കോട്ടപ്പുറം : വഖഫ് ബോർഡിന്റെ അന്യായമായ അവകാശവാദത്തെ തുടർന്ന് തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്ന മുനമ്പം – കടപ്പുറം പ്രദേശത്തെ ജനങ്ങളുടെ ഭൂമിക്കുമേലുള്ള റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കാനും നീതിലഭ്യമാക്കാനും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സത്വരം ഇടപെടണമെന്ന് കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിൽ കൂടിയ രൂപത രാഷ്ട്രീയകാര്യ സമിതി യോഗം ആവശ്യപ്പെട്ടു .
കടപ്പുറം വേളാങ്കണ്ണി മാതാ ദേവാലയവും വൈദീക മന്ദിരവും സിമിത്തേരിയും കോൺവെന്റും ഉൾപ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ തടഞ്ഞു വയ്ക്കപ്പെടുന്നതിൽ യോഗം ആശങ്ക അറിയിച്ചു.
പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നാനാജാതി മതസ്ഥരായ പാവപ്പെട്ട മനുഷ്യര്‍ ഇത്രയും കാലം താമസിച്ചിരുന്ന ഭൂമിയും വീടും നഷ്ടപ്പെട്ടു പോകുമോ എന്ന ഭീതിയിലാണ്. ഈ പ്രദേശത്തെ ജനങ്ങളില്‍ നിന്ന് വില സ്വീകരിച്ച് ഫറൂഖ് കോളേജ് രജിസ്റ്റര്‍ ചെയ്ത് നല്കിയ ഭൂമിയിലാണ് മത്സ്യത്തൊഴിലാളികൾ താമസിച്ചു വരുന്നത്. വഖഫ് ബോര്‍ഡ് അന്യായമായ രീതിയിലൂടെ ഈ ഭൂമി സ്വന്തമാക്കുവാന്‍ 2022 ല്‍ കത്ത് നല്‍കുന്നതുവരെ ഈ ഭൂമിക്കുള്ള കരമടച്ച് ഈ കുടുംബങ്ങള്‍ കൈവശം വച്ചു പോന്ന സ്വത്താണിത്.
വഖഫ് ബോര്‍ഡിന്റെ അന്യായമായ നീക്കങ്ങളുടെ ഫലമായി ഈ പ്രദേശത്ത് താമസിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് ജീവിത ആവശ്യങ്ങള്‍ക്ക് ഭൂമി ഈട് വെച്ച് പണം കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയാണ്. കുട്ടികളുടെ പഠനം, വിവാഹം, ഭവന നിര്‍മ്മാണം മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ വഴിമുട്ടി നിൽക്കുകയാണ്. കുടിയിറക്കൽ ഭീഷണിയുടെ മീതെ ജീവിക്കുന്ന ഈ പാവങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ക്കും ജീവിത പ്രതിസന്ധികള്‍ക്കും ശാശ്വത പരിഹാരം കാണാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.
ജനപ്രതിനിധികളും സര്‍ക്കാര്‍ സംവിധാനങ്ങളും ഈ പ്രദേശത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുവാൻ ശക്തമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
1902 ൽ തിരുവിതാംകൂർ മഹാരാജാവ്, അബ്ദുൾ സത്താർ മുസ്സ സേഠു വിന് തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികൾ താമസിക്കുന്നതൊഴിച്ച് 404 ഏക്കർ ഭൂമി കൃഷി ആവശ്യത്തിനായി പാട്ടത്തിന് നൽകിയിരുന്നു .
1948 ൽ സത്താർ സേഠുവിൻ്റെ പിന്തുടർച്ചാവകാശിയായ സിദ്ധിഖ് സേഠ് ഇടപ്പിള്ളി സബ് രജിസ്ട്രാഫീസിൽ നിന്നും ഈ ഭൂമി രജിസ്റ്റർ ചെയ്തു വാങ്ങി. കടൽ ഭിത്തി ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ കടൽകയറി ഭൂമി നഷ്ടപ്പെട്ട് വെറും 114 ഏക്കർ ഭൂമിയും 60 ഏക്കർ വെള്ളവും മാത്രമായി ഈ സ്ഥലം ചുരുങ്ങി . ഈ സ്ഥലത്ത് മത്സ്യത്തൊഴിലാളികൾ താമസമാക്കി. ഇവരിൽ 14 കുടിയാൻമാർക്ക് പറവൂർ തഹസിൽദാറിൽ നിന്നും സേഠു കുടിയാൻ സർട്ടിഫിക്കറ്റ് വാങ്ങിക്കൊടുത്തിരുന്നു.
1950 നവംബർ ഒന്നിന് ഈ ഭൂമി സകല വിധ ക്രയവിക്രയ സ്വാതന്ത്ര്യത്തോടും കൂടി സിദ്ദിഖ് സേഠ് ഫാറൂഖ് കോളേജിന് ദാനമായി നൽകി. എന്നാൽ കോളേജ് ഇല്ലാതെ വരികയും ഭൂമി അവശേഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സേഠുവിൻ്റെ പിൻതുടർച്ചാവകാശികൾക്ക് ഭൂമി തിരികെ കൊടുക്കണം എന്ന നിബന്ധനയോടുകൂടിയ ( conditional) ആധാരമാണ് സേഠു ഫറൂഖ് കോളേജിന് നൽകിയിരുന്നത്.
1951 ൽ ഫറൂഖ് കോളേജ് ഈ ഭൂമിക്ക് പട്ടയം വാങ്ങുകയും ഉടമസ്ഥാവകാശം ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് സ്വദേശികളായ മത്സ്യത്തൊഴിലാളികളുമായി 34 വർഷം ഫറൂഖ് കോളേജ് വിവിധ കോടതികളിൽ കേസ് നടത്തുകയും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഈ ഭൂമി ഫറൂഖ് കോളേജിൻ്റേതാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. 1989 മുതൽ ഇവിടത്തെ താമസക്കാർ ഫറുഖ് കോളേജിൽ നിന്നും വില കൊടുത്തു ഭൂമി തീറുവാങ്ങി ആധാരം പോക്കുവരവ് ചെയ്ത് താമസിച്ചു വരികയായിരുന്നു. 35 വർഷത്തിനു ശേഷം ഇപ്പോൾ വഖഫ് ബോർഡ് ഈ സ്ഥലത്തിന് അന്യായമായി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്.