ജോസഫ് ജൂഡ് (കെആര്‍എല്‍സിസിയുടെ വൈസ് പ്രസിഡന്റും ലത്തീന്‍ സമുദായ വക്താവും)
ഡിസംബര്‍ 15ന് തിരുവനന്തപുരത്തു ചേരുന്ന മഹാസമ്മേളനം കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പടയൊരുക്കത്തിന്റെ വേദികൂടിയാകുകയാണ്. 2025 മാര്‍ച്ച് വരെ നീളുന്ന ജനജാഗരസമ്മേളനങ്ങള്‍ ലക്ഷ്യമിടുന്നത് ലത്തീന്‍ സമുദായത്തിന്റെ ശക്തീകരണമാണ്. സമനീതിക്കും അവകാശ സംരക്ഷണം വേണ്ടിയുള്ള പോരാട്ടത്തിന് സമുദായത്തെ സജ്ജമാക്കുകയാണ്. ജനാധിപത്യത്തില്‍ നീതിയുടെ നിര്‍വ്വഹണത്തിനും സമ്പത്തിന്റെ ന്യായമായ വിതരണത്തിനും അവകാശങ്ങളുടെ സംരക്ഷണത്തിനും ജനങ്ങളുടെ നിതാന്തമായ ജാഗ്രത അനിവാര്യമാണ്. സാമൂഹ്യ നീതിയും, അധികാരത്തിലെ പങ്കാളിത്തവും, വികസനത്തിന്റെ അവസരങ്ങളും നിരന്തരം നിരസിക്കപ്പെടുന്നു എന്നത് കേരളത്തിലെ ലത്തീന്‍ കത്തോലിക്കരെ ആശങ്കപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യവുമാണ്. അര്‍ഹമായ നീതിയും അധികാരത്തിലെ പ്രാതിനിധ്യവും വികസനത്തിന്റെ സാധ്യതകളും അവസരങ്ങളിലെ അര്‍ഹമായ പങ്കാളിത്തവും സമുദായത്തിന്റെ അവകാശമാണ്. ഈ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് നമ്മുടെ ജനങ്ങളെ ജാഗരൂകരാക്കുകയാണ് കേരളത്തിലെ ലത്തീന്‍ രൂപതകളിലെ എല്ലാ ഇടവകകളിലും കെആര്‍എല്‍സിസി സംഘടിപ്പിക്കുന്ന ജനജാഗരത്തിന്റെ ലക്ഷ്യം.
അരികുവത്കരണത്തിന്റെ ഇരകള്‍
ലത്തീന്‍ കത്തോലിക്കരെന്നനിലയില് സ്വന്തംസ്വത്വം തിരിച്ചറിയാനും ഒരു ജനസമൂഹമായി രൂപപ്പെടാനും സംഘാതശക്തിയി രൂപപ്പെടാനും നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിന് സജ്ജരാക്കുന്നതിനും ലത്തീന്‍ കത്തോലിക്കരുടെ സാമൂഹിക രാഷ്ട്രീയ വിലപേശല്‍ മൂല്യം വര്‍ദ്ധിപ്പിക്കുകയും ജനാധിപത്യത്തില്‍ അര്‍ഹമായ പ്രാതിനിധ്യത്തിനും അധികാരത്തില്‍ നീതിപൂര്‍വ്വമായ പങ്കാളിത്തം സാധ്യമാക്കുന്നതിനും ലത്തീന്‍ കത്തോലിക്ക സമൂഹത്തെ ഒന്നാകെ ഉണര്‍ത്തുകയാണ് ജനജാഗരസമ്മേളനങ്ങള്‍.
കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭയുടെ ഉത്ഭവും വളര്‍ച്ചയും, ലത്തീന്‍ കത്തോലിക്ക സഭാസമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രതിസന്ധികളും, ലത്തീന്‍ കത്തോലിക്ക സഭാസമൂഹം: ഏകോപനത്തിന്റെയും ശക്തീകരണത്തിന്റെയും അനിവാര്യത എന്നീ വിഷയങ്ങള്‍ ജനജാഗരത്തില് പ്രതിപാദ്യ വിഷയങ്ങളാകും. ഇവയോടൊപ്പം പ്രസക്തമായ പ്രാദേശികവിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. ലത്തീന്‍ കത്തോലിക്കാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം രൂപതകളില്‍ സംഘടിപ്പിച്ച ജനജാഗരസമ്മേളനങ്ങളുടെ തുടര്‍ച്ചയായി ഈ വര്‍ഷം ഇടവക തലത്തിലാണ് ജനജാഗരം സംഘടിപ്പിക്കുന്നത്.
ആധുനിക കേരളത്തിന്റെ രൂപപ്പെടലിനായി ഏറ്റവും വലിയ സംഭാവനകള്‍ നല്കിയ ജനവിഭാഗമാണ് ലത്തീന്‍ കത്തോലിക്കര്‍. എന്നാല്‍ ഇന്ന് രാജ്യം കൈവരിക്കുന്ന വികസന നേട്ടങ്ങളുടെ ആനുപാതിക വിഹിതം പോലും കരസ്ഥമാക്കാനാകാതെ അരികുവല്കരണത്തിന് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുകയാണ് ലത്തീന്‍ കത്തോലിക്കര്‍. സമുദായ ശക്തീകരണത്തിനായി പലതലങ്ങളിലും പലവിധത്തിലുമുള്ള സമീപനങ്ങള്‍ അനിവാര്യമാണ്. സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനായി, ചരിത്രപഠനവും, ചരിത്രപരമായ വിശകലനവും സമീപനവും പ്രധാനപ്പെട്ട കാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് ലത്തീന്‍ കത്തോലിക്കരുടെ ചരിത്രത്തെ സംബന്ധിച്ചുള്ള പഠനം ജനജാഗരസമ്മേളനങ്ങളുടെ ഭാഗമാകുന്നത്.
പങ്കാളിത്തം, ഏകോപനം, ശക്തീകരണം
ഒരു വിശ്വാസ സമൂഹമെന്ന നിലയില്‍ വിശ്വാസദാര്‍ഢ്യവും ഐക്യവും പ്രകടിപ്പിക്കുവാന്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് കഴിയുമ്പോഴും കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിരവധിയായ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന ഒരു ജനസമൂഹം ആണ് കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍. സ്വാതന്ത്യപ്രാപ്തിക്ക് ശേഷം രാഷ്ട്രീയ സാമൂഹീക മണ്ഡലങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ഒരു ശക്തിയായി മാറാന്‍ കഴിയാതിരുന്നതിനാല്‍ തന്നെ രാഷ്ട്രീയ സാമൂഹീക മേഖലകളില്‍ ലത്തീന്‍ കത്തോലിക്കരുടെ ന്യായമായ ആവശ്യങ്ങളും താല്പര്യങ്ങളും നിരന്തരം അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനാധിപത്യ സംവിധാനങ്ങളിലും ഭരണ നിര്‍വ്വഹണത്തിന്റെ വിവിധ തലങ്ങളിലും അര്‍ഹമായ പ്രാതിനിധ്യവും മതിയായ പങ്കാളിത്തവും ലത്തീന്‍കാര്‍ക്ക് നിഷേധിക്കപ്പെടുന്നു. സാമൂഹികരാഷ്ട്രീയമേഖലകളില് ലത്തീന്‍ സമുദായം നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും ജനജാഗരങ്ങളില് ചര്‍ച്ച ചെയ്യപ്പെടും.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ സഭാസമൂഹവും സമുദായവുമാണ്. അതുകൊണ്ടാണ് ‘സഭയുടെ നവീകരണം, സമുദായത്തിന്റെ ശക്തീകരണം’ എന്നീ ആശയങ്ങളില്‍ ഊന്നിക്കൊണ്ട് പങ്കാളിത്തം, ഏകോപനം, ശക്തീകരണം എന്നീ പ്രവര്‍ത്തന രീതി കെആര്‍എല്‍സിസി സ്വീകരിച്ചിട്ടുള്ളത്. സഭാസമൂഹം (വിശ്വാസസമൂഹം) സമുദായം എന്നിങ്ങനെയുള്ള രണ്ട് പദങ്ങളും വ്യത്യസ്തമായി നിലനില്ക്കുന്നതാണെന്നു ഒരിക്കലും കരുതരുത്. ഒരു നാണയത്തിന്റെ രണ്ട് വശങ്ങള് പോലെയാണത്. സാമ്പത്തികം, രാഷ്ട്രീയം, സാംസ്കാരികം എന്നീ മൂന്നു ഘടകങ്ങളായിട്ടാണ് സാമൂഹിക ശാസ്ത്രം സമൂഹത്തെ വിവരിക്കുന്നത്. അതായത് സാമ്പത്തിക- രാഷ്ട്രീയ- സാംസ്കാരിക രംഗത്തുള്ള ലത്തീന്‍ ജനവിഭാഗത്തിന്റെ അസ്തിത്വത്തിന്റെ ദൃശ്യരൂപമാണ് സമുദായം.
കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ സമുദായം എന്ന പദത്തിനു സവിശേഷമായ അര്‍ത്ഥം ഉണ്ട്. കേരളത്തിലെ സമകാലിക സാമൂഹിക (സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക) ജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ശക്തിയാണ് സമുദായങ്ങള്‍ എന്നു കാണാം. കരുത്തും സംഘടിത ശക്തിയുമുള്ള സമുദായങ്ങള്‍ തങ്ങള്ക്കര്ഹതയുള്ളതിനേക്കാള് സ്വായത്തമാക്കുമ്പോള്‍ ദുര്‍ബ്ബല സമുദായങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. ലത്തീന്‍ കത്തോലിക്കര്‍ക്ക് അധികാര തലങ്ങളിലും ഉദ്യോഗതലങ്ങളിലും ആനുപാതിക പങ്കാളിത്തം ലഭിക്കുന്നില്ലായെന്നത് വസ്തുതയാണ്. രാജ്യത്ത് നടക്കുന്ന വികസന പ്രക്രിയയില്‍ നിന്നും ലത്തീന്‍ കത്തോലിക്കര്‍ തഴയപ്പെടുന്നുവെന്നതും ശരിയാണ്.
വിഴിഞ്ഞവും മുനമ്പവും തീരപരിപാലനവും
ലത്തീന്‍ കത്തോലിക്കരോടുള്ള അധികാരവര്‍ഗത്തിന്റെ കടുത്ത അവഗണനയുടെ മകുടോദാഹരണമാണ് വിഴിഞ്ഞം, മുനമ്പം, തീരമേഖലകളില്‍ സംഭവിക്കുന്നത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ അപകടമുനമ്പിലേക്കും തൊഴില്നിഷേധത്തിലേക്കും വലിച്ചെറിഞ്ഞ സംഭവങ്ങളാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ തുറമുഖനിര്‍മാണവുമായി ബന്ധപ്പെട്ട് മൂലമ്പിള്ളിയില്‍ നിന്നും കുടിയറക്കപ്പെട്ട ജനതയുടെ ദുരിതങ്ങള്‍ ഇന്നും പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ തന്നെയാണ് അധികാരത്തിന്റേയും പണക്കൊഴുപ്പിന്റേയും പ്രത്യക്ഷസാക്ഷ്യമായി വിഴിഞ്ഞവും മാറിയത്. മത്സ്യത്തൊഴിലാളികളുടേയും വിദഗ്ദരുടേയും മുന്നറിയിപ്പുകളെ അവഗണിച്ച് നിര്‍മിച്ച് പുലിമുട്ടു മൂലം നിരവധി തൊഴിലാളികള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. അനേകം കുടുംബങ്ങള്‍ നിരാലംബരായി. തുറമുഖത്തിനു വേണ്ടി ഒഴിപ്പിക്കപ്പെട്ട ജനങ്ങളില്‍ ഭൂരിഭാഗവും ഇന്നും വാടകവീടുകളിലാണ് കഴിഞ്ഞു കൂടുന്നത്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്കെതിരേ സമാധാനപരമായി സമരം ചെയ്തവരെ – ബിഷപ്പുമാരും വൈദികരുമടക്കം കേസില്‍ കുടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
സമാനസാഹചര്യങ്ങളാണ് മുനമ്പത്തും ഉടലെടുത്തിരിക്കുന്നത്. മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങള്‍ നിയമാനുസൃതം സ്വന്തമാക്കിയിട്ടുള്ള ഭൂമി വഖഫ് ഭൂമിയാണെന്ന വഖഫ് ബോര്‍ഡിന്റെ അവകാശവാദം ഉപക്ഷേിക്കാനും അവരുടെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വഖഫ് ബോര്‍ഡിന് നല്കാന് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. എം. എ. നിസ്സാര്‍ കമ്മറ്റിയുടെ ശുപാര്‍ശയും തുടര്‍ന്നുള്ള ഹൈക്കോടതിയുടെ നിര്‍ദ്ദേശവും ഏതെങ്കിലും വിധത്തില്‍ തടസ്സങ്ങളാണെങ്കില്‍ അത് മറികടക്കാനും ആവശ്യമായ നടപടികളും അടിന്തരമായി സ്വീകരിക്കണമായിരുന്നു.
2019 ല്‍ ഈ ഭൂമി വഖഫ് ഭൂമിയാണ് എന്ന് തീരുമാനിക്കുകയും ആസ്തി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത കേരള വഖഫ് ബോര്‍ഡിന്റെ തീരുമാനം പൂര്‍ണ്ണമായും തെറ്റും അനുചിതവുമാണ്. ഈ തീരുമാനം പിന്‍വലിക്കുകയും മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിച്ചും റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിച്ചും ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കേണ്ടതായിരുന്നു. വഖഫ് ആധാരം എന്നു പറയപ്പെടുന്ന രേഖയിലെ വ്യവസ്ഥകള്‍, അക്കാലത്തെ ഭൂമിയുടെ കൈവശാവകാശികള്‍, നിലനിന്നിരുന്ന നിയമവ്യവസ്ഥകള്‍, നിയമപരമായ പ്രത്യാഘാതങ്ങള്‍ എന്നിവയൊന്നും കണക്കിലെടുക്കാതെ ഏകപക്ഷീയമായി വഖഫ് ബോര്‍ഡ് ഈ തീരുമാനം സ്വീകരിക്കുകയായിരുന്നു.
1950 ലാണ് മുഹമ്മദ് സിദ്ദിഖ് സേഠ് എന്ന വ്യക്തി ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റായിരുന്ന പി.കെ. ഉണ്ണി കാമു സാഹിബ് എന്നിവര്‍ തമ്മില്‍ 404.76 ഏക്കര്‍ ഭൂമി കൈ മാറുന്നത്. ‘വഖഫ് ആധാരം’ എന്ന പദം ഉപേയാഗിച്ചിട്ടുണ്ടെങ്കിലും ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് അത് നടപ്പിലാക്കിയിരിക്കുന്നത്. മുസ്ലീം നിയമപ്രകാരം മതപരമോ ഭക്തിപരമോ ജീവകാരുണ്യപരമോ ആയി അംഗീകരിക്കപ്പെട്ട ഏതെങ്കിലും ഉദ്ദേശ്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ‘സ്ഥിരമായ സമര്‍പ്പണം’ ആണ് വഖഫ്. എന്നാല്‍ സ്വത്ത് തിരിച്ചെടുക്കാന്‍ വഖഫിന് അവകാശമുണ്ടെന്ന ആധാരത്തിലെ വ്യവസ്ഥ സമര്പ്പണത്തിന്റെതായ സ്ഥിരമായ സ്വഭാവത്തെ ഇല്ലാതാക്കുന്നു. കൈവശാവകാശം കൈമാറാതെ കേവലം പട്ടയം കൈമാറ്റം ചെയ്യുന്നത് ഒരു വഖഫ് സൃഷ്ടിക്കുമോ എന്ന ചോദ്യം വഖഫ് ബോര്‍ഡ് പരിശോധിക്കേണ്ടതായിരുന്നു. മുനമ്പം ഭൂമി വഖഫ് ആണെന്ന കാര്യത്തില്‍ തീരുമാനെമടുക്കുമ്പോള് പ്രസക്തമായ ഈ ഘടകങ്ങള്‍ വഖഫ് ബോര്‍ഡ് പരിഗണിച്ചിട്ടില്ല.
1954 ലെ വഖഫ് നിയമത്തിലെ വകുപ്പ് 36 അനുസരിച്ച് വഖഫ്ബോര്‍ഡ് ആസ്തി രജിസ്റ്ററില്‍ ചേര്‍ത്തിട്ടുള്ള ഏതൊരു ഭൂമിയും ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ല. 1988-93 കാലയളവിലാണ് ഫറൂഖ്കോളെജിന്റെ അധികാരികള്‍ ഈ ഭൂമി അക്കാലത്തെ വിപണിവിലയ്ക്കനുസൃതമായി മുനമ്പം നിവാസികള്‍ക്ക് കൈമാറുന്നത്. ഈ ഇടപാട് വഖഫ്ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് എന്നതിനാല്‍ അസാധുവാകുന്നു എന്ന് വഖഫ്ബോര്‍ഡ് വാദിക്കുന്നു. ഈക്കാലയളവില്‍ നിലനിന്നിരുന്ന 1954 ലെ വഖഫ് നിയമത്തിലെ സെക്ഷന്‍ 36 (ബി) വ്യവസ്ഥയനുസരിച്ച് വഖഫ്ബോര്‍ഡിന്റെ ആസ്തിരജിസ്റ്ററില്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂമിയുടെ ക്രയവിക്രയത്തിനു മാത്രമെ വഖഫ്ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമായിവരുന്നത്. ഈ സ്വത്തുക്കളാകട്ടെ 2019 വരെ വഖഫ്ബോര്‍ഡിന്റെ ആസ്തിരജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാരണം ഈ ഭൂമി ഫറുക്ക്കോളെജിന് സമ്മാനമായി ലഭിച്ച സ്വത്താണ്. 1975 ല്‍ കേരളഹൈക്കോടതിയുടെ വിധിയില്‍ ഫറൂഖ്കോളെജിന് സമ്മാനമായി ലഭിച്ചതാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ആയതിനാല്‍ ഫറുഖ് കോളെജ് വസ്തുക്കള്‍ കൈമാറിയ നടപടി നിയമപരമായി സാധുതയുള്ളതാണ്.
ഫറൂഖ് കോളെജ് ഈ ഭൂമി വിറ്റ വകയില്‍ 33 ലക്ഷം രൂപ സമാഹരിച്ചിട്ടുണ്ടൊണ് മനസ്സിലാക്കുന്നത്. ഫറൂഖ് കോളെജിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ഇതിനകം വിനിയോഗിച്ചിട്ടുള്ളതാണ്. (ഈ തുക വിനിയോഗിച്ച് സ്ഥലം വാങ്ങുകയും മുനമ്പം എസ്റ്റേറ്റ് എന്ന് പേര് നല്‍കുകയും ചെയ്തിരുന്നു . ഈ സ്ഥലത്ത് പിന്നീട് ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റര്‍ പണിയുകയും ചെയ്തു.) ഒരിക്കല്‍ പരിഹാരം വാങ്ങി കൈമാറിയ ഭൂമിയില്‍ വീണ്ടും വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്നത് അന്യായമാണ്. ലത്തീന്‍ കത്തോലിക്കര്‍ ഒരു ദുര്‍ബ്ബല സമുദായമായതു കൊണ്ടാണ് ഈ ജനവിഭാഗം നിരന്തരം അവഗണിക്കപ്പെടുന്നത്.
അധികാരം നേടാന്‍ ശക്തി ആര്‍ജ്ജിക്കുക
”ശക്തീകരണം” എന്ന പദം മലയാള ഭാഷയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് അധികം കാലമായില്ല. ”എംപവര്‍മെന്റ്” എന്ന ഇംഗ്ലീഷ് പദത്തിന്റെ മലയാളരൂപമാണു ശക്തീകരണം എന്ന പദം. ”പവര്‍” എന്ന ആംഗലേയ പദത്തിനു സമാനമായി ശക്തി, അധികാരം എന്നീ രണ്ട് പദങ്ങള്‍ മലയാളത്തിലുണ്ട്. ശക്തിയും അധികാരവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള് പോലെ പരസ്പര പൂരകങ്ങളാണ്. ശക്തി ഒരു വ്യക്തിയുടെ അഥവാ ജനവിഭാഗത്തിന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന ഒന്നാണു. അധികാരം ആകട്ടെ, സമൂഹത്തില്‍ പൊതുവായിട്ടാണു സ്ഥിതി ചെയ്യുന്നത്. ഉള്ളിലുള്ള ശക്തിയുടെ നേരനുപാതത്തിലാണു അധികാരം ഒരു വ്യക്തിക്കോ അഥവാ ജനവിഭാഗത്തിനോ പൊതുസമൂഹത്തില്‍ നിന്നും സ്വായത്തമാക്കാന്‍ സാധിക്കുന്നത്. ഒരു വിധത്തില്‍ പറഞ്ഞാല്‍ ശക്തിയുടെ പ്രയോഗത്തിലൂടെയാണു അധികാരം കരഗതമാകുകയുള്ളു. അങ്ങിനെ വരുമ്പോള്‍ അധികാരം കൈവരിക്കാനുള്ള ആദ്യപടി ശക്തി ആര്ജ്ജിക്കുകയെന്നതാണെന്നു വരുന്നു. ശക്തിയ്ക്കു പല ഘടകങ്ങളും വിവിധതലങ്ങളും ഉണ്ട്. ഇവയെ സാമ്പത്തീകം, രാഷ്ട്രീയം, സാംസ്കാരികം എന്നിങ്ങനെ മൂന്നു പ്രധാന വിഭാഗങ്ങളായിട്ടാണു എറിക് ഫ്രോം, പാവ്ലോ ഫ്രെയര്‍ തുടങ്ങിയ സാമൂഹിക ശാസ്ത്രജ്ഞന്മാര് തരം തിരിച്ചിരിക്കുന്നത്. സാമ്പത്തിക- രാഷ്ട്രീയ- സാംസ്കാരിക തലങ്ങളില്‍ ശക്തിയാര്‍ജ്ജിക്കുന്ന പ്രവര്‍ത്തനങ്ങളെയും പ്രക്രിയയെയുമാണു ശക്തീകരണം എന്നു വിവക്ഷിക്കുന്നത്. വിഭവങ്ങള്‍ (പ്രകൃതിയും മനുഷ്യനും), ഉല്പാദനം, വിതരണം, ഉപഭോഗം എന്നിവയാണു സാമ്പത്തീക മേഖലയിലെ ഘടകങ്ങള്‍. നിയമനിര്‍മ്മാണം, നീതിന്യായം, ഭരണനിര്‍വ്വഹണം എന്നിവയാണു രാഷ്ട്രീയ മേഖലയിലെ ഘടകങ്ങള്‍. വിദ്യാഭ്യാസം, കലാ- സാഹിത്യം, സംസ്കാരം, മതങ്ങള്‍, ജീവിത മൂല്യങ്ങള്‍, സമുദായബോധം എന്നിവയാണു സാംസ്കാരിക മേഖലയിലെ ഘടകങ്ങള്‍. ആയതിനാല്‍ ശക്തിയുടെ എല്ലാതലങ്ങളിലുമുള്ള പങ്കാളിത്തത്തിലൂടെ മാത്രമേ അധികാരത്തിന്റെ (വികസനത്തിന്റെ) ആനുപാതീക സംലഭ്യത ഉറപ്പാക്കാനാകൂ.
ജനാധിപത്യക്രമത്തില്‍ അധികാരത്തിലുള്ള പങ്കാളിത്തം എല്ലാ പൗരമാരുടെയും ജന്മാവകാശമാണ്. അതായതു, അധികാരമണ്ഡലത്തിലെ ജനസംഖ്യാനുപാതീകമായ വിഹിതം ഓരോ പൗരനും അഥവാ എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാകുന്ന ആദര്‍ശപരമായ കാഴ്ച്പ്പാടാണു ജനായത്ത ഭരണസമ്പ്രദായത്തിനുള്ളത്. അതുകൊണ്ടാണു ശക്തിയോ, കരുത്തോ, വിലപേശല്‍ പാടവമോ വേണ്ടത്ര ഇല്ലാത്ത ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷകള്‍ വഴി അധികാരപങ്കാളിത്തം ഉറപ്പാക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ശക്തിയില്ലാത്ത ജനവിഭാഗങ്ങള്‍ക്ക് ഈ പരിരക്ഷകള്‍ പലപ്പോഴും ഏട്ടിലെ പശു മാത്രമായിരിക്കും എന്നാണു അനുഭവങ്ങള്‍ നിരന്തരം നമ്മെ ഓര്‍മ്മിപ്പിച്ചു വരുന്നത്. ശക്തിയില്ലാത്തവര്‍ക്ക് ലഭിക്കുന്ന അധികാരം സാധാരണയായി ആരുടെയെങ്കിലും, ഔദാര്യത്താല്‍ കിട്ടുന്നതായതിനാല്‍ അതിനു തുടര്‍ച്ചയോ സ്ഥിരതയോ ഇല്ലാതെ വരുന്നു. ഭരണഘടനാനുസൃതം സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കേണ്ട ഭരണ നേതൃത്വത്തില്‍ ഉണ്ടായിട്ടുള്ള ഇകഴ്ച്ച ശക്തിയില്ലാത്തവരുടെ കാര്യം കൂടുതല്‍ കഷ്ടത്തിലാക്കിയിരിക്കുന്നുവെന്നു പറയാതെ വയ്യ. ആഗോളീകരണത്തിന്റെ കാലത്ത് ശക്തിയും കരുത്തുമുള്ളവര്ക്ക് മാത്രമേ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിലനില്‍ക്കാനാകു. ഇതു മൂലം ശക്തിയില്ലാത്തവര്‍, എന്തൊക്കെ ഭരണഘടനാപരമായ പരിരക്ഷകള്‍ ഉണ്ടെങ്കില്‍ തന്നെ, പ്രാന്തവല്‍കൃതരായി മാറ്റപ്പെടുന്നു എന്നതാണു അനുഭവം.
പോരാട്ടത്തിന് സജ്ജമാകുക
സമുദായവല്കരണ നടപടികളുടെ ആദ്യപടികളായിരുന്നു സമുദായാംഗങ്ങളില്‍ രൂപപ്പെടേണ്ട പ്രബുദ്ധതയും സംഘടനാ ബോധവും. ഇതില്‍ നിന്നും രൂപപ്പെട്ടു വരുന്ന സംഘാത ശക്തിയും അത് നിര്‍ണ്ണയിക്കുന്ന വില പേശല്‍ മൂല്യവുമാണ് സമുദായത്തിന് ലഭ്യമാവേണ്ട നീതിയും അവകാശങ്ങളും തീരുമാനിക്കുന്നത്. കെആര്‍എല്‍സിസിയുടെ ആവിര്‍ഭാവത്തിനു ശേഷമാണു സമുദായ ശക്തീകരണത്തെ സംബന്ധിച്ചുള്ള ചിന്തകള്‍ക്കും വീണ്ടും ശക്തമാകുന്നത്. ലത്തീന്‍ കത്തോലിക്കര്‍ ഒരു സഭാ വിഭാഗം മാത്രമല്ല, സമുദായം കൂടിയാണെന്ന അവബോധം ഓരോ വിശ്വാസിയിലും രൂപപ്പെടുത്തണം. സമുദായ തലത്തില്‍ പ്രബുദ്ധതയും പ്രതിജ്ഞാബദ്ധതയും ഉള്ള അല്മായ നേതാക്കന്മാരുടെ രൂപീകരണം പ്രഥമവും പ്രധാനപ്പെട്ടതുമായ സംഗതിയാണു. ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമരങ്ങളിലൂടേയാണു ജനനേതാക്കന്മാര് ആവിര്‍ഭവിച്ചിട്ടുള്ളതെന്നു ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണു. ഇവിടെയാണു സമുദായ സംഘടനയുടെ പ്രാധാന്യവും പ്രസക്തിയും. ജനങ്ങളുടെ സാമൂഹിക, സാമ്പത്തീക, രാഷ്ട്രീയ പൌരവകാശങ്ങള്‍ സംരക്ഷിക്കാനും നേടിയെടുക്കാനുമുള്ള മുന്നേറ്റങ്ങളിലൂടെ സമുദായം സംഘടിതശക്തിയായി മാറണം. 2025 മാര്‍ച്ച് വരെ നീളുന്ന ജനജാഗരസമ്മേളനങ്ങള്‍ ലക്ഷ്യമിടുന്നത് ലത്തീന്‍ സമുദായത്തിന്റെ ശക്തീകരണമാണ്. സമനീതിക്കും അവകാശ സംരക്ഷണം വേണ്ടിയുള്ള പോരാട്ടത്തിന് സമുദായത്തെ സജ്ജമാക്കുകയാണ്.