അഡ്വ. ആന്റണി നില്‍ട്ടന്‍ റെമീലോ
ഇന്ത്യന്‍ സമൂഹത്തിന് കാര്യമായ സംഭാവനകള്‍ നല്കിയ ആംഗ്ലോ ഇന്ത്യന്‍ സമുദായം ഇന്നു പല മേഖലകളിലും അവഗണനയിലാണ്. 2019-ല്‍ ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന്റെ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള നാമനിര്‍ദ്ദേശ പ്രാതിനിധ്യം നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സമുദായത്തിന് വലിയ തിരിച്ചടിയായിരുന്നു. സംസ്ഥാന, കേന്ദ്ര ഒബിസി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും കഴിഞ്ഞ 18 വര്‍ഷമായി ആംഗ്ലോ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോഴ്സുകള്‍ക്ക് വിദ്യാഭ്യാസ സംവരണം അനുവദിക്കുന്നില്ല. ഇഡബ്ല്യുഎസ് സംവരണം ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് മുന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ സമുദായങ്ങള്‍ക്കും വിദ്യാഭ്യാസ സംവരണം ഉറപ്പായപ്പോള്‍ ആംഗ്ലോ ഇന്ത്യര്ക്കു മാത്രമാണ് സംവരണം നിഷേധിക്കുന്നത്. അഡ്വ. ആന്റണി നില്‍ട്ടന്‍ റെമീലോ കേരള ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്ന്, നിലവിലുള്ള നിവേദനങ്ങളില്‍ ഹര്‍ജിക്കാരനെ കൂടി കേട്ടതിനു ശേഷം വിദ്യാഭ്യാസ സംവരണം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഉത്തരവായിരുന്നു. 2024 മാര്‍ച്ച് 15ന് ഉത്തരവ് ആയെങ്കിലും കോടതി ഉത്തരവ് നടപ്പിലാക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയില്ല. ഈ സാഹചര്യത്തില്‍ അഡ്വ. ആന്റണി നില്‍ട്ടന്‍ വീണ്ടും കോടതിയെ സമീപിച്ച് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ വിളിച്ചുവരുത്തി കോടതിയലക്ഷ്യ നടപടികള്‍ എടുക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. കോടതിയലക്ഷ്യ ഹര്‍ജി പരിഗണനക്കെടുത്ത ഹൈക്കോടതി, ഹര്‍ജി വാദം കേള്‍ക്കാന്‍ മാറ്റിയിരിക്കുകയാണ്. വിവിധ മേഖലകളില്‍ ആംഗ്ലോ ഇന്ത്യരുടെ സംവരണം സംബന്ധിച്ച് അഡ്വ. ആന്റണി നില്‍ട്ടന്‍ നിലപാട് വ്യക്തമാക്കുന്നു.
നിയമനിര്‍മാണ സഭകളിലെ സംവരണ നഷ്ടം
സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ആഗ്ലോ-ഇന്ത്യന്‍സ് ഭാഷാ ന്യൂനപക്ഷംകൂടിയാണ്. ഈ പരിഗണനയിലാണ് ലോക്സഭയില്‍ രണ്ടും കേരളമുള്‍പ്പെടെ 13 നിയമസഭകളില്‍ ഒരാളെ വീതവും നാമനിര്‍ദേശംചെയ്യാന്‍ ഭരണഘടന പ്രത്യേക വ്യവസ്ഥ കൊണ്ടുവന്നത്. ഭരണഘടന വ്യവസ്ഥചെയ്ത ഈ പ്രത്യേക പ്രാതിനിധ്യം കേന്ദ്ര സര്‍ക്കാര്‍ ദീര്ഘിപ്പിച്ചുകൊടുക്കാത്തതിനാല് സമുദായത്തിന്റെ അധികാരസ്ഥാനങ്ങളിലേക്കുള്ള ശബ്ദം നിലച്ചുപോയെന്നു പറയാം. ലോക്സഭയിലേക്ക് രാഷ്ട്രപതിയും നിയമസഭകളിലേക്ക് ഗവര്‍ണര്‍മാരുമാണ് സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്തിരുന്നത്. ഭരണഘടനാ വ്യവസ്ഥയുടെ ഈ കാലാവധി 2020 ജനുവരി 25ന് അവസാനിച്ചതോടെ ഇതു ദീര്ഘിപ്പിക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ ഇരു സഭകളിലുമുള്ള സംവരണം പത്ത് വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കിയെങ്കിലും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയുടെ പ്രത്യേക പ്രാതിനിധ്യ കാലാവധി ദീര്‍ഘിപ്പിച്ചില്ല. ഭരണഘടനാ ഭേദഗതിക്ക് കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം കൊണ്ടുവന്നുവെങ്കിലും കേന്ദ്രം അവഗണിച്ചു. രാഷ്ട്രപതി, രാജ്യസഭാംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശമൊഴികെ എംഎല്‍എമാരുടെ എല്ലാ അവകാശങ്ങളും ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധിക്കും ലഭിച്ചിരുന്നു. അവിശ്വാസ പ്രമേയവേളയില്‍ വോട്ടവകാശംവരെയുണ്ടായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടത് സ്റ്റീഫന്‍ പാദുവയാണ്. തുടര്‍ച്ചയായി നാല് തവണ. ജോണ്‍ ഫെര്‍ണാണ്ടസ്, ലൂഡി ലൂയിസ് എന്നിവര്‍ രണ്ട് തവണ വീതവും. സൈമണ്‍ ബ്രിട്ടോയും അദ്ദേഹത്തിന്റെ പിതാവ് നിക്കോളാസ് റോഡ്രിഗ്സും സഭയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രാങ്ക് ആന്റണി, ജോസ് ഫെര്‍ണാണ്ടസ്, ചാള്‍സ് ഡയസ്, റിച്ചാര്‍ഡ് ഹേ തുടങ്ങിയവര്‍ ലോക്സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളില്‍ ചിലരായിരുന്നു.
സമുദായം നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാല്‍ ഈ രാഷ്ട്രീയ സംവരണങ്ങള്‍ ആവശ്യമില്ലെന്നുമുള്ള വീക്ഷണത്തെ അടിസ്ഥാനമാക്കിയായിരുന്നു സംവരണം നിര്‍ത്തലാക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ ന്യായവാദം.
നിയമനിര്‍മാണ സഭാ പ്രാതിനിധ്യം
79-ാം ഭരണഘടനാ ഭേദഗതി പ്രകാരം പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും ആംഗ്ലോ-ഇന്ത്യക്കാര്‍ക്കും സംവരണ കാലാവധി 50 വര്‍ഷത്തില്‍ നിന്ന് 60 വര്‍ഷമായി നീട്ടുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നുണ്ടോ എന്ന നിയമപ്രശ്നം 2000ത്തിലാണ് സുപ്രീം കോടതി മുമ്പാകെ വരുന്നത്. 1950 ലെ ഇന്ത്യന്‍ ഭരണഘടനയുടെ 334-ാം അനുച്ഛേദം ഭേദഗതി ചെയ്ത ഭരണഘടന (79-ാം ഭേദഗതി) നിയമത്തിന്റെ (79-ം ഭേദഗതി) സാധുതയെ ചോദ്യം ചെയ്തുകൊണ്ട് 2000 ജൂലൈ 10-ന് അശോക് കുമാര്‍ ജെയിന് എന്നയാള്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. 2003 സെപ്തംബര്‍ 2-ന്, സുപ്രീം കോടതിയുടെ ഒരു ഡിവിഷന് ബെഞ്ച് ഈ കേസില്‍ ഭരണഘടനയുടെ വ്യാഖ്യാനം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിധിക്കുകയും അത് 5 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന് വിടുകയും ചെയ്തു. 2009-ല്‍, പാര്‍ലമെന്റ് 2009-ലെ ഭരണഘടന (95-ാം ഭേദഗതി) നിയമത്തിലൂടെ ആര്‍ട്ടിക്കിള്‍ 334 വീണ്ടും ഭേദഗതി ചെയ്യുകയും എസ് സി / എസ് റ്റി, ആംഗ്ലോ-ഇന്ത്യന്‍ സമുദായങ്ങള്‍ക്കുള്ള സംവരണം 70 വര്‍ഷത്തേക്ക് കൂടി നീട്ടുകയും ചെയ്തു. 2020 ജനുവരി 21-ന് പാര്‍ലമെന്റ് ഭരണഘടന (104ാം ഭേദഗതി) നിയമം 2019 പാസാക്കി. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള സംവരണം വീണ്ടും 80 വര്‍ഷമായി നീട്ടി. എന്നാല്‍ 104-ാം ഭേദഗതി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ-ഇന്ത്യന്മാര്ക്കുള്ള സംവരണം നിര്‍ത്തലാക്കി.
സംവരണം പുനഃസ്ഥാപിക്കാന്‍ ബന്ധപ്പെട്ട രാഷ്ട്രീയക്കാര്‍ വലിയ താല്പര്യമെടുത്തു കാണുന്നില്ലെന്ന് സമുദായാംഗങ്ങള്‍ക്കിടയില്‍ പരാതിയുണ്ട്. കര്‍ണാടകത്തിലെ സമുദായത്തിന് നോമിനേഷന് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ മുന്നില്‍ പരിഗണനയിലുണ്ട്.
ആംഗ്ലോ ഇന്ത്യര്ക്കു മാത്രം
വിദ്യാഭ്യാസ സംവരണം നിഷേധിക്കുന്നു
സംസ്ഥാന, കേന്ദ്ര ഒബിസി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും കഴിഞ്ഞ 18 വര്‍ഷമായി ആംഗ്ലോ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോഴ്സുകള്‍ക്ക് വിദ്യാഭ്യാസ സംവരണം അനുവദിക്കുന്നില്ല. ഇഡബ്ല്യുഎസ് സംവരണം ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് മുന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ സമുദായങ്ങള്‍ക്കും വിദ്യാഭ്യാസ സംവരണം ഉറപ്പായപ്പോള്‍ ആംഗ്ലോ ഇന്ത്യര്ക്കു മാത്രമാണ് സംവരണം നിഷേധിക്കുന്നത്.
സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ 2014 മേയ് 23-ലെ ഉത്തരവില്‍ ആംഗ്ലോ ഇന്ത്യരെ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തോടൊപ്പം ചേര്‍ത്ത് രണ്ടു ശതമാനത്തില്‍ നിന്ന് മൂന്നു ശതമാനമായി സംവരണം ഉയര്‍ത്തിയിരുന്നു. പ്രൊഫഷണല്‍ കോളജുകള്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കും ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കും മാത്രം ബാധകമാകുംവിധമായിരുന്നു ആ ഉത്തരവ്. അതില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ കാര്യം പറഞ്ഞിരുന്നില്ല.
അതിനാല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ഡിഗ്രി, പിജി പ്രവേശനത്തിന് ലത്തീന്‍ കത്തോലിക്കരോടൊപ്പം ആംഗ്ലോ ഇന്ത്യരും ഒരുമിച്ച് സംവരണത്തിന് പരിഗണിക്കപ്പെടുമ്പോള്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഡിഗ്രി, പിജി പ്രവേശന സംവരണത്തിന് അര്‍ഹതയുള്ളത് ”ആംഗ്ലോ ഇന്ത്യര് ഒഴികെയുള്ള ലത്തീന്‍ കത്തോലിക്ക” വിഭാഗത്തിനു മാത്രമാണ്.
എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായുള്ള കമ്മിഷണറുടെ പിജി പ്രൊഫഷണല്‍ കോഴ്സ് സംവരണത്തിന് അര്‍ഹതയുള്ളത് ”ആംഗ്ലോ ഇന്ത്യര് ഒഴികെയുള്ള ലത്തീന്‍ കത്തോലിക്കര്‍ക്ക്,” അഥവാ ലത്തീന്‍ കത്തോലിക്കര്‍ക്കാണ്.
നേരത്തെ എംബിബിഎസ്, എന്‍ജിനിയറിംഗ്, പോളിടെക്നിക് പ്രവേശനത്തിന് ആംഗ്ലോ ഇന്ത്യര്‍ക്കും യഹൂദര്‍ക്കും ഇടവിട്ട് പ്രത്യേക സംവരണത്തിന് വ്യവസ്ഥയുണ്ടായിരുന്ന കാലത്ത് എഴുതി തുടങ്ങിയതാണ് ”ആംഗ്ലോ ഇന്ത്യര് ഒഴികെയുള്ള ലത്തീന്‍ കത്തോലിക്കര്‍” എന്ന വിശേഷണം. അത് ഇപ്പോഴും തുടരുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്റുകളിലും ഗവണ്മെന്റ് കോളജുകളിലും ”ആംഗ്ലോ ഇന്ത്യര് ഒഴികെയുള്ള ലത്തീന്‍ കത്തോലിക്കര്‍ക്ക്” ഒരു ശതമാനവും, എയ്ഡഡ് കോളജുകളിലെ സ്വാശ്രയ കോഴ്സുകള്‍ക്കും, സ്വാശ്രയ കോളജ് കോഴ്സുകള്‍ക്കും രണ്ടു ശതമാനവും സംവരണം നല്കുന്നു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ”ലത്തീന്‍ കത്തോലിക്കര്‍/എസ്ഐയുസി, ആംഗ്ലോ ഇന്ത്യര് ഒഴികെയുള്ള ലത്തീന്‍ കത്തോലിക്കര്‍ക്ക്” യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഒരു ശതമാനവും, ഗവണ്മെന്റ് കോളജുകളില്‍ നോണ്‍ പ്രൊഫഷണല്‍ യുജി, പിജി കോഴ്സുകള്‍ക്ക് ഒരു ശതമാനവും പ്രൊഫഷണല്‍ ബിരുദ കോഴ്സിന് രണ്ടു ശതമാനവും, അണ് എയ്ഡഡ് കോളജില്‍ നോണ്‍ പ്രൊഫണല്‍ കോഴ്സുകള്‍ക്ക് മൊത്തം സീറ്റിന്റെ 50 ശതമാനത്തില്‍ രണ്ടു ശതമാനവും, പ്രൊഫഷണല്‍ ബിരുദ കോഴ്സിന് മൊത്തം സീറ്റിന്റെ രണ്ടു ശതമാനവുമാണ് സംവരണം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകള്ക്കൊന്നിലും ആംഗ്ലോ ഇന്ത്യര്‍ക്ക് സംവരണമില്ല.
എന്‍ട്രന്‍സ് പരീക്ഷാ കമ്മിഷണറുടെ കീഴില്‍ പ്രവേശനത്തിനുള്ള മേല്‍നോട്ട സമിതിയുടെ രേഖയില്‍ എന്‍ജിനിയറിംഗ്, ഫാര്‍മസി, എംബിബിഎസ്, ബിഡിഎസ്, അനുബന്ധ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് കോഴ്സുകളിലേക്ക് ആംഗ്ലോ ഇന്ത്യര്‍ക്കും ലത്തീന്‍ കത്തോലിക്കര്‍ക്കുമായി മൂന്നു ശതമാനം സംവരണം അനുവദിക്കുമ്പോള്‍, പിജി കോഴ്സുകള്ക്കൊന്നിലും ആംഗ്ലോ ഇന്ത്യര്‍ക്ക് സംവരണമില്ല. പിജി ആയുര്‍വേദ, പി.ജി. ഹോമിയോപ്പതി, എല്‍എല്‍എം കോഴ്സ് എന്നിവയ്ക്ക് ”ആംഗ്ലോ ഇന്ത്യര് ഒഴികെയുള്ള ലത്തീന്‍ കത്തോലിക്കര്‍ക്ക്” ഒരു ശതമാനം സംവരണവും, പി.ജി. മെഡിക്കല്‍, പി.ജി. ഡെന്റല്‍, പി.ജി. നഴ്സിങ്, എംഫാം കോഴ്സുകള്‍ക്ക് ലത്തീന്‍ കത്തോലിക്കര്‍ക്ക് ഒരു ശതമാനവും എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന എസ്.ഇ.ബി.സി, ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസ, തൊഴില്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള ആംഗ്ലോ ഇന്ത്യര്‍ക്ക് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലും പ്രൊഫഷണല്‍ പിജി കോഴ്സുകളിലും സംവരണം അനുവദിക്കാത്തതു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിനും പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ക്കും സമര്‍പ്പിച്ച നിവേദനങ്ങള്‍ക്ക് മറുപടി എന്ന നിലയില്‍ 2021 മാര്‍ച്ച് 23ന് പിന്നാക്ക വിഭാഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രേഖാമൂലം നല്കിയ വിശദീകരണത്തില്‍ പറയുന്നത് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോഴ്സുകള്‍ക്കുള്ള സംവരണത്തിന് ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തെ പരിഗണിക്കാന്‍ നിര്‍വാഹമില്ല എന്നാണ്.
ജസ്റ്റിസ് കെ.കെ. നരേന്ദ്രന് കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ”പിന്നാക്ക വിഭാഗങ്ങളുടെ അവസരങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ച് പുറപ്പെടുവിച്ച 2006 ഫെബ്രുവരി രണ്ടിലെ ഉത്തരവു പ്രകാരം” സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ഡിഗ്രി, പിജി ക്ലാസുകളിലെ പ്രവേശനത്തിന് പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് 20 ശതമാനം സീറ്റും, മുന്നാക്ക വിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് 10 ശതമാനം സീറ്റും നീക്കിവച്ചുവെന്നും, ഈഴവര്‍ക്ക് എട്ടു ശതമാനം, മുസ്ലിംകള്ക്ക് ഏഴു ശതമാനം, ലത്തീന്‍ കത്തോലിക്കാ/ എസ്.ഐ.യുസി വിഭാഗത്തിന് ഒരു ശതമാനം, ഒബിസി ക്രിസ്ത്യാനികള്‍ക്ക് ഒരു ശതമാനം, ഒബിസി ഹിന്ദുക്കള്‍ക്ക് മൂന്നു ശതമാനം എന്നിങ്ങനെ മൊത്തം ഒബിസി സംവരണം 20 ശതമാനമായി നിശ്ചയിച്ചതില്‍ ആംഗ്ലോ ഇന്ത്യന്‍ സമുദായം ഉള്‍പ്പെട്ടിട്ടില്ലെന്നും, നിലവില്‍ എസ്.ഇ.ബി.സി വിഭാഗത്തിന് 20 ശതമാനം, എസ്.സി/എസ്.ടി വിഭാഗത്തിന് 20 ശതമാനം, മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്ക വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെ ആകെ സംവരണം 50 ആകയാല്‍ സംവരണ ശതമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നും ഈ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.
സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്ക്കുന്ന ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പഠനത്തിന് സംവരണം നിഷേധിക്കുന്നത് കടുത്ത അനീതിയും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയുടെ ലംഘനവുമാണ്.
കോടതിയിലേക്ക്
ഭരണവിഭാഗത്തില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കാതായതോടെയാണ് കോടതിയെ ശരണം പ്രാപിച്ചത്. അഡ്വ. ഷെറി. ജെ. തോമസ്, ജോമോന് ആന്റണി മുതലായവര്‍ ഇക്കാര്യത്തില്‍ മികച്ച പിന്തുണ നല്കി. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് ആര്‍ട്സ്, സയന്‍സ് -ഡിഗ്രി, പിജി കോഴ്സുകളില്‍ നിലവില്‍ സംവരണമില്ല. ലത്തീന്‍ കത്തോലിക്കാ സമുദായത്തിന് ആകട്ടെ ഒരു ശതമാനമാണ് ഈ മേഖലയില്‍ സംവരണം ഉള്ളത്. കുറവ് സീറ്റുകള്‍ മാത്രമുള്ള ഈ കോഴ്സുകളില്‍ ഫലത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കും സംവരണം ഇല്ലാത്തതിന് തുല്യമാണ്. അതേസമയം ഉദ്യോഗത്തിന് ലത്തീന്‍ സമുദായത്തിനോടൊപ്പം ചേര്‍ന്ന് ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും നാല് ശതമാനം സംവരണം ഉണ്ട് എന്ന വാദമാണ് കോടതി മുമ്പാകെ ഉയര്‍ത്തിയത്.
ഇ ഡബ്ലിയു എസ് – സാമ്പത്തിക സംവരണ പട്ടികയിലും പിന്നാക്ക വിഭാഗം പട്ടികയിലും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഡിഗ്രി പിജി കോഴ്സുകളില്‍ നിലവില്‍ സംവരണം ഇല്ലാത്ത ഒരേ ഒരു വിഭാഗം ആണ് കേരളത്തിലെ ആംഗ്ലോ ഇന്ത്യന്‍സ് എന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാക്ക വിഭാഗ കമ്മീഷന്റെയും ഇപ്പോള്‍ പുറത്തിറങ്ങിയ ജെ.ബി കോശി കമ്മീഷന് ശുപാര്‍ശകളിലും ലത്തീന്‍ സമുദായത്തിന്റെയും ഇന്ത്യന്‍ വിഭാഗത്തിന്റെയും വിദ്യാഭ്യാസ സംവരണം നാല് ശതമാക്കി ഉയര്‍ത്താന്‍ ശുപാര്‍ശ ഉള്ളതാണ്.
നേരത്തെ സൂചിപ്പിച്ചതു പോലെ പ്രൊഫഷണല്‍ കോളജുകളില്‍ ആംഗ്ലോ ഇന്ത്യന്‍ വിഭാഗക്കാര്‍ക്ക് മൂന്ന് ശതമാനം സംവരണം നല്‍കിക്കൊണ്ട് ഉത്തരവ് ഉണ്ടെങ്കിലും അത് പിജി കോഴ്സുകള്‍ക്ക് ഇപ്പോള്‍ ലഭ്യമല്ല. ഇക്കാരണങ്ങളൊക്കെ ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയില്‍ മൂന്ന് മാസത്തിനകം ഹര്‍ജിക്കാരന്റെയും വിഷയം ബാധിക്കുന്ന മറ്റുള്ളവരുടെയും വാദം കൂടി കേട്ട് ഹാജരാക്കുന്ന രേഖകള്‍ പരിശോധിച്ചു മൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി ഉത്തരവിട്ടിരുന്നത്. കേരള ഹൈക്കോടതിയുടെ ഡബ്ലുപി (സി) 10548/2024 ഉത്തരവ് നടപ്പാക്കാത്തതിനാല്‍ നിലവില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുകയാണ്.
വിദ്യാഭ്യാസ-തൊഴില്‍ സംവരണ മാനദണ്ഡം
ആംഗ്ലോ ഇന്ത്യന്‍ സമുദായം കേരളത്തിലെയും കേന്ദ്രത്തിലെയും ഒബിസി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. ഒബിസി വിഭാഗത്തില്‍പ്പെട്ട പിന്നാക്ക സമുദായം ആയതിനാലാണ് ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് സംവരണത്തിന് അര്‍ഹതയുള്ളത്. നിലവില്‍ കേരളത്തിലെ പിഎസ്സി വഴി നല്കുന്ന തൊഴിലവസരങ്ങളില്‍ 4 ശതമാനം സംവരണം ലത്തീന്‍ കാത്തോലിക്കാ സമുദായത്തിനോട് ചേര്‍ത്ത് ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിനും നല്കിവരുന്നു. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ എല്ലാ കോഴ്സുകള്‍ക്കും ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് സംവരണം ലഭിക്കുന്നില്ല.
ലത്തീന്‍ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യന്‍ സംവരണം
കത്തോലിക്ക സഭയിലെ ലത്തീന്‍ കത്തോലിക്കരോടു ചേര്‍ത്താണ് ആംഗ്ലോ ഇന്ത്യന്‍ സമുദായത്തെ സര്‍ക്കാര്‍ തലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംവരണം എന്ന പ്രക്രിയയുടെ യഥാര്‍ത്ഥ ഉദ്ദേശശുദ്ധി നടപ്പിലാകണമെന്നുണ്ടെങ്കില് ഓരോ സമുദായത്തിനും അവരുടെ പിന്നാക്കാവസ്ഥയും ജനസംഖ്യയും കണക്കിലെടുത്തുകൊണ്ട് വേണം സംവരണം നല്കാന് എന്നാണഭിപ്രായം. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് ഉദ്യോഗസ്ഥ – വിദ്യാഭ്യാസ മേഖലകളില്‍ പ്രത്യേകം സംവരണം ഉള്ളതാണ് ഏറ്റവും ഉചിതം.
അസ്തിത്വ പ്രശ്നം
ഏകദേശം ഒരു ലക്ഷത്തോളം ആംഗ്ലോ ഇന്ത്യന്‍ സമുദായ അംഗങ്ങളാണ് കേരളത്തിലുള്ളത്. ദേശീയതലത്തില്‍ എത്ര ആംഗ്ലോ ഇന്ത്യന്‍ സമുദായങ്ങള്‍ ഉണ്ടെന്നുള്ള കണക്കുകള്‍ എന്റെ പക്കല്‍ ഇല്ല. 1947ല്‍ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം ആംഗ്ലോ ഇന്ത്യര് വലിയ തോതില്‍ വിദേശ രാജ്യങ്ങളിലേക്കു കുടിയേറ്റം നടത്തി. ഇപ്പോള്‍ അവശേഷിക്കുന്നവര്‍ ഇന്ത്യയില്‍ പൂര്‍ണമായും ഇന്ത്യക്കാരായി താമസിക്കുന്നു. തലമുറകളായി ഇന്ത്യക്കാരെ തന്നെ വിവാഹം ചെയ്യുന്നു. അസ്തിത്വത്തിന്റെ പ്രശ്നം ഇവിടെ ഉദിക്കുന്നുണ്ട്. നിലവില്‍ സമുദായം നേരിടുന്ന വെല്ലുവിളികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഐഡന്റിറ്റി ക്രൈസിസ്. സമുദായത്തിന്റ രീതികള്‍ അതുപോലെതന്നെ മുന്നോട്ടുകൊണ്ടുപോകാന്‍ വളരെയധികം പ്രയാസപ്പെടുന്നുണ്ട്. ഭാഷ, വസ്ത്രധാരണം, വിവാഹം തുടങ്ങിയ മേഖലകളില്‍ നല്ല രീതിയില്‍ ഇതു പ്രതിഫലിക്കുന്നുണ്ട്.
പിന്തുണ, സമ്മര്‍ദ്ദം
സംവരണങ്ങള്‍ നിലനിര്‍ത്താന്‍, ആശയക്കുഴപ്പങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ വിവിധ ആംഗ്ലോ ഇന്ത്യന്‍ സംഘടനകള്‍, ലത്തീന്‍ കത്തോലിക്ക സംഘടനകള്‍, സഭാ നേതൃത്വം, രാഷ്ട്രീയ നേതൃത്വം ഇവയെല്ലാം കുറേക്കൂടി സമ്മര്‍ദ്ദം സര്‍ക്കാരുകളില്‍ ചെലുത്തേണ്ടതുണ്ടെന്നാണ് അഭിപ്രായം.