പാലക്കാട്: മികച്ച വിജയം നേടി യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ആകെ 52000ത്തില്‍ അധികം വോട്ടുകളാണ് രാഹുല്‍ നേടിയത്. ആദ്യ ഘട്ടത്തില്‍ എൻഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ മുന്നിട്ടുനിന്നു.
ബിജെപിയുടെ ശക്തികേന്ദ്രമായി കരുതുന്ന പാലക്കാട് നഗരസഭയില്‍ നിന്ന് അടക്കം രാഹുലിന് വോട്ടുകള്‍ നേടാനായി. പിന്നീട് യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വോട്ടെണ്ണിയപ്പോഴാണ് രാഹുലിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചത്. പിരാഹിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്റെ ലീഡ് കുത്തനെ ഉയർന്നത്. അതേസമയം, നഗരസഭയില്‍ അടക്കം വോട്ടുചോര്‍ന്നത് ബിജെപിക്ക് വൻ തിരിച്ചടിയായി.
കഴിഞ്ഞ തവണത്തേക്കാൾ പാലക്കാട് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞു. കോൺഗ്രസിലേക്കാണ് ബിജെപി വോട്ടുകൾ ചോർന്നത്. 2021 ൽ നഗരസഭയിലെ വോട്ടെണ്ണി കഴിഞ്ഞപ്പോൾ 34143 വോട്ട് നേടായിരുന്നു. 2024 ലോക്സഭയിൽ 29355 വോട്ടും ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി 27077 വോട്ട് മാത്രമാണ് നേടാനായത്. 7066 വോട്ട് 2021 നെ അപേക്ഷിച്ച് കുറഞ്ഞു.
ചേലക്കര നിലനിര്‍ത്തി എല്‍ഡിഎഫ്. ഇടത് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ് 12122 വോട്ടുകള്‍ക്ക് വിജയിച്ചു. ആകെ 64259 വോട്ടുകളാണ് യുആര്‍ പ്രദീപ് നേടിയത്. ചേലക്കര ഇടതുപക്ഷത്തിൻ്റെ കോട്ടയാണ് എന്ന് വീണ്ടും തെളിയിച്ചുകൊണ്ടാണ് യുആർ പ്രദീപിന്റെ മിന്നുന്ന ജയം. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലവുമായി താരതമ്യം ചെയ്താല്‍ എല്‍ഡിഎഫിന് ഇത് വമ്പിച്ച മുന്നേറ്റമാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന് ആലത്തൂർ മണ്ഡലത്തില്‍ നിന്നും വിജയിച്ചതോടെയാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് വഴി ഒരുങ്ങിയത്. മുന്‍ എംഎല്‍എ യുആർ പ്രദീപിനെ എല്‍ഡിഎഫ് വീണ്ടും രംഗത്ത് ഇറക്കിയപ്പോള്‍ രമ്യ ഹരിദാസ് യുഡിഎഫിൻ്റെ സാരഥിയായി. ബിജെപിക്ക് വേണ്ടി കെ ബാലകൃഷ്ണനും മത്സരിച്ചു.
ഭരണവിരുദ്ധ വികാരമില്ലെന്ന് മാത്രമല്ല 11000 കടന്ന ലീഡ് നില ഇടത് കോട്ടയെ ഒന്നുകൂടി ഊട്ടിഉറപ്പിച്ചു. 1996 മുതല്‍ തുടർച്ചയായി സിപിഎം വിജയിക്കുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ കെ രാധാകൃഷ്ണന് വിജയിച്ചത് 39400 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ്. “ചെങ്കോട്ടയാണ് ചേലക്കര” എന്ന കെ രാധാകൃഷ്ണൻ്റെ ഫേസ്ബുക്ക് കുറിപ്പ് അക്ഷരാര്‍ഥത്തല്‍ ശരിവക്കുന്നതാണ് യുആര്‍ പ്രദീപിൻ്റെ ഭൂരിപക്ഷം.
വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വൻ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക്. നിലവിലെ കണുകള്പ്രകാരം പ്രിയങ്ക 304920 വോട്ടിന്റെ ഭൂരിപക്ഷം നേടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമുള്ള ഭൂരിപക്ഷമാണിത്. ആകെ 461566 വോട്ടുകളാണ് പ്രിയങ്ക നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മൊകേരിക്ക് നിലവില്‍ 156646 വോട്ടുകളും ബിജെപിയുടെ നവ്യ ഹരിദാസിന് 84499 വോട്ടുകളുമാണ് ലഭിച്ചത്.
അതേസമയം, പ്രിയങ്ക ഗാന്ധിക്ക് 4 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് അവകാശപ്പെട്ടുന്നത്. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ രാഹുലിനെ പിന്നിലാക്കുമോ പ്രിയങ്ക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.