത നിലവിലുണ്ടെങ്കിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രത്യേക സുരക്ഷ, നിയമവും ഭരണഘടനയും ഉറപ്പാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഇവിടുത്തെ സമൂഹത്തിന്റെ ഉത്തരവാദിത്വം ആണ്. ആശയങ്ങളിലും ആദര്‍ശങ്ങളിലും ചിന്തകളിലും കാഴ്ചപ്പാടിലും വ്യത്യാസമുണ്ടാകാം. സ്ത്രീകള്‍ ആയതു കൊണ്ടുമാത്രം അവരെ ഒറ്റപ്പെടുത്താമെന്നും അവഹേളിക്കാമെന്നു മൊക്കെ കരുതുന്നത് ആഭാസമാണ്. ഒരു സ്ത്രീയ്ക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ട്. അവകാശങ്ങളും ആനുകൂല്യങ്ങളും ഉത്തരവാദിത്വങ്ങളുമുണ്ട്. അതിന് വിരുദ്ധമായ നിലപാടുകള്‍ അവകാശ ലംഘനമാണ്. അത് അവളുടെ ആത്മവിശ്വാസത്തെയും സ്വതന്ത്രമായ ചിന്താധാരകളെയും ഇല്ലാതാക്കുന്നു.
പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ പോലുള്ള പ്ലാറ്റ്ഫോമുകളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന സംഘടിതമായ ആക്രമണങ്ങള്‍ വലിയ തോതിലുള്ള മാനസികാഘാതങ്ങള്‍ സ്ത്രീകളില്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം മാധ്യമങ്ങളില്‍ സ്ത്രീകള്‍ അവരുടേതായ നിലപാടുകള്‍ അറിയിച്ചാല്‍ ഉടന്‍ അതിന് താഴെ വരുന്ന കമന്റുകളും ലൈക്കുകളും മാത്രം ശ്രദ്ധിച്ചാല്‍ മതി നമ്മുടെ സമൂഹത്തില്‍ എത്രമാത്രം മൂല്യശോഷണം സംഭവിച്ചുവെന്ന് മനസ്സിലാക്കാം. ഇന്ന് സ്ത്രീകള്‍ പണ്ടത്തെപ്പോലെ അടുക്കളയില്‍ മാത്രം ഒതുങ്ങിജീവിക്കുന്നവരല്ല. സര്‍വ്വ മേഖലകളിലും അവള് മുന്‍പന്തിയില്‍ തന്നെയാണ്. ഇത്രയൊക്കെ പുരോഗതി നേടിയ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ എണ്ണം വര്‍ഷം തോറും കൂടുന്നത് നമ്മെ കാര്യമായി ചിന്തിപ്പിക്കേണ്ട വിഷയം തന്നെയാണ്.
ആനുകാലികമായി നടന്ന കേരളത്തിലെ സംഭവവികാസങ്ങളില്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ സ്ത്രീകള്‍ക്ക് ഏറെ ആത്മവിശ്വാസവും ധൈര്യവും പകരുന്നതാണ്. സമാധാനവും സന്തോഷവും നിറഞ്ഞ ഒരു സാമൂഹ്യ ജീവിതം ഓരോ പൗരന്റെയും അവകാശമാണ്. അതിനാവശ്യമായ നിയമങ്ങള്‍ ഇവിടെയുണ്ട്. ധാര്മികനിലപാടുകള് ഉണ്ട്. തെറ്റും ശരികളുമുണ്ട്.
ഇതിന് വിരുദ്ധമായ നിലപാടുകളൊക്കെ നിയമലംഘനങ്ങളാണ്.
കുററം ചെയ്യുന്നവര്‍ ആരായാലും നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ ബാധ്യസ്ഥരാണ്. നിയമം ലംഘിക്കപ്പെടുമ്പോള്‍ അവിടെയെല്ലാം നീതി നടപ്പാക്കാന്‍ പര്യാപ്തമായ ഒരു നിയമവ്യവസ്ഥ നമുക്കുണ്ട് എന്നതില്‍ നമുക്ക് അഭിമാനിക്കാം.
സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സ് സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിരവധി നിയമങ്ങള്‍ ഉള്ള നാടാണ് നമ്മുടേത്. എന്നാല്‍ സമൂഹത്തിലെ വലിയൊരു വിഭാഗത്തിനും ഇവയെക്കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. പൊതുസമൂഹത്തിന് ഇത്തരം നിയമങ്ങളെക്കുറിച്ച് ഒരു അവബോധം ഉണ്ടാകേണ്ടതാണ്. ഇന്ന് കുടുംബങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറ്റവും സുരക്ഷിതമായ ഇടം എന്നാണ് നമ്മുടെ സങ്കല്പം. എന്നാല്‍ ഇന്ന് കുട്ടികളും സ്ത്രീകളും കുടുംബങ്ങളില്‍ ഏറെ അതിക്രമങ്ങള്‍ നേരിടുന്നുണ്ട്. സ്വന്തക്കാരും ബന്ധുക്കളുമൊക്കെ ആയതുകൊണ്ട് പലരും ഇതൊന്നും പുറത്തുപറയാനോ കേസ് കൊടുക്കാനോ ഇഷ്ടപ്പെടുന്നില്ല. സമൂഹത്തില്‍ മാത്രമല്ല വീടുകളിലും നീതിക്കായി സ്ത്രീകള്‍ പോരാടേണ്ട കാലമാണിത്. വീടുകളിലും നിറത്തിന്റെയും വസ്ത്രത്തിന്റെയും ബോഡി ഷെയിമിംഗിന്റെയും സ്വത്തിന്റെയും പേരിലെല്ലാം അവള് നിരവധി സമ്മര്‍ദ്ദങ്ങളിലൂടെ കടന്നു പോകുന്നുണ്ട്.
ഇതൊന്നും അംഗീകരിക്കാനാവില്ല എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി കര്‍ശന നിലപാടെടുത്തത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. തടിച്ചതാണ്, മെലിഞ്ഞതാണ്, പൊക്കമില്ല, പൊക്കം കൂടുതലാണ്, ഇരുണ്ടതാണ്, കറുത്തതാണ് എന്നൊക്കെ ഒരാളുടെ ശരീരത്തെക്കുറിച്ച് പറയുന്നത് ഒഴിവാക്കണം. എല്ലാവര്ക്കും എന്തെങ്കിലും കൂടുതലോ കുറവോ ഉണ്ടാകും. അതാണ് ജീവിതമെന്നും നമ്മുടെ ശരീരം മാറും, സ്വാഭാവം മാറും മനസ് മാറും മറ്റുള്ളവരെക്കുറിച്ച് മോശം കമന്റുകള്‍ പാടില്ല എന്നും നിയമവ്യവസ്ഥ താക്കീത് ചെയ്യുന്നു.
കുടുംബങ്ങളില്‍ പഴയകാലത്തെ സൗഹൃദങ്ങളും സ്നേഹബന്ധങ്ങളും ഊട്ടിയുറപ്പിക്കാന്‍ കഴിയണം. പരസ്പരം സംസാരിക്കാന്‍ അവസരം ഇല്ലാത്ത വിധത്തില്‍ മൊബൈല്‍ ഫോണില്‍ സമയം കളയുന്ന കുടുംബാന്തരീക്ഷത്തിന് മാറ്റം വരണം. എന്തും തുറന്നു പറയാനുള്ള സാഹചര്യം കുട്ടികള്‍ക്ക് കുടുംബങ്ങളില്‍ നല്‍കണം. ശരിയായ ലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭ്യമാക്കണം. കുടുംബങ്ങളില്‍ മാനസികമോ ശാരീരികമോ ലൈംഗികമോ വാചികമോ വൈകാരികമോ സാമ്പത്തികമോ ആയി പീഡിപ്പിക്കപ്പെടുമ്പോള്‍ അവരെയെല്ലാം നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനുള്ള നിയമ സംവിധാനങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ട്. കുടുംബക്കോടതികളുണ്ട്. സ്ത്രീകളെ അസഭ്യമായി ചിത്രീകരിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്താല്‍ അത് കൈകാര്യം ചെയ്യുന്ന നിയമങ്ങള്‍ ഉണ്ട്. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നത് നിരോധിക്കുന്നതിനായി സ്ത്രീധന നിരോധന ആക്ട് പോലെയുള്ള നിയമവ്യവസ്ഥകളുണ്ട്.
ലൈംഗിക അതിക്രമങ്ങളെ ചെറുക്കാന്‍ പോക്സോ നിയമം ഉണ്ട്. പിങ്ക് പൊലീസ്, നിര്‍ഭയ പദ്ധതി, വനിതാ ഹെല്പ് ലൈന്‍, വനിതാകമ്മീഷന് ഇങ്ങനെ ധാരാളം നിയമവ്യവസ്ഥകളും സംവിധാനങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഇന്ന് നിലവിലുണ്ട്. സ്ത്രീകള്‍ക്ക് സൗജന്യമായി നിയമസഹായം നല്കുന്ന ഗവണ്മെന്റ് സംവിധാനങ്ങള്‍ ഉണ്ട്.
ഇനി ആത്മധൈര്യമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടത്. വാക്കുകള്‍കൊണ്ടും നോട്ടം കൊണ്ടും സ്പര്‍ശം കൊണ്ടും മറ്റേതൊരു പ്രവൃത്തികള്‍കൊണ്ടും തന്നെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാനും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുമുള്ള ചങ്കൂറ്റമാണ് ഇനി ആര്‍ജ്ജിക്കേണ്ടത്.
സ്ത്രീകളായതുകൊണ്ടുമാത്രം അവര്‍ മുന്നോട്ട് വരരുത്, അവരെ എന്തും പറയാം, എന്തും ചെയ്യാം, എങ്ങനെയും അവരെ തളര്‍ത്താം എന്നൊക്കെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്കെല്ലാം ശക്തമായ താക്കീതായിരിക്കട്ടെ ആനുകാലികസംഭവവികാസങ്ങള്‍.
സ്ത്രീകള്‍ വെറും മാര്‍ക്കറ്റിംഗ് മീഡിയയല്ല. അവള്‍ക്കും അന്തസ്സും അഭിമാനവും സ്വകാര്യതയും സ്വാതന്ത്ര്യവും ഉണ്ടെന്നും അത് കാത്തുസൂക്ഷിക്കുന്ന ഒരു സാമൂഹ്യ ക്രമം ഇവിടെ രൂപപ്പെടേണ്ടത് അത്യാവശ്യമാണെന്നുമുള്ള പൊതുബോധം എത്രയും ആഴത്തില്‍ ഇവിടെ വേര് പിടിക്കട്ടെ.