കൊച്ചി : അറിയാനും അറിയിക്കാനുമാണ് വിദ്യയെന്ന് പഠിപ്പിച്ച ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ച ശ്രീ നാരായണഗുരുവിന്റെ മഹാസമാധി കേരളമെമ്പാടും ആചരിക്കുകയാണ് .
ശിവഗിരിയിലും അദ്വൈതാശ്രമത്തിലും ഉൾപ്പടെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ, പുഷ്പാർച്ചന ഗുരുദേവ കീർത്തനാലാപനം അന്നദാനം എന്നിവയോടെയാണ് ആചരിക്കുന്നത് .എസ്.എന്‍.ഡി.പി യോഗം ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ ഗുരുമന്ദിരങ്ങള് കേന്ദ്രീകരിച്ച് നടക്കുന്ന പ്രാര്‍ത്ഥനകളാണ് പ്രധാന ചടങ്ങ്. ഗുരുദേവ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുണ്ടാവും.
ശിവഗിരി മഹാസമാധിയില്‍ പ്രാര്‍ത്ഥനകള്‍ക്ക് പുറമേ ഉച്ചയ്ക്കുശേഷം വിശേഷാല്‍ പൂജ നടക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ പര്‍ണശാലയില്‍ നിന്ന് മഹാസമാധിയിലേക്ക് ബ്രഹ്മകലശം എഴുന്നള്ളിക്കും. ഗുരുദേവന്റെ സമാധി സമയമായ വൈകിട്ട് 3.30നാണ് ബ്രഹ്മകലശാഭിഷേകം.
സാമൂഹികവും സാമ്പത്തികവുമായ അവശതകളില്‍പ്പെട്ട് സ്വാഭിമാനം ചോര്‍ന്നുപോയ ഒരു സമൂഹത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനും, വെല്ലുവിളികളെ പ്രതിരോധിക്കാനുമുള്ള കരുത്തും കാഴ്ചപ്പാടും കൈവരിക്കാനും ഗുരുദേവന്റെ ഉപദേശങ്ങള്‍ സഹായിച്ചു. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്കി മുഖ്യധാരയിലേക്കുയര്ത്തിയ ഗുരുദേവന്റെ വചനങ്ങള്‍ ഇന്നും കാലിക പ്രസക്തമാണ്.