മുനമ്പം: മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാരും പ്രതിപക്ഷവും ചേർന്ന് പക്വമായ തീരുമാനമെടുക്കണമെന്ന് കെസിബിസി പ്രസിഡൻ്റ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമീസ്സ് . മുനമ്പത്തെ സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
മുനമ്പം ജനതയെക്കുറിച്ച് സംയുക്തമായി തീരുമാനമെടുക്കാൻ കേരള നിയമസഭയ്ക്ക് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം നിയമസഭ വഖഫ് ബില്ലിനെതിരെ സംയുക്ത പ്രമേയം പാസാക്കിയത് ഈ ജനത്തെ പരിഗണിക്കാതെയാണെന്ന് പ്രസ്താവിച്ചു. ഈ വിഷയത്തിൽ നിയമപരിരക്ഷ ഉൾക്കൊളളുന്ന ശാശ്വത പരിഹാരമുണ്ടാകണമെന്ന് മാർ ക്ലീമീസ് ആവശ്യപ്പെട്ടു.
ആലപ്പുഴ രൂപത ബിഷപ്പ് ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ,കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ,കെസിബിസി ജാഗ്രതകമ്മീഷൻ ചെയർമാൻ മൂവാറ്റുപുഴ ബിഷപ്പ് യൂഹന്നാൻ മാർ തിയോഡീഷ്യസ് , കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ രൂപത എപ്പിസ്കോപ്പൽ വികാരി ഫാ. പോൾ ജെ അറക്കൽ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. നിരാഹാര സമരത്തിൻ്റെ ഇരുപത്തഞ്ചാം ദിനത്തിൽ ആലപ്പുഴ രൂപതയിൽനിന്നും 30 വൈദികർ നിരാഹാരമിരുന്നു.
കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി റവ.ഡോ. മൈക്കിൾ പുളിക്കൻ,ആലപ്പുഴ രൂപത വിസിറ്റേഷൻ സിസ്റ്റേഴ്സ്, തിരുവനന്തപുരം മേജർ അതിരൂപതാ എംസിഎ ഭാരവാഹികൾ, ഹിന്ദു എക്കണോമിക് ഫോറം ഭാരവാഹികൾ, തൊടുപുഴ മുതലക്കോടം സെന്റ് ജോർജ് ഇടവക കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ, കണ്ണൂർ രൂപത വൈദികർ, മാനന്തവാടി രൂപത വൈദികർ, ഇടുക്കി രൂപതാ വൈദികൻ ഫാ. ജോൺ കൊളത്തിൽ, പി. സി. ജോർജ് ,ന്യൂന പക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ നോബിൾ മാത്യു എന്നിവർ സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.