പള്ളിക്കുന്ന്: ഇന്ത്യാ രാജ്യത്തെ പൗരന്മാരെന്ന നിലയിൽ ഭരണഘടന ഉറപ്പുനല്കുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് ജാഗരൂകരാകാൻ കെആർഎൽസിസി അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു. അധികാരത്തിൽ പങ്കാളിത്തവും വികസനത്തിൽ സമനീതിയും നിഷേധിക്കപ്പെടുന്ന ഒരു ജന സമൂഹമാണ് ലത്തീൻ കത്തോലിക്കർ, അദ്ദേഹം വ്യക്തമാക്കി.
കെആർഎൽസിസി ഇടവകതല ജനജാഗര സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടിൽ പള്ളിക്കുന്ന് ലൂർദ്ദ് മാതാ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയിലെ മുനമ്പം – കടപ്പുറം പ്രദേശങ്ങളിലെ 610 കുടുംബങ്ങൾ രാജ്യത്തെ നിയമങ്ങൾ പാലിച്ച് വിലകൊടുത്ത് സ്വന്തമാക്കിയ ഭൂമിയിലെ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
ഫാ. ഡോ. അലോഷ്യസ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ്, അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ, സംസ്ഥാന ഭാരവാഹികളായ ബിജു ജോസി, മെറ്റിൽഡ മൈക്കിൾ, കോഴിക്കോട് രൂപത ജനറൽ മിനിസ്ട്രി കോഡിനേറ്റർ ഫാ. പോൾ ഏ.ജെ., അല്മായ കമ്മീഷൻ ഡയറക്ടർ ഫാ. വില്യം രാജൻ എന്നിവർ പ്രസംഗിച്ചു.
കേരള ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ ഏകോപനവും, ശാക്തീകരണവും ലക്ഷ്യം വെച്ച്കൊണ്ട് കെആർഎൽസിസി യുടെ ആഭിമുഖ്യത്തിൽ
കണ്ണൂർ മുതൽ നെയ്യാറ്റിൻകര വരെയുള്ള 12 ലത്തീൻ രൂപതകളിലെ ആയിരത്തോളം ഇടവകകളിൽ ഒക്ടോബർ നവംബർ ഡിസംബർ മാസങ്ങളിൽ ജനജാഗരം
സംഘടിപ്പിക്കും.
സംസ്ഥാനതലത്തിലും പ്രാദേശിക തലത്തിലും ലത്തീൻ കത്തോലിക്ക സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വിലയിരുത്തുകയും പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയുമാണ് ഈ സമ്മേളനങ്ങളുടെ ഉദ്ദേശം. “സമനീതിയും അവകാശ സംരക്ഷണവും” എന്ന മുദ്രവാക്യം ഉയർത്തിയാണ് ഇടവകതല ജനജാഗര സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്.