ജെയിംസ് അഗസ്റ്റിന്
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തില്‍
ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍
ദൈവസ്നേഹം നിറയ്ക്കണേ
ഈ ഗാനം ഒരിക്കലെങ്കിലും പാടാത്ത ക്രിസ്ത്യാനി കേരളത്തിലുണ്ടാകില്ല. ഏറ്റവുമധികം ആലപിക്കപ്പെട്ട പരിശുദ്ധാത്മഗീതമാണിത്. ദിവ്യബലിയിലും പ്രാര്‍ഥനാസംഗമങ്ങളിലും പൊതുയോഗങ്ങളിലുമെല്ലാം പ്രാരംഭഗാനമായി ഇന്നും നാം ആലപിക്കുന്ന ഈ ഗാനം റെക്കോര്‍ഡ് ചെയ്യുന്നത് 1972-ലാണ്. കലാഭവനില്‍ നിന്നും ഫാ. ആബേല്‍ സിഎംഐ നിര്‍മിച്ചു റിലീസ് ചെയ്ത ഈശ്വരനെത്തേടി എന്ന എല്‍.പി.റെക്കോര്‍ഡിന് വേണ്ടിയാണ് ഈ ഗാനം ഒരുക്കിയത്.
ഫാ. ആബേല്‍ എഴുതിയ പത്തു ഗാനങ്ങളാണ് ഈ സമാഹാരത്തില്‍ ചേര്‍ത്തിരുന്നത്. കെ.കെ. ആന്റണി എന്ന പ്രതിഭാധനനായ സംഗീതസംവിധായകന്റെ മഹത്തരമായ ഈണം ആബേലച്ചന്റെ വരികളില്‍ ചേരുകയും അവയ്ക്കെല്ലാം യേശുദാസിന്റെ ശബ്ദം ലഭിക്കുകയും ചെയ്തപ്പോള്‍ പത്തു പാട്ടുകളും കാലത്തെ അതിജീവിക്കുന്നവയായി മാറുകയായിരുന്നു.
കലാഭവന്‍ രൂപീകരിക്കുന്ന ചര്‍ച്ചകള്‍ നടക്കുന്ന കാലത്തു ആബേലച്ചനെ സഹായിച്ചിരുന്ന സംഗീതജ്ഞരായ എമില്‍ ഐസക്സ്, റെക്സ് ഐസക്സ് എന്നിവരോട് ആബേലച്ചന് ഒരു സഹായം ചോദിച്ചു. യേശുദാസിന്റെ സഹകരണവും സഹായവും പുതിയ സംരംഭത്തിന് സംലഭ്യമാക്കാന്‍ ശ്രമിക്കണം എന്ന ആബേലച്ചന്റെ ആവശ്യം ഐസക്സ് സഹോദരങ്ങള്‍ ഭംഗിയായി നിറവേറ്റി. ആദ്യയോഗത്തില്‍ തന്നെ യേശുദാസ് പങ്കെടുത്തു. കലാകേന്ദ്രമായതിനാല് പൊതുവായ ഒരു പേര് വേണമെന്ന് യേശുദാസ് നിര്‍ദ്ദേശിച്ചു.
കലാഭവന്‍ എന്ന പേര് നിര്‍ദ്ദേശിച്ചതും യേശുദാസ് തന്നെയായിരുന്നു.
കലാഭവന്റെ ഭക്തിഗാനമേളകളില്‍ ആലപിച്ചിരുന്ന പാട്ടുകളാണ് ഈശ്വരനെത്തേടി എന്ന ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയത്. ശോശന്നപ്പൂക്കള്‍ എന്ന പേരില്‍ കസ്സെറ്റ് രൂപത്തിലും ഈ പാട്ടുകള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്.
രചനയിലും സംഗീതത്തിലും ആലാപനത്തിലും റെക്കോര്‍ഡിങ്ങിലും മികവ് പുലര്‍ത്തിയ രണ്ടു ആല്‍ബങ്ങളാണ് ആ കാലത്ത് പുറത്തിറങ്ങിയത്. സിഎസി. നിര്‍മ്മിച്ച ദൈവപുത്രന് എന്ന സമാഹാരമാണ് മറ്റൊന്ന്. ഇതേ ആല്‍ബത്തിലെ മറ്റെല്ലാ ഗാനങ്ങളും ഇന്നും ആരാധനാക്രമങ്ങളില്‍ പാടുന്നവയാണ്.
മനുഷ്യാ നീ മണ്ണാകുന്നു, ഈശ്വരനെത്തേടി ഞാന്‍ നടന്നു, പുല്‍ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി, എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു, ഭാരതം കതിരു കണ്ടു, ദൈവമേ നിന് ഗേഹമെത്ര മോഹനം, നട്ടുച്ച നേരത്തു കിണറിന്റെ തീരത്തു. നിത്യനായ ദൈവത്തിന് പുത്രനാണ് നീ, മഹേശ്വരാ നിന് സുദിനം കാണാന്‍ എന്നീ ഗാനങ്ങളാണ് ഈ ആല്‍ബത്തില്‍ നമുക്ക് കേള്‍ക്കാനുള്ളത്. കസ്സെറ്റ് ഇറക്കിയപ്പോള്‍ ഗാഗുല്‍ത്താമലയില്‍ നിന്നും, മോദം കലര്‍ന്നു നിന്നെ എന്ന ഗാനങ്ങളും ചേര്‍ത്തിരുന്നു. വരാപ്പുഴ അതിരൂപതാംഗമായിരുന്ന റാഫി ജോസ് സംഗീതം നല്കിയ ഈ രണ്ടു ഗാനങ്ങളും അന്ന് കെ. കെ. ആന്റണിയുടെ സംഗീതം എന്ന പേരില്‍ തെറ്റായി ചേര്‍ത്താണ് കസ്സെറ്റ് കവര്‍ പ്രിന്റ് ചെയ്തത്. എച്ച്.എം. വിയുടെ സിഡി കളിലും ഇതേ തെറ്റ് ആവര്‍ത്തിച്ചിട്ടുണ്ട്.
അടുത്ത കാലത്തു മനോരമ മ്യൂസിക്ക് ഇതേ പാട്ടുകള്‍ കെ.എസ്. ചിത്രയെക്കൊണ്ടു പാടിച്ചു സിഡി റിലീസ് ചെയ്തിട്ടുണ്ട്. മലയാളം ഉള്ളിടത്തോളം ആലപിക്കപ്പെടുമെന്നു ഉറപ്പുള്ള ഈ പാട്ടുകളുടെ സൃഷ്ടാക്കളെ നമിക്കുന്നു.