അഭിമാനമായി നെയ്യാറ്റിന്‍കര രൂപതയുടെ സില്‍വര്‍ ജൂബിലി ലോ കോളജ്
തോമസ് കെ. സ്റ്റീഫന്‍
കേരളത്തിന്റെ നവോത്ഥാന രംഗത്ത് വിപ്ലവാത്മകമായ തുടക്കം കുറിച്ചത് ക്രൈസ്തവരാണ്. വിദേശത്തു നിന്നെത്തിയ ക്രൈസ്തവമിഷനറിമാര്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായത്. അയിത്തം നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ എല്ലാ വിഭാഗക്കാരേയും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാനുള്ള സന്മനസും തന്റേടവും അവര്‍ പ്രദര്‍ശിപ്പിച്ചു. ജാതി വ്യവസ്ഥയെ പൊതുസമൂഹത്തില്‍ നിന്നു നീക്കം ചെയ്യാന്‍ ഏറ്റവുമധികം പ്രചോദനമായതും ഈ വിദ്യാഭ്യാസ നയം തന്നെയായിരുന്നു. മിഷണറിമാരെപിന്തുടര്ന്നു വന്ന രൂപതാ സംവിധാനങ്ങളും ഇടവകകളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ മുന്‍ഗണന നല്കി. പിടിയരി സംഭാവന സ്വീകരിച്ചും സ്വന്തം അധ്വാനം ചെലവഴിച്ചുമാണ് അല്മായ സഹോദരര്‍ പലയിടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. വേദപഠനവും പൊതു വിദ്യാഭ്യാസവും രണ്ടായി തന്നെ കണ്ടാണ് ക്രൈസ്തവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിത്തറയിട്ടത്. പുതിയൊരു നിയമ പഠന കോളജ് കേരളത്തില്‍ ആരംഭിക്കുമ്പോള്‍ വിദ്യാഭ്യാസ രംഗത്തെ ക്രൈസ്തവ സംഭാവനകളുടെ പട്ടിക നീളുകയാണ്. കേരളത്തിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന നെയ്യാറ്റിന്‍കര രൂപതയുടെ രജത ജൂബിലി സ്മാരകമായി ഒരു ലോ കോളജിന് തുടക്കം കുറിച്ചിരിക്കുന്നു. കേരള ലത്തീന്‍ കത്തോലിക്ക സഭയില്‍ ഇദം പ്രഥമമായി ആരംഭിക്കുന്ന ഈ കോളജിന്റെ പ്രവര്‍ത്തനത്തിന് ഒക്ടോബര്‍ രണ്ടിന് ഔപചാരികമായി തുടക്കമിട്ടു. നെയ്യാറ്റിന്‍കര രൂപതയുടെ സര്വതോന്മുഖമായ വളര്‍ച്ചയ്ക്ക് എന്നും മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ പുതിയ ചുവടുവയ്പിനും ഊര്‍ജമേകി. രൂപത എപ്പിസ്കോപ്പല്‍ വികാരിയായ മോണ്‍. റൂഫസ് പയസ് ലീന്‍ തന്റേതായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതും ആര്യനാട് സ്ഥിതി ചെയ്യുന്നതുമായ കെട്ടിട സമുച്ചയത്തിലാണ് താല്‍ക്കാലികമായി കോളജ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
വിദ്യാഭ്യാസ സ്വപ്നങ്ങളിലൂടെ ശക്തിപ്പെട്ട രൂപത
1996 ല്‍ തിരുവനന്തപുരം അതിരൂപത വിഭജിച്ച് നെയ്യാറ്റിന്‍കര രൂപത രൂപീകരിക്കുമ്പോള്‍ രൂപതയ്ക്ക് സ്വന്തമായി അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നില്ല. മൂന്ന് ഡിഗ്രി കോഴ്സുകള്‍ മാത്രമുള്ള വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സും മര്യാപുരം, ചുള്ളിമാനൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.ടി.സ്കൂളുമായിരുന്നു ആകെ ആശ്വാസം. പില്ക്കാലത്ത് മോണ്‍ ജി. ക്രിസ്തുദാസിന്റെ നേതൃത്വത്തില്‍ വാഴിച്ചല്‍ കോളജ് 14 ഡിഗ്രി കോഴ്സുകളും 5 പിജി കോഴ്സുകളും ഉള്ള ഒരു മാതൃക സ്ഥാപനമായി വളര്‍ന്നിട്ടുണ്ട്. നിലവില്‍ നാക് അക്രഡിറ്റേഷന് വേണ്ടിയുള്ള നടപടിക്രമങ്ങളും പുരോഗമിച്ചു വരുന്നു. ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജ് കൂടാതെ സഹോദരസ്ഥാപനമായി 5 ഓപ്ഷനുകളുള്ള ഒരു ബിഎഡ് കോളജും ഇതോടൊപ്പം ആരംഭിച്ച് പ്രവര്‍ത്തിച്ച് വരുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സ്ഥാപനങ്ങള്‍ രൂപതയില്‍ ഉണ്ടാകണമെന്നത് പലപ്പോഴും ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി ഉയര്‍ന്നു വന്നിട്ടുണ്ട് എങ്കിലും അതെല്ലാം അങ്ങനെ തന്നെ പര്യവസാനിക്കുകയാണ് ചെയ്തത്. രൂപത, രജത ജൂബിലി ആഘോഷിക്കുന്ന അവസരത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ചില വിഫല ശ്രമങ്ങളും ഉണ്ടായി. അല്മായ പങ്കാളിത്തത്തോടെ രൂപത സംഘടിപ്പിച്ച രണ്ട് ഒത്തുവാസങ്ങളിലും ഇതിനായുള്ള മുറവിളികള്‍ ശക്തമായി ഉയര്‍ന്നിട്ടുണ്ട്. 2008 ല്‍ കെഎല്‍സിഎയുടെ പ്രവര്‍ത്തനങ്ങള്‍ രൂപതയില്‍ ആരംഭിച്ചതോടു കൂടി ഈ സ്വപ്നങ്ങള്‍ക്ക് ഒന്നു കൂടി നിറം വച്ചു.
അതേസമയം രൂപതയുടെ ആരംഭകാലം മുതല്‍ തന്നെ സ്ഥാപനങ്ങള്‍ ആരംഭിക്കുക എന്നതിലുപരി ജനങ്ങളുടെ വിദ്യാഭ്യാസ ശക്തികരണത്തില് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഒരു കാഴ്ചപ്പാട് ശക്തമായിരുന്നു. അത് ഏറെ ശരിയായ കാഴ്ചപാടായിരുന്നുവെന്ന് കാലം തെളിയിച്ചിട്ടുമുണ്ട്. രൂപത ആരംഭം മുതല്‍ ഇടവക ഫൊറോന കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ ബോധവല്‍ക്കരണ പരിപാടികള്‍, പ്രതിഭാ പോഷണം, ട്രെയിനിങ് പാര് എക്സലന്‍സ് പോലെയുള്ള പ്രത്യേക പരിശീലന പരിപാടികള്‍, ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍, പിഎസ് സി കോച്ചിംഗ് തുടങ്ങിയ പദ്ധതികളും വിദ്യാഭ്യാസ ശുശ്രൂഷയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങളിലൂടെ കാര്യമായ വിദ്യാഭ്യാസ വളര്‍ച്ച രൂപതയിലാകമാനം ദൃശ്യവുമാണ്. ജെ.ബി കോശി കമ്മീഷന് സമര്‍പ്പിക്കാനായി കെആര്‍എല്‍സിസി നടത്തിയ പ്രത്യേക പഠനത്തില്‍ വിദ്യാഭ്യാസപരമായും ഉദ്യോഗപരമായും മറ്റ് രൂപതകളെ അപേക്ഷിച്ച് നെയ്യാറ്റിന്‍കര ബഹുദൂരം മുന്നിലാണ് എന്ന വസ്തുത വെളിപ്പെട്ടിട്ടുമുണ്ട്. കെട്ടിടങ്ങളും സ്ഥാപനങ്ങളും കുറഞ്ഞുവെങ്കിലും ശക്തമായ മനുഷ്യവിഭവ ശേഷി കൊണ്ട് രൂപത സമ്പന്നമാണ് എന്ന രജത ജൂബിലി വിലയിരുത്തല്‍ രൂപതയുടെ വിദ്യാഭ്യാസ ഇടപെടലുകളുടെ വിജയമായി തന്നെ കാണാം.
എന്നിരുന്നാലും രൂപതയുടെ ആരംഭം മുതല്‍ കുറെ പേരുടെ മനസ്സുകളിലെങ്കിലും ശക്തമായി പൂത്തുലഞ്ഞ സ്വപ്നങ്ങള്‍ തന്നെയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അതുകൊണ്ട് തന്നെയാണ് നീണ്ട കാലത്തെ രൂപത മക്കളുടെ വിദ്യാഭ്യാസ സ്വപ്ന സാക്ഷാത്കരമായി ലോ കോളജ് പരിഗണിക്കപ്പെടുന്നത്.
കടുകുമണിയായി മാറിയ സിനഡല്‍ ചര്‍ച്ച
ആഗോള കത്തോലിക്ക സഭയിലെ സിനഡിന്റെ പശ്ചാത്തലത്തില്‍ കെആര്‍എല്‍സിസി ആഹ്വാന പ്രകാരം രൂപതയില്‍ നടന്ന സിനഡല്‍ ചര്‍ച്ചകള്‍ ആയിരുന്നു ലോ കോളജ് എന്ന കടുകുമണി. ഇന്ന് ആ കടുകുമണി പൊട്ടി മുളച്ചിരിക്കുന്നു. ഇനി അത് വളര്‍ന്ന് ഒരു വടവൃഷം ആകും എന്നതില്‍ സംശയവുമില്ല. രൂപതയിലെ എല്ലാ ഇടവകകളിലും കുടുംബ സിനഡും ഇടവക സിനഡും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഫെറോന – രൂപത സിനഡുകളും സംഘടിപ്പിക്കപ്പെട്ടിരുന്നു. ഈ ചര്‍ച്ചകളില്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഉയര്‍ന്നു വന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്ന് ഒരു പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനം രൂപതയ്ക്ക് ഉണ്ടാകണമെന്നത് തന്നെയാണ്. രൂപത കെഎല്‍സിഎ യിലും ഇത്തരമൊരു ചര്‍ച്ച ഇക്കാലയളവില്‍ സജീവമായി. എന്‍ജിനീയറിങ് – മെഡിക്കല്‍ മേഖലയിലെ നിലവിലെ പ്രതിസന്ധികള്‍ കണക്കിലെടുത്ത് മറ്റൊരു പ്രഫഷണല്‍ മേഖലയായ ലോ കോളജ് എന്ന ആവശ്യത്തിലേക്ക് നയിക്കപ്പെട്ടത് സിനഡല്‍ ചര്‍ച്ചകളും രൂപത കെഎല്‍സിഎ ജനറല്‍ കൗണ്‍സില്‍ യോഗങ്ങളും തന്നെയായിരുന്നു. സിനഡല്‍ ചര്‍ച്ചകള്‍ കടുകുമണിയായപ്പോള് കെഎല്‍സിഎ ചര്‍ച്ചകള്‍ അതിന് വെള്ളവും വളവുമായി. ഇന്ന് രൂപതയ്ക്ക് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം സ്വന്തം.
രജത ജൂബിലിയും കടന്ന്
ഒരു രൂപതയും ഒരു ഇടയനും
നെയ്യാറ്റിന്‍കര രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയില്‍ ബിഷപ് വിന്‍സെന്റ് സാമുവല്‍ രൂപതയുടെ രജത ജൂബിലിയോടൊപ്പം തന്റെ മെത്രാഭിഷേക രജത ജൂബിലിയും ആഘോഷിച്ചു കഴിഞ്ഞു. ഇനി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിക്കായി ഒരുങ്ങുകയുമാണ്. ദീര്‍ഘകാലം രൂപതയെ നയിച്ചിട്ട് സ്ഥാപനങ്ങളൊന്നും അധികം ഉണ്ടായില്ലല്ലോ എന്ന് വിമര്‍ശനത്തെ ചെറുപുഞ്ചിരിയോടെയാണ് എല്ലായിപ്പോഴും പിതാവ് നേരിടുന്നത്. കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും പിതാവ് വലിയ വിശ്വാസം അര്‍പ്പിച്ചിരുന്നില്ല എന്നതാണ് സത്യം. ദൈവജനത്തിന്റെ വിശ്വാസ- വിദ്യാഭ്യാസ- സാമൂഹ്യ വളര്‍ച്ചയായിരുന്നു പിതാവിന്റെ പ്രഖ്യാപിത ലക്ഷ്യം. സേവിക്കാനും രക്ഷിക്കാനും എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കി കേരളത്തിലെ മറ്റേത് രൂപതകള്‍ക്കും മാതൃകയാക്കാവുന്ന തരത്തില്‍ അല്മായ പങ്കാളിത്തവും നേതൃത്വവും രൂപതയില്‍ പ്രകടമാണ്. വിദ്യാഭ്യാസ ഉദ്യോഗ രംഗങ്ങളിലും ഈ മികവ് ദൃശ്യമാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ടി വലിയ തുക നിക്ഷേപിക്കുന്നതിലുപരി കുട്ടികളെ വൈവിധ്യമായ കോഴ്സുകളില്‍ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്താല്‍ വിദ്യാഭ്യാസ ശക്തീകരണം ഉണ്ടാകുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം ഏതൊരു നല്ല പദ്ധതിയെയും അകമഴിഞ്ഞ് പിന്തുണയ്ക്കുവാനും പിതാവ് എന്നും താല്പര്യമെടുത്തിട്ടുണ്ട്. ചര്‍ച്ചകളിലൂടെ രൂപതാമക്കള്‍ ഉണര്‍ത്തിയ ആഗ്രഹം രണ്ടു കൈയും നീട്ടി സ്വീകരിച്ച പിതാവ് കോളജിന് പച്ചക്കൊടി കാട്ടി എന്നതാണ് സത്യം ഭീമമായ നിക്ഷേപം ആവശ്യമുണ്ട് എന്നത് പിതാവില്‍ കുറച്ച് അസ്വസ്ഥത വളര്‍ത്തുന്നുണ്ട് എങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ നിലകൊള്ളുന്ന വൈദിക അല്മായ കൂട്ടായ്മ പിതാവില്‍ ശുഭ പ്രതീക്ഷയുടെ പ്രകാശം പരത്തുന്നു. എന്തു തന്നെയായാലും പിതാവിന്റെ സന്മനസ് കേരള ലത്തീന്‍ സഭയ്ക്ക് തന്നെ അഭിമാനകരമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് നിദാനമായി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു
നിശ്ചയദാര്‍ഢ്യമുള്ള വൈദിക സംഘം
ഒരു സ്വപ്നം സാക്ഷാത്കരിക്കുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. ജൂബിലി സ്മാരകമായി എന്ത് ആരംഭിക്കണം എന്നത് വലിയൊരു ആശയ സംഘട്ടനം സൃഷ്ടിച്ചിരുന്നു. പക്ഷേ സിനഡല്‍ ചര്‍ച്ചകള്‍ പൂര്ത്തീകരിച്ചതോടെയും കെഎല്‍സി എയുടെ ലോ കോളജ് നിര്‍ദേശം വന്നതിലൂടെയും ചില ദിശാബോധങ്ങള്‍ പകരുവാന്‍ രൂപതയിലെ ‘ വൈദിക നേതൃത്വത്തിന് കഴിഞ്ഞിരുന്നു. ലോ കോളജ് എന്ന ആശയത്തിന് മൂര്‍ത്തഭാവം കൈവന്നപ്പോള്‍ ചെയര്‍മാനായി നിയുക്തനായത് മോണ്‍ ഡോ. വിന്‍സെന്റ് കെ. പീറ്ററാണ്. രൂപത മക്കളുടെ വിദ്യാഭ്യാസ വളര്‍ച്ച സംബന്ധിച്ച് കൃത്യമായ ദര്‍ശനവും കാഴ്ചപ്പാടുമുള്ള ഒരു വൈദിക ശ്രേഷഠന്. നിശ്ചയദാര്‍ഢ്യം മുഖമുദ്രയാക്കിയ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും കാര്‍ക്കശ്യ നിലപാടുകളും ഈ സ്വപ്ന സല്‍ക്കാരത്തിന് അടിത്തറയായി എന്ന് തന്നെ പറയാം. ലോ കോളജ് എന്ന ചിന്തയെ ഒരു സമൂര്ത്താശയമായി രൂപപ്പെടുത്തുവാനും അവതരിപ്പിക്കുവാനും മുഖ്യനേതൃത്വം എടുത്തത് രൂപത വിദ്യാഭ്യാസ ഡയറക്ടര്‍ റവ. ഡോ. ജോണി കെ. ലോറന്‍സ് ആണ്. വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹത്തിന് വിദ്യാഭ്യാസ രംഗത്തുള്ള പ്രാവീണ്യം കൃത്യമായ രൂപരേഖയും പ്രോജക്ടും ആവശ്യമായ പേപ്പര്‍ വര്‍ക്കുകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ സഹായകമായി. എന്തിനും ഒരു പ്രോത്സാഹനവും ഉള്‍പ്രേരകവും ആവശ്യമാണ്. എല്ലാ നിക്ഷേപധാത്മക ചിന്തകളെയും അഭിപ്രായങ്ങളെയും ഗുണാത്മകമായി പരിവര്‍ത്തനപ്പെടുത്തുന്നതില്‍ അസാമാന്യ പാഠവമുള്ള മോണ്‍. ഡി. സെല്‍വരാജ് ഈ ടീം വര്‍ക്കില്‍ ഒരു ഊര്‍ജ്ജമായിരുന്നു. ഒരു കോളജിന്റെ അനുമതിമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന പ്രശ്നം ആവശ്യമായ വസ്തുവും കെട്ടിടസൗകര്യങ്ങളും ഉറപ്പുവരുത്തുക എന്നതു തന്നെയാണ് ” ആവശ്യമായ വസ്തു ക്രമീകരിച്ച് രേഖകള്‍ ക്രമപ്പെടുത്തുന്ന കാര്യത്തില്‍ എണ്ണയിട്ട മെഷ്യന് പോലെ പ്രവര്‍ത്തിച്ച രൂപത ടെമ്പറാലിറ്റിസ് ഡയറക്ടര്‍ ഫാ. റോബര്‍ട്ട് വിന്‍സെന്റിന്റെ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്.

കോളജിന്റെ അനുമതി ലഭിച്ചശേഷം അഭിമുഖീകരിച്ച ഏറ്റവും വലിയ സമസ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിയില്ല എന്നതാണ്. താല്‍ക്കാലികമായി എവിടെയെങ്കിലും കോളജ് ആരംഭിച്ചേ മതിയാകൂ എന്ന സ്ഥിതിയില്‍ വലിയ സഹായമായത് മോണ്‍. റൂഫസ് പയസ് ലീനാണ്. അദ്ദേഹം തന്റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടം തല്ക്കാലം വിട്ടു നല്കാന് സന്മനസായി. വര്‍ഷങ്ങള്‍ക്കു മുമ്പ് ലത്തീന്‍ സഭയിലെ ആണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി മോണ്‍. റൂഫസ് തന്നെ ആര്യനാട് ആരംഭിച്ച ആശാനികേതന്‍ ബോയ്സ് ഹോം നിലവില്‍ നെടുമങ്ങാട് മേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപം കൊണ്ട വിദ്യാജ്യോതിസിന്റെ കേന്ദ്ര കാര്യാലയമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. രൂപത മക്കളുടെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ഈ വൈദികന് ഈ കെട്ടിടസമുച്ചയം മുഴുവന്‍ കോളജിന്റെ വിജയകരമായ നടത്തിപ്പിനായി വിട്ടുകൊടുത്തു എന്ന് മാത്രമല്ല പെണ്‍കുട്ടികളുടെ താമസ സൗകര്യത്തിനായി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന വനിതാ ഹോസ്റ്റലിന്റെ സേവനവും ഉറപ്പുവരുത്തുകയുണ്ടായി. രൂപതയിലെ മുഴുവന്‍ വൈദികരും ഒരു സംഘമായി ഈ ടീമിനോടൊപ്പം അണിചേര്‍ന്നു എന്നത് കോളജിന്റെ വിജയ് പന്ഥാവ് വളരെ വേഗം തെളിയിക്കാനായി.
പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന
അല്മായ കൂട്ടായ്മ
സഭാ പഠനങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നതുപോലെ വൈദികര്‍ക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത മേഖലകളില്‍ സഭയെ സാക്ഷിക്കേണ്ടവരാണ് തങ്ങള്‍ എന്ന ഉത്തരവാദിത്വബോധമുള്ള ഒരു വലിയ അല്മായ സമൂഹം നെയ്യാറ്റിന്‍കര രൂപതയുടെ സ്വന്തവും സ്വകാര്യ അഹങ്കാരവുമാണ്. പദ്ധതി നിര്‍ദേശം മുന്നോട്ടുവച്ച നാള് മുതല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ഡി. ആല്‍ഫ്രഡ് വില്‍സണ്‍ നെയ്യാറ്റിന്‍ക രൂപത കെഎല്‍സിഎ പ്രസിഡന്റും ഇന്ന് കോളേജിന്റെ ബോര്‍ഡ് സെക്രട്ടറിയുമാണ്. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും സാമൂഹ്യ രാഷ്ട്രീയ ബന്ധവും ഈ ഈ സ്വപ്ന സാക്ഷാത്കരത്തിന് ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു. രൂപതയുടെ ആരംഭ കാലം മുതല്‍ തന്നെ രൂപതാ മക്കളുടെ വിദ്യാഭ്യാസ ഉന്നതിക്ക് വേണ്ടിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും നിരന്തരം സ്വപ്നം കാണുകയും നിരവധി വേദികളില്‍ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്ന മറ്റൊരു നേതാവാണ് എം.എം അഗസ്റ്റ്യന്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങളുടെ രജത ജൂബിലി കൂടി ഈയവസരത്തില്‍ ആഘോഷിക്കപ്പെടുകയാണ്. കോളജിന്റെ സാക്ഷാല്‍ക്കാര പാതയില്‍ വിരാചിതരായ മറ്റു രണ്ട് നേതാക്കള്‍ ഡി.ജി അനില്‍ ജോസും ഡി. സില്‍വസ്റ്ററുമാണ്. അനില്‍ ജോസ് നിലവില്‍ കെഎല്‍സിഎ യുടെ സംസ്ഥാന വൈസ് പ്രസിഡണ്ടാണ്. രണ്ടു പേരും കെസിവൈഎമ്മിന്റെ മുന്‍ രൂപത പ്രസിഡന്റുമാരാണ്. യുവജന പ്രസ്ഥാനത്തിന്റെ മുഖ്യതേരാളികള് ആയിരുന്ന കാലം മുതല്‍ തന്നെ രൂപതയിലെ എല്ലാ സംരംഭങ്ങളുടെയും കര്മപ്രാപ്തിക്കായി അക്ഷീണം പ്രവര്‍ത്തിച്ചിരുന്നവരാണിവര്‍. ഈ അല്മായ നേതാക്കളുടെ പേരുകളും കോളജിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുക തന്നെ വേണം.
ഉദ്ഘാടന സമ്മേളനം
രൂപത മെത്രാന് ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ കോളജിന്റെ ആശീര്‍വാദവും കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ചു. പ്രൗഢ ഗംഭീരമായ പൊതുസമ്മേളനത്തില്‍ കോളജ് ചെയര്മാന് മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ ആമുഖ സന്ദേശവും രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണവും നടത്തി. അടൂര്‍ പ്രകാശ് എം.പി, ജി സ്റ്റീഫന്‍ എംഎല്‍എ, ആനാവൂര്‍ നാഗപ്പന്, കെ എസ്. ശബരി നാഥന് എക്സ് എം എല്‍ എ , പ്രിന്‍സിപ്പല്‍ ഡോ. റാണി ജോര്‍ജ്, എപ്പിസ്കോപ്പല്‍ വികാരിമാരായ മോണ്‍ ഡോ. ഡി. സെല്‍വരാജ്, മോണ്‍. റൂഫസ് പയസ് ലീന്‍ , പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി. ആര്. പോള്‍ കെല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റെ ഡി.ജി അനില്‍ ജോസ്, വിതുര ശശി, എസ്. ഇന്ദുലേഖ, പി. ബിജു മോഹന്‍, മുളയറ രതീഷ്, കെ.എസ് മോളി തുടങ്ങി വിവിധ സാമൂഹ്യ രാഷ്ട്രീയ ആധ്യാത്മിക പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മാനേജ്മെന്റ് ബോര്‍ഡംഗം എം.എം അഗസ്റ്റ്യന്‍ സ്വാഗതവും ബോര്‍ഡ് സെക്രട്ടറി ഡി. ആല്‍ഫ്രഡ് വില്‍സണ്‍ നന്ദിയും രേഖപ്പെടുത്തി.

