ഷാജി ജോര്‍ജ്
ഒരു യാത്രയും തെരുവിലോ കടലിലോ വായുവിലോ മാത്രമല്ല, ഓരോന്നും മനസ്സുകളിലേക്കും സംസ്കാരങ്ങളിലേക്കും ജീവിത ശൈലികളിലേക്കും ബന്ധങ്ങളിലേക്കും ഉള്ള യാത്രകളാണെന്ന് എഴുതിയത് കെ. സച്ചിദാനന്ദനാണ്.
യാത്രകളില്‍ കാഴ്ചകള്‍ മാത്രമല്ല ഉള്ളത്; ശബ്ദങ്ങള്‍, ഭാഷകള്‍, രുചികള്‍, ബന്ധങ്ങള്‍, സംവാദങ്ങള്‍, വിചാരങ്ങള്‍ ഒക്കെ ഹൃദയത്തോട് ചേരുന്നു. പുതിയ സൗഹൃദങ്ങള്‍ അസ്തിത്വത്തിന് പുതിയ മാനങ്ങളും അനുഭവത്തിന് പുതിയ ബോധ്യങ്ങളും നല്കുന്നു.
ഡോ. ഗ്രിഗറി പോള്‍ രചിച്ച യൂറോപ്പിന്റെ ഹൃദയഭൂവിലേക്ക് എന്ന യാത്രാവിവരണത്തില്‍ ചരിത്രകാരന്റെ നിരീക്ഷണവും കൂര്‍മ്മതയും കൂടി നിഴലിക്കുന്നു. അതുകൊണ്ടു തന്നെ വായനക്കാര്‍ക്ക് പുതിയ അനുഭവമായി മാറുന്നു ‘യൂറോപ്പിന്റെ ഹൃദയ ഭൂവിലേക്ക്’.’ സ്വിറ്റ്സര്‍ലന്‍ഡ് – ജര്‍മ്മനി യാത്രയിലെ ബ്ലാക്ക് ഫോറസ്റ്റിനെ കുറിച്ചുള്ള കുറിപ്പ് ഒരു ഉദാഹരണമായി പകര്‍ത്തട്ടെ.’
ആറായിരത്തിലധികം സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപ്തിയുള്ളതും സ്വിസ് അതിര്‍ത്തിയിലെ ഡാന്യൂബ് നദിക്കരയിലൂടെ ജര്‍മനിയിലെ ഡുര്ലച് പട്ടണം വരെ 160 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നതുമായ ഒരു ഉള്‍വനമാണ് ‘ബ്ലാക്ക് ഫോറസ്റ്റ്’. 16 മുതല്‍ 40 കിലോമീറ്റര്‍ വരെ വീതിയുള്ള ഈ വനത്തിന്റെ ഏറ്റവും ഉയരമുള്ള ഭാഗം 4,900 അടിയാണ്. കറുത്തവനത്തിന്റെ തുടക്കം ജര്‍മനിയിലെ മലമ്പ്രദേശത്തുള്ള പര്വതശൃംഗത്തിന്റെ ഉച്ചിയിലെ ഉരുണ്ട വലിയ കരിങ്കല്പ്പാളികളില്നിന്നാണ്. എന്നാല്‍ വടക്കുഭാഗത്തെ കാനനമണല്ക്കല്ലുകളിലൂടെ അത് തെക്കോട്ടുനീങ്ങുംതോറും വീതി കുറഞ്ഞുവരുന്നതായും ആകസ്മികമായി റൈന്സമതലത്തിലേക്കു നീളുന്നതായും ഗൈഡ് പറഞ്ഞു. കിഴക്കുള്ള നെക്കാര്ന്നാ ഗോള്‍ഡ് താഴ് വരകളില്‍ അതിന്റെ നിബിഡത കുറഞ്ഞുകുറഞ്ഞു വരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തപ്പോള്‍ പലര്‍ക്കും സംശയം, ‘കറുത്തവനം’ എന്ന് ഇത് അറിയപ്പെടുന്നത് എന്തുകൊണ്ട്?’
ആദ്യ കാലങ്ങളില്‍ ശരത്കാലത്ത് ഇലകള്‍ കൊഴിഞ്ഞു പോയിരുന്ന മരങ്ങളാണ് ഈ കാട്ടില്‍ ഉണ്ടായിരുന്നതെങ്കിലും പില്ക്കാലത്ത് പേരുപോലെ തന്നെ നിത്യഹരിതമായ പൈന്‍ മരങ്ങള്‍, ദേവദാരു മരങ്ങള്‍, സ്തൂപിതാഗ്ര വൃക്ഷങ്ങള്‍ തുടങ്ങിയ പ്രബലമായ കറുപ്പാര്‍ന്ന, ഇടതൂര്‍ന്ന മരങ്ങള്‍ തിങ്ങിനില്ക്കുന്നതിനാല് പലപ്പോഴും സൂര്യപ്രകാശം പോലും കടന്നുചെല്ലാന്‍ മടിക്കുന്ന ഒരു കാടിന് പ്രദേശം ആയതുകൊണ്ടാണ് ഇതിന് ‘കറുത്തവനം’ എന്നു പേരു വന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എന്തായാലും അവിടെ പോകണമെന്ന് എല്ലാവരും ശഠിച്ചു.
‘അപ്പോള്‍ ബ്ലാക്ക് ഫോറസ്റ്റ് കേക്കും ഈ കാട്ടില്‍ നിന്നാണോ ഉണ്ടാക്കുന്നത്?’
കുട്ടിച്ചോദ്യം ആയിരുന്നെങ്കിലും, ഗൈഡിന്റെ കൃത്യമായ മറുപടി വന്നു. പഴങ്ങളാല്‍ സമ്പന്നമായ ഈ കേക്ക് സമ്പുഷ്ടമാക്കാന്‍ ബ്ലാക്ക് ഫോറസ്റ്റിലെ പുളിപ്പുള്ള ചെറിയില്നിന്നു വാറ്റിച്ചേര്ക്കുന്ന സവിശേഷവും തപ്തവുമായ ഒരു ലഹരിപദാര്ഥംപോലുള്ള ക്രീം ഇതില്‍ മുഖ്യമായും ചേര്‍ക്കുന്നതുകൊണ്ടാണ് ഈ പേരുവന്നതെന്നും 1915-ല്‍ ജോസഫ് കെല്ലര്‍ എന്നൊരു ജര്‍മന്‍ പാചകക്കാരനാണ് ക്രീം, ചെറിപ്പഴം, ചോക്കലേറ്റ് മുതലായ കൂട്ടുകള്‍ ചേര്‍ത്ത് അത്യുത്തമമായ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ആദ്യമായി ഉണ്ടാക്കിയത് എന്നും അദ്ദേഹം വിശദീകരിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് ഏഴാം ദിവസം ഫ്രാന്‍സിലെ ഏറ്റവും വലിയ വിമാനത്താവളമായ ചാള്‍സ് ദേ ഗൗല്ലിയില് നിന്ന് മടങ്ങി നാട്ടിലെത്തുന്നത് വരെയുള്ള അനുഭവങ്ങള്‍ ഏഴ് അധ്യായങ്ങളിലായി വിവരിക്കുന്നു. അതില്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ മടിത്തട്ടില്‍ എന്ന അധ്യായം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. വ്യവസായം, ശില്പചാതുര്യം, സമ്പത്തികം, ഇന്‍ഷ്വറന്‍സ്, വന്‍കിട സേവന ഏകോപനം, സാങ്കേതികവിദ്യ, ടെലി-കമ്മ്യൂണിക്കേഷന്‍ വ്യവസായങ്ങള്‍ തുടങ്ങി അന്താരാഷ്ട്രപ്രസിദ്ധമായ 43,000-ത്തിലധികം വന്‍കിട കമ്പനികളുടെ പ്രവര്‍ത്തനത്താല്‍ സാമ്പത്തികപര്യാപ്തത നേടിയ നാട്, യൂണിവേഴ്സിറ്റികളിലൂടെ ലഭിക്കുന്ന വിദ്യാഭ്യാസസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനും തൊഴില്‍- സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്കും അവസരമൊരുക്കുന്ന നയങ്ങള്‍. ജീവിതച്ചെലവ് താരതമ്യേന കൂടുതലാണെങ്കിലും പോക്കറ്റിനനുസരിച്ച് കാര്യങ്ങള്‍ ക്രമവത്കരിക്കാന്‍ കഴിയുന്ന അന്തരീക്ഷം… അങ്ങിനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട് ഫ്രാങ്ക്ഫര്‍ട്ടിന്.
ഡോ. വിളകുടി രാജേന്ദ്രന് അവതാരികയില്‍ യാത്രയുടെ ത്രില്‍ അനുഭവിപ്പിക്കുന്ന കൃതി എന്നാണ് പുസ്തകത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. സന്ദര്‍ശിച്ച സ്ഥലങ്ങളെപ്പറ്റി അവശ്യം ഗ്രഹിക്കേണ്ട കാര്യങ്ങളെല്ലാം ഇതില്‍ പ്രതിപാദിച്ചിട്ടുള്ളത് ഭാവിസഞ്ചാരികള്ക്ക് പ്രയോജനപ്രദമാണ്. ദുബായില്‍ വാട്സാപ്പ് നിരോധിച്ചിരിക്കയാണ് എന്നത് പലര്‍ക്കും പുതിയ അറിവാകും. ചെറിയ പ്ലഗ്ഗുകളുള്ള ചാര്‍ജര്‍ മാത്രമേ സൂറിച്ചില്‍ ഉപയോഗിക്കാന്‍ കഴിയൂ എന്നത് സഞ്ചാരികള്‍ക്ക് മുന്നറിയിപ്പാകും. മൂന്നുമണി എന്നു പറഞ്ഞാല്‍, ആറുമണിയാക്കുന്ന ശീലമുള്ളവരാണല്ലോ മിക്ക മലയാളികളും, എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഈ സ്വഭാവവുമായെത്തിയാല് പണികിട്ടും എന്ന് ഓര്‍മിപ്പിക്കുന്നു ഗ്രന്ഥകാരന്. പാരീസില്‍ രാത്രിയില്‍ ഈഫല്‍ ഗോപുരം കാണാനെത്തിയ സംഘം തിരിച്ചു പോകാന്‍ ഒരു ടാക്സിക്കാരനെ ഏര്‍പ്പാടു ചെയ്തിരുന്നു. പറഞ്ഞതിനെക്കാള്‍ അഞ്ചു മിനിറ്റ് വൈകിയാണ് ഡോ. പോള്‍ ഉള്‍പ്പെടെയുള്ള യാത്രാസംഘം കാഴ്ച കണ്ട് തിരിച്ചെത്തിയത്. അപ്പോഴേക്കും ടാക്സിക്കാരന് സ്ഥലം വിട്ടിരുന്നു. ടാക്സി വിളിയില്‍പ്പോലും സമയനിഷ്ഠ കര്‍ശനമായി പാലിക്കണം എന്ന് ഓര്മപ്പെടുത്താന് കൂടിയാണ് ഈ സംഭവം വിവരിച്ചത്.
യാത്രാവിവരണത്തില്‍ ചരിത്രം കൂടി ചേര്‍ത്ത് ഡോ. ഗ്രിഗറി പോള്‍ എഴുതുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. ആ ചരിത്രം ഹൃസ്വമായതുകൊണ്ട് ‘യൂറോപ്പിന്റെ ഹൃദയഭൂവിലേക്ക് ‘ വായനക്കാര്‍ക്ക് ചരിത്രാന്വേഷണങ്ങള്ക്കുള്ള പുതിയ വാതിലുകള്‍ തുറക്കുന്നു.