പ്രഫ. ഷാജി ജോസഫ്
Gloomy Sunday (Germany/112minutes/1999
Director: Rolf Schubel
ഹംഗറിയുടെ തലസ്ഥാനമായ 1990കളിലെ ബുഡാപെസ്റ്റ് നഗരമാണ് ചിത്രത്തിന്റെ തുടക്കത്തില്‍. വന്‍കിട ജര്‍മ്മന്‍ വ്യവസായിയും മുന്‍ നാസി കേണലുമായ ഹാന്‍സ് വീക്കും (ബെന്‍ ബെക്കര്‍) കുടുംബവും എണ്‍പതാം പിറന്നാള്‍ ആഘോഷിക്കാനായി റെസ്റ്റാറന്റിലത്തെുകയാണ്. തന്റെ യൗവ്വനകാലത്ത് അയാള്‍ പതിവായി സന്ദര്‍ശിച്ചിരുന്ന ഇടമായിരുന്നു അവിടം. സുന്ദരിയായ പരിചാരിക ഇലോണയുടെ സാന്നിധ്യമായിരുന്നു അതിനായാളെ പ്രേരിപ്പിക്കുന്നത്. കൂടാതെ റെസ്റ്റോറന്റിലെ ബീഫ്റോളും മനം മയക്കുന്ന സംഗീതവും. എത്ര കേട്ടാലും മതിവരാത്ത ഗ്ലൂമി സണ്‍ഡേ എന്ന ഗാനം വീണ്ടും അയാള്‍ക്കായി അവതരിപ്പിക്കുന്നു. ഇനി ഫ്ളാഷ് ബാക്കിലേക്കാണ്….
1930 കളുടെ അവസാനത്തിലെ ബുഡാപെസ്റ്റ് നഗരം. അവിടെ ഹംഗേറിയന്‍ ജൂതനായ ലാസ്ലോ സാബോ (ജോക്കിം ക്രോള്‍) നടത്തുന്ന സാബോസ്റെ സ്റ്റോറന്റിലെ പരിചാരികയാണ് സുന്ദരിയായ ഇലോണ (എറിക മറോസന്), ഇരുവരും പ്രണയത്തിലാണ്. റെസ്റ്റോറന്റില്‍ അതിഥികള്‍ക്കായി പിയാനോ വായിക്കാന്‍ ആന്ദ്രാസ് (സ്റ്റെഫാനോ ഡിയോണിസി) എന്ന ചെറുപ്പക്കാരന് എത്തുന്നു. ക്രമേണ അവന് ഇലോണയുമായി തീവ്രപ്രണയത്തിലാകുന്നു. ഇലോണയുടെ പ്രണയത്തെ കാമുകന്മാരായ റെസ്റ്റോറന്റ് ഉടമ ലാസ്ലോയും, പിയാനിസ്റ്റ് ആന്ദ്രാസ്സും സ്നേഹാദരത്തോടെ പൂരിപ്പിക്കുന്നുമുണ്ട്.
അഭിനേതാക്കള്‍ അവര്‍ക്ക് ഹൃദയസ്പര്‍ശിയായ സാന്നിധ്യവും യാഥാര്‍ത്ഥ്യവും നല്കുന്നു. ആന്ദ്രാസ് തന്റെ സംഗീതം കൊണ്ട് ലാസ്ലോയെയും ഇലോണയെയും ആകര്‍ഷിക്കുകയും ചെയ്യുന്നു. നിശ്ശബ്ദനായി, ആഴമുള്ള താളങ്ങളോട് കൂടി പിയാനോയില്‍ വാദ്യമുണര്ത്തുന്ന ആന്ദ്രാസ് റെസ്റ്റോറന്റില്‍ എത്തുന്നതോടെ മൂവരുടെയും ജീവിതം പൂര്‍ണ്ണമായി മാറുന്നു.
ഗ്ലൂമി സണ്‍ഡേ എന്ന ഗാനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോകാം. രണ്ടാം ലോകമഹായുദ്ധത്തിലെ ഹംഗറി, എങ്ങും കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും. നിരാശയിലൂടെ കടന്നുപോകുന്ന യുവത അങ്ങേയറ്റം വിഷാദത്തിലാണ്. ഈ അവസരത്തിലാണ് ‘റെസ്സോ സെറസ്’ എന്ന പിയാനിസ്റ്റ് ഗ്ലൂമി സണ്‍ഡേ എന്ന പാട്ടുമായി വരുന്നത്. ജീവിതത്തിലെ ഏറ്റവും വിഷാദമായ കാലഘട്ടത്തിലാണ് ആണ് സെറസ് ആദ്യമായി ഗ്ലൂമി സണ്‍ഡേ എന്ന ഗാനം പിയാനോയില്‍ വായിക്കുന്നത്, തന്റെ നഷ്ടപ്രണയത്തെയോര്‍ത്ത്. ലോകമെമ്പാടുമുള്ള വിഷാദികളുടെയും ഏകാകികളുടെയും അവസാന നിശ്വാസങ്ങള്‍ ഈ പാട്ടില്‍ ഉണ്ടായിരുന്നു. കേള്‍വിക്കാരുടെ മനസ്സില്‍ വിഷാദവും നിരാശയും നിറക്കുന്ന ഈ ഗാനം ശ്രവിച്ച നിരവധി പേര് ആത്മഹത്യ ചെയ്തു. ഡാന്യുബ് നദിയില്‍ ഒരുപാടു ജീവിതങ്ങള്‍ അവസാനിച്ചു.
കവിയായ ലാസ്ലോ ജാവര്‍ പിന്നീട് സംഗീതത്തിനു ചേര്‍ന്ന വരികളെഴുതി. ഈ ഗാനം വളരെ വിഷാദകരവും ഹൃദയഭേദകവുമാണ്, അത് ലോകം മുഴുവനും ശ്രദ്ധ നേടുകയും സ്വാഭാവിക മൃത്യുവിനെ നേരിടാന്‍ ആളുകളെ പ്രേരിപ്പിച്ചുവെന്ന ആശങ്കക്കും കാരണമാകുന്നു. ഗാനം ശ്രോതാക്കളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന പ്രശസ്തമായ ഐതിഹ്യം സിനിമയുടെ പ്രധാന കഥാസ്രോതസ്സാണ്. അവസാനം സെറസ്സും ആത്മഹത്യ ചെയ്യുന്നു. അതിന് മുന്‍പ് അയാള്‍ ഇപ്രകാരം പ്രകാരം എഴുതിവച്ചു ‘ഈ പാട്ട് എനിക്ക് നല്കിയ ഭയാനകമായ പ്രശസ്തി എന്നെ മുറിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ലോകത്തോട് മുഴുവന്‍ തെറ്റ് ചെയ്തവനെ പോലെ ഞാനെന്റെ ശിരസ്സു കുനിക്കുന്നു’. മരണത്തെ പുണര്‍ന്ന ആ ഗാനം ഹംഗറിയില്‍ നിരോധിക്കപ്പെട്ടു. ലോകത്തിലെ പ്രമുഖ റേഡിയോ സ്റ്റേഷനുകളും ഈ പാട്ട് നിരോധിച്ചു, ബിബിസി അടക്കം.
ആത്മഹത്യാപ്രവണത വളര്‍ത്തി എന്നതിന് തെളിവുകളൊന്നും ഇല്ലെങ്കിലും അനേകം രാജ്യങ്ങളിലെ റേഡിയോ സ്റ്റേഷനുകള്‍, ഈ ഗാനം പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നും മാറി നിന്നിരുന്നു. ഗാനത്തിന്റെ പേരില്‍ ഹംഗറിക്ക് ലോകത്തോട് മാപ്പു പറയേണ്ടി വന്നു. കഥയുടെ നിശ്ശബ്ദ വികാര പ്രവാഹം നാസി അധിനിവേശത്തിന്റെ കനത്ത നിഴലില്‍ കടന്നുപോകുന്നു. ഹാന്‍സ് വീക്ക് എന്ന ജര്‍മ്മന്‍ വ്യാപാരിയുടെ രൂപത്തില്‍ നാസി ഭീകരത റസ്റ്റോറന്റില്‍ കടന്നു വരുന്നു. നേരത്തെ ഒരു സാധാരണക്കാരന് എന്ന നിലയില്‍ കണ്ടിരുന്ന ഹാന്‍സ് പിന്നീട് ഒരു നാസി ഉദ്യോഗസ്ഥനായി മടങ്ങിയെത്തുകയും, നാസിയുടെ അധികാരത്തിലും ഭീഷണിയിലും എല്ലാം തകര്‍ന്ന് പോകുന്ന സാഹചര്യത്തില്‍ ലാസ്ലോ, ഇളോണ, ആന്ദ്രാസ് എന്നിവരുടെ ജീവിതവും പൂര്‍ണമായി മാറുന്നു. സിനിമയുടെ അവസാന നിമിഷത്തിലെ ട്വിസ്റ്റ് പ്രതീക്ഷക്കപ്പുറമാണ്.
അഭിനേതാക്കളുടെ പ്രകടനം ഈ സിനിമയുടെ ഏറ്റവും മികച്ച ഘടകമാണ്. എറിക്ക മാരോസാന് ഇളോണയായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. അവളുടെ ശാന്തതയും സൗന്ദര്യവും കഥയിലെ ത്രികോണ പ്രണയത്തെ വിശ്വസനീയമാക്കുന്നു. സ്റ്റെഫാനോ ഡിയോനിസി ആന്ദ്രാസായി വിഷാദവും സംഗീതത്തിന്റെ ആഴവും പ്രകടിപ്പിക്കുന്നു. അവന്റെ പ്രകടനം ഒരു സംഗീതജ്ഞന്റെ വികാരപരവശമായ ജീവിതത്തെ മനോഹരമായി അവതരിപ്പിക്കുന്നു. ജോവാചിം ക്രോള്‍ ലാസ്ലോയുടെ സ്ഥാനത്ത് സത്യസന്ധവും നിഷ്കളങ്കവുമായ ഒരു പ്രകടനം നല്കുന്നു. വെറുമൊരു പ്രണയകഥ മാത്രമല്ല ഒരു കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കുന്ന, യുദ്ധത്തിന്റെ കാഠിന്യത്തിലൂടെ ആഴത്തില്‍ കടന്നുപോകുന്ന ജീവിതങ്ങളുടെ കഥയാണിത്. ഇളോണ, ലാസ്ലോ, ആന്ദ്രാസ് എന്നിവരുടെയിടയിലെ പ്രണയബന്ധം സങ്കീര്‍ണ്ണവും പക്വവുമായ ഒരു പ്രത്യേക സൗഹൃദമാണ്, എന്നാല്‍ പ്രണയത്തിന്റെ ഈ സ്വാതന്ത്ര്യവും സൗന്ദര്യവും യുദ്ധത്തിന്റെ കെടുതികളില്‍ നഷ്ടമാകുന്നു. ലാസ്ലോയുടെ പ്രണയം പ്രായോഗികവും വിശ്വസ്തവും, അതേസമയം ആന്ദ്രാസിന്റെ പ്രണയം തീര്‍ച്ചയായും ആവേശപരതയും നിറഞ്ഞതാണ്.
സിനിമയുടെ മറ്റൊരു മുഖ്യപ്രമേയം സംഗീതത്തിന്റെ ശക്തിയാണ്. ആന്ദ്രാസ് രചിച്ച ‘ഗ്ലൂമി സണ്‍ഡേ’ എന്ന ഗാനം ചിത്രത്തിന്റെ കേന്ദ്രബിന്ദുവായി നില്ക്കുന്നു. അത് സ്നേഹാര്ഥമാണ്, ലോകത്തിന്റെ മുഴുവന്‍ വിഷാദവും സംഗീതത്തിലൂടെ പ്രകടിപ്പിക്കുകയും പ്രേക്ഷകന്റെ മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിക്കുകയും ചെയ്യുന്ന ഒന്ന്. ഗ്ലൂമി സണ്‍ഡേ ഒരു പ്രണയകഥ മാത്രമല്ല, സങ്കീര്‍ണ്ണമായ ഒരു കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കുന്ന, സംഗീതവും പ്രണയവും യുദ്ധത്തിന്റെ ഭീകരതയും ഉള്‍ക്കൊള്ളുന്ന സിനിമ കൂടിയാണ്.