ജെയിംസ് അഗസ്റ്റിന്
വിശുദ്ധരുടെ പേരുകളാണ് പള്ളികള്‍ക്കു നല്‍കുന്നത്. അറിയപ്പെടുന്നത് ചിലപ്പോള്‍ സ്ഥലപ്പേരുകളിലും. എന്നാല്‍ ഒരു പാട്ടിന്റെ പേരില്‍ അറിയപ്പെടുന്ന പള്ളിയുണ്ട്. ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിലാണ് ‘സൈലന്റ് നൈറ്റ്’ പള്ളി സ്ഥിതി ചെയ്യുന്നത്. സൈലന്റ് നൈറ്റ് എന്ന വിഖ്യാത ഗാനം പിറവിയെടുത്ത പള്ളിക്കു ഔദ്യോഗികമായിത്തന്നെ സൈലന്റ് നൈറ്റ് ചാപ്പല്‍ എന്നു നാമ കരണം നടത്തുകയായിരുന്നു.
സൈലന്റ് നൈറ്റ് എന്ന ഗാനത്തിന് വിശേഷണങ്ങള്‍ ഏറെയുണ്ട്. ഏറ്റവുമധികം റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗാനം. ഏറ്റവുമധികം ഗായകര്‍ പാടിയിട്ടുള്ള ഗാനം. സംഗീത ലോകത്തിലെ ഉപകരണ വിദഗ്ധരെല്ലാം തന്നെ തങ്ങളുടെ പ്രിയപ്പെട്ട ഉപകരണത്തിന്റെ സ്വരത്തില്‍ റെക്കോര്‍ഡ് ചെയ്ത ഗാനം (137000 തവണ). ഏറ്റവുമധികം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട ഗാനം. കഴിഞ്ഞ ഇരുന്നൂറു വര്‍ഷത്തിനിടെ ഏറ്റവുമധികം ആലപിക്കപ്പെട്ട ക്രിസ്മസ് ഗാനം. ക്രിസ്മസ് കളിപ്പാട്ടങ്ങളിലും ആശംസാ കാര്‍ഡുകളിലും ഏറ്റവുമധികം ചേര്‍ത്തിട്ടുള്ള ഗാനം.
ഇത്രയേറെ ബഹുമതികള്‍ ഏറ്റു വാങ്ങിയിട്ടുള്ള വേറൊരു ഗാനമുണ്ടോ?
എല്‍വിസ് പ്രെസ്ലി, ജിം റീവ്സ്, മൈക്കിള്‍ ജാക്സണ്, ഫ്രാങ്ക് സിനാട്ര, സെലിന് ഡിയോണ്‍, ടെയ്ലര് സ്വിഫ്റ്റ്, എറിക് ക്ലാപ്റ്റന്‍, ബിങ് ക്രോസ്ബി, അലന് ജാക്സണ്, മഹേലിയ ജാക്സണ്, ജസ്റ്റിന് ബീബര്‍, ഡയാന റോസ് തുടങ്ങിയ പ്രശസ്തരെല്ലാം ഈ ഗാനം തങ്ങളുടെ ശബ്ദത്തില്‍ ലോകത്തെ കേള്‍പ്പിച്ചിട്ടുണ്ട്.
പാട്ടിന്റെ ഇംഗ്ലീഷ് വരികളാണ് ലോകപ്രശസ്തം. ആ വരികളാണ് നമ്മളൊക്കെ കേട്ടിട്ടുള്ളതെങ്കിലും എഴുതപ്പെട്ടതു ജര്‍മന്‍ ഭാഷയിലാണ്. 1816ല്‍ റോമന്‍ കത്തോലിക്കാ വൈദികനായിരുന്ന ഫാ. ജോസഫ് മോര് എഴുതിയ ഗാനത്തിനു ഈണം നല്‍കുന്നത് 1818ലാണ്. സാല്സ്ബാക് നദിയുടെ തീരത്തുള്ള സുന്ദരമായ പ്രദേശത്തെ വിശുദ്ധ നിക്കോളാസിന്റെ പേരിലുള്ള ദേവാലയ ത്തില്‍ സേവനത്തിനായി വന്ന ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ദിനങ്ങളുടെ ഒരുക്കത്തിലായിരുന്നു ഫാ. ജോസഫ് മോര്. ക്രിസ്മസ് ആഘോഷമാക്കാനുള്ള ആലോചനകള്‍ക്കിടയിലാണ് തന്റെ പുസ്തകത്തില്‍ കുറിച്ചിട്ടുള്ള വരികളെക്കുറിച്ച് അദ്ദേഹം ഓര്‍ത്തത്. പാട്ടില്ലാതെന്തു ക്രിസ്മസ്? അങ്ങനെ സൈലന്റ് നൈറ്റ് എന്ന വരികള്‍ക്കു സംഗീതം നല്കാന് തീരുമാനിച്ചു. പള്ളി യിലെ ക്വയര്‍ മാസ്റ്ററും അധ്യാപകനുമായിരുന്ന ഫ്രാന്‍സ് സേവ്യര്‍ ഗ്രൂബെറിനായിരുന്നു ആ ചരിത്രനിയോഗം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത്. രണ്ടുപേര്‍ ചേര്‍ന്ന് ഗിറ്റാര്‍ വായിച്ചു പാടുന്ന രീതിയില്‍ സംഗീതം നല്‍കാനാണ് ഫാ. ജോസെഫ് മോര് നിര്‍ദ്ദേശിച്ചത്. അന്ന് ആരാധനാക്രമങ്ങള്‍ക്കു ഗിറ്റാര്‍ അനുവദിച്ചിരുന്നില്ല. നൃത്തത്തിനും റോക്ക് മ്യൂസിക്കിനും ഉപയോഗിക്കുന്ന ഉപകരണങ്ങളൊന്നും ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നില്ല. ഓര്‍ഗന്‍, പിയാനോ എന്നിവയായിരുന്നു പള്ളിയില്‍ പ്രവേശനം ഉണ്ടായിരുന്ന സംഗീതോപകരണങ്ങള്‍. തിരുക്കര്‍മങ്ങള്‍ക്കിടയില്‍ ഗിറ്റാര്‍ വായിക്കാന്‍ അനു വാദം ഇല്ലാതിരുന്നതിനാല്‍ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം ഫാ. ജോസെഫ് മോറും ഫ്രാന്‍സ് സേവ്യറും ചേര്‍ന്ന് ഈ ഗാനം ആലപിച്ചു.
ആ പ്രദേശത്തു നടന്ന പ്രളയം ഈ പാട്ടിന്റെ ലോകസഞ്ചാരത്തിനു കാരണമായി. പ്രളയത്തില്‍ പള്ളിയിലെ ഓര്‍ഗനു കേടുപറ്റി. ഓര്‍ഗന്‍ നന്നാക്കുന്നതിനായി കാള്‍ മൊറാഹര്‍ എന്ന ടെക്നീഷ്യന് പള്ളിയിലെത്തിയിരുന്നു. അവിചാരിതമായി ഈ പാട്ടു കേട്ട മോറാഹര് പാട്ടിന്റെ സംഗീതം കുറിച്ച കടലാസു തുണ്ടുമായാണ് മടങ്ങിയത്. തന്റെ നാട്ടിലെ ഗായകസംഘങ്ങളെ മോറാഹര് ഈ ഗാനം കേള്‍പ്പിച്ചു. പല ഗായകസംഘങ്ങളും ഈ പാട്ടു പാടിത്തുടങ്ങി. രാജസദസ്സുകളിലെ പ്രിയപ്പെട്ട ഗാനമായി സൈലന്റ് നൈറ്റ് മാറി. പാട്ടുമായി സഞ്ചാരം നടത്തുന്ന കുടുംബങ്ങളും സംഘങ്ങളും ഈ ഗാനം പാടിത്തുടങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ ഗാനം എത്തി. പ്രളയത്തോടെ എത്തിയ ഗാനം കൊടുങ്കാറ്റു പോലെ ലോകമെങ്ങും പരന്നു. 1839 ല്‍ റെയ്നര്‍ സിംഗേഴ്സ് എന്ന ഗായകകുടുംബമാണ് അമേരിക്കയില്‍ ഈ ഗാനം എത്തിച്ചത്. അതിപ്രശസ്തമായ ഈ ഗാനത്തിന് സംഗീതം നല്‍കിയത് ഗ്രൂബെര്‍ ആണെങ്കിലും അനേകവര്‍ഷങ്ങളോളം സംഗീതലോകം കരുതിയിരുന്നത് മൊസാര്‍ട്ടോ, ബീഥോവനോ ആയിരിക്കുമെന്നാണ്. എന്നാല്‍ ചരിത്രം ഗ്രൂബറിനോട് നീതി പുലര്‍ത്തുന്നത് 1995-ലാണ്.
ഗ്രൂബെര്‍ തന്റെ സ്വന്തം കൈപ്പടയിലെഴുതിയ നോട്ടേഷന്‍ ചരിത്രാന്വേഷകര്‍ക്കു ലഭിച്ചത് 1995 ലാണ്. അതില്‍ വളരെ കൃത്യമായി രചനയും സംഗീതവും ആരാണെന്നു എഴുതിയിരുന്നു. അന്ന് സഹവികാരിയായിരുന്ന ഫാ. ജോസഫ് മോറിന്റെ ഒപ്പും ചേര്‍ത്തിരുന്നു.
ഒരു പള്ളിയില്‍ ഒരു തവണ മാത്രം പാടി മാഞ്ഞുപോകുമായിരുന്ന ഒരു ഗാനത്തിന് കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കുമപ്പുറം നിത്യത ലഭിക്കുന്നു. അതിനു നിയോഗമുണ്ടായത് ഓര്‍ഗന്‍ നന്നാക്കാന്‍ വന്നൊരു മെക്കാനിക്കിനും. ഇന്നും ഏറ്റവുമധികം ആലപിക്കപ്പെടുന്ന ഗാനമായി സൈലന്റ് നൈറ്റ് നിലനിക്കു മ്പോള്‍ നമുക്ക് നന്ദിയോടെ ഓര്‍ക്കാം. ഫാ. ജോസഫ് മോറിനെ, ഗ്രൂബെറിനെ പിന്നെ മോറാഹറിനെയും.