തൃശൂര്‍: മലയാളമുള്ളിടത്തോളം നിലനിൽക്കുന്ന സംഗീതവിസ്മയം ഭാവഗായകന് പി ജയചന്ദ്രന്റെ ഭൗതിക ശരീരം രാവിലെ പത്തു മണി മുതല്‍ പന്ത്രണ്ട് മണി വരെ തൃശൂര്‍ സംഗീത നാടക അക്കാദമി റീജനല്‍ തിയറ്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ഉച്ചയ്ക്ക് ഒരു മണിയോടെ പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ കൊണ്ടുവരും. നാളെ രാവിലെ എട്ടു മണിയോടെ പറവൂര്‍ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വസതിയിലേയ്ക്ക് കൊണ്ടു പോകും. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ എറണാകുളം പറവൂരിലുള്ള ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതുദര്‍ശനം. വൈകീട്ട് നാലു മണിയോടെയാണ് സംസ്കാരം.വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് പി ജയചന്ദ്രന്. 5 തവണ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം നേടി.2021ല്‍ ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ചു. കേരളത്തിലെ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1944 മാർച്ച് മൂന്നിനായിരുന്നു പി ജയചന്ദ്രൻ ജനിച്ചത്.
തൃശ്ശൂർ ഇരിങ്ങാലക്കുടയാണ് ജന്മസ്ഥലം. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ മൃദംഗ വാദ്യത്തിലും ലളിത സംഗീതത്തിലും പി ജയചന്ദ്രൻ അഗ്രഗണ്യൻ ആയിരുന്നു. 1965ൽ പുറത്തിറങ്ങിയ കുഞ്ഞാലിമരക്കാർ എന്ന ചിത്രത്തിലെ ഒരു മുല്ലപ്പൂ മാലയുമായി എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് പി ജയചന്ദ്രൻ പിന്നണി ഗായക രംഗത്തേക്ക് വരുന്നത്.
കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിന് വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ്. തുടർന്ന് നീണ്ട 59 വർഷങ്ങൾ മലയാള സംഗീത ശാഖയുടെ അഭിവാജ്യ ഘടകമായി. ദേവരാജൻ, ദക്ഷിണാമൂർത്തി,പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, ബാബുരാജ് ഇളയരാജ, എം എസ് വി, എ ആർ റഹ്മാൻ തുടങ്ങിയ വിഖ്യാത സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ചു.
വേറിട്ട ഗാനാലാപന ശൈലിയിലൂടെ മലയാളത്തിന്റെ സ്വന്തം ഭാവഗായകനായി. മലയാളം, തമിഴ്, തെലുഗു തുടങ്ങിയ ഭാഷകളിലായി 15000ത്തിൽ അധികം ഗാനങ്ങൾ പി ജയചന്ദ്രൻ ആലപിച്ചിട്ടുണ്ട്.