ലഖ്നൗ: പഞ്ചാബില്‍ പൊലീസ് സ്റ്റേഷന് ആക്രമിച്ച മൂന്ന് ഖലിസ്ഥാന്‍ തീവ്രവാദികളെ ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. ഖലിസ്ഥാന്‍ പ്രവര്‍ത്തകരായ ഗുര്‍വീന്ദര്‍ സിങ്, വീരേന്ദ്ര സിങ്, ജസന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരില്‍ നിന്ന് എകെ സീരീസില്‍പ്പെട്ട രണ്ട് റൈഫിളുകളും ഗ്ലോക്ക് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്. പാകിസ്ഥാന് സ്പോണ്സര് ചെയ്ത ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സിന്റെ ഭാഗമാണ് മൂവരുമെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. പഞ്ചാബ് അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു.
അക്രമികള്‍ യുപിയിലെ പിലിഭിത്തിലെ പി എസ് പിരന്‍പൂര്‍ മേഖലയില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് പൊലീസ് സംയുക്തമായി വളയുകയായിരുന്നു.അറസ്റ്റ് ചെയ്യാന്‍ ശ്രമം നടത്തിയ പൊലീസ് സംഘത്തിനു നേര്‍ക്ക് അക്രമികള്‍ നിറയൊഴിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരിച്ചടിയിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.