സിങ്കപ്പുര്‍ : ചതുരംഗപ്പലകയിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷിന് ലോക ചെസ് കിരീടം. നിലവിലെ ചാമ്പ്യനും ചൈനീസ് ഗ്രാൻഡ് മാസ്റ്ററുമായ ഡിങ് ലിറനെ അട്ടിമറിച്ചാണ് 18കാരനായ ഗുകേഷ് ലോകത്തിന്റെ നെറുകയിലെത്തിയത്.
കടുത്ത പോരാട്ടത്തിന് ഒടുവിൽ സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ മത്സരത്തിൽ എതിരാളിയുടെ പിഴവ് മുതലെടുത്താണ് ഗുകേഷ് വിജയത്തിലേക്ക് ചെക്ക് വിളിച്ചത്.7.5–6.5 എന്ന സ്കോറിലാണ് ഡിങ് ലിറനെ ഗുകേഷ് വീഴ്ത്തിയത്. 14 ഗെയിമുകളിൽനിന്ന് ആദ്യം 7.5 പോയിന്റ് സ്വന്തമാക്കുന്നയാളാണ് ലോക ചാംപ്യനാകുക.
ഇത്തവണ വാശിയേറിയ പോരാട്ടത്തിൽ 14–ാം ഗെയിമിലേക്ക് എത്തുമ്പോൾ 6.5 പോയിന്റ് വീതമായിരുന്നു ഇരുവർക്കും. 14 ഗെയിമുകളിൽ നിന്ന് മൂന്ന് ജയമാണ് ഗുകേഷ് സ്വന്തമാക്കിയത്. ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കിരീട ജേതാവ് കൂടിയായി ഗുകേഷ്.
ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുഗേഷ് മറികടന്നത്. വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചെസ് കിരീടം ഇന്ത്യയിൽ എത്തുകയാണ്.