തിരുവനന്തപുരം: സ്കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. ചോദ്യപേപ്പര്‍ അച്ചടിയിലും വിതരണത്തിലും വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും.
സംഭവത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട് . സ്വകാര്യ ട്യൂഷൻ സെൻ്ററിൽ ക്ലാസെടുക്കുന്ന അധ്യാപകർക്ക് ചോർച്ചയിൽ പങ്കുണ്ടാകാമെന്നും കർശന നടപടി എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ക്രിസ്മസ് അർധവാർഷിക പ്ലസ്വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളാണ് ചോർന്നത്. പരാതികൾ നേരത്തെ ഉയർന്നിട്ടും വിദ്യാഭ്യാസവകുപ്പ് അനങ്ങാതിരുന്നതാണ് ചോർച്ചക്കുള്ള കാരണമെന്നാണ് വിമർശനം.
പരീക്ഷയുടെ തലേന്ന് പ്രഡിക്ഷന്‍ എന്ന രീതിയില്‍ ചോദ്യങ്ങള്‍ പുറത്തുവിട്ട യൂട്യൂബ് ചാനല്‍ പ്രതിനിധികള്‍, ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകര്‍ എന്നിവരില്‍ നിന്നും പോലീസ് ഉടന്‍ മൊഴിയെടുക്കും. ചോര്‍ച്ചയുണ്ടായെന്ന കാര്യ സ്ഥിരീകരിച്ചെങ്കിലും അര്‍ധവാര്‍ഷിക പരീക്ഷയായതിനാല്‍ പുനഃപരീക്ഷക്ക് സാധ്യത കുറവാണ്.
ഓരോ ഡയറ്റുകളിലെ അധ്യാപകരാണ് പത്താം തരം വരെയുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. ഇവരുടെയെല്ലാം മൊഴി പോലീസ് രേഖപ്പെടുത്തും. പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്.